1 Friday
March 2024
2024 March 1
1445 Chabân 20

കരുതലിന്റെ പെരുന്നാൾ

ടി മുഹമ്മദ് വേളം

ധ്യാനത്തിന്റെ കാലമാണ് റമദാന്‍. ലോകത്തിലെ ഏറ്റവും ജനകീയമായ ധ്യാനമാണ് റമദാന്‍ വ്രതം. ശ്രദ്ധയുടെ നങ്കൂരത്തെ ശരീരത്തില്‍ നിന്ന് ദൈവത്തിലേക്ക് മാറ്റി സ്ഥാപിക്കലാണ് നോമ്പ്. ദൈവത്തെ ധാരാളമോര്‍ത്ത രാവുകള്‍. ആ ഓര്‍മയെ ജീവിതത്തില്‍ ചാലിച്ചെടുക്കലാണ് നോമ്പിന്റെ വെല്ലുവിളി. സാമൂഹികതയാണ് പെരുന്നാളിന്റെ ഹൃദയം. ധ്യാനത്തിന്റെ നോമ്പും സാമൂഹികതയുടെ പെരുന്നാളും. നോമ്പില്‍ സാമൂഹികതയുടെ പല അംശങ്ങളും പെരുന്നാളില്‍ ആരാധനയുടെ ഘടകങ്ങളും ഉണ്ടെങ്കിലും നോമ്പ് വ്യക്തിപരമാണ് .പെരുന്നാള്‍ സാമൂഹികമാണ്. നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നല്കുന്നത് എന്ന പ്രവാചക വചനത്തിന്റെ സൂചന നോമ്പിന്റെ വ്യക്തിപരതയിലേക്കാണല്ലോ. എന്നാല്‍ പെരുന്നാള്‍ നേരെ മറിച്ചാണ്. ഏറ്റവും പൊതുദൃശ്യതയുള്ള സംഘടിത നമസ്‌കാരമാണ് ഈദ്ഗാഹ്. പെരുന്നാളിന്റെ നമസ്‌കാരം പള്ളിക്കകത്തല്ല, പുറത്താണ്. വെറും പുറത്തല്ല, പൊതുസ്ഥലത്താണ്. അതിന്റെ പങ്കാളിത്തത്തിന് സാധാരണ നമസ്‌കാരത്തിന്റെ പങ്കാളിത്തത്തിന്റെ നിബന്ധനകള്‍ ബാധകമല്ല. ഋതുമതികളടക്കം സാക്ഷിയാവുന്ന ആരാധനക്കപ്പുറമുള്ള സാമൂഹിക ഒത്തുചേരലാണത്.
ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ദൈവത്താല്‍ കല്പിക്കപ്പെട്ട ദിവസമാണ് ഈദുല്‍ഫിത്വ്ര്‍. ഇതരനെക്കുറിച്ച കരുതലിന്റെ ആരാധനാരൂപമാണ് ഫിത്വ്ര്‍ സകാത്ത്. ഫിത്വ്ര്‍ സകാത്ത് കൊണ്ട് പൂരിപ്പിക്കപ്പെടാത്ത നോമ്പ് അല്ലാഹുവിലേക്കെത്തിച്ചേരാതെ ആകാശത്തിനും ഭൂമിക്കുമിടയില്‍ കെട്ടിക്കിടക്കുമെന്ന് നോമ്പുകാര്‍ക്ക് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫിത്വ്ര്‍ സകാത്തിലൂടെ പട്ടിണിയില്ലാത്ത കാലത്തിന്റെ ചെറുരൂപം നിര്‍ബന്ധമാക്കുകയാണ് ഈദുല്‍ഫിത്വ്ര്‍ ചെയ്യുന്നത്.
ഒത്തുചേരലാണ് പെരുന്നാളിന്റെ ആഘോഷം. ഒത്തുചേരലിന്റെ നിയന്ത്രണങ്ങള്‍ക്കിടയില്‍ കടന്നുവരുന്ന പെരുന്നാളാണിത്. ചരിത്രത്തിലെ തന്നെ സവിശേഷമായ ഒരു നോമ്പിനു ശേഷമുള്ള സവിശേഷമായ പെരുന്നാള്‍. ശാരീരികമായി സാമൂഹികതയ്ക്ക് പരിമിതികളുണ്ടാവുമ്പോഴും മാനസികമായി സാമൂഹികതയെ എങ്ങനെ നിലനിര്‍ത്താം എന്ന ആലോചനയാണ് ഈ പെരുന്നാളിന്റെ അച്ചുതണ്ടാവേണ്ടത്. ഇതരരെക്കുറിച്ച കലുതലാണ് പെരുന്നാളിന്റെ അന്തസ്സത്തയുടെ ഒരു ഭാഗം. ഫിത്വ്ര്‍ സകാത്ത് അതിന്റെ ദൈവികമായ ചിഹ്നമാണ്. കോവിഡിന്നിടയില്‍ വീണുകിടക്കുന്ന ധാരാളമാളുകളുള്ള പെരുന്നാളാണിത്. ഒരാരാധനയുടെ സാങ്കേതിക നിര്‍വഹണത്തിനപ്പുറം ഈ കരുതലിന്റെ വികാരം നമുക്കിടയില്‍ പൂത്തുല്ലസിക്കേണ്ടതുണ്ട്. അതിഥിത്തൊഴിലാളികള്‍, മടങ്ങിവരുന്ന പ്രവാസികള്‍, മടങ്ങിവരുന്ന മറുനാടന്‍ മലയാളികള്‍, ഇനിയും മടങ്ങിവരേണ്ടവര്‍, ഇവരെക്കുറിച്ചെല്ലാമുള്ള കരുതലിന്റെ ധന്യതകൊണ്ടാണ് പെരുന്നാള്‍ നിറമുള്ളതാകേണ്ടത്.
സാമൂഹിക അകലം പാലിക്കുന്നതും സാമൂഹികതയ്ക്കു വേണ്ടിയാണെന്ന ബോധം നാം കെട്ടുപോകാതെ സൂക്ഷിക്കണം. നാം ചങ്ങല പൊട്ടിക്കുന്നത് മനുഷ്യര്‍ കണ്ണിപൊട്ടിത്തെറിക്കാതിരിക്കാനാണ്. കോവിഡ് രോഗികള്‍ക്കുവേണ്ടിയും കരുതലിന്റെ പെരുന്നാള്‍ ഉള്ളില്‍ സൂക്ഷിക്കാന്‍ നമുക്കാവണം. ആരോഗ്യമര്യാദകള്‍ പാലിച്ചുകൊണ്ടുള്ള സേവനങ്ങളും. സ്വന്തത്തിനു വേണ്ടിയുള്ള കരുതലുകള്‍ ഇതരരോടുള്ള കരുതലിനെതിരാകാതിരിക്കാന്‍ നാം ജാഗ്രതപ്പെടണം.

പകര്‍ച്ച വൈറസുകളുടെ കാലം അപരവിദ്വേഷ വൈറസുകള്‍ പെറ്റുപെരുകുന്ന കാലം കൂടിയാണ്. യൂറോപ്പിലെ 15,16 നൂറ്റാണ്ടുകളിലെ പ്ലേഗ് കാലമാണ് ജൂത വിദ്വേഷത്തിന്റെ നാന്ദികാലം. പ്ലേഗിന്റെ വൈറസ് പിന്മാറിയിട്ടും ജൂതവിദ്വേഷത്തിന്റെ കൃത്രിമ വൈറസ് യൂറോപ്യന്‍ മനസ്സുകളില്‍ നിന്ന് പിന്മാറിയിട്ടില്ല. അങ്ങനെയാണ് 1930കളില്‍ യൂറോപ്പില്‍ 70 ലക്ഷം ജൂതന്മാരെ ഹിറ്റ്‌ലര്‍ ഗ്യാസ് ചേമ്പറിലടച്ച് ശ്വാസം മുട്ടിച്ചുകൊന്നത്.
കൊറോണ വൈറസ് വ്യാപനത്തിനിടയില്‍ എന്തെല്ലാം വൈറസുകള്‍ സമൂഹ ശരീരത്തില്‍ പടര്‍ന്നുപിടിക്കുന്നുണ്ട് എന്ന് നാം ശ്രദ്ധിക്കണം. പ്രതിരോധിക്കണം, ചികിത്സിക്കണം.
നോമ്പില്‍ സന്യാസത്തിന്റെ ചില ഘടകങ്ങളുണ്ട്. സിയാഹത്ത അറബിയില്‍ സന്യാസിമാരുടെ സഞ്ചാരത്തിന് ഉപയോഗിക്കുന്ന വാക്കാണ്. ഈ പദം അല്ലെങ്കില്‍ അതിന്റെ അര്‍ഥരൂപം നോമ്പുകാരനെ കുറിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷെ നോമ്പ് ഒരു സമ്പൂര്‍ണ സന്യാസത്തിലേക്ക് വഴുതിവീഴാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ നോമ്പിനകത്തുതന്നെ അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ട്. രാത്രി കാലങ്ങളില്‍ സ്ത്രീ-പുരുഷ സംസര്‍ഗം അനുവദിച്ചതും വൈകിയ അത്താഴത്തെയും നോമ്പ് തുറക്കലിന്റെ ധൃതിപ്പെടലിനെയും പ്രോത്സാഹിപ്പിച്ചതും ഇതിന്റെ  ഭാഗമാണ്.
ഇതിന്റെ തന്നെ ഭാഗമാണ് പെരുന്നാളും. വിരക്തിയുടെ വ്രതത്തെ വര്‍ണശബളമായ പെരുന്നാളിലേ ഇസ്‌ലാമിന് അവസാനിപ്പിക്കാനാവൂ. കാരണം, ഇസ്‌ലാം അതിരുകവിച്ചിലുകള്‍ക്കെതിരായ സന്തുലിതത്വത്തിന്റെ മതമാണ്.

ഒരിക്കല്‍ ഒരു ഗുരു തന്റെ ശിഷ്യനോട് പറഞ്ഞു: ‘ഒരു മെഴുകുതിരി കത്തിച്ച് കയ്യില്‍ പിടിക്കുക. എന്നിട്ട് അടുത്ത് ഒരു തോട്ടമുണ്ട്. അവിടെ നിരവധി കാഴ്ചകളുണ്ട്. മെഴുകുതിരി കെട്ടുപോകാതെ കാഴ്ചകള്‍ കണ്ട് തിരിച്ചുവരാനാവശ്യപ്പെട്ടു. തിരിച്ചുവന്ന ശിഷ്യനോട് ഗുരു ചോദിച്ചു. എന്തെല്ലാം കണ്ടു? ശിഷ്യന്‍ പറഞ്ഞു: മെഴുകുതിരി കെട്ടുപോകരുതെന്ന് അങ്ങ് പറഞ്ഞതുകൊണ്ട് അത് ശ്രദ്ധിക്കുന്നതിന്നിടയില്‍ കാഴ്ചകള്‍ കാണാന്‍ സാധിച്ചില്ല. ഗുരു ശിഷ്യനെ വീണ്ടും അതേ ഉപദേശവുമായി തോട്ടത്തിലേക്കയച്ചു. മെഴുകുതിരി കെട്ടുപോകാതെ തിരിച്ചുവന്ന ശിഷ്യന്‍ പറഞ്ഞു. മെഴുകുതിരി കെടാതെ ശ്രദ്ധിക്കുന്നതിന്നിടയില്‍ കൂടുതല്‍ കാഴ്ചകള്‍ കാണാന്‍ സാധിച്ചില്ല. ഗുരു ശിഷ്യനെ പഴയ അതേ ഉപദേശവുമായി തിരിച്ചയച്ചു. ഇത്തവണ ശിഷ്യന്‍ കെടാത്ത മെഴുകുതിരിയുമായി മുഴുവന്‍ കാഴ്ചകളും കണ്ട് തിരിച്ചുവന്നു. ഗുരു പറഞ്ഞു. ഇതാണ് ജീവിത സത്യത്തിന്റെ സാരം. സൂക്ഷ്മതയുടെ, ഭക്തിയുടെ മെഴുകുതിരി കെട്ടുപോകാതെ ജീവിതാസ്വാദനത്തിന്റെ കാഴ്ചകള്‍ കാണാന്‍ സാധിക്കുക. ഭക്തിയുടെ പേരില്‍ ആസ്വാദനവും നഷ്ടപ്പെടുത്താതിരിക്കുക എന്ന് ഗുരു പറഞ്ഞു.
ഇതുതന്നെയാണ് നോമ്പും പെരുന്നാളും തമ്മിലുള്ള ബന്ധം. ഭക്തിയുടെ പേരില്‍ ജീവിതാസ്വാദനങ്ങളുപേക്ഷിക്കരുതെന്ന ഓര്‍മപ്പെടുത്തലാണ് പെരുന്നാള്‍. എന്നാല്‍ ആഘോഷത്തിന്റെ പേരില്‍ മൂല്യങ്ങള്‍ കെടുത്തിക്കളരുതെന്ന് നോമ്പ് നമ്മോട് പറയുന്നു. വ്യക്തിയുടെ ആത്മ സാക്ഷാത്ക്കാരത്തിനുവേണ്ടി സാമൂഹികതയെയോ സാമൂഹികതക്കുവേണ്ടി വ്യക്തിയുടെ ആത്മീയ സായൂജ്യത്തെയോ ഉപേക്ഷിക്കാതിരിക്കുക.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x