29 Sunday
June 2025
2025 June 29
1447 Mouharrem 3

സ്വര്‍ഗം ആര്‍ക്ക്?

അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ


പുലരും മുമ്പേ കുതിച്ചോടുന്ന കുതിരകളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. അതിന്റെ ഓട്ടത്തിന്റെ ശക്തികൊണ്ട് കല്ലുകളില്‍ കുളമ്പ് തട്ടുമ്പോള്‍ തീപ്പൊരി പാറുന്നു. മേഘപടലങ്ങള്‍ പോലെ മണ്ണ് പറക്കുന്നതും കുതിരയുടെ ഓട്ടത്തിന്റെ വേഗതയെ സൂചിപ്പിക്കുന്നു.
പടക്കളത്തിലെ ശത്രു മധ്യത്തിലേക്കാണ് ഈ കുതിപ്പ്. എത്രയോ കുതിരകള്‍ മരിച്ചു വീഴുന്ന പടക്കളത്തില്‍ തന്റെ യജമാനന്റെ കല്പനകളനുസരിക്കുകയാണ് കുതിര. ഭക്ഷണം നല്‍കിയവനോടുള്ള കൂറ്. അതിനുശേഷം ഖുര്‍ആന്‍ മനുഷ്യനോട് പറയുന്നത് ശ്രദ്ധിക്കുക. തീര്‍ച്ചയായും മനുഷ്യന്‍ അവന്റെ രക്ഷിതാവിനോട് നന്ദി കെട്ടവനാണ്.
ഇവിടെ ഭക്ഷണവും അത്യാവശ്യ സൗകര്യങ്ങളും മാത്രം നല്‍കിയ യജമാനനോടാണ് കുതിരകള്‍ അവയുടെ ബാധ്യത നിര്‍വഹിച്ചത്. എന്നാല്‍ പ്രാണവായു, ശുദ്ധമായ ജലം തുടങ്ങി എണ്ണിക്കണക്കാക്കാന്‍ കഴിയാത്ത അനുഗ്രഹങ്ങള്‍ നല്‍കിയ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത മനുഷ്യനെയാണ് നന്ദി കെട്ടവന്‍ എന്നു സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നന്ദി പൂര്‍വം അല്ലാഹുവിനെ സ്മരിക്കുകയും നിയമ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നവര്‍ക്കുള്ള സമ്മാനമായി സ്വര്‍ഗമുണ്ട് എന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു.
ഗാന്ധിജിയും മദര്‍ തെരേസയുമില്ലാത്ത സ്വര്‍ഗത്തില്‍ പോകാന്‍ എനിക്കാഗ്രഹമില്ല എന്നു കേരളം ഏറെ ആദരിക്കുന്ന ഒരു വ്യക്തി ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി. തീര്‍ച്ചയായും സ്വര്‍ഗത്തില്‍ ഉണ്ടാകുന്ന ഏതാനും വ്യക്തികളുടെ പേര് മാത്രമാണ് പ്രവാചക പ്രഭുവില്‍ നിന്നു നാം കേട്ടത്. പടക്കളത്തില്‍ ധീരത കാണിക്കാന്‍ പോരാടിയ വ്യക്തി സത്യവിശ്വാസമില്ലാത്തതിന്റെ പേരില്‍ സ്വര്‍ഗം നഷ്ടപ്പെടുത്തിയ കാര്യവും നാം കേട്ടിട്ടുണ്ട്.
സ്വര്‍ഗം ഒരു സമ്മാനമാണെന്നു പറഞ്ഞല്ലോ. ഒളിമ്പിക്സ് അടക്കം നിരവധി മത്സരങ്ങള്‍ക്കു സ്വര്‍ണമെഡലുകളടക്കമുള്ള സമ്മാനങ്ങള്‍ നല്‍കി വരാറുണ്ട്. പക്ഷേ ഈ സമ്മാനങ്ങള്‍ ലഭിക്കുന്നതിനു ചില നിബന്ധനകളുണ്ട്. ഒളിമ്പിക്സില്‍ സ്വര്‍ണം കിട്ടണമെങ്കില്‍ ആ മത്സരത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയവനെക്കാള്‍ പകുതി സമയം കൊണ്ട് അത്രയും ദൂരം ഒരാള്‍ കോഴിക്കോട് സ്റ്റേഡിയത്തില്‍, വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഓടി ജയിച്ചത് കൊണ്ട്, മാത്രം അയാള്‍ക്ക് ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നല്‍കണമെന്നു ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കപ്പെടുകയില്ല. ഒളിമ്പിക്സില്‍തന്നെ സ്റ്റാര്‍ട്ടിങ്ങ് വിസില്‍ മുഴങ്ങുന്നതിനു മുമ്പേ ഓടിയവന്‍ എത്ര വേഗത്തിലോടിയാലും അവന് മെഡല്‍ ലഭിക്കാന്‍ പോവുന്നില്ല.
ഓരോ ലക്ഷ്യങ്ങളും നേടിയെടുക്കുന്നതില്‍ ചില നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്. കൈക്കൂലി വാങ്ങി സമ്പാദിക്കുന്നവനും അധ്വാനിച്ചു പണം സമ്പാദിക്കുകയും ചെയ്യുന്നത് ഒരുപോലെയാണോ, ഇവിടെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗങ്ങള്‍ വിഭിന്നമാണ്. ദയാനന്ദ സരസ്വതിയുടേതായി കേട്ട ഒരു വാചകം ഓര്‍ക്കുകയാണ്. ആമാശയത്തിലേക്ക് പല വഴികളുണ്ട്. മൂക്കിലൂടെയും മലദ്വാരത്തിലൂടെയും വായിലൂടെയും ആമാശയത്തിലേക്ക് വഴികളുണ്ടെങ്കിലും മലദ്വാരത്തിലൂടെ ആരും ഭക്ഷണം കഴിക്കാറില്ല. ഏതു മാര്‍ഗത്തിലൂടെയും ലക്ഷ്യം പുല്‍കാന്‍ കഴിയുമെന്ന് വാദിക്കുന്നവര്‍ക്കുള്ള മറുപടിയായാണ് സ്വാമി ഇതു പറഞ്ഞത്.
സ്വര്‍ഗത്തിലേക്കുള്ള ശരിയായ വഴി ഖുര്‍ആന്‍ വിവരിച്ചു തന്നിട്ടുണ്ട്. വഴി തെറ്റാതിരിക്കാനാവശ്യമായ വിശദീകരണങ്ങള്‍ പ്രവാചക പ്രഭുവായ മുഹമ്മദ് നബി(സ) നല്‍കിയിട്ടുണ്ട്. ആരേയാണ് ആരാധിക്കേണ്ടത് എന്ന ചോദ്യത്തിന് ഖുര്‍ആന്‍ നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്. നിങ്ങളെയും നിങ്ങള്‍ക്കു മുമ്പുള്ളവനേയും സൃഷ്ടിച്ചവനായ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍. രക്ഷിതാവ് എന്ന പദം പ്രത്യേകം ശ്രദ്ധേയമാണ്. മനുഷ്യന് പ്രാണവായുവടക്കം എന്തൊക്കെ അനുഗ്രഹങ്ങളാണ് രക്ഷിക്കുന്നതിനായി ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രാണവായു ഉണ്ടായാല്‍ പോരല്ലോ അത് ശരീരത്തിലേക്ക് ഉപയോഗിക്കാന്‍ സംവിധാനം ഒരുക്കണം. നാസാരന്ത്രങ്ങളും ശ്വാസകോശവും ഉണ്ടെങ്കിലും ഡയഫ്രം പ്രവര്‍ത്തനം നിറുത്തിയാല്‍ ശ്വസിക്കാന്‍ കഴിയില്ല. തലച്ചോറിന്റെയോ ഹൃദയത്തിന്റെയോ പ്രവര്‍ത്തനങ്ങളില്‍ വൈകല്യം വന്നാലും ശ്വസിക്കാനാവില്ല. സാധാരണ മനുഷ്യരില്‍ ഹീമോ ഗ്ലോബിന്റെ അളവ് പന്ത്രണ്ട് മുതല്‍ പതിനാലുവരെയാണ്. എന്നാല്‍ കാശ്മീര്‍ പോലെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവരില്‍ ഹീമോഗ്ലോബിന്റെ അളവ് കൂടിയിരിക്കുന്നതായി കാണാം. ഇവിടെ അന്തരീക്ഷ വായു താഴ്ന്ന പ്രദേശത്തേക്കാള്‍ കുറവാണ്. ഇത് മൂലം ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കാന്‍ വേണ്ടിയാണ് ഹീമോ ഗ്ലോബിന്റെ അളവില്‍ വര്‍ധനവു വരുത്തിയത്. ഈ സംവിധാനങ്ങളൊക്കെ മനുഷ്യന് ഒരുക്കി തന്ന ദൈവത്തെ മാത്രം ആരാധിക്കുകയും അവന്റെ നിയമനിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നവര്‍ക്കുള്ള സമ്മാനമായാണ് സ്വര്‍ഗം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് പാലിക്കാത്തവര്‍ക്ക് സ്വര്‍ഗം വേണമെന്ന് പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്.
എല്ലാവര്‍ക്കും അവരവര്‍ ചെയ്ത കര്‍മത്തിന്റെ പ്രതിഫലം കൃത്യമായി നല്‍കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ആരോടും അണുമണിത്തൂക്കം അനീതി കാണിക്കപ്പെടുകയുമില്ല. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ഖുര്‍ആന്‍ കാണിക്കുന്ന പാത പിന്‍പറ്റുന്നവര്‍ സങ്കടപ്പെടുകയോ വ്യസനിക്കുകയോ ചെയ്യേണ്ടതില്ല. ഖുര്‍ആനിലെ സത്യം വിളിച്ചു പറയുന്നത് ശരിയല്ല എന്നു പറയാന്‍ മുസ്ലിം നാമമുള്ളതുകൊണ്ട് മാത്രം ഒരു മന്ത്രിക്കും അര്‍ഹതയുമില്ല. ഈ കാര്യത്തില്‍ വായനക്കാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പങ്കുവെക്കാവുന്നതാണ്. അത് ആരെയെങ്കിലും തൃപ്തിപ്പെടുത്താനോ തെരഞ്ഞെടുപ്പില്‍ നാലു വോട്ടു കിട്ടുക എന്ന ലക്ഷ്യത്തിലോ ആവാതിരിക്കട്ടെ.

Back to Top