1 Tuesday
July 2025
2025 July 1
1447 Mouharrem 5

സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയവര്‍

സി കെ റജീഷ്‌


വിദേശത്ത് പ്രശസ്ത കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്ത് സന്തോഷമറിയിച്ച് ഒരു സന്ദേശമയച്ചു. നാട്ടിലെത്തിയാല്‍ പ്രിയ ഗുരുനാഥനെ സന്ദര്‍ശിക്കുകയും സ്‌നേഹസമ്മാനം നല്‍കുകയും വേണം. പക്ഷേ സുഹൃത്ത് നാട്ടിലെത്തുന്നതിന് മുമ്പ് ഗുരുനാഥന്റെ വിയോഗ വാര്‍ത്തയാണ് അവന് കേള്‍ക്കേണ്ടി വന്നത്. അവന്റെ മനസ്സ് വല്ലാതെ വേദനിച്ചു. തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ ഗുരുവര്യന്‍ അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു അവന്.
ജീവിത വഴിയില്‍ സ്വപ്നങ്ങള്‍ കാണാനുള്ള കരുത്തായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ആ ഗുരുവര്യന്‍ ശിഷ്യന്റെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. ആവശ്യമുള്ളപ്പോള്‍ ശാസിച്ചും തിരുത്തിയും ഗുരു വഴികാണിച്ചു തന്നിരുന്നില്ലെങ്കില്‍ ഇന്നും ഇരുട്ടില്‍ നടന്നേനെയെന്ന് സുഹൃത്ത് പറഞ്ഞു – പ്രിയ ഗുരുനാഥനെ ഓര്‍ക്കുമ്പോഴെല്ലാം സുഹൃത്ത് വികാരാധീനനായി.
ജീവിത വഴികളില്‍ മനസ്സിലിടം നേടിയ ഗുരുക്കന്മാരെ നമ്മളും ഓര്‍ക്കുന്നുണ്ടാവും. വാത്സല്യനിധികളായ മാതാപിതാക്കളെപ്പോലെ നമുക്ക് വഴികാട്ടികളായവര്‍. നമ്മുടെ സുഖദു:ഖങ്ങളില്‍ ഒപ്പം ചേര്‍ന്ന് നമ്മുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയവര്‍. കലാലയത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രമല്ല, ജീവിതത്തില്‍ തന്നെ വഴിയും വെളിച്ചവും പകര്‍ന്നവര്‍.
എപ്പോഴാണ് ഒരാള്‍ നമുക്ക് ഗുരുസ്ഥാനീയനാവുക? ഓരോരുത്തരിലുമുള്ള അന്തസത്തയെ തിരിച്ചറിയാന്‍ അവഗാഹമുള്ളവര്‍ക്കാണ് ഗുരുക്കന്മാരാകാനുള്ള അര്‍ഹത. ജീവിത വഴികളില്‍ നന്മയുടെ പ്രകാശം പരത്തുന്നവര്‍ ഏറെയുണ്ടാകും. മറ്റുള്ളവരുടെ ഉള്ളിലെ പ്രകാശം പുറത്തുകൊണ്ടുവരാന്‍ പ്രാപ്തിയുള്ളവര്‍ അപൂര്‍വമായിരിക്കും.
സ്വന്തം ശരികളോട് തന്നെയായിരിക്കും ഏതൊരാള്‍ക്കും ആഭിമുഖ്യം. എങ്കിലും മറ്റുള്ളവരുടെ രീതിയെയും മാനിക്കാന്‍ കഴിയണം. ഓരോരുത്തര്‍ക്കുമുണ്ട് ജീവിതത്തില്‍ തനത് രീതികളും വഴികളും. അവനവന്റെ വഴികളെ നന്മയുടേതാക്കി മാറ്റാനുള്ള ദിശാബോധം നല്‍കലാണ് ഗുരുധര്‍മം. അനുകരിക്കുന്നവരെയും അനുഗമിക്കുന്നവരെയും മാത്രം സൃഷ്ടിക്കണമെന്ന് ശഠിക്കരുത്. അത് ശിക്ഷണത്തിലെ അപകടരീതിയാണ്. മുന്നില്‍ നടന്ന് ശീലിച്ചവര്‍ മാത്രമായിരിക്കരുത് ഗുരുക്കന്മാര്‍. മുന്നില്‍ നടക്കാന്‍ മറ്റുള്ളവരെ പ്രാപ്തരാക്കുന്നവര്‍ കൂടിയാവണം.
അഭിരുചികള്‍ക്കനുസരിച്ചുള്ള വഴികളിലൂടെയാണ് ഓരോരുത്തരുടെയും ജീവിതസഞ്ചാരം. അഭിരുചികള്‍ക്കനുസരിച്ച് സ്വപ്നത്തെ താലോലിക്കാനും ലക്ഷ്യത്തെ മുന്നില്‍ കാണാനും ഓരോരുത്തര്‍ക്കും കഴിയണം. തന്റേതല്ലാത്ത ലക്ഷ്യത്തിലേക്ക് ആരും സ്വച്ഛമായി സഞ്ചരിക്കില്ല. അതുകൊണ്ട് വഴികാട്ടികള്‍ അവര്‍ക്കറിയാവുന്ന വഴികളിലൂടെയല്ല ആളുകളെ നയിക്കേണ്ടത്, ഓരോരുത്തര്‍ക്കും സഞ്ചരിക്കേണ്ട വഴികളിലൂടെയാണ്. ഒരാള്‍ക്ക് ഇഷ്ടമില്ലാത്ത വഴികളിലൂടെ നടക്കാന്‍ നിര്‍ബന്ധിക്കുന്നത് അയാളോട് ചെയ്യുന്ന അപരാധമായിരിക്കും.
ഒരു കഥ പറയാം: ഒരാള്‍ പശുവിനെ വാങ്ങി. എന്നാല്‍ അതിനെ വീട്ടിലെത്തിക്കാനാകാതെ കുഴങ്ങി. മുന്നോട്ട് വലിക്കുന്തോറും പശു പിന്നോട്ട് പോകും. ഇത് കണ്ട ഗുരു ശിഷ്യന്മാരെ വിളിച്ചു ചോദിച്ചു. നിങ്ങള്‍ക്ക് ആ മനുഷ്യനെ സഹായിക്കാമോ? ശിഷ്യരിലൊരാള്‍ പശുവിനെ മൂക്കുകയറിട്ട് വലിക്കാന്‍ നിര്‍ദേശിച്ചു. മറ്റൊരാള്‍ അതിനെ അടിച്ചു. പക്ഷേ പശു മുന്നോട്ട് നീങ്ങിയില്ല. ഒടുവില്‍ ഗുരു കുറച്ചു വൈക്കോല്‍ പശുവിനെ കാണിച്ച് അതിന്റെ മുന്നില്‍ നടക്കാന്‍ തുടങ്ങി. പശു മടിയൊന്നും കൂടാതെ ഗുരുവിനെ അനുഗമിച്ചു.

Back to Top