സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച
അബ്ദുറഹ്മാന്‍ വടുതല
താനൂരിലെ ബോട്ട് അപകടമാണ് കഴിഞ്ഞയാഴ്ച കേരളത്തെ നടുക്കിയ വാര്‍ ത്തകളിലൊന്ന്. ഈ അപകടം മുന്നോട്ടുവെക്കുന്ന ചില ചോദ്യങ്ങളുണ്ട്. സുരക്ഷയെക്കുറിച്ചുള്ള നമ്മുടെ ചിന്ത എങ്ങനെയുള്ളതാണ് എന്നതാണ് അതില്‍ പ്രധാനം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി നല്‍കുന്ന ജാക്കറ്റുകളോടു പോലും പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് ജനങ്ങള്‍ സ്വീകരിക്കുന്നത്. വികസിത രാജ്യങ്ങളിലുള്ളവര്‍ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ചെയ്തതിനു ശേഷം മാത്രമേ അപകടം നിറഞ്ഞ പ്രവൃത്തികളില്‍ ഏര്‍പ്പെടാറുള്ളൂ. അതിനാല്‍ തന്നെ അവര്‍ക്കിടയില്‍ അപകടങ്ങള്‍ ഉണ്ടാകാനും, പരിക്കുപറ്റാനുമുള്ള സാധ്യത താരതമ്യേന കുറവാണ്. സുരക്ഷാ കാര്യങ്ങളില്‍ നമുക്കുള്ള ഇന്‍ഹെറന്റായ അവഗണന മൂലമാണ് വെറും അഞ്ഞൂറോ അറുനൂറോ രൂപയില്‍ താഴെ മാത്രം വിലയുള്ള ലൈഫ് ജാക്കറ്റുകള്‍ പോലും വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ വൈമനസ്യം കാണിക്കുന്നത്.
നീന്താന്‍ അറിയാത്തവര്‍ വെള്ളത്തി ല്‍ മുങ്ങിപ്പോയാല്‍ മൂന്നോ നാലോ മിനിറ്റിനുള്ളില്‍ തന്നെ മരണപ്പെടാമെന്ന് അറിയാമെങ്കിലും അത്തരം സാഹചര്യങ്ങളില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്ന ഒരു ലൈഫ് ജാക്കറ്റ് ഇടാന്‍ പോലും നാം കൂട്ടാക്കാറില്ല. അപകടത്തില്‍ പെട്ടവരെ രക്ഷിച്ചെടുക്കാ ന്‍ പര്യാപ്തമായ സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും നമ്മള്‍ പിന്നിലാണ്. അപകടത്തില്‍ പെട്ട ബോട്ട് വെട്ടിപ്പൊളിക്കാന്‍ തന്നെ മൂന്നുനാലു മണിക്കൂര്‍ എടുത്തു എന്ന് വാര്‍ത്തകളില്‍ കണ്ടിരുന്നു.
ഇതിന് അനുയോജ്യമായ ഉപകരണങ്ങളും അത് ഉപയോഗിക്കാനുള്ള പരിശീലനവും നമ്മുടെ ഫയര്‍ ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കുണ്ടോ എന്നതുതന്നെ സംശയമാണ്. അതുപോലെ തന്നെയാണ് വാട്ടര്‍ ആംബുലന്‍സിന്റെ കാര്യവും. ഇത്രമാത്രം കടല്‍ത്തീരവും പുഴകളും കായലുകളും ഉണ്ടായിരുന്നിട്ടും നമ്മള്‍ക്കൊരു വാട്ടര്‍ ആംബുലന്‍സ് പോലും ഉള്ളതായി അറിവില്ല.