27 Saturday
July 2024
2024 July 27
1446 Mouharrem 20

സുന്നത്തിന്റെ ആധികാരികത

അബ്ദുല്‍അലി മദനി


പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ വചനങ്ങളും ആശയങ്ങളുമാണ് വിശുദ്ധ ഖുര്‍ആന്‍. അത് ദിവ്യബോധനമായി (വഹ്‌യ്) പ്രവാചകന്‍ മുഹമ്മദ് നബി(സ)യിലൂടെ അവതീര്‍ണമായതാണ്. ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ നബി(സ) അത് ഹൃദിസ്ഥമാക്കുകയും അവതരിച്ച പോലെ തന്നെ അനുചരന്മാരെ ഓതിക്കേള്‍പ്പിക്കുകയും അവര്‍ അത് പഠിച്ചെടുക്കുകയും മനപ്പാഠമാക്കുകയും സാധിക്കും വിധം രേഖപ്പെടുത്തി വെക്കുകയും ചെയ്യുമായിരുന്നു. ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ കൃത്യമായി, ക്രമാനുസൃതമായി, ക്രോഡീകൃതമായി, സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടു. ആയതിനാല്‍ ഖുര്‍ആനാണ് ഒന്നാമത്തെ പ്രമാണം. അതിലെ സൂക്തങ്ങള്‍ ആവശ്യാനുസരണം അവതരിക്കുന്ന ഘട്ടത്തിലെല്ലാം നബി(സ) അവര്‍ക്ക് അത് വിശദീകരിച്ചു കൊടുത്തു. ഈ വിധം വിശദമാക്കിക്കൊടുക്കാന്‍ അല്ലാഹു നബി(സ)ക്ക് നേരത്തെ അധികാരം നല്‍കിയിട്ടുണ്ട്. (വി.ഖു 16:44 നോക്കുക)
ഈയൊരു പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ ‘പാരായണം’ ചെയ്യപ്പെടുന്ന ദിവ്യ ബോധന സമാഹാരമാണെന്ന് മനസ്സിലാക്കാം. അഥവാ, ഖുര്‍ആന്‍ മത്‌ലുവ്വ് ആയ വഹ്‌യാണ്. എന്നാല്‍ നബി(സ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം, ആഗ്രഹങ്ങള്‍ എന്നിങ്ങനെ നബിചര്യയായി (ഹദീസ്) അറിയപ്പെടുന്നതെല്ലാം ഖുര്‍ആന്‍ പോലെ പാരായണം ചെയ്യപ്പെടുന്ന ദിവ്യബോധനമാവില്ല. അതില്‍ ഇല്‍ഹാമിയായ വഹ്‌യുള്ളതും ഇല്ലാത്തതുമുണ്ടാകാം. ഇല്‍ഹാമിയായ വഹ്‌യും മത്‌ലുവ്വായ വഹ്‌യും ഒന്നാക്കി കാണാവതല്ലെന്ന് സാരം. പ്രവാചകന്റെ മനസ്സില്‍ അല്ലാഹു നല്‍കിയ അറിവാണിതെന്ന് ഉറപ്പാകും വിധം ലഭിക്കുന്ന ബോധനങ്ങള്‍ക്കാണ് ഇല്‍ഹാമിയായ വഹ്‌യ് എന്ന് പറയുക.
ദിവ്യബോധനം രണ്ട് വിധമുണ്ട് 1) മത്‌ലുവ്വ് (പാരായണം ചെയ്യപ്പെടേണ്ട). ഇതാണ് വിശുദ്ധ ഖുര്‍ആന്‍. 2) ഇല്‍ഹാമിയായത്. ഇത് ഖുര്‍ആന്‍ പാരായണം ചെയ്താല്‍ ലഭിക്കുമെന്നറിയിച്ച പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടില്ലാത്ത നബി(സ) നല്‍കിയ വിശദീകരണ സമാഹാരവുമാണ്.
ഖുര്‍ആന്‍ അല്ലാഹുവിന്റെ വാക്കുകളും വചനങ്ങളുമാണെങ്കില്‍ ഹദീസ് എന്നത് നബി(സ)യുടെ വാക്കുകളും വചനങ്ങളുമാണ്. നബി(സ)ക്ക് ഖുര്‍ആനല്ലാത്ത വഹ്‌യ് ഉണ്ടായിരുന്നെന്ന് പറഞ്ഞാല്‍ അര്‍ഥമാക്കുന്നത് ഇല്‍ഹാമിയായ വഹ്‌യ് ലഭിച്ചിരുന്നു എന്നാണ്. ഖുര്‍ആനിക വചനങ്ങള്‍ക്ക് നബി(സ) നല്‍കുന്ന വിശദീകരണമായ ഹദീസ് (സുന്നത്ത്) എന്നത് ഇല്‍ഹാമിയായ വഹ്‌യിലൂടെയും അല്ലാതെയുമാകാം. കാരണം, നബി(സ) നല്‍കുന്ന വിശദാംശങ്ങള്‍ക്കെല്ലാം നേരത്തെ അല്ലാഹുവില്‍ നിന്ന് അനുമതി ലഭിക്കപ്പെട്ടതാകയാല്‍ എല്ലാറ്റിനും വഹ്‌യിന്റെ ആവശ്യം വരുന്നില്ലെന്ന് സാരം. പ്രവാചകനില്‍ വിശ്വസിക്കുകയെന്നതു കൊണ്ട് അര്‍ഥമാക്കുന്നതും അതുതന്നെയാണ്. സ്ഥിരപ്പെട്ട നബിചര്യയാണ് ഇസ്‌ലാമിലെ രണ്ടാമത്തെ പ്രമാണം.
ഖുര്‍ആനുമായി ഹദീസുകള്‍ കൂടിക്കലരാതിരിക്കാന്‍ നബി(സ) പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടാണ് ഖുര്‍ആന്‍ ലിഖിതമാക്കി വെച്ചതുപോലെ ഹദീസുകള്‍ എഴുതി വെക്കാതിരുന്നത്. അല്ലാഹു അവതരിപ്പിക്കുന്ന വചനങ്ങള്‍ക്ക് ആവശ്യമായ വിശദാംശങ്ങള്‍ പ്രവാചകനില്‍ നിന്ന് നേരിട്ടു പഠിച്ചെടുക്കുന്ന സ്വഹാബികള്‍ക്ക് എല്ലാം എഴുതിവെക്കേണ്ട ആവശ്യം വരുന്നുമില്ല. നബി(സ) അവര്‍ക്കിടയില്‍ ജീവിച്ചിരിക്കുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും. എന്നിരുന്നാലും ചിലരെല്ലാം വളരെ അത്യാവശ്യമായ ചിലത് എഴുതിസൂക്ഷിച്ചിരുന്നു എന്ന് കാണാം. സത്യസന്ധമായ ഏടുകള്‍ എന്ന് അര്‍ഥം വരുന്ന അവയ്ക്ക് അസ്സഹീഹത്തുസ്സാദിഖയെന്നാണ് പറഞ്ഞിരുന്നത്. സ്വഹാബികളുടെ ഇത്തരം ശേഖരങ്ങളൊന്നും ഗ്രന്ഥരൂപത്തില്‍ ലഭ്യമാവില്ല. ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളില്‍ അവയുടെ ചില ഭാഗങ്ങള്‍ ഉണ്ടായിരിക്കാമെന്നല്ലാതെ.
നബി(സ)യില്‍ നിന്ന് മതം പഠിച്ചെടുക്കുന്ന സ്വഹാബികള്‍ക്ക് ആവശ്യമായതെല്ലാം പ്രവാചകന്‍ യഥാവിധി പകര്‍ന്നു നല്‍കിയിരുന്നതിനാല്‍ ഖുര്‍ആന്‍ വചനങ്ങള്‍ അവര്‍ എഴുതി, ഹൃദിസ്ഥമാക്കി, മുറപ്രകാരം ക്രോഡീകരിച്ചു വെച്ചു. ഖുര്‍ആന്‍ വചനങ്ങള്‍ക്ക് നബിചര്യയിലൂടെ നല്‍കിയ വിശദാംശങ്ങള്‍ പഠിച്ചെടുത്തത് അവര്‍ തൊട്ടടുത്തവര്‍ക്ക് കൈമാറുകയും ചെയ്തു. സ്വഹാബികളില്‍ നിന്ന് ഇസ്‌ലാമികാധ്യാപനങ്ങള്‍ സംവദിച്ചു പഠിച്ചവരാണ് താബിഉകള്‍ എന്നറിയപ്പെടുന്നത്. സത്യവിശ്വാസികളായി സ്വഹാബികളെ കാണുകയും അവരുമായി സഹവസിക്കുകയും അവരില്‍ നിന്ന് ഇസ്‌ലാമിക പാഠങ്ങള്‍ പഠിച്ചെടുക്കുകയും ചെയ്തവരാണവര്‍.
ഇസ്‌ലാം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും മതത്തിലേക്ക് അറബികളില്‍ നിന്നും അല്ലാത്തവരില്‍ നിന്നും ഒട്ടനേകം പേര്‍ കടന്നുവരികയും ചെയ്തു കൊണ്ടിരുന്നു. ഇവരില്‍പെട്ട ചിലര്‍ യുദ്ധങ്ങളിലും അല്ലാതെയും മരണമടയുകയും ചെയ്തു. സ്വഹാബികളുടെ കാലഘട്ടത്തിലും സാന്നിധ്യത്തിലും ഖുര്‍ആന്‍ അവതരിച്ചതു പോലെ തന്നെ ക്രോഡീകരിക്കപ്പെട്ടിരുന്നുവെന്നും ഖുര്‍ആനിന്റെ പ്രതികള്‍ എല്ലാ രാജ്യങ്ങളിലേക്കും എത്തിച്ചിരുന്നുവെന്നതും അറിയപ്പെട്ട പരമസത്യമാണ്. എന്നാല്‍ ഹദീസ് എന്ന നിലയ്ക്കുള്ള നബി(സ)യുടെ ചര്യകള്‍ പഠിച്ച സ്വഹാബികള്‍ക്കിടയില്‍ ഇന്നത്തെപ്പോലെയുള്ള ഹദീസ് ഗ്രന്ഥങ്ങളും കോപ്പികളുമൊന്നും ഉണ്ടായിട്ടില്ല.
സ്വഹാബികളില്‍ നിന്ന് ദീന്‍ പഠിച്ച താബിഉകള്‍ മരണപ്പെടുമ്പോള്‍ നബിചര്യകളായി അവര്‍ പഠിച്ചറിഞ്ഞ പലതും നഷ്ടപ്പെട്ടേക്കുമോ എന്ന ആശങ്ക അവരെ അത്യധികം പിടികൂടി. അങ്ങനെയാണ് ഈയൊരു പശ്ചാത്തലത്തില്‍ ഹദീസ് (നബിചര്യ) ക്രോഡീകരണ ചിന്തകള്‍ അവര്‍ക്കുണ്ടായത്. ഉമവീ ഭരണകാലഘട്ടത്തിലെ ഭരണാധികാരി ഖലീഫ ഉമറുബ്‌നു അബ്ദുല്‍അസീസ് ആണ് ഈ സംരംഭത്തിന് മുന്നിട്ടിറങ്ങിയത്.
നബിചര്യയാണെന്ന വ്യാജേന പലതും ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിരുന്നതിനാല്‍ വളരെയേറെ സൂക്ഷ്മത വേണ്ട ഒരു രംഗമായിരുന്നു അത്. ചിലര്‍ സദുദ്ദേശ്യത്തോടെ ഹദീസുകളാണെന്നു പറഞ്ഞ് പലതും പ്രചരിപ്പിച്ചു. മറ്റു ചിലര്‍ അവരുടെ താല്പര്യ സംരക്ഷണം ഉന്നംവെച്ച് നബിയുടെ പേരില്‍ പലവിധ ആശയങ്ങളും ഹദീസാണെന്നും പറഞ്ഞ് വ്യാപകമാക്കി. ഇത്തരമൊരു ഘട്ടത്തില്‍ ഹദീസ് ക്രോഡീകരണവും അതിലെ കല്ലും നെല്ലും വേര്‍തിരിച്ചെടുക്കലും സാഹസികമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഖുര്‍ആനിന്റെ അവതരണത്തെ സംബന്ധിച്ചും അതിന്റെ ക്രോഡീകരണവും പ്രാമാണികതയും സംബന്ധിച്ചും മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല. ഹദീസുകള്‍ക്ക് പറയാറുള്ള സ്വഹീഹ്, ഹസന്‍, ദ്വഈഫ്, മൗഖൂഫ്, മൗളൂഅ്, മുര്‍സല്‍, മര്‍ഫൂഅ്, മുഅ്‌ള്വല്‍ എന്നീ സാങ്കേതിക പദങ്ങളൊന്നും ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് പറയാറില്ല.
നബിചര്യയായി അറിയപ്പെടുന്നതും ഖുര്‍ആനിന്റെ വിശദീകരണമായി ക്രോഡീകരിക്കപ്പെട്ടതും കൃത്യമായ സ്ഥിരീകരണം ഉണ്ടായെങ്കില്‍ മാത്രമേ പ്രാമാണികമാവുകയുള്ളൂ. ആയതിനാല്‍ അതിന്നാവശ്യമായ ശക്തമായൊരു മാനദണ്ഡം അനിവാര്യമായി വന്നു. അതാണ് ഹദീസ് നിദാനശാസ്ത്രം അഥവാ ഉസൂലുല്‍ ഹദീസ്. ഇവിടെ നാം ഗ്രഹിക്കേണ്ട കാര്യം ഇങ്ങനെയൊരു നിദാന ശാസ്ത്രം പ്രമാണങ്ങളെ വിലയിരുത്തുന്നതില്‍ മുസ്‌ലിംകള്‍ക്കല്ലാതെ മറ്റാര്‍ക്കുമില്ലെന്നതാണ്.
ഖുര്‍ആന്‍ നിദാന ശാസ്ത്രമായ ഉസൂലുല്‍ ഖുര്‍ആന്‍ ഖുര്‍ആനിക സൂക്തങ്ങളുടെ അമാനുഷികതയെ കൂടുതല്‍ ഉയര്‍ത്തിക്കാണിക്കുന്നതാണെങ്കില്‍ ഹദീസ് നിദാനശാസ്ത്രം ഹദീസുകളുടെ സ്വീകാര്യതയെ ദൃഢപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. ഹദീസ് ക്രോഡീകരണം സംബന്ധമായി ധാരാളം വിലയിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ സംഗ്രഹം ഇങ്ങനെയാണ്:
തലമുറകള്‍ ഓരോന്നായി കഴിഞ്ഞു പോകുമ്പോള്‍ പുതിയ തരം ചിന്തകളും ആശയങ്ങളും ഇടകലരുമ്പോള്‍, വിഭാഗീയതകളും കക്ഷിത്വങ്ങളും ഉടലെടുക്കുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന മാറ്റങ്ങള്‍ പ്രമാണങ്ങളെയും ഏല്ക്കാന്‍ സാധ്യതകളുണ്ടായെന്നു വരാം. അതില്‍ നിന്നെല്ലാം സുരക്ഷിതത്വം സിദ്ധിക്കുന്ന മതദര്‍ശനമാണ് ഇസ്‌ലാമെന്നും അതിന്റെ ഒന്നാം പ്രമാണം ഖുര്‍ആനാണെന്നും വ്യക്തമാക്കപ്പെട്ട വസ്തുതയാണ്. തന്നെയുമല്ല പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവലംബിക്കാനുള്ള അളവുകോലുകളുള്ള ദൈവിക മതമാണത്. പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാവുകയില്ലെന്നല്ല, മറിച്ച്, അതുണ്ടായാല്‍ ദുരൂഹതകള്‍ക്കും ആശങ്കകള്‍ക്കും തടയിടാന്‍ കഴിയുംവിധമുള്ള രേഖകളുള്ള ഏക മതമാണ് ഇസ്‌ലാം. അതത്രെ ബലിഷ്ഠമായ മതം (വി.ഖു 6:161)
സ്വഹാബികളുടെയും താബിഉകളുടെയും കാലഘട്ടങ്ങളില്‍ തന്നെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ കപടത നടിച്ചു. വ്യാപകമായ നുണപ്രചാരണങ്ങളിലൂടെ മുസ്‌ലിംകള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. അങ്ങനെയാണ് ശീഅകള്‍, ഖവാരിജുകള്‍, ഖദ്‌രിയാക്കള്‍, മുഅ്തസിലികള്‍, മുര്‍ജികള്‍, ദാഹിരികള്‍, ബാത്വിനികള്‍, ത്വരീഖത്തുകള്‍, മദ്ഹബീ കക്ഷിത്വങ്ങള്‍ മുതലായവയുണ്ടായത്. ശേഷം അവയുടെ അവാന്തരവിഭാഗങ്ങളും ഉണ്ടായി. ഗുണകാംക്ഷികളായി ചമഞ്ഞ വിഭാഗക്കാരെല്ലാം നബി(സ)യുടെ ഹദീസുകളെന്ന നിലയില്‍ പ്രചരിപ്പിച്ച പലതും ഹദീസ് ശേഖരണ ക്രോഡീകരണ രംഗത്ത് പ്രതിസന്ധികളുണ്ടാക്കി.
ഇത്തരമൊരു സങ്കീര്‍ണ ഘട്ടത്തില്‍ ശക്തമായൊരു അളവുകോല്‍ അനിവാര്യമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെയാണ് മുസ്‌ലിം ലോകത്ത് അംഗീകൃതമായൊരു നിദാനശാസ്ത്രം പിറവിയെടുത്തത്. മുഹദ്ദിസുകള്‍ (ഹദീസ് പണ്ഡിതന്മാര്‍) അവരവര്‍ ശേഖരിച്ച ഹദീസുകളെല്ലാം മേല്‍ സൂചിപ്പിച്ച മാനദണ്ഡ പ്രകാരം പരിശോധിച്ചു. സഹാബികളുടെ കാലഘട്ടത്തിന്റെ അവസാനവും താബിഉകളുടെ തുടക്കവും മധ്യമവും ഈയൊരു കഠിന പ്രയത്‌നത്തിലായിരുന്നു അവര്‍. നബിചര്യകളൊന്നും നഷ്ടപ്പെടാതെയും നബിചര്യകളല്ലാത്ത ഒന്നും അതുമായി കൂടിക്കലരാതെയും ആവണം ഈ ദൗത്യമെന്നത് അവരുടെ ലക്ഷ്യമായിരുന്നു.
വാര്‍ത്ത, വൃത്താന്തം എന്നെല്ലാം അര്‍ഥം പറയാവുന്ന രണ്ട് പദങ്ങളാണ് ഹദീസ്, ഖബ്ര്‍ എന്നത്. ഇതില്‍ ഖബ്ര്‍ എന്നത് എല്ലാ വാര്‍ത്തകളെയും ഉള്‍ക്കൊള്ളുന്നു. ഹദീസ് എന്നത് നബി(സ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം, ആഗ്രഹ പ്രകടനം എന്നിവയെയുമാണ് ഉള്‍ക്കൊള്ളുന്നത്. ആയതിനാല്‍ എല്ലാ ഹദീസുകളും ഖബ്‌റാണ്. എല്ലാ ഖബ്‌റുകളും ഹദീസുകളല്ല. ഇതാണ് വ്യത്യാസം. ഹദീസുകളെപ്പറ്റി സാധാരണയായി കേള്‍ക്കാറുള്ള ചില സാങ്കേതിക പദങ്ങള്‍ നമുക്ക് ഇവിടെ മനസ്സിലാക്കാം.
ഹദീസുകളുടെ സ്വീകാര്യത നിര്‍ണയിക്കാന്‍ സനദ്, മത്‌ന് എന്നീ രണ്ട് ഭാഗവും വിലയിരുത്തണം. സനദ് എന്നാല്‍ നിവേദക പരമ്പരയെന്നും മത്‌ന് എന്നാല്‍ ഉദ്ധരിക്കപ്പെട്ട വിഷയമെന്നുമാണ് പറപ്പെടുക. അഥവാ ഹദീസിന്റെ സനദും മത്‌നും ശരിയായ വിധത്തിലാണെങ്കില്‍ മാത്രമേ അത് പരിഗണിക്കപ്പെടുകയുള്ളൂ എന്ന് സാരം. ഹദീസ് എന്ന അറബി പദത്തിന് പുതിയത് എന്നാണ് ഭാഷാര്‍ഥമങ്കില്‍ പ്രസ്തുത പദം നബിചര്യക്കാണ് സാങ്കേതികമായി പ്രയോഗിക്കാറുള്ളത്. ഖബര്‍ എന്നത് ഹദീസിനും അല്ലാത്തതിനുമുള്ള ഒരു പൊതുപ്രയോഗമാണ്. അസര്‍, ആസാര്‍ എന്നതിന് ഭാഷാപരമായി വിട്ടേച്ചു പോകുന്ന ചരിത്രാവശിഷ്ടങ്ങളെന്നും സാങ്കേതികമായി സ്വഹാബികളുടെയും താബിഉകളുടെയും വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവക്കുമാണ് പ്രയോഗിക്കാറുള്ളത്.
സനദ്, മത്‌ന് എന്നത് നേരത്തെ വ്യക്തമാക്കിയതാണെങ്കിലും ഇവിടെ അവ രണ്ടും കിടയറ്റതും യോഗ്യമായതും പ്രബലമായതുമാകണമെന്ന് പ്രത്യേകം എടുത്തു പറയുകയാണ്. നബി(സ)യുടെ ഭാഷാ പ്രയോഗങ്ങള്‍ക്ക് നിരക്കാത്തതായി വല്ലതും ഹദീസുകളില്‍ കാണപ്പെട്ടാല്‍ അത് സംബന്ധമായി കൂടുതല്‍ വിശകലനം ചെയ്യണമെന്ന് പ്രമുഖരായ ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞു വെച്ചിട്ടുണ്ട്.
മുഹദ്ദിസ് എന്നാല്‍ ഹദീസ് വിജ്ഞാനീയങ്ങളുമായി മുഴുകിയ ആള്‍ എന്നാണുദ്ദേശ്യം. ഹാഫിദ് എന്നാല്‍ മുഹദ്ദിസിനേക്കാള്‍ മഹത്വം കൂടിയവര്‍ എന്നും മുഹദ്ദിസുകള്‍ വിട്ടുപോയതുകൂടി അറിയുന്നവര്‍ എന്നും ഉദ്ദേശിക്കപ്പെടുന്നു.
ഹാകിം എന്നാല്‍ ഹദീസുകളെപ്പറ്റി അവഗാഹതയുള്ളവര്‍ എന്ന നിലയ്ക്കാണ് പ്രയോഗിക്കുക. ഹദീസുകളെ പ്രധാനമായും രണ്ട് രീതികളില്‍, അഥവാ മുതവാതിര്‍, ആഹാദ് എന്ന നിലയില്‍ വേര്‍തിരിക്കുന്നുണ്ട്. മുതവാതിര്‍ എന്നാല്‍ ധാരാളം സനദുകളിലൂടെ (പരമ്പര) വന്നിട്ടുള്ളതും ഖണ്ഡിതമായതും സംശയമേതുമില്ലാതെ നീതിമാന്മാരിലൂടെ ഉദ്ധരിക്കപ്പെട്ടതുമായ ഹദീസ് എന്ന നിലയ്ക്കാണ്. മുതവാതിറല്ലാത്ത മറ്റുള്ളവയെല്ലാം ആഹാദുകളില്‍ എണ്ണപ്പെടുന്നു. ഖുര്‍ആന്‍ ആദ്യാന്തം മുതവാതിറായ പ്രമാണമാണ്. എന്നാല്‍ ഹദീസുകളില്‍ മുതവാതിറും ആഹാദും ഉണ്ടാകും. ഖുര്‍ആന്‍ പോലെ മികച്ച ഹദീസുകള്‍ വന്നാല്‍ അവയെ മുതവാതിറായ ഹദീസായി പരിഗണിക്കും. പക്ഷെ ഹദീസുകളില്‍ മുതവാതിര്‍ വളരെ കുറവാണ്. ആഹാദുകളാണധികവും.
എന്നിരുന്നാലും ആഹാദായ ഹദീസുകളെല്ലാം തള്ളപ്പെടേണ്ടവയാണെന്ന് ഇതിന്നര്‍ഥമില്ല. അവയുടെ കുറവുകള്‍ കണ്ടെത്തി പരിഹരിച്ച് പ്രവൃത്തി പഥത്തിലേക്ക് കൊണ്ടുവരാവുന്നേടത്തോളം എടുത്തതിനു ശേഷമേ വല്ലതും മാറ്റിവെക്കാവു എന്നതാണ് മുഹദ്ദിസുകളുടെ നിലപാട്.
ഖബറുല്‍വാഹിദ്, ഖബര്‍ ആഹാദ് എന്നതില്‍ തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടാകും. മുതവാതിര്‍ മുഴുവനും സ്വീകരിക്കേണ്ടതാണ്. ആഹാദുകളെ നല്ലവണ്ണം അരിച്ചു പെറുക്കിയ ശേഷമേ പരിഗണിക്കുകയുള്ളൂ. ഇവിടെയാണ് നിദാനശാസ്ത്ര അറിവുകളില്‍ സൂചിപ്പിച്ച സാങ്കേതിക പദങ്ങളെ നാം പരിഗണിക്കുന്നത്. (തുടരും)

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x