സിറിയന്‍ അഭയാര്‍ഥി ക്യാമ്പിലെ കുട്ടികളെ തിരികെയെത്തിച്ച് ജര്‍മനിയും ഡെന്‍മാര്‍ക്കും

വടക്കുകിഴക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍നിന്ന് തങ്ങളുടെ രാജ്യക്കാരായ സ്ത്രീകളെയും കുട്ടികളെയും സ്വദേശത്തേക്ക് തിരികെയെത്തിച്ച് ജര്‍മനിയും ഡെന്‍മാര്‍ക്കും. 23 കുട്ടികളെയും അവരുടെ എട്ട് മാതാക്കളെയുമാണ് ജര്‍മനി കഴിഞ്ഞ ദിവസം വിമാനത്തില്‍ തിരികെയെത്തിച്ചത്. വടക്കുകിഴക്കന്‍ സിറിയയിലെ റോജ് ത ട ങ്കല്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു ഇവര്‍. കുര്‍ദുകളുടെ നിയന്ത്രണത്തിലാണ് ഈ മേഖല. ഐ എസ് അംഗങ്ങളായിരുന്നവരെന്ന് ആരോപണമുള്ളവരാണ് ഇത്തരം തടങ്കല്‍ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നതെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അവരുടെ അവസ്ഥയ്ക്ക് കുട്ടികള്‍ ഉത്തരവാദികളല്ല, അവരുടെ പ്രവൃത്തികള്‍ക്ക് മാതാക്കള്‍ ഉത്തരം പറയേണ്ടിവരുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു. ഇവരെ ജര്‍മനിയിലേക്ക് കൊണ്ടുവന്നതില്‍ സന്തോഷമുണ്ടെന്നും പ്രത്യേകിച്ച് കുട്ടികളെ, അവര്‍ സംരക്ഷണം ആവശ്യമുള്ളവരാണെന്നും മാസ് പറഞ്ഞു.
14 കുട്ടികളെയും 3 സ്ത്രീകളെയുമാണ് ഡെന്‍മാര്‍ക്ക് രാജ്യത്തേക്ക് തിരിച്ചെത്തിച്ചത്. യു എസ് സൈന്യത്തിന്റെ സഹായത്തോട് കൂടിയായിരുന്നു ഓപറേഷന്‍.
