12 Thursday
December 2024
2024 December 12
1446 Joumada II 10

സുന്നത്ത് അനുധാവനം അക്ഷര വായനയാകുമ്പോള്‍

ഡോ. ഇ കെ അഹ്‌മദ്കുട്ടി


ആദ്യം എന്റെ ഒരു അനുഭവം പറയട്ടെ: കുറേ മുമ്പ് ഒരു ഭക്ഷണ സദസ്സില്‍ ഞാന്‍ ഇടത്തെ കൈ കൊണ്ട് ഗ്ലാസ്സ് പിടിച്ച് കുറച്ച് വെള്ളം കുടിച്ചു. എന്റെ അടുത്തിരുന്ന ഒരു വ്യക്തി അല്‍പം നീരസത്തോടെ ചോദിച്ചു: ‘ഇടത്തെ കൈ കൊണ്ടാണോ വെള്ളം കുടിക്കുന്നത്?’ വലത് കൈകൊണ്ട് കുടിക്കുന്നതിന്റെ സുന്നത്താണ് അദ്ദേഹം ഉദ്ദേശിച്ചത്. ഞാന്‍ മറുപടി പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ്: ‘വലതു കൈകൊണ്ട് തിന്നലും കുടിക്കലുമെല്ലാം സുന്നത്ത് തന്നെ. പക്ഷെ ചോറും കറിയും മത്സ്യ മാംസാംദികളും മറ്റും ഒന്നിച്ച് കുഴച്ച് ഭക്ഷണം കഴിക്കുമ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ എന്റെ വലതു കൈയില്‍ പുരണ്ട് കിടക്കുന്നതുകൊണ്ടാണ് വൃത്തിയുള്ള മറ്റേ കൈകൊണ്ട് വെള്ളം കുടിച്ചത്. വൃത്തിയും ശുദ്ധിയും ഈമാനിന്റെ പകുതിയാണെന്നല്ലേ പ്രവാചകന്‍(സ) പറഞ്ഞത് (ഹദീസ്). അതുകൊണ്ടാണ് ഭക്ഷണാംശങ്ങള്‍ പറ്റിപ്പിടിച്ച വലതു കൈ ഒഴിവാക്കി ഇടതുകൈ ഉപയോഗിച്ചത്. വൃത്തിയും ശുദ്ധിയും പാലിക്കുക എന്നത് പ്രധാനപ്പെട്ട ഒരു സുന്നത്തല്ലേ?’ മറുപടി ചോദ്യകര്‍ത്താവിന് ബോധ്യപ്പെട്ടോ എന്നറിയില്ല. മേല്‍പ്പറഞ്ഞ തടസ്സമൊന്നുമില്ലെങ്കില്‍ വലതുകൈ കൊണ്ട് തന്നെ കുടിക്കണം എന്നതില്‍ തര്‍ക്കമില്ല.
ഈ സംഭവം ഞാന്‍ ഉദ്ധരിച്ചത് പ്രവാചകചര്യ അഥവാ സുന്നത്തിന്റെ ആന്തരാര്‍ഥവും തത്വവും മനസ്സിലാക്കാതെ അതിന്റെ വാക്കുകളുടെയും അക്ഷരങ്ങളുടെയും ബാഹ്യാര്‍ഥം മാത്രം പരിഗണിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതിലെ അനൗചിത്യവും പരിഹാസ്യതയും ചൂണ്ടിക്കാണിക്കാനാണ്. ഏതൊരു നിയമവും അനുസരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടത് അതിന്റെ ഉള്‍പ്പൊരുളും യഥാര്‍ഥ സ്പിരിറ്റും ഗ്രഹിച്ചും ഉള്‍ക്കൊണ്ടുമായിരിക്കണം. അല്ലാതെ അതിനെ അക്ഷരവായന നടത്തിക്കൊണ്ടായിരിക്കരുത്. ഈ തത്വം മതനിയമങ്ങള്‍ക്കും ശാസനകള്‍ക്കും ബാധകമാണ്. ഉപരിപ്ലവവും വിവേചനരഹിതവുമായ അന്ധമായ അനുകരണം മതപ്രമാണങ്ങള്‍ക്കും മനുഷ്യബുദ്ധിക്കും വിരുദ്ധമാണ്. ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളുടെ യഥാര്‍ഥ ഉദ്ദേശ്യവും പൊരുളും മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ യഥാര്‍ഥ ദാസന്‍മാരുടെ
(ഇബാദുറഹ്‌മാന്‍) ഗുണങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു. ”തങ്ങളുടെ രക്ഷിതാവിന്റെ വചനങ്ങള്‍ കൊണ്ട് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്മാരും അന്ധന്മാരുമായി അതിന്‍മേല്‍ ചാടി വീഴാത്തവരുമാകുന്നു അവര്‍”(25:73). ഖുര്‍ആന്‍ വചനങ്ങളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ പ്രവാചക വചനങ്ങളുടെ(ഹദീസ്) കാര്യത്തില്‍ അക്ഷരവായന ഉണ്ടാകാതിരിക്കാന്‍ നാം എത്രമാത്രം സൂക്ഷ്മത പുലര്‍ത്തണമെന്ന് പറയേണ്ടതിലല്ലോ.
എന്നാല്‍ റസൂലിനുള്ള നമ്മുടെ അനുസരണം അഥവാ സുന്നത്ത് അനുധാവനം പലപ്പോഴും പരിഹാസ്യമാംവിധം അക്ഷര വായനയും അക്ഷരപൂജയുമാകാറുണ്ട്. മതപരമായ പ്രാധാന്യമോ പ്രസക്തിയോ ഇല്ലാത്ത നബി(സ)യുടെ ദൈനംദിന ജീവിതത്തിലെ ചില പതിവുശീലങ്ങള്‍ (ആദിയ്യായ സമ്പ്രദായങ്ങള്‍)പുണ്യകരമായ സുന്നത്തായി കരുതി അതിനെ അനുകരിച്ച് പ്രവര്‍ത്തിക്കുന്ന പലരെയും നമുക്ക് കാണാം. അറബിയായ പ്രവാചകന്‍(സ) തന്റെ നാട്ടിലെ കാലാവസ്ഥക്കും സമ്പ്രദായങ്ങള്‍ക്കുമനുസരിച്ച് ധരിച്ചിരുന്ന നീളന്‍കുപ്പായവും തലപ്പാവും മറ്റും ധരിക്കുന്നത്, അദ്ദേഹം ഭക്ഷിച്ചിരുന്നുവെന്ന് പറയപ്പെടുന്ന ‘അജ്‌വ’ എന്ന വര്‍ഗത്തില്‍പ്പെടുന്ന ഈന്തപ്പഴം ഭക്ഷിക്കുന്നത് തുടങ്ങിയ ഉദാഹരണങ്ങള്‍.
ഇസ്‌ലാമില്‍ കൃത്യമായ വസ്ത്രധാരണ നിയമങ്ങളുണ്ട്. വിശിഷ്യാ സ്ത്രീകളുടെ കാര്യത്തില്‍ അതിന്റെ ഉദ്ദേശ്യം സദാചാരത്തിന്റെയും ലൈംഗിക വിശുദ്ധിയുടെ ചാരിത്ര്യത്തിന്റെയും സംരക്ഷണമാണ്. ഈ ലക്ഷ്യങ്ങളും പൊരുളും അറിയാത്ത എട്ടും പൊട്ടും തിരിയാത്ത പിഞ്ചു ബാലികമാരെ മക്കനയും തട്ടവും ചിലപ്പോള്‍ ശരീരം മുഴുവന്‍ മൂടുന്ന പര്‍ദ്ദയും ധരിപ്പിക്കുന്ന ക്ഷിതാക്കളുണ്ട്.
കൂട്ടുകാരികളോടൊപ്പം കളിച്ചു നടക്കേണ്ട പ്രായത്തില്‍ ഇസ്‌ലാമിക വസ്ത്രധാരണമെന്ന പേരില്‍ അവരെ ഇങ്ങനെ വേഷം കെട്ടിക്കുന്നത് അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകളുടെ അക്ഷര വായന തന്നെയാണ്. അങ്ങനെ ചെയ്യുന്നത് പെണ്‍കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ഇസ്‌ലാമിക വേഷം പരിശീലിപ്പിക്കാനാണ് എന്ന് പറഞ്ഞേക്കാം. അതിനുള്ള മറുപടി, കാര്യം മനസ്സിലാക്കാതെയുള്ള ആ പരിശീലനം ഒരു തരത്തിലുള്ള ഫലവുമുണ്ടാക്കുകയില്ല എന്നാണ്. ഇസ്‌ലാമിക നിയമങ്ങളുടെ അര്‍ഥവും ലക്ഷ്യവും ഗ്രഹിക്കാന്‍ കഴിയുന്ന പ്രായത്തില്‍ പോരേ പരിശീലനം? അക്കൂട്ടര്‍ തന്നെയാണ് സ്ത്രീകളെ രണ്ട് കണ്ണുകള്‍ മാത്രമൊഴിച്ച് ശരീരഭാഗങ്ങള്‍ മുഴുവന്‍ കറുത്ത വസ്ത്രം കൊണ്ട് മൂടി വികൃത രൂപത്തില്‍ നടത്തുന്നത്. ഇത് സ്ത്രീകള്‍ ശരീരം മറക്കുമ്പോള്‍ മുന്‍കൈയും മുഖവും ഒഴിവാക്കാമെന്ന പ്രവാചക(സ)ന്റെ അനുശാസനത്തെ ലംഘിച്ചുകൊണ്ട് സുന്നത്തിനെ നിഷേധിക്കലല്ലേ?
പുരുഷന്മാര്‍ താടി വളര്‍ത്തണമെന്നും മീശ വെട്ടണമെന്നുമുള്ള സുന്നത്ത് വിശദീകരിച്ചുകൊണ്ട് താടി തൊടാന്‍ പാടില്ലെന്ന് ചില പണ്ഡിതന്മാര്‍ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. താടി എത്ര വളര്‍ന്ന് വലുതായി വികൃതമായി മാറിയാലും അത് വെട്ടി വൃത്തിയാക്കാതെ അങ്ങനെത്തന്നെ നിലനിര്‍ത്താന്‍ അനുയായികളെ പ്രേരിപ്പിക്കുക വഴി വൃത്തിയും വെടിപ്പും ഈമാനിന്റെ പകുതിയാണെന്ന പ്രവാചക വചനത്തെ നിഷേധിക്കുകയല്ലേ ആ പണ്ഡിതന്മാര്‍ ചെയ്യുന്നത്?

ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ വിടവ് വരാതെ അണി(സ്വഫ്ഫ്) ഒപ്പിച്ച് അടുത്തു നിന്ന് നമസ്‌കരിക്കണമെന്നത് സുന്നത്താണ്. ഇതിനെക്കുറിച്ച് ഇമാമുകള്‍ തങ്ങളെ തുടര്‍ന്ന് നമസ്‌കരിക്കുന്നവരെ തുടക്കത്തില്‍ ഉണര്‍ത്താറുമുണ്ട്. എന്നാല്‍ പ്രവാചക നിര്‍ദേശത്തെ അക്ഷര വായന നടത്തിക്കൊണ്ട് നമസ്‌കാരത്തിന്റെ അണികളില്‍ വിടവുണ്ടായാല്‍ അതിലൂടെ പിശാച് പ്രവേശിക്കാതിരിക്കാന്‍ അടുത്ത് നിന്ന് നമസ്‌കരിക്കുന്നവന്റെ കാല്‍പാദത്തില്‍ സ്വന്തം പാദം ഉരസി നിര്‍ത്തി പ്രയാസം സൃഷ്ടിക്കുന്ന തീവ്ര ഭക്തന്മാരെ ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. സുന്നത്തിന്റെ പൊരുളും ലക്ഷ്യവും ഉള്‍ക്കൊള്ളാതെ കൂടെ നമസ്‌കരിക്കുന്നവര്‍ക്ക് ശല്യമാകുന്ന ഈ കൂട്ടര്‍ എന്ത് പ്രവാചക സ്‌നേഹമാണ് പ്രകടിപ്പിക്കുന്നത്.
രോഗികളെയും മരണാസന്നരെയും മരണപ്പെട്ടവരുടെ ബന്ധുക്കളെയും സന്ദര്‍ശിച്ച് അവരെ ആശ്വസിപ്പിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നത് പുണ്യകരമായ ഒരു സുന്നത്താണ്. എന്നാല്‍ പലരും അങ്ങനെ ചെയ്യുന്നത് രോഗികളെയോ മരണവീട്ടുകാരെയോ ആശ്വസിപ്പിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നതിനെക്കാളേറെ, തങ്ങള്‍ക്ക് ആ സുന്നത്ത് അനുഷ്ഠിച്ചതിന്റെ പേരില്‍ അല്ലാഹുവില്‍ നിന്നുള്ള കൂലി കിട്ടണം എന്ന സ്വാര്‍ഥ താല്‍പര്യം കൊണ്ടാണ്. അങ്ങനെ സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവരുടെയെല്ലാം ഉദ്ദേശ്യശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, ചിലരെങ്കിലും അങ്ങനെയാണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്വാര്‍ഥതാപരമായ ഈ കൂലി മോഹം ഈ കാര്യത്തില്‍ മാത്രമല്ല, നമ്മള്‍ ചെയ്യുന്ന പല സല്‍കര്‍മങ്ങളുടെയും സദ്ഫലങ്ങളെ ഇല്ലാതാക്കുമെന്ന് നാം മനസ്സിലാക്കണം.
ഒറ്റക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ ഏറെ പുണ്യകരമാണ് ജമാഅത്ത് ആയ നമസ്‌കാരം എന്ന് നമുക്കറിയാം. ഇതുമായി ബന്ധപ്പെട്ട് സാധാരണ ഉദ്ധരിക്കപ്പെടാറുള്ള രണ്ട് ഹദീസുകളുണ്ട്. അവ ഇങ്ങനെ (ആശയം മാത്രമേ കൊടുക്കുന്നുള്ളൂ). ഒന്ന്, ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കാത്തവരുടെ വീടുകള്‍ വിറക് വെച്ച് കത്തിച്ചു കളയാന്‍ കല്‍പിച്ചാലോ എന്ന് തനിക്ക് തോന്നിയെന്ന് പ്രവാചകന്‍(സ) പറഞ്ഞത്.
രണ്ട്, ഒരിക്കല്‍ അന്ധനായ ഒരു മനുഷ്യന്‍ താന്‍ കണ്ണ് കാണാത്ത ആളാണെന്നും തന്നെ സഹായിക്കാന്‍ ആരുമില്ലെന്നും അതുകൊണ്ട് ഒറ്റക്ക് പള്ളിയിലേക്ക് വന്ന് ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുകയില്ലെന്നും നബി(സ)യോട് സങ്കടം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ജമാഅത്തിന് വരാതിരിക്കാന്‍ അനുവാദം നല്‍കി.
അങ്ങനെ അന്ധനായ ആ മനുഷ്യന്‍ മടങ്ങിപ്പോകാന്‍ പുറപ്പെട്ടപ്പോള്‍ പ്രവാചകന്‍(സ) അദ്ദേഹത്തെ തിരിച്ചു വിളിച്ച് ‘താങ്കള്‍ ബാങ്ക് വിളി കേള്‍ക്കാറുണ്ടോ’ എന്ന് ചോദിച്ചു. അപ്പോള്‍ ‘അതെ’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അങ്ങനെയെങ്കില്‍ താങ്കള്‍ ജമാഅത്തിന് വരണം എന്ന് പ്രവാചകന്‍ പറഞ്ഞു എന്ന സംഭവം.
നമ്മുടെ കൂട്ടത്തിലെ ഏതെങ്കിലും അക്ഷരപൂജകരായ തീവ്രനിലപാടുകാര്‍ ഈ രണ്ട് ഹദീസുകളും പ്രാവര്‍ത്തികമാക്കാന്‍ തുനിഞ്ഞാല്‍ എത്ര ഭയാനകമായിരിക്കും അതിന്റെ ഫലം എന്ന് ഒന്ന് ചിന്തിച്ചുനോക്കൂ. ഒന്ന്: നമ്മുടെ മഹല്ലുകളിലെ പല മുസ്‌ലിം വീടുകളും കത്തിച്ചാമ്പലായി ഇല്ലാതാകും. രണ്ട്: നമ്മുടെ പള്ളികളില്‍ വരാന്‍ കഴിയാത്ത കണ്ണു കാണാത്ത പാവങ്ങളായ വ്യക്തികളെ ബലം പ്രയോഗിച്ചു കൊണ്ടുവന്ന് അവരെ കഷ്ടപ്പെടുത്തും. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ പറയുന്നില്ല. ഇതൊന്നും അക്ഷരമ്പ്രതി അനുസരിക്കാനുള്ള കല്‍പനകള്‍ അല്ലല്ലോ.
ഹദീസുകളില്‍ തര്‍ഗീബിന് (…ശ്ലദ™ഖ) വേണ്ടിയുള്ളതും തര്‍ഹീബിന് (…ശ്ലഴ™ഖ ) വേണ്ടിയുള്ളതും ഉണ്ട്. തര്‍ഗീബ് എന്നാല്‍ ആഗ്രഹം ജനിപ്പിച്ച് സല്‍ക്കര്‍മങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കല്‍, അഥവാ പ്രോത്സാഹനം. ‘തര്‍ഗീബ്’ എന്നാല്‍ പേടിപ്പിച്ച് പാപങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കല്‍, അഥവാ നിരുത്സാഹനം.പുണ്യകര്‍മങ്ങളുടെ മഹത്വവും പാപകൃത്യങ്ങളുടെ ഗൗരവസ്വഭാവവും വ്യക്തമാക്കുന്നതാണ് ഹദീസുകളില്‍ പലതും. ഈ തത്വം മനസ്സിലാക്കാതെ ഹദീസുകളെയെല്ലാം അക്ഷരാര്‍ഥത്തില്‍ എടുത്ത് പ്രവര്‍ത്തിച്ചാല്‍ അത് അപകടങ്ങളിലേക്കാണ് നയിക്കുക എന്ന് ഉണര്‍ത്താനാണ് ഇത്രയും പറഞ്ഞത്.
അക്ഷരവായനയുടെ അനൗചിത്യം അനുഭവപ്പെടുന്ന വേറെയും സന്ദര്‍ഭങ്ങളുണ്ട്. ‘മന്‍ കാന ആഖിറു കലാമിഹീ ലാഇലാഹ ഇല്ലല്ലാഹ് ദഖലല്‍ ജന്ന’ (ആരുടെ ജീവിതത്തിലെ അവസാന സംസാരം ലാഇലാഹ ഇല്ലല്ലാഹ് എന്നാകുന്നോ, അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും) എന്ന ഹദീസ് പ്രാവര്‍ത്തികമാക്കാന്‍ മരണാസന്നനായി ഊര്‍ദ്ധ്വശ്വാസം വലിച്ചുകൊണ്ട് വെപ്രാളപ്പെട്ട് കിടക്കുന്ന വ്യക്തിയുടെ ചുറ്റും നിന്നുകൊണ്ട് ബന്ധുക്കളും സ്‌നേഹജനങ്ങളും ലാഇലാഹ ഇല്ലല്ലാഹ് എന്ന് ഉച്ചത്തില്‍ ചൊല്ലിക്കൊടുത്ത് ആ വ്യക്തിയെ അങ്ങനെ ചൊല്ലാന്‍ നിര്‍ബന്ധിച്ച് കഷ്ടപ്പെടുത്തുന്നത് ഒരു സാധാരണ കാഴ്ചയാണ്.
ജീവിതത്തിന്റെ ആ നിമിഷങ്ങളില്‍ തൗഹീദ് ഉള്‍ക്കൊണ്ട് മരിച്ചാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാം എന്ന ആശയമാണ് പ്രസ്തുത ഹദീസ് ഉള്‍ക്കൊള്ളുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാതെ ജീവിതം മുഴുവന്‍ തൗഹീദ് ഉള്‍ക്കൊള്ളാതെ ജീവിച്ച് മരണസമയത്ത് മാത്രം ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉച്ചരിക്കുന്നത് കൊണ്ട് മാത്രം സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്നായിരിക്കുകയില്ല.
ഒരു യഥാര്‍ഥ സത്യവിശ്വാസി സ്വാഭാവികമായും കലിമത്തുശ്ശഹാദ: ഉച്ചരിച്ചുകൊണ്ടായിരിക്കും മരണപ്പെടുക. നാവുകൊണ്ട് ഉച്ചരിച്ചില്ലെങ്കിലും അത് അയാളുടെ/ അവളുടെ മനസ്സിലുണ്ടായിരിക്കും. എന്നാല്‍ തൗഹീദ് ഉള്‍ക്കൊള്ളാതെ ജീവിച്ച് ജീവിതാന്ത്യത്തില്‍ പശ്ചാത്തപിച്ച് കലിമത്തുശ്ശഹാദ: ചൊല്ലിക്കൊണ്ട് മരണപ്പെട്ടാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. എല്ലാം അല്ലാഹുവിന്റെ തീരുമാനമനുസരിച്ച് നടക്കും. ഏതായാലും മരണാസന്ന വ്യക്തിയെ അന്ത്യനിമിഷങ്ങളില്‍ ലാ ഇലാഹ ഇല്ലല്ലാഹ് ഉച്ചരിക്കാന്‍ നിര്‍ബന്ധിച്ച് ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. അത് ഹദീസിന്റെ അക്ഷര വായനകൊണ്ട് സംഭവിക്കുന്ന ഒരു അബദ്ധമാണ്.
രണ്ട് വ്യത്യസ്ത മരണങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്ന അനുഭവത്തില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നത്. മരണാസന്നരായ ആ രണ്ട് വ്യക്തികള്‍ക്ക് ചുറ്റും നിന്നുകൊണ്ട് ബന്ധുമിത്രാദികള്‍ അവരെക്കൊണ്ട് ‘കലിമ’ ചൊല്ലിക്കുകയായിരുന്നു. അവ വേറെ വേറെ സംഭവങ്ങളായിരുന്നുവെങ്കിലും അവര്‍ രണ്ടുപേരും ഏതാണ്ടൊരുപോലെ വളരെ പ്രയാസപ്പെട്ട് പതുങ്ങിയ ശബ്ദത്തില്‍ ഇങ്ങനെ പറയുന്നത് കേട്ടു: ‘നിങ്ങള്‍ ചൊല്ലിത്തരണ്ട, ഞാന്‍ ചൊല്ലുന്നുണ്ട്’.
അന്ത്യ നിമിഷങ്ങളിലെ അവരുടെ ഈ വാക്കുകളില്‍ കഠിനമായ അസഹ്യതയും മനപ്രയാസവും പ്രകടമായിരുന്നു. അതുകൊണ്ടാണ് ഈ ‘കലിമ ചൊല്ലിക്കല്‍’ മരണാസന്നരോട് കാണിക്കുന്ന ക്രൂരതയാണെന്ന് ഞാന്‍ പറഞ്ഞത്. ഇങ്ങനെ ചെയ്യുന്നതിന് പകരം രോഗിക്ക് പ്രയാസമാകാത്ത വിധം കലിമത്തുശ്ശഹാദത്തോ ഖുര്‍ആന്‍ വചനങ്ങളോ റിക്കാര്‍ഡ് ചെയ്ത ഡിവൈസുകള്‍ അവരെ കേള്‍പ്പിക്കുന്നതായിരിക്കും മരണാസന്നര്‍ക്ക് കൂടുതല്‍ എളുപ്പവും ആശ്വാസപ്രദവും. സുന്നത്തുകളുടെ അക്ഷരവായനയുടെ മാത്രം അടിസ്ഥാനത്തിലുള്ള അവയുടെ പ്രയോഗവല്‍ക്കരണത്തിന് ഇനിയും ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. ദൈര്‍ഘ്യ ഭയം കാരണം ഞാന്‍ അതിന് മുതിരുന്നില്ല.
ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാവുന്ന പ്രവാചക ചര്യകള്‍ അഥവാ സുന്നത്ത് അനുധാവനം ചെയ്യേണ്ടത് തന്നെ. എന്നാല്‍ അത് താടിയിലും മുടിയിലും ക്ഷൗരത്തിലും ശൗചത്തിലും മുണ്ടിലും തലപ്പാവിലും മക്കനയിലും തട്ടത്തിലും തിന്നുന്നതിലും കുടിക്കുന്നതിലും ഉറങ്ങുന്നതിലും ‘സലാം’ പറയുന്നതിലും മടക്കുന്നതിലും മറ്റ് പല ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രമായി ഒതുങ്ങിപ്പോകരുത്. അതിലെല്ലാമുള്ള സുന്നത്തുകളെ നിസ്സാരവല്‍ക്കരിക്കുന്നില്ല.
എന്നാല്‍ അതിനേക്കാളെല്ലാം പ്രധാനമായ ജീവിത മൂല്യങ്ങളും സ്വഭാവ ഗുണങ്ങളുമായി ബന്ധപ്പെട്ട നിരവധി ജീവിത മാതൃകകള്‍ പ്രവാചക (സ) ചര്യകളിലുണ്ട്. ജീവിത വിശുദ്ധി, സ്വഭാവ മഹിമ, ലാളിത്യം, വിശ്വാസദാര്‍ഢ്യം, ധൈര്യം, സ്‌നേഹം, കാരുണ്യം, ക്ഷമ, വിട്ടുവീഴ്ച, വിനയം, നീതിബോധം, എല്ലാ മനുഷ്യരോടും ജന്തുക്കളോടുമുള്ള സഹാനുഭൂതി, ഭൂതദയ സേവന തൃഷ്ണ, ഗുണകാംക്ഷ, മാന്യമായ പെരുമാറ്റം, സൗഹാര്‍ദ്ദം… അങ്ങനെയങ്ങനെ നിരവധി മാനസിക ഗുണങ്ങളുടെ വിളനിലമായിരുന്നു പ്രവാചകന്റെ ജീവിതവും വ്യക്തിത്വവും. അതൊക്കെയാണ് നമ്മള്‍ അനുധാവനം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ജീവിത മാതൃകയും. ചെറിയ ചെറിയ കാര്യങ്ങളിലും ശീലങ്ങളിലും സുന്നത്ത് പിന്തുടരുന്ന നമ്മളില്‍ പലരും ഈ പറഞ്ഞ ഉല്‍കൃഷ്ട മാനവിക മൂല്യങ്ങളുമായി ബന്ധപ്പെട്ട് പ്രവാചക മാതൃകകളെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാറില്ല എന്നതല്ലേ സത്യം?
ഒരു നേരത്തെ നമസ്‌കാരം നിര്‍വഹിക്കുന്നത് അല്‍പം വൈകിപ്പോയാല്‍ ഏതെങ്കിലുമൊരു സുന്നത്ത് നമസ്‌കാരം നഷ്ടപ്പെട്ടുപോയാല്‍, ജുമുഅക്ക് പള്ളിയിലെത്താന്‍ കുറച്ച് താമസിച്ചു പോയാല്‍, നമസ്‌കരിക്കുമ്പോള്‍ തലമറക്കാന്‍ മറന്നു പോയാല്‍….. അങ്ങനെയുള്ള വീഴ്ചകള്‍ സംഭവിച്ചാല്‍ സങ്കടപ്പെട്ട് വെപ്രാളപ്പെടുന്ന ചിലരുണ്ട്. എന്നാല്‍ അവര്‍ക്ക് തങ്ങളുടെ അയല്‍വാസിയെ ഉപദ്രവിക്കുന്നതിലും അയാളുടെ പുരയിടത്തിലേക്ക് സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിലും, തങ്ങള്‍ ഇഷ്ടപ്പെടാത്തവരെക്കുറിച്ച് ഏഷണിയും പരദൂഷണവും നടത്തുന്നതിലും വാക്കുകളും പ്രവര്‍ത്തികളും കൊണ്ട് അവരെ ബുദ്ധിമുട്ടിക്കുന്നതിലും, പാവപ്പെട്ട ദരിദ്രന്മാര്‍ സഹായം തേടി വന്നാല്‍ അവരെ ശകാരിച്ച് ആട്ടിയോടിക്കുന്നതിലും യാതൊരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെടുന്നില്ല! ഈ തല തിരിഞ്ഞ ‘മതബോധം’ ചോദ്യം ചെയ്യേപ്പെടേണ്ടതല്ലേ? സുന്നത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്നതിലാണ് യഥാര്‍ഥ പ്രവാചക സ്‌നേഹവും മതഭക്തിയും ദര്‍ശിക്കേണ്ടത് എന്നതാണ് മേല്‍ പറഞ്ഞതിന്റെ ചുരുക്കം.
അവസാനമായി സുന്നത്തുകള്‍ അനുഷ്ഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളെക്കുറിച്ച് സൂചിപ്പിക്കാം. ഒന്നാമത്തേത് നാം അനുഷ്ഠിക്കുന്ന സുന്നത്തുകള്‍ ആധികാരികവും സ്വീകാര്യവുമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക എന്നതാണ്. സുന്നത്തുകള്‍ നമുക്ക് ലഭിക്കുന്നത് ഹദീസുകളില്‍ നിന്നാണല്ലോ. വിശുദ്ധ ഖുര്‍ആനിനും മനുഷ്യന്റെ സാമാന്യബുദ്ധിക്കും വിരുദ്ധമാകാതിരിക്കുക എന്നതടക്കമുള്ള എല്ലാം ഹദീസ് നിദാന ശാസ്ത്ര (ഉസൂലുല്‍ ഹദീസ്) മാനദണ്ഡങ്ങളും പൂര്‍ത്തീകരിക്കുന്ന പൂര്‍ണമായും സ്വഹീഹായ ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്ന സുന്നത്തുകള്‍ മാത്രമേ ആധികാരികവും സ്വീകാര്യവുമാകൂ. അങ്ങനെയല്ലാത്ത സുന്നത്തുകള്‍ പിന്തുടരാന്‍ നാം ബാധ്യസ്ഥരല്ല. രണ്ടാമത്തേത് ആ സുന്നത്തുകള്‍ അക്ഷരവായന മാത്രം നടത്താതെ, അവയുടെ യഥാര്‍ഥ ഉദ്ദേശ്യവും പൊരുളുകളും മനസ്സിലാക്കി മാത്രം അവ ജീവിതത്തില്‍ പകര്‍ത്തുക എന്നതാണ്. അക്ഷര വായനയുടെയും അക്ഷരപൂജയുടെയും അനര്‍ഥങ്ങളും നാം നേരത്തെ വിശദീകരിച്ചിട്ടുണ്ടല്ലോ.
‘സുന്നത്ത്’ എന്ന് അറിയപ്പെടുന്നവയും പറയപ്പെടുന്നവയുമായ എല്ലാം അന്ധമായി അനുകരിക്കാതെ മേലെ സൂചിപ്പിച്ചതുപോലെ അവയുടെ പ്രാമാണികത ഉറപ്പുവരുത്തിയത്തിന് ശേഷം മാത്രം അവയെ അനുധാവനം ചെയ്യുകയും അങ്ങനെ ചെയ്യുമ്പോള്‍ അവയുടെ ബാഹ്യാര്‍ഥം മാത്രം പരിഗണിക്കാതെ അവയുടെ തത്വവും പൊരുളുകളും ഉള്‍ക്കൊണ്ട് പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്നാണ് ഇത്രയും വിവരിച്ചതിന്റെ ചുരുക്കം.

Back to Top