26 Friday
July 2024
2024 July 26
1446 Mouharrem 19

സുന്നത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്ന ഹദീസ് നിഷേധം

എ അബ്ദുല്‍ഹമീദ് മദീനി

ഹദീസ് നിഷേധത്തിന്റെ ചരിത്രം, പ്രവണതകള്‍, വ്യക്തികള്‍

ഖുര്‍ആന്‍ നമുക്ക് പഠിപ്പിച്ചുതരാന്‍ അല്ലാഹു നിയോഗിച്ച അധ്യാപകനാണ് മുഹമ്മദ് നബി(സ). അല്ലാഹു പറയുന്നു: ”ഈ ഉദ്‌ബോധനം നിനക്ക് ഇറക്കിയിരിക്കുന്നത്, ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയുമാണ്” (16:44). മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ വചനങ്ങള്‍ക്കു നല്‍കിയ വിശദീകരണമാണ് സുന്നത്ത്. അദ്ദേഹത്തിന്റെ വിശദീകരണം മാറ്റിവെച്ചുകൊണ്ട് ഒരാള്‍ക്ക് മുസ്‌ലിമായി ജീവിക്കുക സാധ്യമല്ല. വിശുദ്ധ ഖുര്‍ആന്‍ ഗ്രഹിക്കുന്നതിലും അതിന്റെ പൊതുതത്വങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന വിധികള്‍ കണ്ടെത്തുന്നതിലും സുന്നത്തിനു സുപ്രധാന സ്ഥാനമുണ്ട്.
ഈ സുന്നത്ത് ഇല്ലായിരുന്നുവെങ്കില്‍ ഖുര്‍ആന്റെ പല ഭാഗവും നമുക്ക് അജ്ഞാതമായി അവശേഷിക്കുമായിരുന്നു. ഖുര്‍ആന്‍ സംക്ഷിപ്തമായി പറഞ്ഞതിനെ സുന്നത്ത് വിവരിച്ചുതരുന്നു. പൊതുവായി പറഞ്ഞ നിയമങ്ങളെ പരിമിതിപ്പെടുത്തിത്തരുന്നു. ഈ സുന്നത്ത് തള്ളിക്കളഞ്ഞാല്‍ പിന്നെ എങ്ങനെയാണ് നാം മുസ്‌ലിമായി ജീവിക്കുക? ഖുര്‍ആന്‍ നമസ്‌കാരവും സകാത്തും നോമ്പും ഹജ്ജുമെല്ലാം നമുക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. പക്ഷേ, അതിന്റെ രൂപവും ഭാവവും ഖുര്‍ആനില്‍ കാണുക സാധ്യമല്ല. നബി(സ)യുടെ സുന്നത്ത് മാറ്റിവെച്ചുകൊണ്ട് നമസ്‌കാരമോ സകാത്തോ നോമ്പോ ഹജ്ജോ ഒന്നും നിര്‍വഹിക്കാന്‍ സാധ്യമല്ല. ഇനി ആരെങ്കിലും സുന്നത്ത് അവലംബിക്കാതെ ഇവയെല്ലാം ചെയ്താല്‍ മേല്‍ പറയപ്പെട്ട പ്രധാന ആരാധനാ കര്‍മങ്ങളുടെ രൂപത്തിലും ഭാവത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാവും.
ഒരേ ചരടില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ ഈ ആരാധനാ കര്‍മങ്ങള്‍ ലോകം മുഴുവന്‍ നിലനില്‍ക്കുന്നത് നബി(സ)യുടെ ചര്യയിലൂടെ മാത്രമാണ്. ഉദാഹരണം: ”ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുഷ്പ്രവൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടില്ല” (2:197). സുന്നത്ത് മാറ്റിനിര്‍ത്തിയാല്‍ ഹജ്ജിന്റെ അറിയപ്പെട്ട മാസങ്ങള്‍ ഏതാണെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. ഇസ്‌ലാമിനു മുമ്പുതന്നെ അറബികള്‍ക്ക് അറിയാവുന്ന മാസങ്ങളായിരുന്നു അത് എന്നാണ് ഉത്തരമെങ്കില്‍, കഅ്ബയുടെ പരിപാലകരായ ഖുറൈശികള്‍ കാലാവസ്ഥ അനുകൂലമല്ലാതെ വന്നാല്‍ ഹജ്ജിന്റെ മാസങ്ങളില്‍ മാറ്റങ്ങള്‍ വരുത്താറുണ്ടായിരുന്നു. ഹജ്ജ് നിര്‍വഹണത്തിന് അറഫയില്‍ നിന്നു പ്രാര്‍ഥിക്കല്‍ നിര്‍ബന്ധമാണെന്ന് ഖുര്‍ആന്‍ കല്‍പിച്ചിട്ടുണ്ട്. എന്നാല്‍ അത് ദുല്‍ഹിജ്ജ 9-നാണെന്നതും അതിന്റെ സമയവും മറ്റും നബി(സ)യുടെ സുന്നത്തില്‍ കൂടി മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
”വെള്ളിയാഴ്ച നമസ്‌കാരത്തിനു വിളിക്കപ്പെട്ടാല്‍ അല്ലാഹുവിന്റെ സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരുകയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക” (62:9). ഇത് എല്ലാ വെള്ളിയാഴ്ചയും ആവര്‍ത്തിക്കേണ്ടതുണ്ടോ അതോ ഒറ്റ പ്രാവശ്യം മതിയോ? കേവലം ഒരു കല്‍പനാക്രിയ വന്നാല്‍ അതനുസരിച്ചാല്‍ മതി, ആവര്‍ത്തിക്കേണ്ടതില്ല. ബാങ്കിന്റെ രൂപവും ഭാവവും ഖുര്‍ആന്‍ കൊണ്ട് തെളിയിക്കാന്‍ സാധിക്കുമോ? ഇത്യാദി കാര്യങ്ങളെല്ലാം നബി(സ)യുടെ സുന്നത്തില്‍ കൂടി മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
സകാത്തിനെ പരാമര്‍ശിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: ”അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളില്‍ നിന്ന് നീ വാങ്ങുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക” (9:103). ഏതെല്ലാം സാധനങ്ങള്‍ക്ക് എപ്പോഴാണ്, എത്രയാണ് സകാത്ത് നല്‍കേണ്ടത്? എല്ലാ ദിവസവും എല്ലാ മാസവും നല്‍കേണ്ടതുണ്ടോ അതോ കൊല്ലത്തില്‍ ഒരിക്കല്‍ നല്‍കിയാല്‍ മതിയോ? ഇതെല്ലാം നബിചര്യയില്‍ മാത്രമേ വിശദീകരിക്കപ്പെട്ടിട്ടുള്ളൂ. ഇതുപോലെ തന്നെയാണ് മയ്യിത്ത് നമസ്‌കാരത്തിന്റെ സ്ഥിതിയും. മയ്യിത്ത് നമസ്‌കരിക്കരുതെന്ന പരാമര്‍ശം ഖുര്‍ആനില്‍ വന്നിട്ടുണ്ട്. നമസ്‌കരിക്കണമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടില്ല. ”അവരുടെ കൂട്ടത്തില്‍ നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്” (9:84). പിന്നെ എവിടെ നിന്നു കിട്ടി മയ്യിത്ത് നമസ്‌കാരം? എങ്ങനെയാണ് മയ്യിത്ത് നമസ്‌കരിക്കേണ്ടത്? മറ്റു നമസ്‌കാരങ്ങള്‍ പോലെയാണോ? എങ്കില്‍ റുകൂഉം സുജൂദും ചെയ്യേണ്ടതുണ്ടോ? ഇതിന് ഒരു ഉത്തരമേയുള്ളൂ: നബി(സ)യുടെ സുന്നത്താണ് ഇതിന്റെയെല്ലാം അടിസ്ഥാന പ്രമാണം.
സുന്നത്ത് മാറ്റിവെച്ചുകൊണ്ട് നമുക്ക് ഇസ്‌ലാമിക ജീവിതം നയിക്കാന്‍ ഒരിക്കലും സാധ്യമല്ല. സുന്നത്തിനെ അവഗണിക്കുന്നവര്‍ക്ക് നാശം സംഭവിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്: ”അേദ്ദഹത്തിന്റെ (നബിയുടെ) കല്‍പനയ്ക്ക് എതിരു പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ” (24:63).

സഹാബിമാരും നബിചര്യയും
നബി(സ)യുടെ വാക്കുകളും പ്രവൃത്തികളും അംഗീകാരങ്ങളും പഠിച്ചുവെക്കുന്നതില്‍ സഹാബിമാര്‍ അതീവ താല്‍പര്യമുള്ളവരും സൂക്ഷ്മതയുള്ളവരുമായിരുന്നു. സംശയം വന്നാല്‍ തിരുമേനിയോട് ചോദിച്ച് സംശയം തീര്‍ക്കും. നബി(സ)യുടെ മരണാനന്തരം സഹാബിമാര്‍ക്ക് വല്ല സംശയവുമുണ്ടായാല്‍ അവരില്‍ പ്രമുഖരായ പണ്ഡിതന്മാരോട് ചോദിച്ചു സംശയം തീര്‍ക്കും. പലരും ആയിശ(റ)യോടാണ് സംശയങ്ങള്‍ ചോദിക്കാറ്. അവര്‍ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുകയും ചെയ്തിരുന്നു. അബൂബക്കറും(റ) ഉമറും(റ) അവരുടെ ഭരണകാലത്ത് സ്വഹാബിമാരുടെ യോഗം വിളിച്ച് വിഷയം അവരുടെ മുന്നില്‍ അവതരിപ്പിക്കുകയും ഈ വിഷയത്തില്‍ നിങ്ങള്‍ ആരെങ്കിലും നബി(സ)യില്‍ നിന്ന് വല്ലതും കേട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ഉണ്ടെങ്കില്‍ അതനുസരിച്ച് വിധിക്കുകയും ഇല്ലെങ്കില്‍ ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു.
അബൂബക്കറും(റ) ഉമറും(റ) മരണപ്പെട്ടു. ഉസ്മാനിബ്‌നു അഫ്ഫാന്‍(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആദ്യകാലങ്ങളില്‍ അബൂബക്കറും(റ) ഉമറും(റ) തുടര്‍ന്നുവന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങി. പിന്നീട് ഫിത്‌നയുടെ കാലഘട്ടമായിരുന്നു. ഇസ്‌ലാമിന്റെ ശത്രുക്കളുടെ പ്രേരണയ്ക്ക് വശംവദരായി ചില വിപ്ലവകാരികള്‍ രംഗത്തുവന്നു. അവര്‍ ഇളക്കിവിട്ട വിപ്ലവം ഉസ്മാന്റെ(റ) വധത്തില്‍ കലാശിച്ചു. തുടര്‍ന്ന് ഹിജ്‌റ 40-നു ശേഷം മുന്‍ സ്ഥിതിഗതികളില്‍ മാറ്റം വന്നു. സുന്നത്തിന്റെ പരിശുദ്ധിയില്‍ കളങ്കം കലര്‍ന്നു. മുസ്‌ലിം ഐക്യം തകര്‍ന്നു. ഇതിന്റെയെല്ലാം പിന്നില്‍ യഹൂദികളുടെ കറുത്ത കൈകള്‍ ഗൂഢമായി പ്രവര്‍ത്തിച്ചു. ഹിജ്‌റ 40 വര്‍ഷം വരെയുള്ള കലര്‍പ്പില്ലാത്ത ശുദ്ധമായ സുന്നത്തില്‍ രാഷ്ട്രീയം കലര്‍ന്നു. പിന്നെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഹദീസില്‍ കൈകടത്തല്‍ നിര്‍ബാധം തുടര്‍ന്നു. അലി(റ)യും മുആവിയയും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഹദീസുകള്‍ ചിലര്‍ നിര്‍മിച്ചു. ഇതെല്ലാം ഇസ്‌ലാമിക ചരിത്രത്തില്‍ രക്തപ്പുഴ ഒഴുക്കിയ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളായിരുന്നു. മുസ്‌ലിംകള്‍ ഭൂരിഭാഗവും അലി(റ)യുടെ പക്ഷത്ത് നിലകൊണ്ടു. പിന്നീട് അലി(റ)യുടെ കക്ഷിയില്‍ നിന്ന് അദ്ദേഹം തഹ്കീം സ്വീകരിച്ചതുകൊണ്ട് തീവ്രവാദികളായ ഖവാരിജുകള്‍ ഉടലെടുത്തു. ഇവര്‍ അലി(റ)യോടും മുആവിയയോടും പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആഭ്യന്തര കലഹങ്ങള്‍ വര്‍ധിച്ചു. അങ്ങനെ അലി(റ) ഖവാരിജുകളുടെ കൈകളാല്‍ വധിക്കപ്പെട്ടു.
അലി(റ)യുടെ കക്ഷി എന്ന പേരില്‍ അറിയപ്പെട്ട ശീഇകള്‍ നബികുടുംബത്തിന് അല്ലാഹു നല്‍കിയ ഖിലാഫത്ത് (ഭരണം) മുആവിയ വഞ്ചനയിലൂടെ തട്ടിയെടുത്തതുകൊണ്ട് അദ്ദേഹത്തെ അനുസരിക്കല്‍ കുഫ്‌റാണെന്നും മുസ്‌ലിംകള്‍ എല്ലാവരും മുആവിയക്കെതിരെ ഒന്നിക്കണമെന്നും വാദിച്ചു. ഇവരെ നഖശിഖാന്തം എതിര്‍ക്കുകയും വിമര്‍ശിക്കുകയും ശപിക്കുകയും ചെയ്തുകൊണ്ട് മുആവിയയും അനുയായികളും രംഗത്തുവന്നു. ഇതില്‍ രണ്ടിലും പെടാതെ മാറിനില്‍ക്കുന്ന കക്ഷികളും ഉണ്ടായിരുന്നു. ഇവരെല്ലാവരും ഖുര്‍ആനും സുന്നത്തും അവര്‍ ഇച്ഛിക്കുന്ന വിധത്തില്‍ വ്യാഖ്യാനിച്ചു. ഓരോ കക്ഷിയും അവരവര്‍ക്ക് അനുകൂലമായ ഹദീസുകള്‍ കെട്ടിയുണ്ടാക്കി. ബസ്വറയില്‍ ഹദീസ് നിര്‍മാണ കേന്ദ്രങ്ങള്‍ തന്നെ ഉയര്‍ന്നുവന്നു. അവിടെ നിന്നായിരുന്നു കൂടുതല്‍ ഹദീസുകള്‍ അടിച്ചിറക്കിയിരുന്നത്. എന്നാല്‍ ഹദീസ് നിര്‍മാണത്തില്‍ ഏറ്റവും മുന്നിട്ടുനിന്നത് ശീഇകള്‍ തന്നെയായിരുന്നു. ഇബ്‌നു അബില്‍ ഹദീദ് ‘നഹ്ജുല്‍ ബലാഗ’ എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു: ”അറിയുക: നബികുടുംബത്തിന്റെ ശ്രേഷ്ഠതകള്‍ വിവരിക്കുന്ന ഹദീസുകളില്‍ കള്ളം പറയുന്നതിന് അടിത്തറയിട്ടത് ശീഇകളാണ്” (2:134).
വിവരമില്ലാത്ത അഹ്‌ലുസ്സുന്നത്തുകാര്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു. ഇങ്ങനെയാണ് ഹദീസ് നിര്‍മാണത്തിന് തുടക്കം കുറിച്ചത്. ഈ പരിതഃസ്ഥിതിയിലാണ് മുഅ്തസിലുകളുടെ നേതാവായ ഇബ്‌റാഹീമുബ്‌നു യസാറുന്നുളാം ഹദീസ് നിഷേധിയായി ആദ്യമായി രംഗത്തുവരുന്നത്. നുളാമും കൂട്ടരുമാണ് ഹദീസ് നിഷേധത്തിന് തുടക്കമിട്ടതെന്ന് അബുല്‍ ഹുസൈനുല്‍ ബസരി അല്‍ മുഅ്തമിദ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ മുഅ്തസിലുകള്‍ മൊത്തത്തില്‍ ഹദീസ് നിഷേധികളായിരുന്നില്ല. അവരുടേതായ മാനദണ്ഡത്തോട് ഒത്തുവരാത്ത ഹദീസുകള്‍ നിഷേധിക്കുകയാണ് ചെയ്തത്.
ഇബ്‌റാഹീമുബ്‌നു യസാറുന്നുളാം തുടങ്ങിവെച്ച ഹദീസ് നിഷേധം മറ്റു ചിലരും പ്രചരിപ്പിച്ചു. പക്ഷേ, മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഹദീസ് നിഷേധ സിദ്ധാന്തങ്ങളെ പൂര്‍ണമായും കുഴിച്ചുമൂടി. പിന്നീട് ഹദീസ് നിഷേധത്തെ പുനരുജ്ജീവിപ്പിച്ചത് അറേബ്യയിലെയും ഇന്ത്യയിലെയും ചില പണ്ഡിതന്മാരായിരുന്നു.
അറേബ്യന്‍ പണ്ഡിതന്മാരില്‍ ഹദീസ് നിഷേധത്തിനു തുടക്കം കുറിച്ചത് തൗഫീഖ് സദീഖി എന്ന ഈജിപ്ഷ്യന്‍ പണ്ഡിതനായിരുന്നു. അദ്ദേഹം ‘ഇസ്‌ലാം ഖുര്‍ആനില്‍ മാത്രം’ എന്ന പേരില്‍ രണ്ടു ലേഖനങ്ങള്‍ എഴുതി. 1353ല്‍ അഹ്മദ് അമീനും ഇസ്മാഈല്‍ അദ്ഹമും ഇതിനെ പിന്തുണച്ചു. തുടര്‍ന്ന് മഹ്മൂദ് അബൂ റയ്യ ഹദീസ് നിഷേധ പ്രചാരകനായി രംഗത്തുവരുകയും ‘അള്‌വാഉം അലസ്സുന്നത്തില്‍ മുഹമ്മദിയ്യ’ എന്ന ഗ്രന്ഥം രചിച്ചുകൊണ്ട് തന്റെ ഹദീസ് നിഷേധം ശക്തിപ്പെടുത്തുകയുമുണ്ടായി.
ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നു മോചിപ്പിക്കാന്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ജിഹാദ് പ്രഖ്യാപിച്ചു. ഈ കൂട്ടായ്മയുടെ അപകടം മണത്തറിഞ്ഞ ബ്രിട്ടീഷുകാര്‍ മുസ്‌ലിം പണ്ഡിതന്മാരില്‍ ചിലരെ വശത്താക്കി, അവര്‍ മുഖേന ജിഹാദിന് പ്രേരിപ്പിക്കുന്ന ഹദീസുകളെ ആദ്യമായി നിഷേധിച്ചു. ഇതിന് നേതൃത്വം നല്‍കിയത് മൗലാനാ ചിറാഗ് അലിയും മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുമായിരുന്നു. ഇവര്‍ രണ്ടു പേരും ബ്രിട്ടീഷ് ഭരണത്തെ അനുസരിക്കല്‍ മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാണെന്നും അതിനായി ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും ജിഹാദിനു പ്രേരിപ്പിക്കുന്ന ഹദീസുകളെ നിഷേധിക്കുകയും ചെയ്തു. സര്‍ സയ്യിദ് അഹ്മദ് ഖാന്‍, അബ്ദുല്ലാ ജഗ്‌റാലവി, അഹ്മദുദ്ദീന്‍ അമൃത്‌സരി പോലെയുള്ളവര്‍ രംഗത്തുവരുകയും നമുക്ക് ഖുര്‍ആന്‍ മാത്രം മതി എന്ന ആശയത്തിനു പ്രചാരം നല്‍കുകയും ചെയ്തു.
തുടര്‍ന്നു ഗുലാം അഹ്മദ് പര്‍വേസ് എന്ന പണ്ഡിതന്‍ അഹ്‌ലുല്‍ ഖുര്‍ആന്‍ എന്ന ഒരു സംഘടനയ്ക്ക് രൂപം നല്‍കി ഒരു മാസിക പ്രസിദ്ധീകരിക്കുകയും ഏതാനും ചില ഗ്രന്ഥങ്ങള്‍ ഈ വിഷയത്തില്‍ രചിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഗുലാം അഹ്മദ്, തൗഫീഖ് സദീഖിയെ അന്ധമായി അനുകരിക്കുകയാണ് ചെയ്തത്. തൗഫീഖ് സദീഖിയാണ് ഹദീസിനെ പൂര്‍ണമായും നിഷേധിച്ചത്. ഏക റാവി റിപ്പോര്‍ട്ടുകളെ മാത്രമല്ല, മുതവാതിറായ ഹദീസുകളെയും അദ്ദേഹം നിഷേധിച്ചു. അങ്ങനെ അഞ്ച് വഖ്ത് നമസ്‌കാരത്തെയും റക്അത്തുകളുടെ എണ്ണത്തെയും നമസ്‌കാരത്തിന്റെ രൂപഭാവങ്ങളെയും നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ”ഖുര്‍ആന്‍ നമസ്‌കാരം നിലനിര്‍ത്തണമെന്നു പറഞ്ഞത് അതിന്റെ രൂപഭാവങ്ങള്‍ കാലോചിതമായി മാറ്റങ്ങള്‍ വരുത്തേണ്ടതിനാണ്.” ഇതുതന്നെയാണ് തൗഫീഖ് സദീഖി ‘ഇസ്‌ലാം ഖുര്‍ആന്‍ മാത്രം’ എന്ന ലേഖനത്തില്‍ പറഞ്ഞത്. ഇതേ ആശയം നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് ചേകന്നൂര്‍ മൗലവിയാണ്.
ഇന്ത്യ-പാക് വിഭജനത്തിനു ശേഷം ഈ ചിന്താഗതികള്‍ ലാഹോര്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചു. വളരെ കുറഞ്ഞ പേര്‍ ഇന്ത്യയിലും ഉണ്ടായിരുന്നു. ലാഹോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവര്‍:
1. അഹ്‌ലുദ്ദിക്‌രി വല്‍ ഖുര്‍ആന്‍. ഈ വിഭാഗത്തിനു നേതൃത്വം നല്‍കുന്നത് മുഹമ്മദ് അലി റസൂല്‍ ലക്‌നവിയാണ്. അദ്ദേഹം ആശയപ്രചാരണത്തിന് ബലാഗുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചു.
2. ഉമ്മത്തും മുസ്‌ലിമ: ഈ സംഘത്തിനു രൂപം നല്‍കിയത് ഇന്ത്യയിലെ അമൃത്‌സറില്‍ ഖാജാ അഹ്മദുദ്ദീനാണ്. പിന്നെ ഈ വിഭാഗം 1947ല്‍ പാകിസ്താനിലേക്ക് പോയി, ലാഹോര്‍ കേന്ദ്രമായി ആശയപ്രചാരണത്തിന് സൈഫുല്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചു.
3. ഹര്‍കത്തുത്തഅ്മീരില്‍ ബശരിയ്യ: ഈ സംഘടനയ്ക്ക് തുടക്കം കുറിച്ചത് അബ്ദുല്‍ ഖാലിഖ് മാലു എന്ന പണ്ഡിതനാണ്. ഇവരുടെ പ്രധാന പ്രവര്‍ത്തകനായിരുന്നു ലോക കോടതി ജഡ്ജിയായിരുന്ന ഖാസി കിഫായത്തുല്ല. ഇവരുടെയും കേന്ദ്രം ലാഹോര്‍ തന്നെയായിരുന്നു.
4. തുലൂഉല്‍ ഇസ്‌ലാം സംഘം, ഇന്ന് പാകിസ്താനില്‍ ഏറ്റവും സ്വാധീനമുള്ള ഒരു സംഘടനയാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത്, ഇതിന്റെ സ്ഥാപകന്‍ ഗുലാം അഹ്മദ് പര്‍വേസ് കാഫിറാണെന്ന് പണ്ഡിതന്മാര്‍ ഫത്‌വ ഇറക്കിയതിനാല്‍ ജനങ്ങള്‍ ഇവരില്‍ നിന്ന് അകന്നു. പക്ഷേ ഇയാള്‍ പാകിസ്താനിലേക്ക് പോവുകയും അവിടെ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തുകൊണ്ട് ഇന്നു പാകിസ്താനില്‍ വിദ്യാഭ്യാസമുള്ളവരില്‍ വളരെ സ്വാധീനമുള്ള സംഘടനയായി മാറി. ‘തുലൂഉല്‍ ഇസ്‌ലാം’ എന്ന പേരില്‍ ഒരു മാസികയും ഇവര്‍ പ്രസിദ്ധീകരിച്ചിരുന്നു.

2 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x