ഇസ്ലാമിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ ഇസ്ലാമോഫോബിയയാകുമോ? – സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
കമ്യൂണിസ്റ്റുകള്‍ ദൈവവിശ്വാസികള്‍ക്കെതിരാണെന്ന പ്രചാരവേല കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്‍റെ ആരംഭകാലം മുതലേ ലോകമെമ്പാടും മുതലാളിത്തവും അതിന്‍റെ സഖ്യകക്ഷികളും തകൃതിയായി നടത്തിവന്നിട്ടുള്ള ഒന്നാണ്. എന്നാല്‍ ദൈവവിശ്വാസികളായ സുന്നികളും ശീഅകളും തമ്മിലും, റോമന്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകളും തമ്മിലും, ശൈവരും വൈഷ്ണവരും തമ്മിലും പരസ്പരം രക്തം ചിന്തി പോരാടുന്നത് എന്തിനെന്ന പ്രശ്നം ചര്‍ച്ചചെയ്യാറില്ല. ഇതില്‍ നിന്നു വ്യക്തമാവുന്നത് ദൈവവിശ്വാസ സംരക്ഷണത്തേക്കാള്‍ മുതലാളിത്വ ഭരണകൂട സംരക്ഷണമാണ് മതമേലധ്യക്ഷന്മാരുടെ ഉള്ളിലുള്ള അജണ്ട എന്നാണ്. ഇതു മനസ്സിലാക്കിയതിനാലാണ് ഈ ലേഖകന്‍ ദൈവവിശ്വാസി ആയിരിക്കേ തന്നെ കമ്യൂണിസ്റ്റു വിരുദ്ധ രാഷ്ട്രീയത്തിനു ഒത്താശ ചെയ്യാതിരിക്കാനുള്ള ജാഗ്രതയോടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളില്‍ നിലപാടെടുത്ത് ആകാവുന്നത്ര പ്രവര്‍ത്തിച്ചു വരുന്നത്.
മതവിശ്വാസവും ദൈവവിശ്വാസവും ഒന്നാണെന്നു പരിഗണിച്ചുതന്നെ ചിലതു പറയാം. ചോദ്യം ഇതാണ്: കമ്യൂണിസ്റ്റ് ഭരണവ്യവസ്ഥയില്‍ മതവിശ്വാസത്തിനു നിലനില്‍ക്കാനാകുമോ? വിരോധം ഉണ്ടാവില്ല എന്നാണെന്‍റെ അറിവ്. കാരണം, കമ്യൂണിസം മതവിശ്വാസത്തെ നശിപ്പിക്കാനുള്ള പ്രത്യയശാസ്ത്രമോ പ്രസ്ഥാനമോ ആയല്ല സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്; മറിച്ച്, സ്വകാര്യ സ്വത്ത് ഇല്ലാതാക്കുന്നതിനുള്ള അഥവാ മുതലാളിത്ത ഭരണകൂടം ഇല്ലാതാക്കുന്നതിനുള്ള സിദ്ധാന്തവും പ്രയോഗവുമായിട്ടാണ് കമ്യൂണിസം സ്വയം നിര്‍വചിച്ചിരിക്കുന്നത്. അതിനാല്‍ മുതലാളിത്തം കൂടാതേയും നിലനില്‍ക്കാവുന്ന ഏതു മതവിശ്വാസവും (വിശാലമായ അര്‍ഥത്തില്‍ ആത്മീയതയും) കമ്യൂണിസ്റ്റു വ്യവസ്ഥയിലും നിലനില്‍ക്കും.
എന്നാല്‍ ഒളിഞ്ഞോ തെളിഞ്ഞോ മുതലാളിത്ത ചൂഷണ വ്യവസ്ഥയെ നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ചു കരുനീക്കുന്ന ഒരു മതവിശ്വാസത്തിനും കമ്യൂണിസ്റ്റു വ്യവസ്ഥയില്‍ നിലനില്‍പ്പുണ്ടാവില്ല. ഹോചിമിന്‍റെ വിയറ്റ്നാമില്‍ ബൗദ്ധക്ഷേത്രങ്ങള്‍ക്കോ മാവോസേതൂങിന്‍റെ ചൈനയില്‍ മുസ്ലിം മസ്ജിദുകള്‍ക്കോ ഫിഡല്‍ കാസ്ട്രോയുടെ ക്യൂബയില്‍ ക്രൈസ്തവ ചര്‍ച്ചുകള്‍ക്കോ ഇപ്പോഴും സചേതനമായ നിലനില്‍പ്പു നിഷേധിച്ചിട്ടില്ല. വിയറ്റ്നാമിലെ ബൗദ്ധക്ഷേത്രങ്ങളുടെ (പഗോഡകള്‍) വസ്തുത സന്തോഷ് ജോര്‍ജ് കുളങ്ങരയിലൂടേയും ക്യൂബയിലെ ചര്‍ച്ചുകളുടെ കാര്യം മാര്‍പ്പാപ്പയില്‍ നിന്നു തന്നെ നേരിട്ടും നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. ചൈനയിലെ മുസ്ലിം മതവിശ്വാസികളുടെ നിലനില്‍പ്പിന്‍റെ കാര്യം ഇസ്ലാമിന്‍റെ ചരിത്രപാതയിലൂടെ പതിനാലു നൂറ്റാണ്ട് എന്ന ബൃഹദ് ഗ്രന്ഥത്തില്‍ പ്രൊഫ. പി മുഹമ്മദ് കുട്ടശ്ശേരി വിവരിച്ചിട്ടുണ്ട്.
പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി എഴുതുന്നു: “1978 മുതല്‍ ചൈനയുടെ നിലപാടില്‍ ഒരു അയവ് പ്രകടമായി കണ്ടു. ഭരണഘടനയില്‍ മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പ് താഴെപറയും പ്രകാരം പുനഃ സ്ഥാപിച്ചു. ‘എല്ലാ പൗരന്മാര്‍ക്കും മതത്തില്‍ വിശ്വസിക്കാനെന്ന പോലെ വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്’. പൗരന്മാരെ മതവിശ്വാസത്തില്‍ നിന്നു മോചിപ്പിക്കുവാന്‍ ശ്രമം നടത്തുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് ശിക്ഷ പ്രഖ്യാപിക്കുന്ന ഒരു വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഹജ്ജിനു പോകാനുള്ള സ്വാതന്ത്ര്യം പുനസ്ഥാപിക്കപ്പെട്ടു. അല്‍ മുസ്ലിമൂന്‍ മാസിക വീണ്ടും പ്രസിദ്ധീകരിച്ചു. കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ മാത്രം 1900 പള്ളികള്‍ തുറന്നു.” (പേജ് 1128)
മുഹമ്മദ് കുട്ടശ്ശേരിയുടെ ഈ വിവരണം കേരളം ഭരിക്കുന്ന കമ്യുണിസ്റ്റു സര്‍ക്കാറില്‍ നിന്നു വല്ലതും കിട്ടാനാണെന്നു ആരും പറയാന്‍ ധൈര്യപ്പെടില്ലല്ലോ! എന്തായാലും ഇത്രയും പറഞ്ഞതില്‍ നിന്നു തന്നെ കമ്യൂണിസ്റ്റു വ്യവസ്ഥിതിയില്‍ നിഷ്കളങ്കമായ മതവിശ്വാസിക്കു സംരക്ഷണമുണ്ടെന്നും അതേ സമയം മതവിശ്വാസം എന്ന ആട്ടിന്‍തോലുടുപ്പിച്ചു മുതലാളിത്തം എന്ന ചെന്നായയെ വിശ്വാസികളെന്ന ആട്ടിന്‍കൂട്ടത്തില്‍ കലര്‍ത്തുന്നവര്‍ക്കു യാതൊരു രക്ഷയും ഉണ്ടാവില്ലെന്നും വ്യക്തമാണ്. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയും കമ്യൂണിസ്റ്റുകളും തമ്മിലുള്ള ആശയപ്പോരാട്ടത്തിനു കാരണം മതവിശ്വാസം എന്ന പുറന്തോലണിഞ്ഞു ഇടതുപക്ഷ മതനിരപേക്ഷ രാഷ്ട്രീയത്തെ താറടിക്കാന്‍ അവര്‍ ചെയ്ത കുടിലപ്രവര്‍ത്തികളാണ്.
പൗരത്വഭേദഗതി എന്ന കരിനിയമം മതനാമത്തില്‍ രാഷ്ട്രീയം കളിക്കുന്ന ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ കുടിലമായ കമ്യൂണിസ്റ്റു രാഷ്ട്രീയ വിരുദ്ധത മറനീക്കി പുറത്തുവന്നത്. സി എ എ എന്ന കരിനിയമം മുസ്ലിംവിരുദ്ധ നിയമം എന്നതിനെക്കാള്‍ മതനിരപേക്ഷ ജനാധിപത്യ ഭരണവ്യവസ്ഥക്കും ഭരണഘടനക്കും എതിരായിരുന്നു. അതിനാല്‍ ബി ജെ പി ഇതരരായ മുഴുവന്‍ ഇന്ത്യക്കാരും കക്ഷി രാഷ്ട്രീയ മത ജാതിഭേദവും വിശ്വാസി അവിശ്വാസി ഭേദവും മറന്നു ഭരണഘടന പരിരക്ഷിക്കാന്‍ മുന്നോട്ടു വരണമെന്നായിരുന്നു കേരള മുഖ്യമന്ത്രിയുടെ ആഹ്വാനം. ഈ ആഹ്വാനം ഏറ്റെടുത്തു തന്നെയാണ് കേരള നിയമസഭയിലെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഐകകണ്ഠ്യേന സി എ എ ക്കെതിരെ പ്രമേയം പാസ്സാക്കിയതും സി എ എ വിരുദ്ധ സത്യഗ്രഹം നടത്തിയതും. ലോകം ശ്രദ്ധിച്ച മാതൃകാപരമായ നടപടികളായിരുന്നു ഇതെല്ലാം.
എന്നാല്‍ ഇതിനു തുരങ്കംവെക്കുന്ന ഹര്‍ത്താല്‍ നടത്തി തങ്ങളുടെ രാഷ്ട്രീയ മേല്‍വിലാസം തരപ്പെടുത്താനുള്ള നീക്കമാണ് ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടും 2019 ഡിസംബര്‍ 17-നു നടത്തിയത്. ശബരിമല യുവതീ പ്രവേശന വിധിയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള സുവര്‍ണ്ണാവസരമാക്കാനുള്ള ബി ജെ പി കാണിച്ച കുടിലതന്ത്രങ്ങള്‍ക്ക് സമാനമായ നടപടിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമിയുടേയും പോപ്പുലര്‍ ഫ്രണ്ടിന്‍റേയും നടപടി. ബി ജെ പിക്കെതിരെ ശബരിമല വിഷയത്തിലുയര്‍ത്തിയതിനു സമാനമായ ശക്തമായ പ്രതികരണങ്ങള്‍ സി എ എ വിരുദ്ധ പ്രക്ഷോഭ വിഷയത്തില്‍ ഒളിരാഷ്ട്രീയം കളിച്ച ജമാഅത്തെ ഇസ്ലാമിക്കും കൂട്ടാളികള്‍ക്കും നേരെയും പൊതുവേ ഇടതുപക്ഷത്തു നിന്നും പ്രത്യേകിച്ചു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായി. അതിന്‍റെ അനിര്‍വാര്യമായ പരിണതിയാണ് ആര്‍ എസ് എസ് ഗുരുജിയായ ഗോള്‍വാള്‍ക്കറെ പോലെ അപകടകാരിയായ, മതാധിഷ്ഠിതമാത്ര രാഷ്ട്രവാദിയാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപക നേതാവായ അബുല്‍അഅ്ല മൗദൂദി എന്നു തുടങ്ങിയ വസ്തുനിഷ്ഠമായ വിലയിരുത്തലുകള്‍. ഈ വിലയിരുത്തലുകള്‍ ഇന്ദിരാഗാന്ധി ചെയ്തതു പോലെ ആര്‍ എസ് എസ് എന്ന സംഘടനയെ നിരോധിക്കുമ്പോള്‍ ‘ഹിന്ദു സംഘടനക്കു മാത്രം നിരോധനം’ എന്ന പ്രചാരണം തടയാന്‍ ജമാഅത്തെ ഇസ്ലാമി അല്‍ഹിന്ദ് എന്ന മുസ്ലിം സംഘടനയെ കൂടി നിരോധിക്കുക എന്ന ബാലന്‍സ് രാഷ്ട്രീയ തന്ത്രമല്ല.
ഇടതുപക്ഷത്തിന്‍റെ കയ്യില്‍ വടി തന്നിട്ടു ‘തല്ല് തല്ല്… ധൈര്യമുണ്ടെങ്കില്‍ തല്ല്’ എന്നു പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്കാര്‍ ചോദിച്ച അടിയാണ് അവരിപ്പോള്‍ കേരളത്തില്‍ മന്ത്രി ഡോ. കെ ടി ജലീല്‍, എം സ്വരാജ് എം എല്‍ എ തുടങ്ങി ഇടതു നേതാക്കളില്‍ നിന്നു ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. അവര്‍ ജമാഅത്തെ ഇസ്ലാമി ചോദിച്ച അടി (ആശയപരം) അവര്‍ക്ക് നല്‍കി വരുന്നു. അടി കിട്ടി തുടങ്ങിയപ്പോള്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ ‘സി പി ഐ എം ഞങ്ങളെ തല്ലുന്നേ… ഞങ്ങളിലൂടെ അവര്‍ തല്ലുന്നത് മുസ്ലിംകളെയാണേ… സവര്‍ണ ഹിന്ദുത്വ പൊതുബോധത്തെ തൃപ്തിപ്പെടുത്തി വോട്ടു നേടാനുള്ള തന്ത്രമാണേ…’ എന്നൊക്കെ ഒച്ചയിടാന്‍ തുടങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും പശ്ചിമ ബംഗാളിലും ആര്‍ എസ് എസ് ഗുണ്ടകളില്‍ നിന്നു തടി രക്ഷിക്കാന്‍ സി പി ഐ എം ബാന്ധവം വേണ്ടതുണ്ടെന്നതിനാല്‍ പൊതുവേ സി പി ഐ എമ്മിനെ പറയുന്നതു ഒന്നു മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാത്രം പറയുക എന്ന തന്ത്രവും ജമാഅത്തെ ഇസ്ലാമി പ്രയോഗിക്കുന്നുണ്ട്. ഇത്തരം രീതിയിലുള്ള ജല്പനങ്ങളാണ് ജമാഅത്തെ ഇസ്ലാമി ഉപനേതാവ് ശൈഖ് മുഹമ്മദ് കാരകുന്ന് കെ ടി ജലീലിന്‍റെ ദേശാഭിമാനി ലേഖനത്തിനുളള പ്രതികരണം എന്ന നിലയില്‍ നവമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പിലുമുള്ളത്.
കേരളത്തിലെ സി പി ഐ എം ജമാഅത്തെ ഇസ്ലാമിക്കും മൗദൂദിക്കുമെതിരെ തിരിയാന്‍ കാരണം ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ തിരിച്ചടിയാണെന്നാണു ശൈഖ് സാഹിബിന്‍റെ വാദം. എന്നുവെച്ചാല്‍ സി പി ഐ എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ പത്തൊമ്പതിലും തോറ്റത് ജമാഅത്തെ ഇസ്ലാമിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും മിടുക്കും യു ഡി എഫ് അനുകൂല നിലപാടുകൊണ്ടുമാണെന്നു ചുരുക്കം. ഉത്തരം താങ്ങുന്നതു ഞാനാണെന്നു ഭാവിക്കാനുള്ള അഹങ്കാരം പല്ലികള്‍ക്കെന്നപോലെ ജമാഅത്തെ ഇസ്ലാമിക്കും പുലര്‍ത്താനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ വാദം കോണ്‍ഗ്രസ്സും മുസ്ലിംലീഗും കേരള കോണ്‍ഗ്രസ്സും സമ്മതിക്കില്ല. ജമാഅത്തെ ഇസ്ലാമി പിന്തുണ ഉണ്ടായിട്ടും പാലയിലോ കോന്നിയിലോ വട്ടിയൂര്‍ക്കാവിലോ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിടേണ്ടി വന്നു എന്നു തിരിച്ചറിയുന്നവരാണല്ലോ അവരും. ഭാവി പ്രധാനമന്ത്രി എന്ന പ്രചണ്ഡമായ പ്രചാരണത്തോടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതിന്‍റെ പരിണത ഫലമായുണ്ടായ തരംഗമാണ് അവര്‍ പോലും പ്രതീക്ഷിക്കാത്ത തോതിലുള്ള വിജയം യു ഡി എഫിനുണ്ടാക്കിയത്. ആനപ്പുറത്തിരുന്നു സിംഹത്തിനെ വെല്ലുവിളിച്ച അണ്ണാനെപ്പോലെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി എന്ന ജമാഅത്തെ ഇസ്ലാമിയുടെ നിഴല്‍ പ്രസ്ഥാനത്തെ കേരളം ഇപ്പോള്‍ കാണുന്നത്. സിംഹത്തിനേറ്റ ഒരു അടി ആനയെക്കൊണ്ടുണ്ടായതാണ്, ആനപ്പുറത്തിരുന്ന അണ്ണാനെക്കൊണ്ടുണ്ടായതല്ല എന്നു വെല്‍ഫെയര്‍ പാര്‍ട്ടി മനസ്സിലാക്കണം. ഈ മനസ്സിലാക്കല്‍ ശേഷിയിലെങ്കിലും മലയാളികള്‍ക്കൊപ്പം അവര്‍ എത്തണം. സി പി ഐ എം ജമാഅത്തെ ഇസ്ലാമിക്കും സ്ഥാപകനായ മൗദൂദിക്കും എതിരെ തിരിയാന്‍ കാരണം പൗരത്വഭേദഗതി നിയമത്തിനെതിരെ മുഴുവന്‍ ജനങ്ങളുടേയും സഹകരണം ഉറപ്പാക്കി നടത്തേണ്ടിയിരുന്ന പ്രക്ഷോഭത്തെ തുരങ്കം വെച്ചതിനാലാണ്. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെ തുറന്നു കാട്ടേണ്ടി വന്നത്.
‘അല്ലാഹു അക്ബര്‍ ഇന്‍കിലാബ് സിന്ദാബാദ്’ എന്നു വിളിച്ചുകൊണ്ടാണ് സഖാവ് കെ ദാമോദരന്‍റെ നേതൃത്വത്തില്‍ മലപ്പുറത്തെ ബീഡിത്തൊഴിലാളികള്‍ സമരം ചെയ്തതെന്നു ജമാഅത്തെ ഇസ്ലാമി നേതാവ് മാധ്യമത്തില്‍ ഒരു ലേഖനം എഴുതിയത് വായിച്ചിരുന്നു. ഇക്കാര്യം പി ടി ഭാസ്ക്കരപ്പണിക്കരുടെ ഇസ്ലാമും കമ്യൂണിസവും എന്ന ഗ്രന്ഥം വായിച്ച എല്ലാവര്‍ക്കുമറിയാം. ഇതുപോലെ ‘ഓം തത് സത് ഇന്‍കിലാബ് സിന്ദാബാദ്, കമ്യൂണിസം സിന്ദാബാദ്’ എന്നു മുദ്രാവാക്യം മുഴക്കി ഒട്ടേറെ കര്‍ഷക സമരങ്ങള്‍ 1940-കളില്‍ നയിച്ച സന്ന്യാസി ശ്രേഷ്ഠനാണ് ബീഹാറുകാരനായ സ്വാമി സഹജാനന്ദ സരസ്വതി എന്നു ഇ എം എസ് സഞ്ചിക വായിച്ചിട്ടുള്ളവര്‍ക്കും അറിയാം. പക്ഷേ സഹജാനന്ദ സരസ്വതി ഓം തത് സതും ഇന്‍കിലാബും മുഴക്കി സമരം നയിച്ചതു യോഗി ആദിത്യ നാഥിനെപ്പോലെ ഹിന്ദു രാഷ്ട്രം ലക്ഷ്യം വച്ചായിരുന്നില്ല. മലപ്പുറത്തെ ബീഡിത്തൊഴിലാളികള്‍ അല്ലാഹു അക്ബറും ഇന്‍കിലാബും ചേര്‍ത്തു വിളിച്ചതു മൗദൂദിയുടെ വ്യഖ്യാനമനുസരിച്ചു ഖുര്‍ആനിനെ മനസ്സിലാക്കി അതിനനുസരിച്ചു ഖുര്‍ആന്‍ അധിഷ്ഠിത രാഷ്ട്രീയ ഭരണകൂടം സ്ഥാപിക്കാനും ആയിരുന്നില്ല. ഗാന്ധിജിയുടെ രാമനാമ ജപവും അശോക് സിംഗാളിനെപ്പോലുള്ളവരുടെ ജയ്ശ്രീറാം ഘോഷവും തമ്മിലുള്ള വ്യത്യാസം ബീഡിത്തൊഴിലാളികളുടെ അല്ലാഹു അക്ബര്‍ വിളിയും ആയിശ റന്നമാരുടേയും ലദീദമാരുടേയും അല്ലാഹു അക്ബര്‍ ആക്രോശവും തമ്മിലുണ്ട്. ഇതു തിരിച്ചറിഞ്ഞു തന്നെയാണ് കെ ടി ജലീലിനെപ്പോലുള്ള ഇടതു നേതാക്കളും ശശി തരൂരിനെപ്പോലുളള കോണ്‍ഗ്രസ്സ് നേതാക്കളും കാന്തപുരത്തെയും ജിഫ്രി മുത്തുക്കോയ തങ്ങളേയും പോലുളള ഇസ്ലാം മത പണ്ഡിതരും ‘മതപരമായ മുദ്രാവാക്യങ്ങളേയും അതുയര്‍ത്തുന്ന മതരാഷ്ട്രവാദികളേയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം’ എന്നു ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞത്.