5 Friday
December 2025
2025 December 5
1447 Joumada II 14

സംവരണം വിഭാഗീയതയുണ്ടാക്കുമെന്നാണെങ്കില്‍ മുന്നാക്ക സംവരണത്തെക്കുറിച്ച് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കണം -കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണം ജാതിസ്പര്‍ധ വളര്‍ത്തുന്ന വിവേചന നടപടിയാണെന്ന് പറയുന്ന എന്‍ എസ് എസ് ജനറല്‍ സെക്രറി ജി സുകുമാരന്‍ നായര്‍ മുന്നാക്ക സംവരണം വേണ്ടെന്നു വെക്കുമോയെന്ന് വ്യക്തമാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംവരണ വ്യവസ്ഥ യോഗ്യതയുള്ളവരെ യോഗ്യതയില്ലാത്തവര്‍ക്ക് മറികടക്കാനുളള സംവിധാനമാണെങ്കില്‍ ഉള്ളവനും ഇല്ലാത്തവരുമെന്ന വിഭാഗീയത വളര്‍ത്തുന്ന സാമ്പത്തിക സംവരണം യോഗ്യതയില്ലാത്തവര്‍ക്ക് യോഗ്യതയുള്ളവരെ മറികടക്കാനുള്ളതാണോ എന്നും വ്യക്തമാക്കണം.
ജാതി സംവരണം മുന്നാക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അവസരം നിഷേധിക്കുന്നു എന്ന ആരോപണം സുകുമാരന്‍ നായര്‍ തെളിയിക്കണം. ഉദ്യോഗ വിദ്യാഭ്യാസ ഭരണ മേഖലയിലെ ജാതി തിരിച്ചുള്ള സ്ഥിതി വിവരം ശേഖരിച്ച് വസ്തുത പുറത്ത് കൊണ്ടുവന്ന് മുന്നോക്ക വിഭാഗങ്ങള്‍ക്ക് അവസര നഷ്ടമുണ്ടെങ്കില്‍ വകവെച്ചു തരാന്‍ മുസ്‌ലിം സമൂഹം സന്നദ്ധമാണ്. എന്നാല്‍ മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ലെന്നു ബോധ്യപ്പെട്ടാല്‍ സ്‌പെഷ്യല്‍ റിക്രൂട്‌മെന്റിന് സുകുമാരന്‍ നായര്‍ എന്ത് നിലപാടെടുക്കുമെന്നറിയാന്‍ താല്പര്യമുണ്ട്.
വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അഹ്മദ്കുട്ടി മദനി, അഡ്വ. പി മുഹമ്മദ് ഹനീഫ, സി അബ്ദുല്ലത്തീഫ്, കെ പി സകരിയ്യ, എന്‍ജി. സൈതലവി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ എം ഹമീദലി, അബ്ദുസ്സലാം പുത്തൂര്‍, സി ടി ആയിശ, ബി പി എ ഗഫൂര്‍, ഡോ. ജാബിര്‍ അമാനി, സുഹൈല്‍ സാബിര്‍, ഡോ. അന്‍വര്‍ സാദത്ത്, എം കെ മൂസ, റുഖ്‌സാന വാഴക്കാട്, റഫീഖ് നല്ലളം, മറിയക്കുട്ടി സുല്ലമിയ്യ, ശഫീഖ് അസ്ഹരി പ്രസംഗിച്ചു.

Back to Top