26 Thursday
December 2024
2024 December 26
1446 Joumada II 24

ടി സി മുഹമ്മദ് മൗലവി ജീവിതചിട്ടയില്‍ മാതൃക കാണിച്ച പണ്ഡിതന്‍

ഹാറൂന്‍ കക്കാട്‌


എടവണ്ണ ജാമിഅ: നദ്‌വിയ്യ കോളേജില്‍ 1985- 86 കാലഘട്ടത്തില്‍ ഞങ്ങളുടെ സ്‌നേഹനിധിയായ അധ്യാപകനായിരുന്നു ടി സി മുഹമ്മദ് മൗലവി. ഇസ്ലാമിക പണ്ഡിതനും യൂനാനി ചികിത്സകനും ഗ്രന്ഥകാരനുമായിരുന്ന അദ്ദേഹം ശിഷ്യന്മാരോട് എപ്പോഴും നിര്‍ലോഭമായ സ്‌നേഹവായ്പുകള്‍ പ്രസരിപ്പിക്കുന്ന വിനയാന്വിതനായ ഗുരുവായിരുന്നു. ജീവിതചിട്ടയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മാതൃക. ആരാധനകളിലെ കൃത്യതയും സൂക്ഷ്മതയും ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും കാത്തുസൂക്ഷിച്ച സാത്വികന്‍! ക്ഷമിച്ചും സഹിച്ചും ജീവിതം എങ്ങനെ അര്‍ഥപൂര്‍ണമാക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച പണ്ഡിതവര്യന്‍.
1936 ജൂലൈ ഒന്നിന് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പുത്തന്‍പള്ളിക്ക് സമീപം എരമംഗലത്ത് തുടിങ്കാവ് അഹ്മദിന്റെയും ചെങ്ങണത്ത് ആയിശയുടെയും മകനായാണ് ടി സി മുഹമ്മദ് മൗലവിയുടെ ജനനം. അഞ്ചാം ക്ലാസ് വരെയായിരുന്നു സ്‌കൂള്‍ പഠനം. തുടര്‍ന്ന് പുത്തന്‍പള്ളി, ചെലവൂര്‍, കടമേരി, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ പള്ളി ദര്‍സുകളില്‍ പത്ത് വര്‍ഷം പഠനം. ദയൂബന്ദ് ദാറുല്‍ ഉലൂമിലായിരുന്നു ഉപരിപഠനം. അവിടെ നിന്ന് പ്രശസ്ത ഹദീസ് ഗ്രന്ഥങ്ങളായ സ്വിഹാഹു സ്സിത്തയുടെ ദൗറ പൂര്‍ത്തിയാക്കി ഖാസിമി ബിരുദം നേടി. യൂനാനി വൈദ്യശാസ്ത്രത്തില്‍ ഡി യു എം, ആയുര്‍വേദത്തിന്റെ വൈദ്യ വിശാരദ്, സിദ്ധ (മധുരൈ) എന്നീ ഡിപ്ലോമകള്‍ നേടി.
എടക്കഴിയൂര്‍ ദര്‍സ്, വാടാനപ്പള്ളി ഇസ്ലാമിയ കോളജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു ടി സി മുഹമ്മദ് മൗലവി. നവോത്ഥാന പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ശേഷം എടവണ്ണ ജാമിഅ നദ്വിയ്യ, പുളിക്കല്‍ ജാമിഅ സലഫിയ്യ തുടങ്ങിയ സ്ഥാപനങ്ങളില്‍ രണ്ട് വ്യാഴവട്ടക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ചു.
സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരില്‍ ഖുത്ബയിലൂടെ ടി സി മുഹമ്മദ് മൗലവി ശക്തമായ ബോധവത്കരണങ്ങള്‍ നടത്തി. സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ മാന്യമായ പ്രബോധനശൈലിയായിരുന്നു അദ്ദേഹം സ്വീകരിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാന്തനായി പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം സാമൂഹിക പരിഷ്‌കരണത്തിന് മുമ്പില്‍ നടന്നത്. കൊടിയത്തൂര്‍ അബ്ദുല്‍അസീസ് മൗലവി പ്രസിഡന്റും ടി സി മുഹമ്മദ് മൗലവി സെക്രട്ടറിയുമായി രൂപീകൃതമായ ജംഇയ്യത്തുല്‍ ഉലമായിസ്സുന്നിയ്യ എന്ന സംഘടനയ്ക്ക് കീഴില്‍ വിവിധ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ സംഘടിപ്പിച്ചിരുന്നു.
‘ശാഫിഈകളെന്നു പറയുന്നവരേ, നിങ്ങള്‍ യഥാര്‍ഥ ശാഫിഈ മദ്ഹബിലേക്ക് മടങ്ങൂ’ എന്നതായിരുന്നു ഈ സംഘടനയുടെ സ്‌നേഹാര്‍ദ്രമായ മുദ്രാവാക്യം. ചുരുങ്ങിയ നാളുകളില്‍ തന്നെ ഈ സംഘടന മലബാറില്‍ അറിയപ്പെട്ടു. പട്ടാമ്പി, പുളിക്കല്‍ വലിയപറമ്പ് എന്നിവിടങ്ങളില്‍ വെച്ച് അവിഭക്ത സമസ്തയുടെ പണ്ഡിതര്‍ ഇവരുമായി വാദപ്രതിവാദങ്ങള്‍ നടത്തി. മറ്റു പല സ്ഥലങ്ങളിലും ഖണ്ഡന മണ്ഡന പരിപാടികള്‍ നടന്നിരുന്നു. ശാഫിഈ മദ്ഹബിനെ അടിസ്ഥാനമാക്കി വാദപ്രതിവാദം നടത്തിയാല്‍ ജയിക്കാന്‍ കഴിയില്ല എന്ന് യാഥാസ്ഥിതിക പണ്ഡിതര്‍ക്ക് ബോധ്യമായി. പട്ടാമ്പിയില്‍ വെച്ച് ജുമുഅ ഖുതുബ അറബിയിലായിരിക്കണമെന്നതിന് ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച് തെളിവിന് ശ്രമിച്ചവര്‍, ശാഫിഈ മദ്ഹബില്‍ നിന്ന് തെളിവ് കൊണ്ടുവരണം എന്ന വ്യവസ്ഥയില്‍ മുറുകെപിടിച്ച ടി സി മുഹമ്മദ് മൗലവിയുടെ ആവശ്യത്തിന് മുമ്പില്‍ പരാജയപ്പെടുകയായിരുന്നു.
1972-ല്‍ ഷൊര്‍ണൂര്‍ ചെറുതുരുത്തിക്ക് സമീപമുള്ള വെട്ടിക്കാട്ടിരി മഹല്ലില്‍ ഉണ്ടായ ജാറം തര്‍ക്കം ടി സി മുഹമ്മദ് മൗലവിയുടെ ജീവിതത്തിലെ ത്യാഗോജ്വലമായ ഒരധ്യായമാണ്. മഹല്ലിലെ അഞ്ച് വയസുകാരനായ സയ്യിദ് ഇസ്മാഈല്‍ ഉണ്ണിക്കോയ തങ്ങള്‍ എന്ന കുട്ടിയുടെ മരണമാണ് ഈ വിവാദത്തിന് നിമിത്തമായത്. കുട്ടി മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പള്ളിക്കമ്മിറ്റി, കുട്ടിക്ക് ദിവ്യസിദ്ധികളുണ്ടെന്നു പറഞ്ഞ് ഖബര്‍സ്ഥാനില്‍ ജാറം കെട്ടാന്‍ തുടങ്ങി. നാട്ടുകാരില്‍ ചിലര്‍ ഇതിനെ എതിര്‍ക്കുകയും ടി സി മുഹമ്മദ് മൗലവിയെ സമീപിക്കുകയും ചെയ്തു. ശാഫിഈ മദ്ഹബനുസരിച്ച് ജാറം ഉണ്ടാക്കല്‍ ഹറാം ആണെന്ന് അദ്ദേഹം ഫത്വ നല്‍കി. സങ്കീര്‍ണമായ വിഷയം കോടതിയിലെത്തി. ജാറത്തിനെതിരായ 12 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതിവിധി ടി സി മുഹമ്മദ് മൗലവിക്ക് അനുകൂലമായിരുന്നു. പൊതു ഖബര്‍സ്ഥാനില്‍ ജാറം പാടില്ലെന്നായിരുന്നു കോടതിവിധി. അത് പൊളിച്ചുമാറ്റാന്‍ വടക്കാഞ്ചേരി കോടതി ഉത്തരവ് നല്‍കിയതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയായിരുന്നു.
ടി സി മുഹമ്മദ് മൗലവി നവോത്ഥാന പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവന്നത് എണ്‍പതുകളുടെ ആദ്യഘട്ടത്തിലാണ്. കെ എന്‍ എം ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി മുഹമ്മദ് മൗലവിയുമായുള്ള അടുപ്പം അദ്ദേഹത്തെ ഇസ്‌ലാഹി പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. എണ്‍പതുകളുടെ ആദ്യത്തിലാണ് ടി സി മുഹമ്മദ് മൗലവി പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയില്‍ താമസം തുടങ്ങിയത്. തന്റെ വീടിനോട് ചേര്‍ന്ന് സ്വന്തം ചിലവില്‍ ഒരു ചെറിയ പള്ളിയും അദ്ദേഹം നിര്‍മിച്ചു.
പഠന ഗവേഷണ ചികിത്സയില്‍ പൂര്‍ണമായും മുഴുകിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. യുനാനി, ആയുര്‍വേദം, ഹോമിയോ എന്നീ മേഖലകളില്‍ നിപുണനായിരുന്ന അദ്ദേഹത്തിന് നാല് ഹെര്‍ബല്‍ മരുന്നുകള്‍ക്ക് പേറ്റന്റുകളുമുണ്ട്. മലേഷ്യ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് അവ കയറ്റിയയക്കുകയും ചെയ്തിരുന്നു.
പട്ടാമ്പിയില്‍ അവിസെന്ന യൂനാനി ഫാര്‍മ എന്ന പേരില്‍ അദ്ദേഹം ക്ലിനിക്ക് നടത്തിയിരുന്നു. സ്വന്തമായി മരുന്ന് നിര്‍മാണശാലയും സ്ഥാപിച്ചിരുന്നു. പുളിക്കല്‍ ജാമിഅ സലഫിയ്യക്ക് കീഴില്‍ ആരംഭിച്ച ഇലാജ് ആയുര്‍വേദ യൂനാനി മരുന്ന് ഉല്‍പാദന കേന്ദ്രത്തിന്റെ ശില്‍പി അദ്ദേഹമായിരുന്നു.
മികച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു ടി സി മുഹമ്മദ് മൗലവി. ഖുര്‍ആന്‍ സമഗ്ര പഠനം, മെറ്റീരിയാ മെഡിക്ക (യൂനാനി), തിരുനബിയുടെ വൈദ്യവിധികള്‍, യൂനാനി ചികിത്സകന്‍, പതിനൊന്ന് മാസത്തെ യൂനാനി കോഴ്സ് (പോസ്റ്റല്‍), ഹിപ്നോട്ടിസം (ഗൈഡ്) എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. അനുജന്‍ ടി സി മുഹമ്മദുണ്ണി സാഹിബും ഒന്നിച്ച് ‘മനുഷ്യനോട്’ എന്ന പേരില്‍ ഒരു മാസിക അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. പലവിധ പ്രതിസന്ധികള്‍ കാരണം ഏതാനും ലക്കങ്ങളേ മാസിക പുറത്തിറക്കാന്‍ സാധിച്ചുള്ളൂ.
പ്രമുഖ പള്ളി ദര്‍സുകളിലും വിവിധ ഇസ്ലാമിക കലാലയങ്ങളിലും അധ്യാപകനായി സേവനം ചെയ്ത് നിരവധി ശിഷ്യഗണങ്ങളെ സമ്പാദിച്ച ടി സി മുഹമ്മദ് മൗലവി 2016 നവംബര്‍ 14 ന് 80-ാമത്തെ വയസ്സില്‍ നിര്യാതനായി. ഭൗതിക ശരീരം ചാലിശ്ശേരി തെങ്ങില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

Back to Top