19 Wednesday
June 2024
2024 June 19
1445 Dhoul-Hijja 12

സുരക്ഷിതത്വം നല്‍കുന്ന ഖുര്‍ആനിക നീതിശാസ്ത്രം

അനസ് എടവനക്കാട്‌


ലോകത്ത് ഒരു പ്രത്യയ ശാസ്ത്രത്തിനും ഒരു മതഗ്രന്ഥത്തിനും ഇന്നുവരെ മുന്നോട്ടുവെക്കുവാനോ സങ്കല്പിക്കുവാനോ കഴിയാത്തത്ര നീതിപൂര്‍വകവും, പ്രായോഗികവും, കണിശവുമായ സാമൂഹിക നീതിയും, സമത്വ സങ്കല്‍പവും, നീതിന്യായ വ്യവസ്ഥയുമാണ് വിശുദ്ധഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. ലോകമനുഷ്യരെ മുഴുവന്‍ ഒരൊറ്റ മാതാപിതാക്കളുടെ സന്തതികളായി പരിചയപ്പെടുത്തിക്കൊടുക്കുക വഴി, ജാതിവ്യവസ്ഥകളെയും, സാമൂഹിക ഉച്ചനീചത്വങ്ങളെയും വിശുദ്ധ ഖുര്‍ആന്‍ ഒറ്റയടിക്ക് നിരാകരിക്കുകയായിരുന്നു.
ലോകമനുഷ്യരെ മുഴുവന്‍ അഭിസംബോധന ചെയ്തുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: ‘മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.’ (നിസാഅ് 1)
ലോകചരിത്രം പരിശോധിച്ചാല്‍ മനുഷ്യരെ പല തട്ടുകളാക്കി തിരിക്കുന്ന ഫ്യൂഡല്‍ വ്യവസ്ഥ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ നിലനിന്നിരുന്നതായി നമുക്ക് കണ്ടെത്താനാകും. ഫ്രഞ്ച്, റഷ്യന്‍ വിപ്ലവങ്ങള്‍ മുതല്‍ ഈ കൊച്ചുകേരളത്തില്‍ നടന്ന കല്ലുമാല സമരം, ചാന്നാര്‍ ലഹള, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ വരെ ഇത്തരം വ്യവസ്ഥകള്‍ക്കെതിരില്‍ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യര്‍ നടത്തിയ പ്രക്ഷോഭങ്ങളാണ്. ഇവയെല്ലാം നടന്നത് 18-20 നൂറ്റാണ്ടുകളിലാണെന്ന് തിരിച്ചറിയുമ്പോഴാണ് ഏഴാം നൂറ്റാണ്ടില്‍ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥം മുന്നോട്ടുവെച്ച സാമൂഹിക നീതിയുടെ വ്യാപ്തി നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുക.
ബി സി പതിമൂന്നാം നൂറ്റാണ്ടില്‍ ഈജിപ്ത് ഭരിച്ചിരുന്ന രാജാക്കന്മാര്‍ നടത്തിയിരുന്ന സാമൂഹിക അസമത്വങ്ങളെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു.’ (ഖസസ് 23)
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സമാനമായ ചെയ്തികള്‍ ലോകത്ത് നടന്നുവരുന്നത് നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ശത്രുതയുള്ള ഒരു ജനവിഭാഗത്തിന്റെ ഭാഗത്താണ് നീതിയെങ്കില്‍ പോലും അത് അംഗീകരിക്കണമെന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ ആഹ്വാനം. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്.’ (മാഇദ 8)
മറ്റൊരു സ്ഥലത്ത് വിശദീകരിക്കുന്നത്: ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.’ (നിസാഅ് 135)
നീതിന്യായ വ്യവസ്ഥയില്‍ തീര്‍പ്പു കല്പിക്കുകയാണെങ്കില്‍ കണിശമായ നീതിയോടെയായിരിക്കണം അത് ചെയ്യേണ്ടത് എന്നത് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ഒരു അടിസ്ഥാന ആശയമാണ്. ഒരു മുസ്ലിം രാഷ്ടത്തില്‍ ജീവിക്കുന്ന അമുസ്ലിംകള്‍ക്കിടയില്‍ അവരുടെ എല്ലാ പ്രശ്‌നങ്ങളിലും തീര്‍പ്പുകല്പിക്കല്‍ ഭരണാധികാരിയുടെ ബാധ്യതയല്ലെങ്കില്‍ കൂടി, തീര്‍പ്പുകല്‍പ്പിക്കുന്ന പക്ഷം അത് നീതിപൂര്‍വമായിരിക്കുകയും വേണം എന്ന് സൂറ അല്‍ മാഇദ :42 ആം വചനത്തിലൂടെ അല്ലാഹു ഉണര്‍ത്തുന്നുണ്ട്.
മതകാര്യങ്ങളില്‍ മുസ്ലിംകളുമായി യുദ്ധത്തില്‍ ഏര്‍പ്പെടാത്ത അമുസ്ലിംകെള സംബന്ധിച്ച്, അവരോടു നീതിയോടെ പെരുമാറാനും അവര്‍ക്ക് നന്മചെയ്യാനുമാണ് ഖുര്‍ആനിന്റെ ആഹ്വാനം. കൊച്ചുകുട്ടികളെപ്പോലും മതം നോക്കി ശിക്ഷിക്കുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നോര്‍ക്കുമ്പോഴാണ് ഖുര്‍ആനിന്റെ നീതിശാസ്ത്രത്തിന്റെ മഹത്വം വെളിവാകുന്നത്.
ഖുര്‍ആന്‍ പറയുന്നു: ‘മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.’ (മുംതഹന:8)
എന്തിനേറെ നന്മയ്ക്കുള്ള പ്രതിഫലം അല്ലാഹു ആര്‍ക്കെങ്കിലും വര്‍ധിപ്പിച്ചു കൊടുക്കുകയാണെങ്കില്‍, തത്തുല്യമായി അവര്‍ ചെയ്യുന്ന തിന്മയ്ക്കുള്ള ശിക്ഷകൂടി വര്‍ധിപ്പിക്കപ്പെടുന്നതായി ഖുര്‍ആനില്‍ നമുക്ക് ദര്‍ശിക്കുവാന്‍ കഴിയും. ഇസ്രായീല്‍ സന്തതികളോട് അല്ലാഹു കല്പിച്ചത് ഇപ്രകാരമാണ്:
‘മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.’ (സൂറ അല്‍ മാഇദ:32)
വിശുദ്ധ ഖുര്‍ആന്‍ തുടച്ചുനീക്കുവാന്‍ ഉദ്ദേശിച്ച സാമൂഹികമായ അസമത്വങ്ങള്‍ സകല മേഖലകളെയും ചൂഴ്ന്നു നില്‍ക്കുന്നതാണ്. സാമ്പത്തിക രംഗത്തെ ഏറ്റവും കൊടിയ അക്രമവും അനീതിയുമാണ് പലിശ. അതിനെ ഒഴിവാക്കാന്‍ കല്പിച്ച ശേഷം ഖുര്‍ആന്‍ നല്‍കുന്ന മുന്നറിയിപ്പ് കാണുക.
‘നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) യുദ്ധ പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്.’ (സൂറ ബഖറ: 279)
കച്ചവടത്തിന്റെ കാര്യത്തില്‍ നീതിപൂര്‍വം പെരുമാറേണ്ടതിന്റെ പ്രാധാന്യം ശുഐബ് നബിയുടെ (അ) വാക്കുകളിലൂടെ ഖുര്‍ആന്‍ പഠിപ്പിച്ചു തരുന്നുണ്ട്. അത് ഇപ്രകാരമാണ്: ‘എന്റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വം പൂര്‍ണമാക്കികൊടുക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മി വരുത്താതിരിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്.’ (സൂറ ഹൂദ്: 85)
അനാഥകുട്ടികളോട് നീതിപാലിക്കുവാന്‍ ഖുര്‍ആന്‍ പ്രത്യേകം കല്പിക്കുന്നതു കാണാം. അളവിലും തൂക്കത്തിലും നീതിപാലിക്കുവാന്‍ ഖുര്‍ആന്‍ കല്പിക്കുന്നതു കാണാം. എന്തിനേറെ തന്നെ സംസാരങ്ങളില്‍ പോലും നീതി നിലനിര്‍ത്തുവാന്‍ ഖുര്‍ആന്‍ കല്പിക്കുന്നുണ്ട്. ഇത്രയേറെ കണിശമായ രീതിയില്‍ നീതിയെപ്പറ്റി സംസാരിച്ച മറ്റൊരു വേദഗ്രന്ഥം ഭൂമുഖത്ത് കാണുക സാധ്യമല്ല. അതുകൊണ്ടുതന്നെ അതിന്റെ വാഹകരോട് ഖുര്‍ആന്‍ പറയുന്നു: ‘അക്രമം പ്രവര്‍ത്തിച്ചവരുടെ പക്ഷത്തേക്ക് നിങ്ങള്‍ ചായരുത്. എങ്കില്‍ നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് രക്ഷാധികാരികളേയില്ല. പിന്നീട് നിങ്ങള്‍ സഹായിക്കപ്പെടുന്നതുമല്ല.’ (ഹൂദ് 113).
മുസ്ലിംകള്‍ കണിശമായ നീതി നിലനിര്‍ത്തിയിരുന്നുവെങ്കില്‍ ലോകം മുഴുവന്‍ അവരെ പിന്‍പറ്റിയേനെ. അല്ലാഹുവില്‍ നിന്നുള്ള സഹായം എല്ലാകാര്യങ്ങളിലും നമുക്ക് വന്നുചേരുകയും ചെയ്‌തേനെ. മനുഷ്യര്‍ ചെയ്യുന്ന അക്രമം മൂലം അല്ലാഹു അവരെ ഉടനടി പിടികൂടിയിരുന്നുവെങ്കില്‍ ഭൂമുഖത്ത് മനുഷ്യര്‍ അവശേഷിക്കുമായിരുന്നില്ല. അതിനാല്‍ നിര്‍ണിതമായ അവധി വന്നെത്തുന്നതിനുമുന്‍പായി അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുവാനും നീതിയുടെ വക്താക്കളാകുവാനും ശ്രമിക്കുക.

5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x