21 Thursday
November 2024
2024 November 21
1446 Joumada I 19

സ്വന്തക്കാര്‍ ശത്രുക്കളാകരുത്‌

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


നിങ്ങളുടെ ഇണകളിലും മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അതിനാല്‍ നിങ്ങള്‍ ജാഗ്രത പാലിക്കുക, നിങ്ങള്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തു കൊടുക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (തഗാബുന്‍ 14)

ശത്രുഭയം ഏതൊരാള്‍ക്കും പരിചയമുള്ള കാര്യമാണ്, ശത്രുവിന്റെ ശക്തിയും സന്നാഹങ്ങളുമനുസരിച്ച് അതിനെ പ്രതിരോധിക്കാന്‍ നമുക്ക് കഴിയും. എന്നാല്‍ ഒന്നിച്ച് ഉണ്ണുന്നവരും ഉറങ്ങുന്നവരും ശത്രുക്കളായാലോ? ഗുരുതരമായ ഈ അപകടാവസ്ഥയിലേക്കാണ് ആയത്ത് സൂചന നല്‍കുന്നത്.
മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും ചേര്‍ത്തു പിടിക്കുകയും ചെയ്യുന്നവരാണ് ഭാര്യയും/ഭര്‍ത്താവും മക്കളും. അവര്‍ക്ക് വേണ്ടിയാണ് സമയവും സമ്പാദ്യവും നാം നീക്കിവെക്കുന്നത്. അവര്‍ നേരിടുന്ന ചെറിയ പ്രയാസങ്ങള്‍ പോലും നമ്മെ അസ്വസ്ഥരാക്കുന്നു. എന്നാല്‍ അവര്‍ നമ്മുടെ ശത്രുക്കളാകുന്നുവെങ്കില്‍ എന്തായിരിക്കും അവസ്ഥ? ആയുധമേന്തി അക്രമിക്കാന്‍ വരുന്ന ശത്രുവല്ല, എങ്കില്‍ അവരെ കായികമായി നേരിടാമായിരുന്നു. പതിയിരുന്ന് പെട്ടെന്ന് ചാടി വീഴുന്ന ശത്രുവിനെ പ്രതിരോധിക്കുക പ്രയാസമാണ്. അതിനെക്കാള്‍ അപകടകരമായിരിക്കും സ്വന്തം കുടുംബത്തിലുണ്ടാകുന്ന ശത്രുഭാവം.
നാം സ്വീകരിച്ച ഈമാനിക ആദര്‍ശവും ശീലിച്ച തര്‍ബിയത്തും മാറ്റിവെച്ച് ധര്‍മരഹിതമായി കഴിയുന്ന ഭാര്യയും മക്കളും ആയുധമേന്തി നില്‍ക്കുന്ന ശത്രുവിനെക്കാള്‍ അപകടകാരികളാണ്. വര്‍ത്തമാന സമൂഹത്തില്‍ ഇത്തരം ഉദാഹരണങ്ങള്‍ പെരുകി വരുന്നുണ്ട്. കുടുംബത്തിലെ ചെറിയവര്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ഥിരമായി ലഭിക്കേണ്ട തര്‍ബിയത്ത് നിലക്കുമ്പോഴാണ് ഈ ദുരന്തമുണ്ടാകുന്നത്. സദ്‌വൃത്തരായ രണ്ട് നബിമാരുടെ ഭാര്യമാരെ അവിശ്വാസികളുടെ മാതൃകയായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു (66:11). അവരുടെ ധര്‍മശൂന്യതയെ വിശേഷിപ്പിക്കുന്നത് ‘ഇരുവരും അവരുടെ ഭര്‍ത്താക്കന്‍മാരെ ചതിച്ചു’ എന്നാണ്. വിശ്വാസ വഞ്ചനയും സദാചാര ശൂന്യതയുമാണ് രണ്ട് സ്ത്രീകളെയും എന്നെന്നേക്കുമായി നിന്ദ്യരാക്കിയത്.
വിശ്വാസ സംസ്‌കാര രംഗങ്ങളില്‍ ഇന്ന് യുവാക്കള്‍, ആദര്‍ശബദ്ധരായി ജീവിക്കുന്ന രക്ഷിതാക്കളോട് കൊമ്പ് കോര്‍ക്കുന്ന അവസ്ഥയുണ്ട്. ‘മക്കള്‍ ശത്രുക്കളായി മാറുന്നു’ എന്ന ഖുര്‍ആന്‍ മുന്നറിയിപ്പിന്റെ പുതിയ ഉദാഹരണമാണിത്. മക്കള്‍ നമുക്കെതിരായി വരാതിരിക്കാന്‍ ആവശ്യമായ തര്‍ബിയത്ത് മാത്രമാണ് ഇതിന് പരിഹാരം. ശരീഅത്തും അത് തന്നെയാണ് നിര്‍ദ്ദേശിക്കുന്നത്. ‘വ്യക്തികളെ നന്നാക്കിയെടുക്കാനുള്ള (സ്വലാഹ്) ഈമാന്‍ അല്ലാഹു നല്‍കുന്നു, എന്നാല്‍ അവര്‍ക്ക് ജീവിത മര്യാദകള്‍ ശിലിപ്പിക്കേണ്ടത് രക്ഷിതാക്കളാണ്’ എന്ന് നബി പറയുന്നു. (അദബുല്‍ മുഫ്‌റദ്, ബുഖാരി). നല്ല സ്വഭാവശീലങ്ങളും ആരാധനാ താല്‍പര്യവുമാണ് ഈമാനിനെ പരിക്കേല്‍ക്കാതെ സംരക്ഷിക്കുന്നത്.
വിശ്വാസപരമായി തന്നെ സംശയങ്ങള്‍ ഉന്നയിക്കുന്ന പുതു തലമുറയില്‍ ഈമാന്‍ ശക്തിപ്പെടുത്താനും ഇത്തരം തര്‍ബിയത്ത് അനിവാര്യമാണ്. അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസം കേവല ബോധത്തില്‍ നിന്ന് ബോധ്യമായി (യഖീന്‍) വളരേണ്ടതുണ്ട്. ബോധ്യതലത്തിലേക്ക് ഈമാന്‍ എത്തുന്നില്ല എന്നതാണ് യുവാക്കളെ ദൈവനിരാസത്തിലേക്ക് നയിക്കുന്നത്. ഭൗതികാര്‍ജിത അറിവുകള്‍ക്ക് മുകളില്‍ ഈമാനിനെ കാണാനുള്ള മാനസികാവസ്ഥയാണ് ഇന്നാവശ്യം. അക്കാദമിക്ക് പഠനത്തേക്കാളേറെ അതിന് വേണ്ടത് തര്‍ബിയത്താണ്. മാതാപിതാക്കള്‍ക്ക് തന്നെയാണ് അത് നല്‍കേണ്ട ബാധ്യത. ‘അല്ലാഹുവിനെ കുറിച്ചുള്ള ഭയപ്പാട് മക്കളില്‍ നിലനിര്‍ത്തുക, അവര്‍ക്ക് ശിക്ഷണം നല്‍കുന്നത് ഒരിക്കലും നിലച്ചുപോകരുത്’ (ബുഖാരി) എന്ന ഹദീസും ഇത് തന്നെയാണ് പഠിപ്പിക്കുന്നത്.

Back to Top