താലിബാന്‍ നടപടി ഇസ്‌ലാമികവിരുദ്ധം
അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് പൂര്‍ണമായി വിദ്യാഭ്യാസം നിഷേധിക്കുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ താലിബാന്‍ ഗവണ്‍മെന്റ് നടത്തിയത്. അമേരിക്കന്‍ അധിനിവേശ സര്‍ക്കാര്‍ ഒഴിഞ്ഞുപോയി താലിബാന്‍ അധികാരം ഏറ്റെടുത്തതു മുതല്‍ ഒട്ടേറെ പരിഷ്‌കരണങ്ങള്‍ക്ക് അഫ്ഗാന്‍ ജനത വിധേയമായിട്ടുണ്ട്. സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവരെ ബാധിക്കുന്ന വിഷയങ്ങളിലാണ് പല പരിഷ്‌കാരങ്ങളും നടന്നത്. അധികാരമേറ്റ് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. അത് താത്കാലിക ഉത്തരവാണെന്നും സ്ഥിതിഗതികള്‍ ശാന്തമാകുമ്പോള്‍ അവര്‍ക്ക് സ്‌കൂളിലേക്ക് തിരിച്ചുവരാമെന്നും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ നിരോധനം പൂര്‍ണമായി നീക്കിയില്ല. സമാന്തര ക്ലാസുകള്‍ നല്‍കുകയും പരീക്ഷ എഴുതാന്‍ അവസരം നല്‍കുകയുമാണ് ചെയ്തത്. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ പാലിക്കേണ്ട വസ്ത്രധാരണം, പെണ്‍കുട്ടികള്‍ക്ക് അധ്യാപികമാര്‍ മാത്രം ക്ലാസെടുക്കുക, ആണ്‍-പെണ്‍ മിശ്രവിദ്യാഭ്യാസം ഒഴിവാക്കുക, പെണ്‍കുട്ടികള്‍ക്ക് മാത്രമായി ക്ലാസ് നടത്തുക തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി താലിബാ ന്‍ ഒട്ടേറെ പരീക്ഷണങ്ങളാണ് നടത്തിയത്. മിക്ക ഉത്തരവുകളും യാഥാസ്ഥിതിക സ്വഭാവത്തിലുള്ളതായിരുന്നു.
എന്നാല്‍, 2022 ഡിസംബര്‍ 20ന് പുറത്തിറങ്ങിയ ഉത്തരവില്‍ പെണ്‍കുട്ടികളുടെ എല്ലാ തരത്തിലുമുള്ള വിദ്യാഭ്യാസവും താലിബാന്‍ ഗവണ്‍മെന്റ് നിരോധിച്ചു. പ്രൈമറി വിദ്യാഭ്യാസം മാത്രം അനുവദിക്കുകയും അതുതന്നെ കര്‍ശന വ്യവസ്ഥകളോടുകൂടി മാത്രമാക്കുകയും ചെയ്തു. സെക്കന്‍ഡറി-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം പൂര്‍ണമായി നിരോധിച്ചു. രണ്ട് പതിറ്റാണ്ട് മുമ്പ് താലിബാന്‍ അഫ്ഗാനില്‍ അധികാരം സ്ഥാപിച്ചപ്പോള്‍ പെരുമാറിയതിനു സമാനമായാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത്. 20 വര്‍ഷക്കാലത്തെ അധിനിവേശവും സമരവും അഫ്ഗാന്‍ ജനതയെ മാറ്റിയിട്ടുണ്ടെന്നും, അനുഭവങ്ങളില്‍ നിന്നു പാഠം പഠിച്ച താലിബാന്‍ ലോക രാഷ്ട്രങ്ങളുടെ പിന്തുണ നേടുന്നതിനായി കൂടുതല്‍ ജനാധിപത്യപരമായ നിലപാട് സ്വീകരിക്കുമെന്നും രണ്ടാം അധികാരാരോഹണത്തിന്റെ ആദ്യഘട്ടത്തില്‍ നിരീക്ഷിച്ചവര്‍ ഉണ്ടായിരുന്നു. ലോക രാഷ്ട്രങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ക്ക് താലിബാന്‍ മുന്നിട്ടിറങ്ങിയതും ഖത്തര്‍ ഭരണകൂടം അതിന് മധ്യസ്ഥത വഹിച്ചതും വിവിധ അന്താരാഷ്ട്ര സംഘടനകളുമായി താലിബാന്‍ നടത്തിയ ചര്‍ച്ചകളും ഈ നിരീക്ഷണത്തെ ബലപ്പെടുത്തുന്നതായിരുന്നു. എന്നാല്‍, അന്താരാഷ്ട്ര ബന്ധങ്ങളില്‍ നയചാതുരിയുള്ള നേതാക്കളെ ഉള്‍പ്പെടുത്തി എന്നതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും താലിബാന്‍ വരുത്തിയിട്ടില്ല.
താലിബാന്‍ പിന്തുടരുന്നത് അഫ്ഗാനിലെ ഗോത്രീയ സംസ്‌കാരമാണ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചും പൊതുഇടങ്ങളില്‍ നിന്ന് സ്ത്രീകളെ ബഹിഷ്‌കരിച്ചും പുരുഷന്മാര്‍ക്ക് മാത്രം ദൃശ്യത ലഭിക്കുന്ന പ്രാചീന ഗോത്രസംസ്‌കാരമാണ് താലിബാനെ മുന്നോട്ടു നയിക്കുന്നത്. താലിബാന്‍ പിന്തുടരുന്ന മാനവികവിരുദ്ധ നിലപാടിന് സാധൂകരണം ചമയ്ക്കാന്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന് ഒന്നുപോലും ഉദ്ധരിക്കാനാവില്ല എന്നതാണ് വാസ്തവം. എന്നാല്‍ താലിബാന്റെ ചെയ്തികള്‍ ഇസ്‌ലാമിന്റെ പേരില്‍ വരവു വെക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട് എന്നത് പൊള്ളുന്ന യാഥാര്‍ഥ്യമാണ്.
ലോകത്ത് ഒട്ടേറെ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുണ്ട്. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചാണ് ഭരണഘടന എന്ന് പ്രഖ്യാപിച്ചിരിക്കുന്ന സുഊദി അറേബ്യ പോലുള്ള രാജ്യങ്ങളുണ്ട്. അവയൊന്നും തന്നെ സ്ത്രീവിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു സമീപനവും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, താലിബാന്റെ ഈ നടപടികളെ തള്ളിക്കളയുകയും എത്രയും വേഗം തിരുത്തണം എന്നുമാണ് ഖത്തര്‍, തുര്‍ക്കി പോലുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. താലിബാന്റെ സ്ത്രീവിദ്യാഭ്യാസത്തിലുള്ള നടപടികള്‍ ഏറെ സൂക്ഷ്മമായാണ് ലോക രാജ്യങ്ങള്‍ വീക്ഷിക്കുന്നത്. സുതാര്യമായ ഭരണസംവിധാനവും പൗരന്മാര്‍ക്ക് നീതിയും ലിംഗഭേദമെന്യേ വിദ്യാഭ്യാസവും നല്‍കുന്നതില്‍ താലിബാന്‍ ഗവണ്‍മെന്റ് പരാജ യപ്പെട്ടാല്‍ അത് അഫ്ഗാനിലും വെസ്റ്റ് ഏഷ്യയിലും പുതിയ രാഷ്ട്രീയ ചലനങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് കരുതേണ്ടത്.