തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍, വിമര്‍ശനങ്ങള്‍
പി കെ മൊയ്തീന്‍ സുല്ലമി
ശിആഇസം, സൂഫിസം, ത്വരീഖത്തുകള്‍, മദ്ഹബുകള്‍, ഖാദിയാനിസം എന്നീ കക്ഷികളൊന്നും നൂറു ശതമാനം ഖുര്‍ആനും സുന്നത്തും പ്രമാണമാക്കി പ്രവര്‍ത്തിക്കുന്നവരല്ല. ഭാഗികമായി ഖുര്‍ആനും സുന്നത്തും സ്വീകരിക്കുന്നവരും സമ്പൂര്‍ണമായി കൈയ്യൊഴിക്കുന്നവരും ഉണ്ട്. ഇവിടെ നാം ഏതെങ്കിലും ഒരു സംഘടനയെ വിമര്‍ശിക്കുകയല്ല. മറിച്ച് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണ്.
തദടിസ്ഥാനത്തില്‍ തബ്ലീഗ് ജമാഅത്തിനെ വിലയിരുത്തുമ്പോള്‍ അവര്‍ക്ക് മറ്റുള്ള സംഘടനയിലെ പ്രവര്‍ത്തകര്‍ക്കില്ലാത്ത ചില ഗുണങ്ങള്‍ ഉണ്ട്. അതിലൊന്നാണ് അവര്‍ ഇസ്‌ലാമിന്റെ പേരില്‍ ആളുകളെ ചൂഷണം ചെയ്യുന്നില്ല എന്നത്. അവര്‍ അവരുടെ സ്വന്തം ചെലവില്‍ സ്വന്തം ഭക്ഷണമുണ്ടാക്കി ഏതെങ്കിലും പള്ളികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ മറ്റൊരു ഗുണം സല്‍പെരുമാറ്റവും സല്‍സ്വഭാവവുമാണ്.
ഇപ്പറഞ്ഞതൊക്കെ ഏതൊരു സത്യവിശ്വാസിക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്. ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ അവരുടെ മുന്‍ഗണനാക്രമം തൗഹീദില്‍ നിന്ന് തുടങ്ങേണ്ടിയിരുന്നു. അല്ലാഹുവിന്റെ കല്പന സമ്പൂര്‍ണമായും ദീനിനെ നിലനിര്‍ത്താനാണ്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക.” (അല്‍ബഖറ 208)
അല്ലാഹു നമ്മോട് ചോദിക്കുന്ന മറ്റൊരു ചോദ്യം ഇപ്രകാരമാണ്: ”നിങ്ങള്‍ വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ?” (അല്‍ബഖറ 85). മേല്‍പറഞ്ഞ വചനങ്ങളിലൂടെ അല്ലാഹു ഉണര്‍ത്തുന്നത് ദീന്‍ ഭാഗികമായിക്കൂടാ എന്നാണ്. ദീനില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് വിശ്വാസപരമായ കാര്യങ്ങള്‍ക്കാണ്. ഈമാനില്ലാത്ത കര്‍മങ്ങള്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ല. തബ്ലീഗ് പ്രസ്ഥാനം ഏറ്റവും പ്രധാന്യം കൊടുക്കുന്നത് നമസ്‌കാരത്തിനാണ്. അവന്‍ ഏതു തരം ശിര്‍ക്കു ചെയ്താലും അവര്‍ക്ക് പ്രശ്നമല്ല. അതിനെക്കുറിച്ച് അവര്‍ ഒന്നും പറയുകയില്ല. അവര്‍ക്ക് നമസ്‌കാരം മാത്രം നിലനിര്‍ത്തിയാല്‍ അവന്‍ പരലോകത്ത് രക്ഷപ്പെടും എന്ന നിലയിലാണ് അവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍. അത് ശരിയല്ല.
അല്ലാഹു പറയുന്നു: ”നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക (നമസ്‌കരിക്കുക) എന്നതല്ല പുണ്യം, എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും…… ചെയ്യുന്നതിലാകുന്നു പുണ്യം.” (അല്‍ബഖറ 177)
ഒന്നാമതായി ഒരു സത്യവിശ്വാസി ഉള്‍ക്കൊള്ളേണ്ടത് അല്ലാഹുവിലുള്ള വിശ്വാസം അഥവാ തൗഹീദാണ്. പ്രവാചകരെ അല്ലാഹു പ്രധാനമായും അയച്ചത് തൗഹീദ് പ്രബോധനം ചെയ്യാനാണ്. അല്ലാഹു പറയുന്നു: ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ താങ്കള്‍ക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” (അന്‍ബിയാഅ് 25)
നബി(സ) പറയുന്നു: ”ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ഥന അറഫാ ദിനത്തിലെ പ്രാര്‍ഥന തന്നെയാണ്. ഞാനും എനിക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരും പറഞ്ഞ വാക്കുകളില്‍ ഏറ്റവും ശ്രേഷ്ഠം അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല, അവന്‍ ഒരുവനും യാതൊരു വിധ പങ്കുകാരനും ഇല്ലാത്തവനാണ് എന്നതാണ്.” (മാലിക്, മുവത്വ 1:215)
നമസ്‌കാരം എന്നത് ഏറ്റവും ശ്രേഷ്ഠവും അല്ലാഹു ആദ്യമായി പരലോകത്ത് വിചാരണ ചെയ്യുന്ന കര്‍മവുമാണ്. എങ്കില്‍ പോലും തൗഹീദില്ലാതെ ശിര്‍ക്ക് ചെയ്തവരുടെ നമസ്‌കാരം അടക്കമുള്ള എല്ലാ ആരാധനാ കര്‍മങ്ങളുടെയും പ്രതിഫലങ്ങള്‍ അല്ലാഹു നിഷ്ഫലമാക്കിക്കളയുന്നതാണ്. ഇക്കാര്യം മുന്‍കഴിഞ്ഞ പ്രവാചകന്മാരെയും നബി(സ)യെയും അല്ലാഹു അറിയിച്ചിട്ടുണ്ട്. പതിനെട്ടോളം പ്രവാചകന്മാരുടെ ചരിത്രം വിശദീകരിച്ചതിന് ശേഷം അല്ലാഹു പറയുന്നു: ”അവര്‍ ശിര്‍ക്ക് ചെയ്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചേടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.” (അന്‍ആം 88)
നബി(സ)യോട് അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും താങ്കള്‍ക്കും താങ്കള്‍ക്ക് മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇപ്രകാരമത്രെ. താങ്കള്‍ ശിര്‍ക്കു ചെയ്യുന്ന പക്ഷം തീര്‍ച്ചയായും താങ്കളുടെ കര്‍മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും താങ്കള്‍ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.” (സുമര്‍ 65)
തബ്ലീഗ് ജമാഅത്തില്‍ ചെന്നെത്തുന്ന നല്ലൊരു വിഭാഗം ആളുകള്‍ തെറ്റുകുറ്റങ്ങള്‍ അമിതമായി ചെയ്തു പോന്നവരും മാനസാന്തരം വന്നവരുമാണ്. ഇത് അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ കാര്യമാണ്. വഴിവിട്ട ജീവിതത്തില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടെങ്കിലും കലര്‍പ്പില്ലാത്ത തൗഹീദ് വിശ്വാസത്തിലേക്ക് പലരും എത്തുന്നില്ല.
അതില്‍ സൂഫിയാക്കളും ത്വരീഖത്തുകാരും സമസ്തക്കാരും വിരളമായി സലഫി ആദര്‍ശക്കാരുമുണ്ട്. തബ്‌ലീഗുകാരില്‍ അധിക പേരും അല്ലാഹു അല്ലാത്തവരോട് ഇടതേട്ടം നടത്തുന്നവരും വ്യത്യസ്ത ത്വരീഖത്തുകളില്‍ നിന്നും വന്നവരുമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് തടസ്സവുമല്ലെന്ന് അവരുടെ ഗ്രന്ഥങ്ങള്‍ തന്നെ പറയുന്നുണ്ട്. തബ്ലീഗു ജമാഅത്ത് നേതാക്കള്‍ പ്രസിദ്ധീകരിക്കുകയും അവര്‍ പള്ളികളിലിരുന്ന് ജനങ്ങള്‍ക്ക് വായിച്ചുകേള്‍പ്പിക്കുകയും ചെയ്യുന്ന ഒരു അടിസ്ഥാന ഗ്രന്ഥമാണ് ഫളാഇലുല്‍ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍).
ഇത് രചിച്ചത് അവരുടെ ശൈഖും ആത്മീയ നേതാവും ഹദീസു പണ്ഡിതനുമായ അല്‍ഹാഫിദ് മൗലാനാ മുഹമ്മദ് സക്കരിയ്യയാണ്. അദ്ദേഹം ഒരു പ്രത്യേക ത്വരീഖത്തിന്റെ ശൈഖും കൂടിയാണ്. മേല്‍പറഞ്ഞ അദ്ദേഹത്തിന്റെ ഗ്രന്ഥം പരിഭാഷപ്പെടുത്തിയ വ്യക്തി രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”ഹദീസ് ഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളും മറ്റനേകം അറബി ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ള ഈ മഹാനായ പണ്ഡിതന്‍ നക്ഷബന്തി ത്വരീഖത്തിലെ പതിനായിരക്കണക്കിന് മുരീദന്മാരുള്ള ശൈഖാണ്.” (അമലുകളുടെ മഹത്വങ്ങള്‍, മുഖവുര, പേജ് 6)
ത്വരീഖത്തുകാര്‍ മൊത്തത്തില്‍ അല്ലാഹു മനുഷ്യ ശരീരത്തില്‍ ലയിക്കും എന്ന അദ്വൈത വാദ ചിന്താഗതിക്കാരാണ്. അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടുന്നതിനോ ഇടതേട്ടം നടത്തുന്നതിനോ ത്വരീഖത്തുകാര്‍ എതിരല്ല. മുഹമ്മദ് സക്കരിയ്യാ സാഹിബ് തന്നെ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്:
ആദം നബി(അ) നബി(സ)യെക്കൊണ്ട് ഇടതേട്ടം നടത്തി എന്ന് ത്വബ്‌റാനി ഉദ്ധരിച്ച ഒരു ദുര്‍ബലമായ റിപ്പോര്‍ട്ടുണ്ട്. അത് ശ്രദ്ധിക്കുക: ”ഒരു പ്രാവശ്യം ആകാശത്തേക്ക് തല ഉയര്‍ത്തി മുഹമ്മദുര്‍റസൂലില്ലാഹി സല്ലല്ലാഹു അലൈഹി വസല്ലമിന്റെ ‘വസീലത്ത്’ കൊണ്ട് എനിക്ക് പാപമോചനം ലഭിക്കാന്‍ ആശിക്കുന്നു.” (അമലുകളുടെ മഹത്വങ്ങള്‍, പേജ് 44)
ഈ റിപ്പോര്‍ട്ട് ഖുര്‍ആനിനും സ്വഹീഹായ നിരവധി ഹദീസുകള്‍ക്കും വിരുദ്ധമാണ്. ‘ഖുര്‍ആനിന് വിരുദ്ധങ്ങളായ ഹദീസുകള്‍ നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയതാണെന്ന് വിലയിരുത്തണം’ എന്നാണ് പ്രമുഖ ഹദീസ് നിദാനശാസ്ത്ര പണ്ഡിതനായ ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) നുഖ്ബതുല്‍ ഫിക്ര്‍ എന്ന ഗ്രന്ഥത്തില്‍ (പേജ് 113) രേഖപ്പെടുത്തിയത്.
ആദമിന്റെയും (അ) ഭാര്യ ഹവ്വായുടെയും(റ) പ്രാര്‍ഥന വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. ആ പ്രാര്‍ഥന അല്ലാഹുവോട് നേരിട്ടാണ്. ഒരു വസീലയും (മധ്യവര്‍ത്തി) ഇല്ല. അല്ലാഹു പറയുന്നു: ”അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്ത് തരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.” (അഅ്‌റാഫ് 23)
ആദമിന്റെ(അ) തവസ്സുല്‍ സംബന്ധമായി വന്ന ഹദീസുകളുടെ പരമ്പരകള്‍ സ്വഹീഹായി വന്നിട്ടില്ല. ത്വരീഖത്തിനെയും സൂഫിസത്തെയും സമ്പൂര്‍ണമായും ഇവര്‍ അംഗീകരിക്കുന്നു. അല്ലാഹുവിങ്കലേക്ക് എത്തിച്ചേരാന്‍ ഒരു സമ്പൂര്‍ണനായ ശൈഖിനെ അംഗീകരിക്കണം എന്നാണ് ഇവരുടെ വാദം. ഇവരുടെ ശൈഖുമാര്‍ മഅ്‌സ്വൂം (പാപസുരക്ഷിതര്‍) ആണ് എന്നാണ് സൂഫിയാക്കളും ത്വരീഖത്തുകാരും വാദിക്കുന്നത്. ”അല്ലാഹുവിങ്കലേക്ക് എത്തിക്കുന്നതിന് പര്യാപ്തമായ ഒരു കാമിലായ ശൈഖിനെ തേടിപ്പിടിക്കേണ്ടത് അതിപ്രധാനമായ ഒരു സംഗതിയാണ്.” (അമലുകളുടെ മഹത്വങ്ങള്‍, പേജ് 628).
സത്യവിശ്വാസികളുടെ കാമിലായ (സമ്പൂര്‍ണനായ) ശൈഖ് നബി(സ) മാത്രമാണ്. നബി(സ)യെ പിന്തുടര്‍ന്ന് ജീവിക്കാനാണ് ഖുര്‍ആനിന്റെ കല്പന. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അഥവാ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്യുന്നവര്‍ക്ക്.” (അഹ്സാബ് 21)
”നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. ഏതൊന്നില്‍ നിന്നും അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക.” (ഹശ്ര്‍ 7). ”ഇതാകുന്നു എന്റെ നേരായ വഴി. നിങ്ങള്‍ അത് പിന്തുടരുക. മറ്റു വഴികള്‍ പിന്‍തുടരരുത്. അവയൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ഭിന്നിപ്പിച്ചുകളയും.” (അന്‍ആം 153)
ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ ഖുര്‍ആനും അതിന്റെ വിശദീകരണവുമായ സുന്നത്തുമാണ്. അത് കൈവെടിഞ്ഞ് സമ്പൂര്‍ണനാണെങ്കിലും അല്ലെങ്കിലും ഏതെങ്കിലും ശൈഖിനെ പിന്തുടരല്‍ കുഫ്റില്‍ പെട്ടതാണ്. ”പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നതല്ല, തീര്‍ച്ച.” (ആലുഇംറാന്‍ 32)
അമലുകളുടെ മഹത്വങ്ങള്‍ എന്ന പുസ്തകത്തില്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായ നിരവധി കാര്യങ്ങളുണ്ട്. സ്ത്രീകള്‍ പള്ളിയില്‍ ജുമുഅ ജമാഅത്തിന് പങ്കെടുക്കല്‍ കുഴപ്പത്തിന് കാരണമാകുമെന്ന് 872, 873 പേജുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് വിശുദ്ധ ഖുര്‍ആനിലെ 2:114-ാം വചനത്തിനും 3:43-ാം വചനത്തിനും നൂറുകണക്കില്‍ സ്വഹീഹായ ഹദീസുകള്‍ക്കും വിരുദ്ധമാണ്. നബി(സ) പറയുന്നു: ”അല്ലാഹുവിന്റെ ദാസികളായ സ്ത്രീകള്‍ക്ക് അല്ലാഹുവിന്റെ പള്ളികള്‍ നിങ്ങള്‍ തടഞ്ഞുവെക്കരുത്.” (ഇബ്‌നുമാജ)
ജുമുഅ നമസ്‌കരിച്ച സ്ത്രീകള്‍ ദുഹ്ര്‍ നമസ്‌കരിക്കേണ്ടതില്ലെന്ന് മദ്ഹബിലെ നാലു ഇമാമുകളും പ്രസ്താവിച്ചിട്ടുണ്ട്. (അല്‍ഫിഖ്ഹു അലല്‍ മദ്ഹിബില്‍ അര്‍ബഅ എന്ന ഗ്രന്ഥത്തിലെ 2:378, 380, 382, 383 പേജുകള്‍ നോക്കുക.) പ്രസ്തുത ഗ്രന്ഥത്തില്‍ അടിസ്ഥാന രഹിതവും അസംഭവ്യവുമായ നിരവധി കഥകളും ദര്‍ശിക്കാവുന്നതാണ്. ഒരു സയ്യിദ് ഒരു വുദ്വൂ കൊണ്ട് 12 ദിവസം തുടരെ നമസ്‌കരിച്ചു എന്ന് അതിന്റെ 236-ാം പേജിലും ഇമാം അബൂഹനീഫ 50 വര്‍ഷത്തോളം ഒരു വുദ്വൂ കൊണ്ട് ഇശായും സുബ്ഹിയും നമസ്‌കരിച്ചിരുന്നു എന്ന് ‘അമലുകളുടെ മഹത്വങ്ങള്‍’ എന്ന പുസ്തകത്തിന്റെ 240-ാം പേജിലും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത സയ്യിദും ഇമാം അബൂഹനീഫ(റ)യും മനുഷ്യരായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇത്തരം പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുകയെന്നത് പ്രയാസകരമായ കാര്യമാണ്