7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

ദാനവും പ്രതിഫലവും

ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി


‘പറയുക: എന്റെ രക്ഷിതാവ് തന്റെ ദാസന്‍മാരില്‍ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമായി നല്‍കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങള്‍ എന്തൊന്ന് ദാനം ചെയ്താലും അതിന് അവന്‍ പകരം നല്‍കുന്നതാണ്. ഉപജീവനം നല്‍കുന്നവരില്‍ അവന്‍ ഉത്തമനുമാകുന്നു’ (സബഅ് 39).

മനുഷ്യന് ഭൗതിക ജീവിതത്തിന് ആവശ്യമായ വിഭവങ്ങള്‍ നല്‍കിയിരിക്കുന്നത് അല്ലാഹുവാണ്. ഈമാന്‍ ബലപ്പെടുത്താന്‍ ഉതകുന്ന ദൃഷ്ടാന്തങ്ങളില്‍ ഒന്ന് ഇതുതന്നെയാണ്. ‘അല്ലാഹുവിനു പുറമേ മറ്റേതെങ്കിലും ആരാധ്യര്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നവരായുണ്ടോ’ എന്ന ചോദ്യം ഇത് വ്യക്തമാക്കുന്നു.
ഉപജീവനം ആര്‍ക്ക്, എത്ര നല്‍കണമെന്നത് അല്ലാഹുവിന്റെ വിധിനിശ്ചയങ്ങള്‍ക്ക് വിധേയമായിരിക്കും. പൂര്‍ണ സുരക്ഷാ സംവിധാനങ്ങള്‍ ഉള്ളവര്‍ക്കു പോലും സാമ്പത്തിക പരാജയം സംഭവിക്കുന്നത് ഇതാണ് സൂചിപ്പിക്കുന്നത്. ‘ഏതെങ്കിലും റഹ്മത്ത് അല്ലാഹു തുറന്നുവെക്കുന്നുവെങ്കില്‍ അത് തടയാന്‍ ആരുമില്ല. ഇനി എന്തെങ്കിലും അവന്‍ പിടിച്ചുവെച്ചാല്‍ അത് വിട്ടുനല്‍കാനും ആര്‍ക്കുമാവില്ല’ (35:2) എന്ന വചനം ഭൗതികാനുഗ്രഹങ്ങളിലെ ദൈവിക സംവിധാനമാണ് വ്യക്തമാക്കുന്നത്. ഒരാള്‍ക്ക് ധാരാളം ലഭിക്കുന്നത്, അല്ലാഹു നല്‍കിയ അനുഗ്രഹമാവണമെന്നില്ല. അതില്‍ എന്തെങ്കിലും പരീക്ഷണങ്ങളും പതിയിരിക്കാം. ഭൗതിക നേട്ടങ്ങള്‍ കുറച്ചു മാത്രം ലഭിച്ചവരെ അല്ലാഹു കൈവിട്ടിരിക്കുന്നു എന്നും കരുതേണ്ടതില്ല. കുറച്ചു കഴിഞ്ഞാല്‍ ഒന്നാമന്‍ പാപ്പരാകുന്നതിനും രണ്ടാമന്‍ സമ്പന്നനാകുന്നതിനും ലോകം സാക്ഷിയാണ്.
ഭൗതിക നേട്ടങ്ങളെ കുറിച്ചുള്ള ഈ ദൈവിക സങ്കല്‍പം ഈമാനിന്റെ പ്രധാന ഭാഗവുമാണ്. കൂടുതല്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം അല്ലാഹുവിനോടുള്ള നന്ദിയായി ജീവിതത്തില്‍ പ്രകടമാകണം. ഒന്നും ലഭിക്കാതിരിക്കുകയോ, കിട്ടിയതെല്ലാം നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ നാം അവലംബിക്കുന്ന ക്ഷമയും ആത്മസംയമനവും പ്രതിഫലാര്‍ഹമാണെന്ന ബോധവും ഈമാനിന്റെ ബലത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.
ഈ സന്തുലിത ചിന്ത നഷ്ടപ്പെടുന്നതാണ് സാമ്പത്തിക പരാജയത്തിന്റെ മുഖ്യ കാരണം. അനീതിക്കും അതിക്രമങ്ങള്‍ക്കും അത് വഴിവെക്കുന്നു. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല എന്നത് ചരിത്രം നല്‍കുന്ന പാഠമാണ്. സമ്പാദിക്കുകയെന്നത് മനുഷ്യനിലെ സഹജബോധമാണ്. ‘രണ്ടു സ്വര്‍ണശേഖരം ലഭിച്ചാലും മൂന്നാമതൊന്നിന് അവന്‍ കൊതിക്കും’ എന്ന നബിവചനം മനുഷ്യപ്രകൃതത്തിന്റെ വക്രതയെ സൂചിപ്പിക്കുന്നു. ന്യായവും മാന്യവുമായ മാര്‍ഗത്തില്‍ ധനം സമ്പാദിക്കുന്നതിനു മതം എതിരല്ല. ‘നല്ല മനുഷ്യരുടെ പക്കലുള്ള നല്ല മുതല്‍ എത്ര വിശിഷ്ടം!’ (അഹ്മദ്). ധനവിനിമയങ്ങളില്‍ ഉണ്ടാകുന്ന ബര്‍കത്തും അഭിവൃദ്ധിയും അത് കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ ജീവിതവിശുദ്ധിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു എന്നര്‍ഥം.
ഒരു കാര്യത്തിനു പണമിറക്കുമ്പോള്‍ തിരിച്ച് എന്തു ലഭിക്കും എന്ന ചോദ്യത്തിനു സുനിശ്ചിത മറുപടി ആര്‍ക്കും നല്‍കാനാവില്ല. എന്നാല്‍ അക്കാര്യം അല്ലാഹു ഉറപ്പു നല്‍കുന്നു. എന്തു ദാനം ചെയ്താലും അതിനു പകരം ലഭിച്ചിരിക്കും എന്നത് സാമ്പത്തിക അഭിവൃദ്ധിയുടെ ദൈവിക ശാസ്ത്രമാണ്. ദാനം നല്‍കിയതുകൊണ്ട് ഒരാള്‍ക്കും സാമ്പത്തിക തകര്‍ച്ച ഉണ്ടായിട്ടില്ല എന്ന നബിവചനവും ഇതിന്റെ വിശദീകരണമാണ്. സമ്പാദിക്കുന്നതിനേക്കാള്‍ താല്‍പര്യം ദാനം ചെയ്യാനായിരിക്കണം. ദാനധര്‍മങ്ങള്‍ പതിവാക്കുന്നവനു വേണ്ടി മലക്കുകളും പ്രാര്‍ഥിക്കും. ബിസിനസ് നടത്താന്‍ പലവിധ വൈദഗ്ധ്യം ആവശ്യമാണ്. ദാനം നല്‍കി ഇരട്ടി നേടാന്‍ അതൊന്നും വേണ്ടതില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x