29 Friday
March 2024
2024 March 29
1445 Ramadân 19

ബഹിരാകാശത്തെ ‘സുല്‍ത്താന്‍’ ദീര്‍ഘകാല സഞ്ചാരിയെ അയച്ച് യുഎഇ

മുജീബ് എടവണ്ണ


അന്ത്യം കാണാനാകാത്ത യുദ്ധം, ആഭ്യന്തര ഛിദ്രത, സാമ്പത്തിക അസ്ഥിരത, പട്ടിണി, അധിനിവേശത്തിന്റെ നീളുന്ന നോവുകള്‍, പലായനവും അഭയാര്‍ഥികളുടെ അപരിഹാര്യമായ പുനരധിവാസവും ഇവയ്‌ക്കെല്ലാം പുറമെ അശനിപാതം പോലെ ഭൂകമ്പവും! ആശാവഹമായതെല്ലാം അതിവിദൂരമെന്നു വിധിയെഴുതപ്പെട്ട സന്ദിഗ്ധതകളില്‍ ജീവിക്കുകയാണ് അറബ് സമൂഹം. പ്രതിസന്ധികള്‍ വരിഞ്ഞുമുറുക്കിയിട്ടും പ്രത്യാശയുടെ നവകിരണങ്ങള്‍ ഇതേ സമൂഹത്തില്‍ നിന്നും ലോകത്തിലേക്ക് വികിരണം ചെയ്യപ്പെടുന്നുണ്ടെന്നതാണ് ആശ്വാസകരം.
കാരുണ്യവര്‍ഷത്തിന്റെ നാമ്പും നാളവുമായി നിലയുറപ്പിക്കുമ്പോള്‍ തന്നെയാണ് ഇമാറാത്തില്‍ നിന്നൊരു സാഹസികന്‍ ഭൂമിയില്‍ നിന്നു ആറുമാസം അവധിയെടുത്ത് ബഹിരാകാശത്തേക്ക് യാത്രയായത്. അറബ് രാജ്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിച്ചത് 41-കാരനായ സുല്‍ത്താന്‍ സെയ്ഫ് അല്‍നയാദിക്കാണ്. 2019 സപ്തംബര്‍ 25-ന് യു എ ഇയുടെ പ്രഥമ ബഹിരാകാശ സഞ്ചാരിയായ ഹസ്സ അല്‍മന്‍സൂരിക്കൊപ്പം പകരക്കാരനായുണ്ടായിരുന്ന സുല്‍ത്താന്‍ കാത്തിരുന്നത് ഈയൊരു അനര്‍ഘ സുദിനത്തിനായിരിക്കണം.
അല്‍ഐനിലെ ഉമ്മുഗാഫയില്‍ ജനിച്ച സുല്‍ത്താന്‍ 2023 മാര്‍ച്ച് 2-ന് രാവിലെ യു എ ഇ സമയം 9:34-നാണ് സ്‌പേസ് എക്‌സ് ക്രൂ-6 പേടകത്തില്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് (ഐ എസ് എസ്) പുറപ്പെട്ടത്. ചുമലില്‍ രാജ്യത്തിന്റെ ചതുര്‍വര്‍ണപ്പതാകയും മനസ്സില്‍ അറബ് ലോകത്തിന്റെ ചിരകാല സ്വപ്‌നവുമായുള്ള സാഹസിക സഞ്ചാരം. 24 മണിക്കൂര്‍ പിന്നിട്ട് ബഹിരാകാശ നിലയത്തില്‍ ഇറങ്ങിയ സുല്‍ത്താന്‍ ഭൂമിയിലുള്ളവര്‍ക്ക് സമാധാനം ആശംസിച്ചു.
യു എ ഇയുടെ ഭരണസാരഥികള്‍ക്കും ജന്മനാടിനും രാഷ്ട്രശില്പിയുടെ അഭിലാഷങ്ങള്‍ ഹൃദയത്തില്‍ ആവേശിച്ച് ആകാശത്തെപ്പുണരാന്‍ മോഹിക്കുന്ന സകലരോടും ‘സലാം’ പറഞ്ഞ സന്ദേശത്തില്‍, സ്വപ്‌നം സാക്ഷാത്കരിക്കുക മാത്രമല്ല അതു കൂടുതല്‍ വികസിച്ചതായും വ്യക്തമാക്കി. ബഹിരാകാശ സഞ്ചാരത്തില്‍ ഒതുങ്ങുന്നതല്ല അറബ് തലമുറയുടെ സ്വപ്‌നമെന്ന സൂചനയായിരുന്നു അത്. ഭുമി പശ്ചാത്തലമാക്കി ബഹിരാകാശ നിലയത്തിന്റെ ‘കുംഭഗോപുര’ത്തില്‍ നിന്നുള്ള സെല്‍ഫി പങ്കുവച്ചായിരുന്നു പ്രഥമ സന്ദേശം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആലു മക്തൂമുമായി സ്‌പേസ് സ്റ്റേഷനില്‍ നിന്ന് ആശയവിനിമയം നടത്തിയത് അറബ് ലോകം കൗതുകത്തോടെയാണ് ആസ്വദിച്ചത്.
ഗുരുത്വാകര്‍ഷണമില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ടുവരാനുള്ള പരിശീലനത്തിലായ ആദ്യ ദിവസങ്ങളിലെ സംഭാഷണം, ആദ്യമായി ഗള്‍ഫിലെത്തുന്ന പ്രവാസി വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്യുന്ന പ്രതീതി ജനിപ്പിച്ചു. താഴേക്കിടുന്ന മൈക്ക് മുകളിലേക്ക് പോകുന്നത് ഭൂമിയിലുള്ളവര്‍ക്ക് കാണാന്‍ അദ്ദേഹം മൈക്ക് പല തവണ പിടിവിട്ട് സരസമായാണ് സംസാരിച്ചത്. ബഹിരാകാശ നിലയത്തിലെ നിരീക്ഷണ വേദിയില്‍ നിന്നു (ഈുീഹമ) ഭൂമിയെ കണ്ട അദ്ദേഹം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയെ സമാഹരിച്ചത് എല്ലാ അര്‍ഥത്തിലും അതിവിസ്മയം എന്നായിരുന്നു.

ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മയോട് ബഹിരാകാശത്തില്‍ നിന്ന് ‘ഇന്ത്യ എങ്ങനെയുണ്ട് കാണാന്‍’ എന്ന ഇന്ദിരാഗാന്ധിയുടെ ചോദ്യത്തിന് അല്ലാമാ ഇഖ്ബാലിന്റെ ‘സാരെ ജഹാം സെ അഛാ’ (ലോകത്തില്‍ വച്ച് ഏറ്റവും മനോഹരം) എന്ന കവിതാശകലം കൊണ്ടുള്ള മറുപടി വായിച്ചത് അല്‍ നയാദിയുടെ വിവരണം കേട്ടപ്പോള്‍ ഓര്‍ത്തു പോയി.
അമേരിക്കയിലെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു ഇമാറാത്തിന്റെ രണ്ടാം ബഹിരാകാശ ദൗത്യം. നാസ നടത്തിയ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് ‘ഫാല്‍ക്കന്‍-9’ എന്നാണ് നാമകരണം ചെയ്തത്. ബഹിരാകാശ നിലയത്തിലെത്തിയ സുല്‍ത്താനെ സ്വാഗതം ചെയ്തത് ‘അഹ്‌ലന്‍ വ സഹ്‌ലന്‍’ എന്ന അറബ് ഉപചാര വാക്കിലൂടെയായിരുന്നു. യു എസ് പൗരനും ബഹിരാകാശ യാത്രയില്‍ പരിചയസമ്പന്നനുമായ സ്റ്റീഫന്‍ ബോവെന്‍, വാറന്‍ ഹൊബര്‍ഗ്, റഷ്യയുടെ ആന്‍ഡ്രി ഫെഡ് യേവ് എന്നിവരാണ് സുല്‍ത്താന്റെ സഹ സഞ്ചാരികള്‍.
200 പരീക്ഷണങ്ങള്‍ ഇവരൊരുമിച്ച് ബഹിരാകാശത്ത് നടത്തുമ്പോള്‍ 20 പരീക്ഷണങ്ങള്‍ക്ക് സുല്‍ത്താനാണ് നേതൃത്വം നല്‍കുക. നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, കനേഡിയന്‍ ബഹിരാകാശ ഏജന്‍സി, ഫ്രാന്‍സിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌പേസ് സ്റ്റഡീസ്, ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി എന്നിവയുടെ സഹകരണത്തോടെയാണ് സുല്‍ത്താന്റെ ശാസ്ത്രീയ പരീക്ഷണങ്ങള്‍. ഹൃദയ സംവിധാനം, നടുവേദന, ടെക്‌നിക്കുകളുടെ പരിശോധനയും പരീക്ഷണവും, എപ്പിജെനെറ്റിക്‌സ്, രോഗപ്രതിരോധ സംവിധാനം, ദ്രാവക ശാസ്ത്രം, ബൊട്ടാണിക്കല്‍ മെറ്റീരിയലുകള്‍, ഉറക്കത്തെയും വികിരണത്തെയും കുറിച്ചുള്ള പഠനം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
2023 ഏപ്രില്‍ 25നു യു എ ഇയുടെ ഉപഗ്രഹം റാഷിദ് റോവര്‍ ചന്ദ്രനില്‍ ഇറങ്ങാനിരിക്കെയാണ് പുതിയ ബഹിരാകാശ സഞ്ചാരമെന്നത് യു എ ഇ ബഹിരാകാശ പര്യവേക്ഷണത്തിനു നല്‍കുന്ന പ്രാധാന്യം വിളിച്ചറിയിക്കുന്നു. മൂന്നോ അഞ്ചോ വര്‍ഷത്തിനിടയില്‍ ബഹിരാകാശത്തേക്ക് സഞ്ചാരികളെ അയക്കാനാണ് രാജ്യത്തിന്റെ തീരുമാനം. ഇപ്പോള്‍ ഒരു വനിതയടക്കം നാലു പേര്‍ നാസയില്‍ ഇതിനായി പരിശീലനത്തിലാണ്.
1984 ഏപ്രില്‍ രണ്ടിനു സോവിയറ്റ് വാഹനമായ സോയൂസ് ഠ11 ല്‍ ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ ഏഴു ദിവസം കഴിഞ്ഞാണ് ഭൂമിയില്‍ തിരിച്ചെത്തിയത്. അറബ് ലോകത്തു നിന്നു ആദ്യം ബഹിരാകാശ യാത്ര നടത്തിയത് അമീര്‍ സുല്‍ത്താന്‍ ബ്ന്‍ സല്‍മാനാണ്. ഏഴു ദിവസം നീണ്ട യാത്ര 1985-ലായിരുന്നു. 1987-ല്‍ സിറിയക്കാരനായ മുഹമ്മദ് ഫാരിസും സൗരയൂഥത്തിലെ മനുഷ്യനിര്‍മിത നിലയത്തിലെത്തി. തുടര്‍ന്ന് 32 വര്‍ഷത്തിനു ശേഷമാണ് യു എ ഇയുടെ ഹസ്സ അല്‍ മന്‍സൂരിയുടെ യാത്ര. എട്ട് ദിവസം പിന്നിട്ടുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് സ്വദേശികളെ ആവേശത്തിരയിലാക്കിയിരുന്നു.
രാഷ്ട്രശില്പിയുടെ
സ്വപ്‌നസാക്ഷാത്കാരം
യു എ ഇ രാഷ്ട്രശില്പി ശൈഖ് സായിദ് ആലു നഹ്‌യാന്‍ കണ്ട സ്വപ്‌നമാണ് യുവതലമുറ സഫലമാക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം പറഞ്ഞത് ഇപ്പോള്‍ അവര്‍ ആവര്‍ത്തിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു.
”ബഹിരാകാശ യാത്രകള്‍ ഭൂമിയിലെ ഓരോ മനുഷ്യനും ഗുണകരമാണ്. ദൈവത്തിലും അവന്റെ കഴിവിലുമുള്ള വിശ്വാസത്തിന്റെ നിദര്‍ശനമാണത്. ശാസ്ത്ര ഗവേഷണമടങ്ങുന്ന ഈ പദ്ധതിയില്‍ അറബ് സമൂഹത്തിനു വലിയ പങ്ക് വഹിക്കാനുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അറബ് ശാസ്ത്രജ്ഞര്‍ ബഹിരാകാശ നിയമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നത് നമ്മള്‍ ഓര്‍ക്കണം. ബഹിരാകാശ മേഖലയിലെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ ശാസ്ത്രത്തിനും ശാസ്ത്രജ്ഞര്‍ക്കും മാനവരാശിക്കും ഊഷ്മള ഭാവിയാണ് വിഭാവനം ചെയ്യുക.” -മനുഷ്യനെ ചന്ദ്രനിലെത്തിച്ച അമേരിക്കയുടെ ‘അപോളോ’ ചാന്ദ്രദൗത്യം പൂര്‍ത്തിയായ 1970-കളിലാണ് നാസയുടെ പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി ശൈഖ് സായിദ് ശാസ്ത്രാഭിമുഖ്യം സ്ഫുരിക്കുന്ന പ്രഖ്യാപനം നടത്തിയത്.
അന്നു മുതല്‍ യു എ ഇയുടെ ബഹിരാകാശ മോഹങ്ങള്‍ പൂവണിയിക്കാനുള്ള യത്‌നത്തിനു നാന്ദി കുറിച്ചിരുന്നു. 1975 നവംബറില്‍ ദുബായിലെ ജബല്‍ അലിയില്‍ ഉപഗ്രഹ ആശയവിനിമയത്തിനുള്ള ഉപരിതല സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തായിരുന്നു ഈ രംഗത്തുള്ള ചെറു ചുവട്‌വയ്പ്. 1997-ല്‍ ആശയ വിനിമയ സാങ്കേതിക, ഉപഗ്രഹ മേഖലയില്‍ മറ്റൊരു തുടക്കമായി ‘സുറയ്യ കമ്യൂണിക്കേഷന്‍’ സ്ഥാപിച്ചു. ഹസ്സയുടെ യാത്രാനുഭവം യു എ ഇ സര്‍വകാലാശാലകളിലെ ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വഴിവെളിച്ചമായതു പോലെ സുല്‍ത്താനും ഭാവിതലമുറയ്ക്ക് ബഹിരാകാശ സംരംഭങ്ങളിലേക്കുള്ള തേരു തെളിക്കും.
വാനലോകത്ത്
ചരിത്രമെഴുതാന്‍
വനിതകളും

കൂടുതല്‍ വനിതകള്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നതു യു എ ഇയില്‍ വരാനിരിക്കുന്ന കാഴ്ചയാണ്. പുതുചരിത്രം രചിക്കാനുള്ള തയ്യാറെടുപ്പിലാണ് നാസയില്‍ പരിശീലനം നേടുന്ന നൂറ അല്‍ മത്‌റൂശി. യു എ ഇയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ടീമില്‍ 40 ശതമാനവും വനിതകളാണ്.
ബഹിരാകാശ യാത്രയ്ക്കുള്ള മുന്നോടിയായി സുല്‍ത്താന്റെ ആരോഗ്യസ്ഥിരതയുടെ ചുമതല വഹിക്കുന്നതു ഡോ. ഹനാന്‍ അല്‍ സുവൈദിയാണ്. ബഹിരാകാശ സഞ്ചാരികളുടെ താമസയിടം, വാഹനം, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം അണുവിമുക്തമാക്കണമെന്നാണു നാസയുടെ ചട്ടം. സുല്‍ത്താനെ 14 ദിവസം അണുബാധയേല്‍ക്കാതിരിക്കാന്‍ മാറ്റിപ്പാര്‍പ്പിച്ച് ആരോഗ്യ പരിരക്ഷ നല്‍കിയതു ഡോ. ഹനാനാണ്. 2019-ല്‍ ഹസ്സയുടെ ആരോഗ്യ സുരക്ഷാ ചുമതല വഹിച്ച പരിചയവും ഹനാനുണ്ട്.
യു എ ഇ യുടെ ബഹിരാകാശ പദ്ധതികള്‍ക്കുള്ള മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ 2006-ലാണ് തുറന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ നിര്‍മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാനുള്ള ശാസ്ത്ര-ഗവേഷണ സ്ഥാപനം. ശാസ്ത്രലോകത്തേക്ക് സ്ഥായിയായി സഞ്ചരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ 2007-ല്‍ അല്‍യാഹ് സാറ്റലൈറ്റ് കമ്പനിയും നിലവില്‍ വന്നു. ബഹിരാകാശ ദൗത്യങ്ങള്‍ അഭംഗുരം തുടരുമെന്ന സൂചനയായി 2014-ല്‍ എമിറേറ്റ്‌സ് സ്‌പേസ് ഏജന്‍സിയും യാഥാര്‍ഥ്യമായി. 2018-ലാണ് ‘ഖലീഫ സാറ്റ്’ ഉപഗ്രഹവിക്ഷേപണം സാധ്യമാക്കിയത്. 2030-ല്‍ ബഹിരാകാശ രംഗത്ത് വിസ്മയിപ്പിക്കുന്ന മുന്നേറ്റം രാജ്യം വാഗ്ദാനം ചെയ്യുന്നുണ്ട്.

വ്രതം വിടില്ലെന്നു
സുല്‍ത്താന്‍

മനുഷ്യനിര്‍മിത ബഹിരാകാശ നിലയത്തില്‍ ആറു മാസം താമസിക്കുന്ന സുല്‍ത്താന്‍ വ്രതമെടുക്കുമെന്നാണ് യാത്രയ്ക്കു മുമ്പ് വ്യക്തമാക്കിയത്. നോമ്പിനു മതം ഇളവുകള്‍ നല്‍കിയ വിഭാഗത്തിലാണ് സുല്‍ത്താനെങ്കിലും നോമ്പെടുക്കണമെന്ന മോഹമാണ് പ്രകടിപ്പിച്ചത്. 2800 കിലോമീറ്റര്‍ വേഗത്തില്‍ ഭൂഗോളത്തെ ഭ്രമണം ചെയ്യുന്ന നിലയം 90 മിനിറ്റില്‍ ഒരു തവണ ഭൂമിയെ വലംവയ്ക്കും.
ശരാശരി 16 സൂര്യോദയങ്ങളും അസ്തമയവും ഒറ്റ ദിവസം കൊണ്ട് ദര്‍ശിക്കുന്ന സവിശേഷമായ സാഹചര്യം. സുല്‍ത്താന്റെ ദീര്‍ഘകാല സഞ്ചാരം ബഹിരാകാശ കാല വ്രതത്തിന്റെ കര്‍മശാസ്ത്ര വിധികളിലേക്കും വഴി തുറക്കുന്നുണ്ട്.
അതിരുകളില്ലാത്ത
അഭിലാഷം

ചൊവ്വയിലേക്ക് കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ‘മിസ്ബാറുല്‍ അമല്‍’ (ഹോപ് പ്രോബ്) വിക്ഷേപിച്ചതോടെ ബഹിരാകാശ പര്യവേക്ഷണത്തിന്റെ ആഗോള കുതിപ്പിലുള്ള രാജ്യങ്ങളിലേക്ക് യു എ ഇയും കയറുകയായിരുന്നു.
ശാസ്ത്രരംഗത്തെ യുഎഇ വിദഗ്ധരും എഞ്ചിനീയര്‍മാരും കൈകോര്‍ത്ത് രൂപപ്പെടുത്തിയ ‘റാഷിദ് റോവര്‍’ ചന്ദ്രനിലേക്ക് അയച്ചു വിജയിച്ചതോടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഗതിവേഗം വന്നു. അതിരുകളില്ലാത്ത അഭിലാഷങ്ങള്‍ താലോലിക്കാന്‍ യു എ ഇ ഭരണാധികാരികള്‍ പൗരന്മാരെ പ്രചോദിപ്പിക്കുന്നു.
‘അസാധ്യമായതിനെ സ്‌നേഹിക്കുന്ന ഒരു ജനതയുടെ ഇച്ഛയ്ക്ക് ഒരു ശക്തിയും തടസ്സമാകില്ല’ എന്നാണ് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബ്ന്‍ റാഷിദ് പ്രഖ്യാപിച്ചത്. അറബികള്‍ക്ക് ‘ആകാശക്കോട്ട’ കെട്ടാന്‍ മാത്രമല്ല, അതില്‍ താമസിക്കാനും സാധിക്കുമെന്ന് സുല്‍ത്താന്‍ അല്‍നയാദിക്കു തെളിയിക്കാനാകട്ടെയെന്ന് സ്വദേശികള്‍ക്കൊപ്പം വിദേശികളും പ്രാര്‍ഥിക്കുകയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x