ശഅ്ബാനിലെ സുന്നത്തും ബിദ്അത്തും
റജബ് മാസം പോലെ ഒരുപാട് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനില്‍ക്കുന്ന മാസമാണ് ശഅ്ബാന്‍. റമദാന്‍ മാസം കഴിഞ്ഞാല്‍ നബി(സ) ഏറ്റവുമധികം നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നു എന്ന് ഹദീസുകള്‍ ബോധ്യപ്പെടുത്തുന്നു. ശഅ്ബാനിലെ ഒരു സുന്നത്ത് നോമ്പും നബി(സ) പാഴാക്കാറുണ്ടായിരുന്നില്ല. നബി(സ)യും സ്വഹാബത്തും ഖദ്വാഅ് നോമ്പ് നോറ്റിരുന്നത് ശഅ്ബാനിലായിരുന്നു എന്ന് ആഇശ(റ)യുടെ ഹദീസുകളില്‍ നിന്ന് ബോധ്യപ്പെടുന്നതാണ്. ആഇശ(റ) പറയുന്നു: ”നോറ്റുവീട്ടാനുള്ള നോമ്പുകള്‍ ഞാന്‍ ശഅ്ബാനിലായിരുന്നു നോറ്റുവീട്ടിയിരുന്നത്.” (ബുഖാരി)
എന്നാല്‍, ശഅ്ബാന്‍ മാസത്തിന് ഇല്ലാത്ത പല പോരിശകളും യാഥാസ്ഥിതികര്‍ ഉദ്ധരിക്കാറുണ്ട്. ഉദാഹരണം: ”ശഅ്ബാന്‍ പാതിരാവ് വന്നാല്‍ നിങ്ങള്‍ രാത്രിയില്‍ നമസ്‌കരിക്കുകയും പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക.” (ഇബ്‌നുമാജ). മറ്റൊരു റിപ്പോര്‍ട്ട്: ശഅ്ബാന്‍ പാതിരാവ് വന്നാല്‍ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങുകയും ബനൂ കല്‍ബ് ഗോത്രക്കാരുടെ ആടിന്റെ രോമങ്ങളെക്കാള്‍ അധികം പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ചെയ്യും.” (അഹ്മദ്). ”ശഅ്ബാന്‍ പാതിരാവ് വന്നാല്‍ അല്ലാഹു പ്രത്യക്ഷപ്പെടുകയും ശിര്‍ക്ക് ചെയ്യുകയും കുടുംബബന്ധം മുറിച്ചുകളയുകയും ചെയ്യാത്തവരുമായ അവന്റെ സകല സൃഷ്ടികള്‍ക്കും അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നതാണ്.” (ഇബ്‌നുമാജ)
മേല്‍ റിപ്പോര്‍ട്ടുകളെ വിശദീകരിച്ച് ഇമാം നവവി(റ)യുടെ ഗുരുനാഥന്‍ അബൂശാമ(റ) പറയുന്നു: ”ഈ ഹദീസുകളെല്ലാം ദുര്‍ബലമായ പരമ്പരയോടുകൂടിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒന്നാമത്തെ ഹദീസിന്റെ പരമ്പരയില്‍ വിശ്വാസയോഗ്യനല്ലാത്ത ഇബ്‌നു അബൂസുബ്‌റയും രണ്ടാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഹജ്ജാബ് ബ്‌നു അല്‍ത്വഅതും മുന്നാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഇബ്‌നുലുഹൈഅതും ഉണ്ട്” (കിതാബുല്‍ ബാഇസ്, പേജ് 131).
ശഅ്ബാന്‍ മാസത്തെ സംബന്ധിച്ച് ചില യാഥാസ്ഥിതികരില്‍ നിലനില്ക്കുന്ന മറ്റൊരു അന്ധവിശ്വാസം ശഅ്ബാന്‍ പാതിരാവിലാണ് ഭൂമുഖത്തേക്ക് ആദ്യമായി ഖുര്‍ആന്‍ അവതരിക്കപ്പെട്ടത് എന്നതാണ്. ഇത് വിശുദ്ധ ഖുര്‍ആനിലെ താഴെ വരുന്ന വചനങ്ങള്‍ക്ക് വിരുദ്ധമാണ്. ”ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍” (അല്‍ബഖറ 185). ആ ദിവസത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാം അതിനെ ഒരനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു” (ദുഖാന്‍ 3). പ്രസ്തുത രാത്രിക്കാണ് ലൈലതുല്‍ഖദ്ര്‍ എന്ന് പറയുന്നത്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാം ഇതിനെ ലൈലതുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചിരിക്കുന്നു.” (അല്‍ഖദ്ര്‍ 1)
വിശുദ്ധ ഖുര്‍ആന്‍ ശഅ്ബാന്‍ പാതിരാവിനാണ് അവതരിപ്പിക്കപ്പെട്ടതെന്നത് ഇക്‌രിമക്ക്(റ) വന്ന ഒരു ധാരണപ്പിശകാണ്. സൂറത്തു ദുഖാനിലെ മൂന്നാം വചനത്തിന്റെ തഫ്‌സീറില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു: ”ഖുര്‍ആന്‍ അവതരിച്ചത് ലൈലതുല്‍ ഖദ്‌റിലാണ്. അല്ലെങ്കില്‍ ശഅ്ബാന്‍ പാതിരാവിലാണ്” (ജലാലൈനി 2:562). ഇക്‌രിമയുടെ(റ) ഈ അഭിപ്രായത്തെ ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബിലും (6:245) ഇമാം റാസി(റ) തഫ്‌സീറുല്‍കബീറിലും (7:316) ഇമാം ഇബ്‌നുകസീര്‍ തന്റെ തഫ്‌സീറിലും (4:137) ഇമാം ഖുര്‍ത്വുബി അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആനിലും (16:127,128) നിശിതമായി എതിര്‍ത്തിട്ടുണ്ട്.
ഈ ദിനത്തോടനുബന്ധിച്ച മറ്റൊരു അന്ധവിശ്വാസം മൂന്നു തവണ സൂറത്തു യാസീന്‍ പാരായണം ചെയ്താല്‍ തങ്ങളുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ്. അതിന് ദുര്‍ബലമായ ഹദീസിന്റെ പിന്‍ബലം പോലുമില്ല. ഒന്നാമത്തെ യാസീന്‍ പാപമുക്തനാകാന്‍ വേണ്ടിയാണ്. ലൈലതുല്‍ ബറാഅത്ത് എന്ന് പറഞ്ഞാല്‍, പാപത്തില്‍ നിന്നും മുക്തമാകുന്ന രാവ് എന്നാണ്. അല്ലാഹു നമ്മുടെ പാപങ്ങള്‍ പൊറുക്കണമെങ്കില്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കണം. അത് ഖുര്‍ആന്‍ നല്‍കുന്ന വ്യാപകമായ ഒരാശയമാണ്. മറിച്ച് യാസീന്‍ കൊണ്ട് പാപങ്ങള്‍ പൊറുക്കപ്പെടുന്നതല്ല. രണ്ടാമത്തെ യാസീന്‍ ആയുസ് വര്‍ധിപ്പിക്കാനാണ്. ഇത് ഖുര്‍ആന്‍ വിരുദ്ധമായ അബദ്ധങ്ങളില്‍ പെട്ടതാണ്. കാരണം, ആയുസ് ഗര്‍ഭാശയത്തില്‍വെച്ചുതന്നെ നിര്‍ണയിക്കപ്പെട്ടതാണ്.” (മുസ്‌നദ് അഹ്മദ്)
അല്ലാഹു പറയുന്നു: ”ഒരാളുടെ മരണത്തിന്റെ അവധി എത്തിക്കഴിഞ്ഞാല്‍ ഒരിക്കലും പിന്തിക്കുന്നതല്ല” (മുനാഫിഖൂന്‍ 11). ”മരണത്തെ നാം നിങ്ങള്‍ക്കിടയില്‍ (കൃത്യമായി) നിര്‍ണയിച്ചിരിക്കുന്നു” (വാഖിഅ 60). മൂന്നാമത്തെ യാസീന്‍ രിസ്ഖിനു വേണ്ടിയാണ്. അതും ഖുര്‍ആനിനും ഹദീസിനും വിരുദ്ധമാണ്. നമ്മുടെ ആയുസ്, രിസ്ഖ് തുടങ്ങി എല്ലാ സംഗതികളും അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് വിശുദ്ധ ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പറയുന്നുണ്ട്. ഉദാഹരണത്തിന് സൂറത്ത് അന്‍ആമിലെ 59-ാം വചനം നോക്കുക. നബി(സ)യുടെ ഹദീസിലും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ചുരുക്കം ഇപ്രകാരമാണ്: നബി(സ) അരുളിയതായി ഇബ്‌നുമസ്ഊദ്(റ) പ്രസ്താവിക്കുകയുണ്ടായി. ഗര്‍ഭാശയത്തില്‍വെച്ച് നിങ്ങള്‍ക്ക് റൂഹ് ഊതപ്പെടുകയും നിങ്ങളുടെ ഭക്ഷണം, അവധി, പ്രവര്‍ത്തനങ്ങള്‍, നിങ്ങള്‍ നിര്‍ഭാഗ്യവാനാണോ (നരകക്കാരന്‍) സൗഭാഗ്യവാനാണോ (സ്വര്‍ഗക്കാരന്‍) എന്നിവ രേഖപ്പെടുത്തപ്പെടും.” (മുസ്‌നദ് അഹ്മദ്, ഇബ്‌നുകസീര്‍ 3:241)
ശഅ്ബാന്‍ പാതിരാവില്‍ നടക്കുന്ന മറ്റൊരു അനാചാരം സ്വലാതുര്‍റഗായിബ് (ആഗ്രഹസഫലീകരണ നമസ്‌കാരം) ആണ്. ചുരുക്കത്തില്‍ ശഅ്ബാന്‍ പാതിരാവിന് നടക്കുന്നത് മൂന്നുതരം അനാചാരങ്ങളാണ്. ഒന്ന്, സ്വലാതുര്‍റഗായിബ് എന്ന നമസ്‌കാരം, രണ്ട്, അന്നത്തെ പകല്‍ സമയത്തെ നോമ്പ്, മൂന്ന്, അന്ന് നടത്തപ്പെടുന്ന പ്രത്യേകം പ്രാര്‍ഥനകള്‍. റമദാന്‍ നോമ്പ് അനുഷ്ഠിക്കാത്ത പലരും പ്രസ്തുത ദിവസം നോമ്പനുഷ്ഠിക്കുന്നവരാണ് എന്നതും ഒരു തമാശയാണ്.
ദുര്‍ബലമായ ചില റിപ്പോര്‍ട്ടുകളുടെയും ഇക്‌രിമയെ(റ) പോലുള്ളവരുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലും ശഅ്ബാന്‍ പാതിരാവിന് പുണ്യവും പ്രത്യേകതയും നല്‍കിപ്പോന്നത് താബിഉകളിലെ ശാമുകാരില്‍പെട്ട ചിലരാണ്. റജബ് മാസത്തിന് പുണ്യവും പ്രത്യേകതയും കല്‍പിച്ചിരുന്നത് മുദ്വര്‍ ഗോത്രക്കാരായിരുന്നു എന്നതുപോലെ. അക്കാര്യം സമസ്തക്കാര്‍ വളരെയധികം ആദരിക്കുന്ന പണ്ഡിതനായ ഇബ്‌നുഹജറില്‍ ഹൈതമി(റ) തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ശാമുകാരായ താബിഉകളില്‍പെട്ട ചിലര്‍ ആ രാവിനെ ആദരിക്കുകയും അന്ന് ആരാധനകളില്‍ മുഴുകുകയും ചെയ്തുപോന്നിരുന്നുവെങ്കിലും ശരി, അവര്‍ (ശാമുകാര്‍) മതത്തില്‍ നിര്‍മിച്ചുണ്ടാക്കിയ അനാചാരങ്ങളാണ് പിന്നീട് ചില ആളുകള്‍ സ്വീകരിച്ചുപോന്നത്. അതിന്നവര്‍ സ്വീകാര്യയോഗ്യമായ യാതൊരു രേഖയും അവലംബമാക്കിയിട്ടില്ല. യഹൂദി കഥകളെ അവലംബമാക്കിയാണ് അവര്‍ ആ രാവില്‍ അനാചാരങ്ങള്‍ നിര്‍മിച്ചുണ്ടാക്കിയത് എന്നും പറയപ്പെടുന്നുണ്ട്.
ഇമാം ശാഫിഈ(റ), ഇമാം മാലിക്(റ) എന്നിവരും മറ്റുള്ള പണ്ഡിതന്മാരും അപ്രകാരമാണ് പ്രസ്താവിച്ചിട്ടുള്ളത്. നബി(സ)യില്‍ നിന്നോ സ്വഹാബികളില്‍ നിന്നോ അന്നത്തെ രാവിന്റെ പുണ്യത്തെ സംബന്ധിച്ച് യാതൊന്നും തന്നെ സ്വഹീഹായ നിലയില്‍ സ്ഥിരപ്പെട്ടുവരാത്തതിനാല്‍ അന്ന് നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ബിദ്അത്തില്‍ പെടുന്നതാണ്” (ഫതാവല്‍കുബ്‌റാ 2:80
‘റജബ് മാസം 27-ാം രാവിന്റെ പുണ്യത്തെക്കുറിച്ചും ശഅ്ബാന്‍ പാതിരാവിന്റെ പുണ്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ റിപ്പോര്‍ട്ടുകളും അടിസ്ഥാനരഹിതവും കളവും അടിത്തറയില്ലാത്തതുമാണ്.” (ഫതാവല്‍കുബ്‌റാ 1:184)
ഇമാം നവവി(റ)യുടെ ഗുരുനാഥനായ ഇമാം അബൂശാമയുടെ പ്രസ്താവന ഇപ്രകാരമാണ്: ”ശഅ്ബാന്‍ പാതിരാവിന്റെ ശ്രേഷ്ഠതയയെ സംബന്ധിക്കുന്ന ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ല. അതിനാല്‍ അല്ലാഹുവിന്റെ അടിമകളേ, ഹദീസുകള്‍ നിര്‍മിച്ചുണ്ടാക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കണം. ഒരു ഹദീസ് നുണയാണെന്ന് ബോധ്യപ്പെട്ടാല്‍ അത് മതത്തില്‍ നിന്ന് പുറത്താണ്” (കിതാബുല്‍ ബാഇസ്, പേജ് 127)
ഈ വിഷയത്തില്‍ സമസ്ത പണ്ഡിതന്മാരുടെ ഫത്‌വകള്‍ വൈരുധ്യം നിറഞ്ഞതാണെന്ന് കാണാന്‍ സാധിക്കും. സമസ്തയുടെ സമുന്നത പണ്ഡിതനായിരുന്ന കണ്ണിയത്ത് ഉസ്താദിന്റെ ഫത്‌വ ശ്രദ്ധിക്കുക: ”ബറാഅത്തിന്റെ നോമ്പ് അയ്യാമുല്‍ ബീളില്‍ പെട്ടതായ നിലയ്ക്ക് സുന്നത്താണെന്നല്ലാതെ സ്വന്തം ബറാഅത്തിന്റെ നോമ്പായ നിലയ്ക്ക് സുന്നത്തില്ലെന്ന് സ്ഥിരപ്പെട്ടു. (ഫതാവല്‍ കുബ്‌റായിലെ ഹൈതമിയുടെ ഫത്‌വ ഉദ്ധരിച്ചതിനുശേഷമാണ് അപ്രകാരം പറഞ്ഞത്). എന്നാല്‍ ഇബ്‌നുമാജയുടെ(റ) സുന്നത്താണെന്ന ഹദീസ് ദഈഫാണ്” (കണ്ണിയത്ത് സ്മരണിക, പേജ് 104)
എന്നാല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാരുടെ ലേഖനം അതിന്നെതിരാണ്. ”ഇമാം റംലി പറയുന്നു: ശഅ്ബാന്‍ പകുതിയുടെ രാവില്‍ നിങ്ങള്‍ നമസ്‌കരിക്കുകയും പകലില്‍ നോമ്പനുഷഠിക്കുകയും ചെയ്യുക എന്ന ഇബനുമാജ റിപ്പോര്‍ട്ട് ചെയ്ത ഹദീസ് തെളിവായി സ്വീകരിച്ച് ബറാഅത്ത് ദിനത്തില്‍ പ്രസ്തുത ദിനം എന്ന നിലയ്ക്കുതന്നെ നോമ്പ് സുന്നത്താണ്.” (ഫതാവാ റംലി, 2:29, സുന്നി അഫ്കാര്‍ 2007 ഓഗസ്റ്റ് പേജ് 10)
ഇബ്‌നുമാജയുടെ റിപ്പോര്‍ട്ട് ദുര്‍ബലമാണെന്നാണ് കണ്ണിയത്ത് ഉസ്താദ് ഫത്‌വ കൊടുത്തത്. ചെറുശ്ശേരി അത് സ്വഹീഹാക്കുകയാണ് ചെയ്തത്. ഈ വിഷയത്തില്‍ ശാഫിഈ മദ്ഹബുകാരനായ ജലാലുദ്ദീനിസ്സുയൂഥി(റ)യുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ”ഇബ്‌നുവളാഹ്(റ) സൈദുബ്‌നു അസ്‌ലമില്‍(റ) നിന്ന് ഉദ്ധരിക്കുകയുണ്ടായി. നമ്മുടെ കര്‍മശാസ്ത്ര പണ്ഡിതന്മാരെ നമ്മുടെ അനുയായികളെ പ്രത്യേകത കല്പിച്ചുകൊണ്ട് ശഅ്ബാന്‍ പാതിരാവിലേക്ക് തിരിഞ്ഞുനോക്കുകപോലും ചെയ്തിരുന്നതായി നാം കണ്ടിട്ടില്ല. മക്ഹൂലിന്റെ ഹദീസിലേക്ക് അവര്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. മറ്റുള്ള രാവുകളെക്കാള്‍ യാതൊരു പ്രത്യേകതയും അവര്‍ ശഅ്ബാന്‍ പാതിരാവിന് നല്‍കാറുമുണ്ടായിരുന്നില്ല. ഹാഫിദ് അബുല്‍ഖത്ത്വാ(റ) പ്രസ്താവിക്കുന്നു:
ശഅ്ബാന്‍ പാതിവാരിനെ സംബന്ധിച്ച് ഒരു ഹദീസും സ്വീകാര്യയോഗ്യമായി വന്നിട്ടില്ല. അതിനാല്‍ അല്ലാഹുവിന്റെ അടിമകളേ ഹദീസ് നിര്‍മിച്ചുണ്ടാക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കണം. ഇപ്രകാരം ഹദീസ് നിദാശാസ്ത്ര പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്” (അല്‍അംറുബില്‍ ഇത്താബാഇ വന്നഹ്‌യു അനില്‍ ഇബ്തിദാഇ പേ 64). അപ്പോള്‍ ശഅ്ബാന്‍ പാതിരാവിന്റെ പോരിശകളെ സംബന്ധിച്ച് വന്നിട്ടുള്ള ഹദീസുകള്‍ ദുര്‍ബലവും നിര്‍മിതവുമാണെന്ന് ബോധ്യപ്പെട്ടു.