23 Monday
December 2024
2024 December 23
1446 Joumada II 21

സ്വലാത്തും മായാവിക്കഥയും

പി കെ മൊയ്തീന്‍ സുല്ലമി

നബി(സ)യുടെ പേര് പരാമര്‍ശിക്കപ്പെടുമ്പോള്‍ നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലല്‍ (നബിയുടെ ഗുണത്തിനുവേണ്ടി പ്രാര്‍ഥിക്കല്‍) സത്യവിശ്വാസികളുടെ ബാധ്യതയാകുന്നു. അത് ഖുര്‍ആനിന്റെ കല്‍പനയാണ്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിക്ക് സ്വലാത്ത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ അവന്റെ കാരുണ്യവും ശാന്തിയുമുണ്ടായിത്തീരാന്‍ വേണ്ടി പ്രാര്‍ഥിക്കുക.” (അഹ്്സാബ് 56)
അല്ലാഹു സ്വലാത്ത് ചൊല്ലുന്നു എന്നതിന്റെ താല്‍പര്യം അവന്‍ അനുഗ്രഹം ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ്. നബി(സ) പറയുന്നു: ”എന്റെ മേല്‍ വല്ലവനും ഒരു സ്വലാത്ത് ചൊല്ലുന്നപക്ഷം പത്തു നന്മകള്‍ അല്ലാഹു അവന്റെ മേല്‍ ചൊരിഞ്ഞു കൊടുക്കുന്നതാണ്.” (മുസ്്ലിം)
സ്വലാത്തിന്റെ നന്മയെക്കുറിച്ച് നബി(സ) പറയുന്നു: ”അന്ത്യദിനത്തില്‍ ഞാനുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുക എന്റെ പേരില്‍ ഏറ്റവുമധികം സ്വലാത്ത് ചൊല്ലുന്നവരുമായിട്ടായിരിക്കും.” (തിര്‍മിദി) മറ്റൊരു നബി വചനം ശ്രദ്ധിക്കുക: ”ഒരു വ്യക്തിയുടെ അരികെ എന്റെ നാമം പരാമര്‍ശിക്കപ്പെട്ടിട്ട് അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്ത പക്ഷം അവന്‍ പിശുക്കനാണ്.” (തിര്‍മിദി)
നമ്മുടെ പ്രാര്‍ഥനകളുടെ ആരംഭത്തില്‍ ഹംദും സ്വലാത്തും ചൊല്ലല്‍ സുന്നത്താണ്. ”ഒരു വ്യക്തി അല്ലാഹുവിനെ സ്തുതിക്കാതെയും നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലാതെയും പ്രാര്‍ഥിക്കുന്നതായി നബി(സ) കേള്‍ക്കാന്‍ ഇടവന്നു. അപ്പോള്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു: അയാള്‍ (പ്രാര്‍ഥനയില്‍) ധൃതി കാണിച്ചു. അനന്തരം നബി(സ) ഇപ്രകാരം പറയുകയുണ്ടായി: നിങ്ങളില്‍ ഒരാള്‍ പ്രാര്‍ഥിക്കുന്ന പക്ഷം അതിന്റെ തുടക്കം അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും പുകഴ്ത്തിക്കൊണ്ടും ആയിരിക്കേണ്ടതാണ്. പിന്നീട് നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലേണ്ടതുമാണ്. അനന്തരം അവനിഷ്ടമുള്ള കാര്യങ്ങള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കട്ടെ.” (അബൂദാവൂദ്, തിര്‍മിദി, നസാഈ)
സ്വലാത്തിന്റെ കൃത്യമായ രൂപം നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ബിശ്്റുബ്നു സഅ്ദ്(റ) പറഞ്ഞതായി അബൂമസ്ഊദുല്‍ അന്‍സ്വാരി(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹു ഞങ്ങളുടെ മേല്‍, അങ്ങയുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ കല്‍പിച്ചിരിക്കുന്നു. ഞങ്ങള്‍ എങ്ങനെയാണ് അങ്ങയുടെ മേല്‍ സ്വലാത്ത് ചൊല്ലേണ്ടത്? നബി(സ) അല്‍പം നിശ്ശബ്ദനായതിനുശേഷം ഇപ്രകാരം പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം പറയണം:

എന്നാല്‍ സമൂഹത്തില്‍ ഇന്ന് സ്വലാഹത്ത് വാണിജ്യവല്ക്കരിക്കപ്പെട്ടിരിക്കുന്നു. റമദാനില്‍ ഏറ്റവും പുണ്യമുള്ള ലൈലതുല്‍ ഖദ്‌റിന്റെ രാവു പോലും സ്വലാത്ത് കച്ചവടം നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. സ്ത്രീകള്‍ വീടിന്റെ ഉള്ളില്‍ ഇരിക്കണം എന്ന് വാശി പിടിക്കുന്ന ചില പണ്ഡിതന്മാര്‍ക്ക് സ്വലാത്ത് കച്ചവടത്തിനുവേണ്ടി ആയിരക്കണക്കില്‍ സ്ത്രീകളെ പാതിരാത്രികളില്‍ അന്യപുരുഷ സാന്നിധ്യത്തില്‍ നടത്തുന്നതില്‍ യാതൊരു വിരോധവുമില്ല. ”സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു.” (തൗബ 3,4)
അല്ലാഹുവിന്റെ മാര്‍ഗം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഖുര്‍ആനും സുന്നത്തുമാണ്. അതില്‍നിന്ന് ജനങ്ങളെ തടഞ്ഞാല്‍ മാത്രമേ ദീനിന്റെ പേരില്‍ മുതലെടുപ്പുകള്‍ നടത്താനാകൂ. സമസ്തക്കാര്‍ നബി(സ)യുടെ മേലുള്ള സ്വലാത്തില്‍ യാതൊരു പുണ്യവും ദര്‍ശിക്കാത്തവരാണ്.
സ്വലാത്ത് അവര്‍ ഉപയോഗപ്പെടുത്താറുള്ള മറ്റൊരു സന്ദര്‍ഭം ലേലം വിളിക്കു വേണ്ടിയാണ്. അതിനുവേണ്ടി സ്വലാത്തിന്റെ രൂപത്തില്‍ തന്നെ അവര്‍ മാറ്റം വരുത്തും. അതിപ്രകാരമാണ്: ലേലം വിളിക്കുന്നത് ഒരു കോഴിമുട്ടയാണെങ്കിലും നൂറുറുപ്പിക ഒരുവട്ടം, രണ്ടുവട്ടം, മൂന്നുവട്ടം… സ്വല്ലല്ലാഹു അലാ മുഹമ്മദ്. ലേലം ഉറപ്പിച്ചു.
ഇവിടെ നബി(സ) പഠിപ്പിച്ച സ്വലാത്തിന്റെ രൂപമല്ല അവര്‍ ലേലം വിളിക്കുപയോഗിച്ചത്. നബി(സ) പഠിപ്പിച്ച സ്വലാത്തില്‍ വല്ലതും കൂട്ടിച്ചേര്‍ക്കാനോ ചുരുക്കാനോ രൂപം മാറ്റാനോ നമുക്കവകാശമില്ല. ഇമാം നവവി(റ) പറയുന്നു: സ്വലാത്തിനോടൊപ്പം മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും അനുഗ്രഹം ചെയ്യേണമേ എന്ന നിലയില്‍ വര്‍ധിപ്പിക്കല്‍ ബിദ്്അത്താണ്.” (അദ്്കാര്‍ 98)
നബി(സ)യുടെ കല്‍പനയില്ലാതെ ഒരു പ്രാര്‍ഥനയോടൊപ്പവും സ്വലാത്ത് കൂട്ടിച്ചേര്‍ക്കാവതല്ല. ഒരാള്‍ ഇബ്നു ഉമറിന്റെ(റ) സാന്നിധ്യത്തില്‍ തുമ്മുകയും ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്തു: അല്‍ഹംദുലില്ലാഹ് വസ്വലാത്തു വസ്സലാമു അലാ റസൂലില്ലാഹ്. അപ്പോള്‍ ഇബ്നു ഉമര്‍(റ) പറഞ്ഞു: ഞാന്‍ തുമ്മിയാല്‍ അല്‍ഹംദുലില്ലാഹ് മാത്രമേ പറയൂ. അതിനോടൊപ്പം വസ്സ്വലാത്തു വസ്സലാമു അലാറസൂലില്ലാഹ് എന്നത് ഞങ്ങള്‍ (നബിയില്‍ നിന്ന്) പഠിച്ചിട്ടില്ല.” (ഹാകിം)
ബാങ്കിന് മുമ്പ് ചില പള്ളികളില്‍ സ്വലാത്ത് ചൊല്ലുന്ന സമ്പ്രദായമുണ്ട്. സമസ്തക്കാര്‍ ഏറ്റവുമധികം അവലംബിക്കുന്ന പണ്ഡിതനാണ് ഇബ്‌നു ഹജറുല്‍ ഹൈതമി(റ). ഈ വിഷയതത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ബാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലുന്നതിന് യാതൊരു രേഖയും നാം കണ്ടിട്ടില്ല. (ഫതാവല്‍ കുബ്്‌റാ 1:131)
തറാവീഹ് നമസ്‌കാരത്തിന്റെ ഈരണ്ടു റക്അത്തുകള്‍ക്കിടയില്‍ സമസ്തക്കാരുടെ പള്ളികളില്‍ സ്വലാത്തുകള്‍ ചൊല്ലിവരാറുണ്ട്. അതിനെക്കുറിച്ച് ഇബ്നു ഹജറുല്‍ ഹൈതമി(റ) രേഖപ്പെടുത്തുന്നു: ”തറാവീഹ് നമസ്‌കാരങ്ങള്‍ക്കിടയില്‍ സ്വലാത്ത് ചൊല്ലുന്നതിന് യാതൊരു രേഖയും നാം കണ്ടിട്ടില്ല. അത് തടയപ്പെടേണ്ട ബിദ്്അത്താണ്.” (ഫതാവല്‍കുബ്്‌റാ 1:186)
ഖുര്‍ആനും സുന്നത്തും ഇമാമുമാരുടെ വാക്കുകളും പ്രമാണമല്ല ഇവര്‍ക്ക് എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത്. ദീനിന്റെ പേരില്‍ കളവുകളും മായാവിക്കഥകളും പ്രചരിപ്പിക്കല്‍ അവരുടെ സ്ഥിരം ചര്യയായിത്തീര്‍ന്നിട്ടുണ്ട്. അതില്‍പെട്ട ഒരു കഥയാണ് അടുത്തിടെ ഒരു പണ്ഡിതന്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. അതിപ്രകാരമാണ്: ”അല്‍അയ്്നില്‍ പതിവായി 20,000 സ്വലാത്ത് ചൊല്ലിപ്പോരുന്ന ഒരു അറബിക്ക് രോഗം വന്നു. നബി(സ) അദ്ദേഹത്തോട് സ്വപ്‌നത്തില്‍ വന്ന് ജര്‍മ്മനിയില്‍ പോയി ചികിത്സിക്കാന്‍ പറഞ്ഞു. അദ്ദേഹം ജര്‍മ്മനിയില്‍ പോയി ഓപ്പറേഷന്‍ നടത്തി. വേദന മാറുന്നില്ല. ഉടനെ നബി(സ) ഇറങ്ങിവന്ന് അദ്ദേഹത്തെ ഒന്ന് തടവി. രോഗം സുഖപ്പെട്ടു.”
ഇത്തരം അടിസ്ഥാന രഹിതങ്ങളായ കള്ളക്കഥകള്‍ പറയുമ്പോള്‍ ഇത് കേള്‍ക്കുന്നത് മുസ്‌ലിംകള്‍ മാത്രമല്ല എന്ന ചിന്തപോലും ഇത്തരക്കാര്‍ക്ക് ഉണ്ടാകാറില്ല എന്നത് ഖേദകരമാണ്. ഈ കഥ ഇസ്്‌ലാമിക പ്രമാണങ്ങളെ വെച്ച് പഠനം നടത്തിയാല്‍ അതിന്റെ സാധുത പരിശോധിക്കേണ്ടതുണ്ട്. അതില്‍ ഒന്ന് 20000 സ്വലാത്താണ്. അങ്ങനെ ഒരു സ്വലാത്ത് സ്വഹീഹായി വന്നിട്ടില്ല. കാരണം സ്വലാത്ത് ഒരു മുത്വ്്ലഖായ (ഉപാധിവെക്കാത്ത) സുന്നത്താണ്.
അത് ശുദ്ധിയുള്ള ഏത് മുസ്്ലിമിനും ഏതവസരത്തില്‍ ചൊല്ലിയാലും അതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. ഇത്തരം മുത്വ്ലഖായ സുന്നത്തുകള്‍ക്ക് പ്രത്യേക എണ്ണവും ദിവസവും നിശ്ചയിക്കല്‍ ബിദ്്അത്താണ്. കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ക്കൊക്കെ ഇക്കാര്യം അറിയാവുന്നതാണ്. ഇവിടെ നബി(സ)യുടെ മാതൃകയില്ലാത്ത നിര്‍ണയങ്ങള്‍ നടപ്പില്‍ വരുത്തുകയെന്നതാണ് ബിദ്്അത്ത്.
രണ്ടാമത്തെ കളവ് നബി(സ) പ്രസ്തുത അറബിയോട് രോഗചികിത്സക്കുവേണ്ടി ജര്‍മ്മനിയിലേക്കു പോകാന്‍ കല്‍പിച്ചു എന്നതാണ്. നബി(സ)ക്ക് ഏറ്റവും പ്രിയപ്പെട്ട സന്തത സഹചാരികളായിരുന്ന അബൂബക്കര്‍(റ) ഒഴിച്ച് മൂന്നുപേരും വെട്ടും കുത്തും ഏറ്റ് മരണപ്പെടുകയാണുണ്ടായത്. അവരോടൊന്നും ഇന്ന സ്ഥലത്തു പോയി ചികിത്സിക്കണം എന്ന് നബി(സ) പറഞ്ഞതായി യാതൊരു രേഖയും ഇല്ല. എന്റെ പേരില്‍ 20000 പ്രാവശ്യം സ്വലാത്ത് ചൊല്ലുന്നവര്‍ക്ക് ഞാന്‍ സ്വപ്ന ദര്‍ശനം നല്‍കുമെന്ന ഒരു നിര്‍മ്മിതമായ ഹദീസുപോലുമില്ല. നബി(സ)യുടെ മേല്‍ കളവ് പറയുകയെന്നത് ശാശ്വതമായ നരകവാസത്തിന് കാരണമാകുന്നതുമാണ്.
നബി(സ) പറയുന്നു: ”എന്റെ മേല്‍ വല്ലവനും മനപ്പൂര്‍വ്വം കളവ് പറയുന്ന പക്ഷം അവന്റെ സീറ്റ് അവന്‍ നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ.” (ബുഖാരി)
നബി(സ) പറഞ്ഞ മറ്റൊരു വചനം ഇപ്രകാരമാണ്: ”കേള്‍ക്കുന്നതെല്ലാം പറഞ്ഞു പ്രചരിപ്പിക്കല്‍ ഒരാള്‍ നുണയനാകാന്‍ മതിയാകുന്നതാണ്.” (മുസ്്ലിം) ”ജനങ്ങള്‍ക്ക് കളവായി ബോധ്യപ്പെടുന്ന വല്ല ഹദീസും വല്ലവനും എന്നില്‍ നിന്ന് ഉദ്ധരിക്കുന്ന പക്ഷം അവന്‍ കള്ളന്മാരില്‍ ഒരുവനായിരിക്കും.” (മുസ്്ലിം) ”തീര്‍ച്ചയായും ഏറ്റവും വലിയ കളവ് ഒരു വ്യക്തിയുടെ പിതൃത്വം മറ്റൊരാളിലേക്ക് ചേര്‍ത്തിപ്പറയലും താന്‍ കണ്ണുകൊണ്ട് കാണാത്ത ഒരു കാര്യം കണ്ടു എന്ന് പറയലും നബി(സ) പറയാത്ത കാര്യം നബിയുടെ പേരില്‍ ചേര്‍ത്തിപ്പറയലുമാണ്.” (ബുഖാരി)
മേല്‍ കഥയിലെ മൂന്നാമത്തെ അബദ്ധം നബി(സ) ജര്‍മ്മനിയില്‍ വന്ന് അദ്ദേഹത്തെ തടവി രോഗം സുഖപ്പെട്ടു എന്നതാണ്. മരണപ്പെട്ടുപോയ പ്രവാചകന്മാര്‍ ഇറങ്ങിവരുന്ന സംഭവം നമ്മുടെ നാട്ടിലെ മൗലീദു കിതാബുകളില്‍ മാത്രമാണുള്ളത്. ഖുര്‍ആനിലോ സുന്നത്തിലോ ഇല്ല. അങ്ങനെ വല്ല പ്രവാചകനും ഭൂമിയിലേക്ക് വരുന്നുവെങ്കില്‍ അത് ഈസാ നബി(അ) മാത്രമാണ് എന്നാണ് മുസ്്ലിംകള്‍ വിശ്വസിക്കുന്നത്. കാരണം ഈസാ(അ) മരണപ്പെട്ടതല്ല. മറിച്ച് ജീവനോടെ ഉയര്‍ത്തപ്പെട്ടതാണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. വേറെ ഒരു പ്രവാചകനും അല്ലാഹു ശാശ്വതത്വം നല്‍കിയിട്ടില്ല. അവരൊക്കെ അന്ത്യദിനത്തില്‍ മാത്രമേ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയുള്ളൂ. അല്ലാഹു നബി(സ)യെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ അരുളിയത് ഇപ്രകാരമാണ്: ”നബിയേ, താങ്കള്‍ക്ക് മുമ്പ് ഒരു മനുഷ്യനും നാം ശാശ്വതജീവിതം നല്‍കിയിട്ടില്ല എന്നിരിക്കെ താങ്കള്‍ മരണപ്പെടുന്ന പക്ഷം അവര്‍ ശാശ്വതരായി ജീവിക്കുമോ?” (അന്‍ബിയാഅ് 34)

Back to Top