‘ഇസ്‌ലാം അനുവദിച്ചത് തടയാന്‍ ഞാനാര്?’ സ്ത്രീകളുടെ അവകാശങ്ങള്‍ എടുത്തു പറഞ്ഞ് താലിബാന്‍ നേതാവ്

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും സംരംഭകത്വത്തിനുമുള്ള അവകാശം ഇസ്‌ലാം അനുവദിച്ചുനല്‍കുന്നുണ്ടെന്ന് താലിബാന്‍ ഉദ്യോഗസ്ഥന്‍ സാദിഖ് ആഖിഫ് മുഹാജിര്‍. സെക്കന്‍ഡറി വിദ്യാലയത്തിലെ പെണ്‍കുട്ടികള്‍ക്കും തൊഴിലിടത്തിലെ സ്ത്രീകള്‍ക്കും സുരക്ഷിതമായ അന്തരീക്ഷമൊരുക്കാനായി താലിബാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അഖിഫ് മുഹാജിര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനും സംരംഭകത്വത്തിനുമുള്ള അവകാശം ഇസ്‌ലാം നല്‍കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. ഇസ്‌ലാം അനുവദിച്ചത് തടയാന്‍ ഞാനാരാണ്? -താലിബാന്‍ ധാര്‍മിക മന്ത്രാലയത്തിന്റെ വക്താവ് സാദിഖ് ആഖിഫ് മുഹാജിര്‍ അല്‍ജസീറയോട് പറഞ്ഞു. താലിബാന്‍ അധികാരത്തിലേറി ഒരു വര്‍ഷത്തിനു ശേഷമാണ് മുഹാജിറിന്റെ പ്രതികരണം.
പെണ്‍കുട്ടികളുടെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുള്ള അനുമതി ഉള്‍പ്പെടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് പുതിയ താലിബാന്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. താലിബാന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര വിമര്‍ശനവും ഉയര്‍ന്നിരുന്നു. ആഗസ്ത് 15ന് അധികാരത്തിലേറിയതിനു ശേഷം, താലിബാന്‍ സ്ത്രീകളുടെ അവകാശവും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പുനല്‍കിയിരുന്നു.
