ഇസ്‌ലാമിക സ്ഥാപനങ്ങള്‍ രാജ്യത്ത് അനുവദിക്കില്ലെന്ന് സ്വീഡിഷ് ഭരണകൂടം
ഇസ്‌ലാമിക അക്കാദമിക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനൊരുങ്ങി സ്വീഡിഷ് ഭരണകൂടം. രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ ഇടംപിടിച്ച ഇസ്‌ലാമിക വിദ്യാലയങ്ങള്‍ ഉണ്ടായിരിക്കെയാണ് ഭരണകൂടത്തിന്റെ നടപടി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, സ്വതന്ത്ര മതവിദ്യാലയങ്ങള്‍ എന്നു വിളിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചതായി സ്വീഡിഷ് മുന്‍ വിദ്യാഭ്യാസ മന്ത്രി ലിന അക്‌സല്‍സണ്‍ കില്‍ബ്ലോം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കുകയോ 2024 മുതല്‍ പുതിയ ശാഖകള്‍ തുറക്കുകയോ ചെയ്യുന്നതില്‍ നിന്ന് സ്വതന്ത്ര മതവിദ്യാലയങ്ങളെ ഈ ബില്‍ തടയുന്നു. കരടു നിയമം ഇതുവരെ നോട്ടമിടുന്നത് ഇസ്‌ലാമിക അക്കാദമിക സ്ഥാപനങ്ങളെ മാത്രമാണ്- അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമിക മതവിദ്യാലയങ്ങളോ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള 20-ഓളം വിദ്യാലയങ്ങളോ അടച്ചുപൂട്ടിയതായി സ്വീഡിഷ് തലസ്ഥാനത്തെ റാഗസ്‌വിഡ് പ്രദേശത്തെ ഇസ്‌ലാമിക അക്കാദമിക സ്ഥാപനമായ ഫ്രംസ്റ്റീങ് സ്‌കോളന്‍ ഡയറക്ടര്‍ മുഹമ്മദ് അമീന്‍ പറഞ്ഞു. മൂന്ന് മതവിദ്യാലയങ്ങള്‍ കൂടി അടച്ചുപൂട്ടാനിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂട നടപടിക്കെതിരെ വിമര്‍ശനവുമായി ഇസ്‌ലാമിക വിദ്യാലയങ്ങളും സംഘടനകളും ഗവേഷകരും രംഗത്തെത്തി. അടച്ചുപൂട്ടാനുള്ള തീരുമാനം മോശം അക്കാദമിക പ്രകടനങ്ങളോ മറ്റ് വിദ്യാഭ്യാസ ന്യൂനതകളോ കൊണ്ടല്ല, രാജ്യത്ത് നിലനില്‍ക്കുന്ന ഇസ്‌ലാം വിരുദ്ധ രാഷ്ട്രീയം കൊണ്ടാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.