താലിബാനും സ്ത്രീ വിദ്യാഭ്യാസവും
മുഹമ്മദ് മൂസ
അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്കു മുന്‍പില്‍ വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ചിരിക്കുകയാണ്. ഇസ്‌ലാമിന്റെ മുഖംമൂടിയണിഞ്ഞ് പൊതുവിടങ്ങളില്‍ അനിസ്‌ലാമികമായ പലതും ചെയ്തുകൂട്ടുന്ന അക്കൂട്ടരുടെ ഈ രീതിയും ഒരിക്കലും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന മതമോ രീതിയോ അല്ല. ആരും അതിനെ ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ വരവു വെക്കേണ്ടതുമില്ല. ഇസ്‌ലാമിന്റെ സ്ത്രീകളോടും സ്ത്രീവിദ്യാഭ്യാസത്തോടുമുള്ള നിലപാടും രീതിയും സുവ്യക്തമാണ്.
ഇസ്ലാമില്‍ സ്ത്രീകളെയും പുരുഷന്മാരെയും തുല്യമായി പരിഗണിക്കാനാണ് പഠിപ്പിക്കുന്നത്. അവര്‍ക്കിടയില്‍ യാതൊരു വിധത്തിലുള്ള വിവേചനത്തെയും അവകാശങ്ങളുടെ കാര്യത്തില്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അങ്ങനെയാണ് വസ്തുത എന്നിരിക്കെ പെണ്‍കുട്ടികള്‍ക്കു മുന്‍പില്‍ വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കുന്നത് ശരികേടാണെന്ന് പറയാതെ വയ്യ.
പുരുഷന്‍ സ്ത്രീക്ക് നല്‍കുന്ന ഔദാര്യമല്ല വിദ്യാഭ്യാസത്തിനുള്ള അവകാശം, പാവനമായ നമ്മുടെ ശരീഅത്ത് അവള്‍ക്ക് നല്‍കിയിട്ടുള്ള അവകാശമാണത്. അതിനെ അവളില്‍ നിന്ന് ഊരിയെടുക്കാന്‍ ആര്‍ക്കും അവകാശവുമില്ലതാനും. ശരീഅത്ത് നിയമങ്ങള്‍ മിക്കതും പുരുഷന്മാര്‍ക്ക് അനുകൂലമായിട്ടാണല്ലോ എന്ന് ചിലപ്പോള്‍ പലരും പറഞ്ഞേക്കാം. പക്ഷെ, അറബി ഭാഷയുടെ നിയമം കൃത്യമായി അറിയാതെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള പ്രശ്നമാണിത്. പുല്ലിംഗവും സ്ത്രീലിംഗവും ഒരുമിച്ചു വരുന്ന സമയങ്ങളില്‍ കൂടുതലായി പുല്ലിംഗമാണ് ഭാഷാപരമായി ഉപയോഗിക്കുകയെന്നത് ഭാഷാപണ്ഡിതന്മാര്‍ ഏകോപിച്ച കാര്യമാണ്. അഥവാ, പുല്ലിംഗം മാത്രമുപയോഗിച്ച്, സ്ത്രീലിംഗം പറയാതെ പറയപ്പെട്ട നിയമങ്ങള്‍ പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ഉള്‍ക്കൊള്ളുമെന്നര്‍ഥം. ജനം എന്നര്‍ഥം വരുന്ന നാസ്, ഉമ്മത്ത്, ബശര്‍ തുടങ്ങിയ പദങ്ങളിലേക്ക് ബഹുവചനം ചേര്‍ത്തുപറയുമ്പോള്‍ അതിലും സ്ത്രീകളും പെടുമെന്നതാണ് നിയമം.
സ്ത്രീ വിദ്യഭ്യാസത്തിന്റെ വിഷയത്തില്‍ മുസ്‌ലിംകള്‍ മതത്തിന്റെ യഥാര്‍ഥ അധ്യാപനങ്ങളില്‍ നിന്ന് വ്യതിചലിച്ചു കെട്ടിച്ചമക്കപ്പെട്ട, കള്ള ഹദീസുകളില്‍ വിശ്വസിച്ച് സ്ത്രീയെ ഒരുപോലെ മതത്തില്‍ നിന്നും പുറംലോകത്തു നിന്നും ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. സ്ത്രീവിദ്യഭ്യാസം കുറ്റകരമായി മാറി.
അവള്‍ പള്ളിയിലേക്ക് പോവല്‍ നിഷിദ്ധമായി. മുസ്‌ലിം വിഷയങ്ങളില്‍ അവള്‍ ഇടപെടുന്നതും ഭൂതത്തെയോ ഭാവിയെയോ കുറിച്ച് അവള്‍ ആകുലപ്പെടുന്നതു പോലും സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്തതായി. സ്ത്രീ നിരക്ഷരയായിരിക്കല്‍ നിര്‍ബന്ധമാണെന്ന് സ്ഥാപിക്കുന്ന ഹദീസുകള്‍ കെട്ടിയുണ്ടാക്കി. പലരും അതില്‍ വഞ്ചിതരാവുകയും പെണ്‍കുട്ടികള്‍ക്കായി മദ്റസകള്‍ തുറക്കാതിരിക്കുകയും ചെയ്തു’. സ്ത്രീയെ വിദ്യഭ്യാസത്തില്‍ നിന്ന് തടയുന്ന, മദ്റസകളെയും സ്ഥാപനങ്ങളെയും അവര്‍ക്ക് മുന്നില്‍ കൊട്ടിയടക്കാന്‍ ആഹ്വാനം ചെയ്യുന്ന വാക്കുകളോ പ്രവൃത്തികളോ ആരു പറഞ്ഞാലും ഇസ്‌ലാമിന്റെ നിലപാടോ ആശയമോ അല്ല.