സിറിയ: സഅ്തരി അഭയാര്‍ഥി ക്യാമ്പിന് പത്ത് വയസ്സ്

സിറിയന്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കുന്നതിനായി ജോര്‍ദാനി ല്‍ യു എന്‍ ആരംഭിച്ച സഅ്തരി ക്യാമ്പിന് പത്ത് വയസ്സ്. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ ദൂരെ വടക്കന്‍ ജോര്‍ദാനിലെ മരുഭൂമിയിലാണ് സഅ്തരി ക്യാമ്പ്. 80,000ലധികം ആളുകള്‍ പാര്‍ക്കുന്ന ഈ ക്യാമ്പ് ലോകത്തെ ഏറ്റവും വലിയ സിറിയന്‍ അഭയാര്‍ഥി ക്യാമ്പാണ്. 2011 മാര്‍ച്ച് മുതലാണ് സിറിയയില്‍ പ്രതിസന്ധി ആരംഭിച്ചത്. പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിനെതിരായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം പെട്ടെന്ന് ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. നിലവില്‍ രാജ്യത്ത് യുദ്ധത്തിനു മുമ്പുള്ള 23 മില്യണ്‍ ജനസംഖ്യയുടെ പകുതിയിലധികവും കുടിയൊഴിപ്പിക്കപ്പെട്ടവരാണ്. അയല്‍രാജ്യങ്ങളില്‍ അഭയാര്‍ഥികളായി തുടരുന്നത് ഏഴ് ദശലക്ഷത്തോളം ആളുകളാണ്. 2021 ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുള്ള 6.76 ദശലക്ഷം സിറിയന്‍ അഭയാര്‍ഥികളില്‍ 90 ശതമാനവും സ്വീകരിച്ചത് തുര്‍ക്കി (3.4 ദശലക്ഷം), ലബ്‌നാന്‍ (8,50,000), ജോ ര്‍ദാന്‍ (6,68,000), ജര്‍മനി (6,16,000), ഇറാഖ് (2,45,000) എന്നീ രാജ്യങ്ങളാണ്.
