സിറിയയില്‍ സംഭവിച്ചത്
ബഷീര്‍ അഹ്മദ്
സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് പത്തു വര്‍ഷം തികയുന്നു. തുനീഷ്യ, ഈജിപ്ത്, ലിബിയ, യമന്‍ തുടങ്ങി അറബ് മേഖലയിലെ ഏകാധിപതികളായ ഭരണാധികാരികള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട ജനരോഷം തന്നെയാണ് സിറിയയിലും ഉണ്ടായത്. എല്ലായിടങ്ങളിലും സംഭവിച്ചതുപോലെ നിരായുധരായ ജനങ്ങള്‍ തന്നെയാണ് അവിടെയും പ്രക്ഷോഭ രംഗത്തുണ്ടായിരുന്നത്. എന്നാല്‍, ജനകീയ മുന്നേറ്റത്തെ സൈനികമായി അടിച്ചമര്‍ത്താന്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദ് തുനിഞ്ഞതോടെ സിറിയന്‍ വിപ്ലവത്തിനും ചോരയുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടു തുടങ്ങി. പത്തു വര്‍ഷം തികയുമ്പോള്‍ പരിഷ്‌കൃത ലോകം അപമാനത്താല്‍ തലതാഴ്ത്തേണ്ട വാര്‍ത്തകളാണ് സിറിയയില്‍ നിന്ന് പുറത്തുവരുന്നത്. ഇത്രയധികം മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ട ഒരു ആഭ്യന്തര യുദ്ധത്തിന് സമീപകാലം സാക്ഷ്യം വഹിച്ചിട്ടില്ല. യുദ്ധം ഇതിനകം അഞ്ചു ലക്ഷത്തിലേറെ സിവിലിയന്മാരുടെ ജീവനെടുത്തു. പത്തു ലക്ഷത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പന്ത്രണ്ട് ലക്ഷം പേര്‍ ഭവനരഹിതരായി. അവരില്‍ ഭൂരിഭാഗവും അന്യരാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നു.
ഒരു കാലത്ത് സിറിയക്കെതിരെ നിലകൊണ്ട അറബ് രാജ്യങ്ങള്‍ ഒന്നൊന്നായി അസദ് ഭരണകൂടവുമായി നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു. ജനകീയ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന യുദ്ധക്കുറ്റവാളികളായ മര്‍ദ്ദക ഭരണാധികാരികള്‍ ഒരു പോറലുമില്ലാതെ തലയുയര്‍ത്തി നില്‍ക്കുന്നത് എങ്ങനെയെന്ന് ലോകത്തിനു കാണിച്ചുകൊടുത്തിരിക്കുകയാണ് ഒരു പതിറ്റാണ്ട് പിന്നിട്ട സിറിയയിലെ ആഭ്യന്തര യുദ്ധം.