23 Friday
January 2026
2026 January 23
1447 Chabân 4

സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം


കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതി ചരിത്രപ്രസക്തമായ ഒരു വിധി പുറപ്പെടുവിച്ചത്. ഇന്ത്യന്‍ പീനല്‍കോഡിലെ സെക്ഷന്‍ 124-എ മരവിപ്പിച്ചുകൊണ്ടുള്ള ആ വിധി ജനാധിപത്യത്തെയും സ്വതന്ത്ര ഇന്ത്യ എന്ന ആശയത്തെയും ഉത്തേജിപ്പിക്കുന്ന ഒന്നാണ്. വാക്കിലൂടെയോ എഴുത്തിലൂടെയോ ദൃശ്യപ്രതിനിധാനം വഴിയോ അടയാളത്തിലൂടെയോ നിയമപരമായി സ്ഥാപിതമായ സര്‍ക്കാറിനെതിരെ വിദ്വേഷം ഉണര്‍ത്തുകയോ അവഹേളിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്താല്‍ അത് രാജ്യദ്രോഹമായി പരിഗണിക്കപ്പെടുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്ന നിയമമാണ് 124-എ. ഇന്ത്യയില്‍ രാജ്യദ്രോഹകുറ്റം ചുമത്താന്‍ പ്രാഥമികമായി ഉപയോഗപ്പെടുത്തുന്ന നിയമമാണിത്. നിയമത്തിലെ ഡിസ്അഫക്ഷന്‍ എന്ന പ്രയോഗത്തെ അതൃപ്തി എന്ന് വിവര്‍ത്തനം ചെയ്യാമെങ്കിലും അതിന്റെ നിയമസാധ്യതകള്‍ അനന്തമാണ്. ‘അതൃപ്തി’ എന്ന പ്രയോഗത്തില്‍ അവിശ്വസ്തതയും ശത്രുതയുടെ എല്ലാ വികാരങ്ങളും ഉള്‍പ്പെടുത്താന്‍ സാധിക്കും. അതിനാല്‍ തന്നെ സര്‍ക്കാറിനോടുള്ള എല്ലാ തരം വിയോജിപ്പുകളും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി രാജ്യദ്രോഹമായി വിധിക്കുകയാണുണ്ടായിരുന്നത്. ഇതിനെതിരെ വിവിധ തലങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ വ്യാപകമായിരുന്നു.
1860-ല്‍ ഇന്ത്യന്‍ പീനല്‍ കോഡ് തയ്യാറാക്കിയ തോമസ് മെക്കാളെ എന്ന ബ്രിട്ടീഷ് നിയമജ്ഞന്‍ തുടക്കത്തില്‍ ഈ രാജ്യദ്രോഹ നിയമം ഇതിലുള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് 1890-ലാണ് സ്‌പെഷ്യല്‍ ആക്റ്റ് മുഖേനെ 124-എ ഉള്‍പ്പെടുത്തുന്നത്. ബ്രിട്ടീഷ് കാലത്ത് രാജ്യദ്രോഹം എന്നതിന്റെ വ്യാഖ്യാനം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാറിനെതിരെയുള്ള ഏത് നീക്കവും രാജ്യദ്രോഹമായി ചിത്രീകരിക്കുക സ്വാഭാവികമാണ്. അന്നത്തെ സ്വാതന്ത്ര്യസമരങ്ങളെല്ലാം തന്നെ കൊളോണിയല്‍ കണ്ണിലൂടെ നോക്കിയാല്‍ രാജ്യദ്രോഹമാണല്ലോ. സ്വാതന്ത്ര്യ സമര കാലത്ത് രാഷ്ട്രീയ വിയോജിപ്പുകള്‍ തടയാന്‍ ഈ വ്യവസ്ഥ വ്യാപകമായി ഉപയോഗിച്ചിരുന്നു. സ്വാതന്ത്ര്യസമര സേനാനികളായ മഹാത്മാഗാന്ധി, ബാലഗംഗാധര തിലക്, ആനി ബസന്റ്, ഷൗക്കത്ത് അലി, മുഹമ്മദ് അലി, മൗലാനാ ആസാദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ ഐപിസിയുടെ 124 എ വകുപ്പ് പ്രകാരം ജയിലിലാകുകയോ കേസിനെ നേരിടുകയോ ചെയ്തവരാണ്.
1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ബ്രിട്ടീഷ് വിധേയത്വത്തെ പൂര്‍ണാര്‍ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന ഇത്തരം നിയമങ്ങളെല്ലാം തന്നെ മരവിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണകൂടത്തിന് സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടി അത്തരം നിയമങ്ങള്‍ നിലനിര്‍ത്തി.
1950-ല്‍ തന്നെ, റൊമേഷ് ഥാപ്പര്‍ ്‌ െസ്‌റ്റേറ്റ് ഓഫ് മദ്രാസ് കേസില്‍ സുപ്രീം കോടതി, ഈ നിയമത്തിന്റെ സാധുത സംബന്ധിച്ച് ചോദ്യമുന്നയിച്ചിരുന്നു. ഭരണകൂടത്തിന്റെ സുരക്ഷയെ ദുര്‍ബലപ്പെടുത്തുന്നതോ അട്ടിമറിക്കാനുള്ള പ്രവണതയോ ഉള്ളതല്ലെങ്കില്‍ സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നും അതിനെ രാജ്യദ്രോഹമാക്കി കണക്കാക്കാനാവുമോ എന്നും അന്ന് തന്നെ ചോദ്യമുയര്‍ന്നിരുന്നു. നിയമത്തിന്റെ ലിബറല്‍ വായനയ്ക്കായി ഭരണഘടനയില്‍ നിന്ന് രാജ്യദ്രോഹം എന്ന വാക്ക് ഭരണഘടനാ അസംബ്ലി ബോധപൂര്‍വം ഒഴിവാക്കിയത് സംബന്ധിച്ച് വിധിന്യായത്തില്‍ ജസ്റ്റിസ് പതഞ്ജലി ശാസ്ത്രി ഉദ്ധരിക്കുകയും ചെയ്തു.
ഏതായിരുന്നാലും ഇന്ന് ഐ പി സിയിലെ പ്രസ്തുത ഭാഗം സുപ്രീംകോടതി മരവിപ്പിച്ചിരിക്കുന്നു എന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. എന്നാല്‍ ഇതിനേക്കാള്‍ ഭയാനകരമായ മറ്റൊരു നിയമമാണ് പകരം കൊണ്ടുവരുന്നതെങ്കില്‍ അത് ഈ വിധിയുടെ അന്തസ്സത്തക്ക് ചേരാത്തതാണ്. മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്ന നിലക്ക് സുപ്രീംകോടതി നല്‍കിയ നിര്‍ദേശം മാനിച്ചുകൊണ്ടുള്ള നിയമനിര്‍മാണം നടന്നാല്‍ മാത്രമേ ഈ വിധിക്ക് പ്രസക്തിയുള്ളൂ. അതുപോലെ, ഈ വിധിയുടെ ഭാഗമായി രാജ്യദ്രോഹം സംബന്ധിച്ച കോടതിനടപടികള്‍ പിന്‍വലിക്കണമെന്നും ജയിലിലുള്ളവര്‍ക്ക് മോചനം നല്‍കണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി. എന്നാല്‍ അത് ഫലപ്രദവും പ്രയോഗികവുമാകണമെങ്കില്‍ പലപ്പോഴും പ്രയാസമായിരിക്കും. കാരണം, രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ അടച്ച പലരിലും 124 എ മാത്രമല്ല ചാര്‍ത്തിയിരിക്കുക.
യു എ പി എ മുതല്‍ സമാനമായ നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുണ്ടാവുക. അതിനാല്‍ തന്നെ ഈ വകുപ്പ് മാത്രം മരവിപ്പിച്ചത് കൊണ്ട് പ്രയോഗികമായി പ്രയോജനം ലഭിക്കണമെന്നില്ല. അതിനാല്‍ തന്നെ രാഷ്ട്രീയപ്രേരിതമായി രാജ്യദ്രോഹ കുറ്റം ചുമത്തിയ എല്ലാ കേസുകളും മരവിപ്പിക്കുന്ന രൂപത്തില്‍ പുനപ്പരിശോധന നടത്തുകയോ പ്രത്യേകമായി വിചാരണ നടത്തുകയോ ചെയ്തുകൊണ്ട് വേഗത്തില്‍ തീര്‍പ്പാക്കണം. പലപ്പോഴും ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ വിചാരണത്തടവുകാരായി കാലം കഴിഞ്ഞുപോകുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. ഈ നീതിനിഷേധത്തിന്റെ കാര്യത്തിലും സുപ്രീംകോടതിയുടെ ശ്രദ്ധയുണ്ടാവണം.

Back to Top