സ്വാതന്ത്ര്യമെന്ന ജീവവായു
സി കെ റജീഷ്
വര്‍ഷം 1824. ഒരു ദിവസം സ്‌കൂള്‍ വിട്ട് അയാള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ കരഞ്ഞ് തളര്‍ന്നിരിക്കുന്നു. അച്ഛനെ കാണാനുമില്ല. പതിയെ അവന്‍ കാര്യങ്ങള്‍ മനസ്സിലാക്കി. അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കടബാധ്യതയാണ് കാരണം.
പിന്നീട് വീട്ടില്‍ പട്ടിണിയും പ്രാരാബ്ധവുമായി. ഫീസടക്കാന്‍ പണമില്ലാത്തതിനാല്‍ പഠനം നിര്‍ത്തി. കുടുംബം പുലര്‍ത്താന്‍ പല ജോലികളും ചെയ്തു. ഷൂ പോളീഷ് ചെയ്ത് കിട്ടുന്ന തുക അമ്മയെ ഏല്‍പ്പിച്ചു. പിതാവിന്റെ ജയില്‍ വാസവും പട്ടിണിയും ആ മകനെ ഏറെ ദു:ഖത്തിലാഴ്ത്തി.
ഒഴിവ് വേളകളിലുള്ള വായനയിലൂടെ അവന്‍ സന്തോഷം കണ്ടെത്തി. വായന നല്ല ഒരു എഴുത്തുകാരനായി അദ്ദേഹത്തെ വളര്‍ത്തി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ശ്രദ്ധേയമായ രചനകള്‍ നടത്തി വിഖ്യാതനായ ചാള്‍സ് ഡിക്കന്‍സിന്റെ ജീവിതത്തെക്കുറിച്ചാണ് പറഞ്ഞ് വന്നത്.
ഒഴിവ് സമയത്ത് ചാള്‍സ് ഡിക്കന്‍സ് പിതാവിനെ ജയിലില്‍ സന്ദര്‍ശിക്കുമായിരുന്നു. വര്‍ഷങ്ങളോളം തുറങ്കിലടയ്ക്കപ്പെട്ട ഒരു തടവുകാരന്റെ കഥ അദ്ദേഹം പറയുന്നുണ്ട്. ശിക്ഷയുടെ കാലാവധി കഴിഞ്ഞ് അയാളെ ജയില്‍ മോചിതനാക്കി. എങ്കിലും കാറ്റും വെളിച്ചവുമുള്ള പുറം ലോകവുമായി അയാള്‍ക്ക് പൊരുത്തപ്പെടാനായില്ല. തടവറയുടെ ഇരുട്ടറയിലേക്ക് തിരിച്ചുപോകാന്‍ അയാള്‍ കൊതിച്ചു. തടവറയുടെ ഇരുട്ടറയിലും സ്വാതന്ത്ര്യത്തിന്റെ വെളിച്ചമുണ്ടെന്നതാണ് ജയില്‍ ജീവിതത്തെ അയാള്‍ ഇഷ്ടപ്പെടാന്‍ കാരണമായി പറയുന്നത്. വീണ്ടും ഒരു കുറ്റം ചെയ്ത് തടവറയുടെ ഇരുട്ടറയിലേക്ക് അയാള്‍ തിരിച്ചുവന്ന കഥയാണ് ചാള്‍സ് ഡിക്കന്‍സ് പറഞ്ഞത്.
ഈ ഭൂമിയിലേക്ക് നാമോരുരുത്തരും പിറന്ന്് വീഴുന്നത് സ്വതന്ത്രരായിട്ടാണ്. പിന്നീട് നിയന്ത്രണങ്ങളുടെ അതിര്‍ത്തിയില്‍ വിലക്കുകളുടെ വലയത്തില്‍ നിന്നുകൊണ്ട് ജീവിക്കാന്‍ നാം ബാധ്യസ്ഥരാകുന്നു. വിലക്കുകളില്ലാത്ത ലോകത്ത് വിഹരിക്കാന്‍ ആണ് പൊതുവെ മനുഷ്യന്‍ ഇഷ്ടപ്പെടുന്നത്. പക്ഷേ നിയമങ്ങളും നിയന്ത്രണങ്ങളും വേണ്ടെന്ന് വെക്കാന്‍ നമുക്കാവുമോ?
സ്വാതന്ത്ര്യം എന്നതിന് അടിമത്തം ഇല്ലാത്ത അവസ്ഥയെന്ന ഒരു നിര്‍വചനമുണ്ട്. എന്തും നിയന്ത്രിക്കാന്‍ കഴിയുന്ന അവസ്ഥ സംജാതമാകുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ ഉഛ്വാസവായു നാം ശ്വസിക്കുന്നത്. അപരന്റെ സ്വാതന്ത്ര്യത്തിന് പരിക്കേല്‍പ്പിക്കാത്ത വിധം ജീവിക്കുമ്പോഴാണ് ഓരോരുത്തരുടെയും സ്വാതന്ത്ര്യം അര്‍ഥവത്താകുന്നത്.
കവി വാക്യം കൂടി ഇതിനോട് ചേര്‍ത്ത് പറയട്ടെ: ‘അവനവന്‍ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന്ന് സുഖത്തിനായ് വന്നിടേണം.’
സ്വന്തം ദേഹേഛക്ക് അടിമപ്പെടുന്നതോടെ മൂല്യങ്ങളെ നിരാകരിക്കാനുള്ള ത്വരയുണ്ടാകുന്നു. ആഗ്രഹിക്കുന്നതെല്ലാം നേടാനാകില്ല എന്നറിയാം. എങ്കിലും ആവോളം ആസ്വദിക്കണമെന്ന ചിന്തയാണ് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ അപഹരിക്കാന്‍ പ്രേരണ. അതുകൊണ്ടാണ് നബി(സ) പറഞ്ഞത്. വിശ്വാസി ഇവിടെ ജീവിക്കുന്നത് നിയന്ത്രണങ്ങളുടെ തടവറയിലാണ്. അവിശ്വാസിയാകട്ടെ ആസ്വാദനങ്ങളുടെ സ്വര്‍ഗമായിട്ടാണ് ഇവിടം കാണുന്നത്.
ഓരോ നിയന്ത്രണത്തിന്റെയും പുറകില്‍, സ്നേഹവും കരുതലും കാരുണ്യവും ഒളിഞ്ഞിരിപ്പുണ്ട്. പതിയിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള ഗുണകാംക്ഷിയുടെ മുന്നറിയിപ്പാണ് ഓരോ നിയമങ്ങളും. ‘എനിക്ക് സ്വതന്ത്രനാകണം’ എന്ന അവിവേക ചിന്തയില്‍ നിയമാതിര്‍ത്തി അതിലംഘിച്ചാല്‍ അപരിഹാര്യമായ അപകട കുരുക്കിലായിരിക്കും ചെന്നു ചാടുന്നത്.
തീവണ്ടിയെ പാളത്തില്‍ നിന്ന് മാറ്റിയാല്‍ അത് സ്വതന്ത്രമാകും. പക്ഷേ ഗതിയെന്തെന്ന് പറയേണ്ടതില്ല. ഒരുപെട്ടി ചോക്ലേറ്റ് മുഴുവന്‍ തിന്നാന്‍ വാശിപിടിക്കുന്ന കുട്ടിക്ക് ദിവസം ഒന്നോ രണ്ടോ ചോക്ലേറ്റ് കൊടുത്ത് ശീലമാക്കി നോക്കൂ. ഏറെക്കാലം ആ ചോക്ലേറ്റ് മധുരം അവനാസ്വദിക്കാം.