30 Friday
January 2026
2026 January 30
1447 Chabân 11

സിറിയയില്‍ ആത്മഹത്യ വര്‍ധിക്കുന്നു


പതിറ്റാണ്ടുകളായി ആഭ്യന്തരയുദ്ധം മൂലം കെടുതി അനുഭവിക്കുന്ന സിറിയയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ സിറിയയിലാണ് ആത്മഹത്യയും മാനസിക സംഘര്‍ഷങ്ങളും വര്‍ധിക്കുന്നതായി പഠനങ്ങള്‍ പുറത്തുവരുന്നത്. യുദ്ധവും ബോംബിങും കണ്ട് നിരാശരാകുന്ന തലമുറ ഒരു പ്രതീക്ഷയും ഇല്ലെന്നു പറഞ്ഞാണ് ആത്മഹത്യയില്‍ അഭയം തേടുന്നത്. അല്‍ജസീറയുടെ അലി ഹാജ് സുലൈമാനാണ് പ്രത്യേക റിപോര്‍ട്ട് തയ്യാറാക്കിയത്. മനഃശാസ്ത്രജ്ഞരെയും ആരോഗ്യപ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും ഉദ്ധരിച്ചാണ് റിപോര്‍ട്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സിറിയന്‍ എന്‍ ജി ഒ ആയ റെസ്‌പോണ്‍സ് കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, 2021ല്‍ 22 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2022ന്റെ ആദ്യ ആറു മാസത്തിനുള്ളില്‍ അത് 32 ആയി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യോമാക്രമണം, ബാരല്‍ ബോംബുകള്‍, സ്‌നിപ്പര്‍മാര്‍ എന്നിവയ്ക്കിടയില്‍ ജീവിക്കുന്ന ജനതയ്ക്ക് ജീവിതം മടുക്കുകയും പുതിയ തലമുറ തങ്ങളുടെ ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തുകയുമാണ്. ഈ ആഘാതം ആത്മഹത്യകളുടെ എണ്ണം കൂടാന്‍ കാരണമാകുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഏകദേശം 90 ശതമാനം സിറിയക്കാരും ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ് ജീവിക്കുന്നത്. പല സിറിയക്കാര്‍ക്കും അവരുടെ കുടുംബത്തിന് അന്നം നല്‍കാന്‍ കഴിയുന്നില്ല. ഈ പ്രശ്‌നങ്ങളെ നേരിടാന്‍ സഹായിക്കുന്ന ഒരു പിന്തുണ സംവിധാനത്തിന്റെ അഭാവമാണ് ആത്മഹത്യകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നും പഠനത്തിലുണ്ട്.

Back to Top