സുജൂദില്‍ നിന്ന് ഉയരുമ്പോള്‍
പി കെ മൊയ്തീന്‍ സുല്ലമി
സുജൂദില്‍ നിന്ന് ഉയരല്‍ കേവലം ഒരു ശാഖാപരമായ പ്രശ്‌നം മാത്രമല്ല. മറിച്ച് നമസ്‌കാരത്തിലെ ഫര്‍ദിനോട്(നിര്‍ബന്ധ കര്‍മം) ബന്ധപ്പെടുന്ന ഒരു കര്‍മമാണ് സുജൂദില്‍ നിന്ന് ഉയരല്‍. കാരണം സുജൂദും റുകൂഉം ഖിയാമും(നിര്‍ത്തം) നമസ്‌കാരത്തിന്റെ നിര്‍ബന്ധ കര്‍മങ്ങളില്‍ പെട്ടതാണ്. ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് സുജൂദില്‍ നിന്ന് ഉയരുമ്പോള്‍ രണ്ട് ഉള്ളം കൈകള്‍ നിലത്ത് ഊന്നിയാണോ എഴുന്നേല്‍ക്കേണ്ടത്, അതല്ല രണ്ട് കൈമുഷ്ടികള്‍ ചുരുട്ടിപ്പിടിച്ച് നിലത്ത് ഊന്നിയാണോ എന്നതാണ്. എന്നാല്‍ ചിലര്‍ സ്വഹീഹായ ഹദീസുകള്‍ക്ക് വിരുദ്ധമായി പറയുന്നത്, കൈമുഷ്ടികള്‍ക്ക് ബലം നല്‍കി എഴുന്നേല്‍ക്കലാണ് നബിചര്യ എന്നാണ്. അതിന് അവര്‍ മനസ്സിലാക്കിയ പ്രയോഗം ‘അജന’ എന്നതാണ്. ‘അജന, യഅ്ജിനു’ എന്ന പദത്തിന് മാവ് കുഴക്കുക എന്നൊരു വാക്കര്‍ഥമുണ്ട്. ഹദീസുകളുടെ വ്യാഖ്യാനം നോക്കാതെ കേവലം ഭാഷാര്‍ഥം മാത്രം പരിഗണിച്ചതാണ് അവര്‍ ഈ അബദ്ധത്തില്‍ ചെന്നുചാടാന്‍ കാരണം എന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ അജന, യഅ്ജിനു എന്ന പദത്തിന് രണ്ട് ഉള്ളം കൈകള്‍ നിലത്തൂന്നി എഴുന്നേല്‍ക്കുന്നതിനും പറയും. ഇമാം ബുഖാരിയുടെ റിപ്പോര്‍ട്ട്: ‘രണ്ടാമത്തെ സുജൂദില്‍ നിന്ന് നബി(സ) ഉയരുന്ന പക്ഷം രണ്ട് ഉള്ളംകൈകളും നിലത്ത് ഊന്നി എഴുന്നേല്‍ക്കും’ (ബുഖാരി). യഅ്ജിനു എന്ന പദത്തെ ഇബ്‌നുഹജര്‍(റ) വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: ‘അത് ഇരുകൈകളും നിലത്ത് ഊന്നി എഴുന്നേല്‍ക്കലാണ്’ (ഫത്ഹുല്‍ബാരി 3:83).
ത്വബ്‌റാനി(റ) യഅ്ജിനു എന്ന പദത്തെ വ്യാഖ്യാനിക്കുന്നു: ‘അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പ്രസ്താവിച്ചു: നമസ്‌കാരത്തില്‍ നബി(സ) അജന്‍ (ഇരു ഉള്ളം കൈകളും നിലത്ത് ഊന്നി എഴുന്നേല്‍ക്കല്‍) ചെയ്യുന്നതായി ഞാന്‍ കണ്ടു’ (ത്വബ്‌റാനി). പ്രമുഖ അറബി ഡിക്ഷനറിയായ ലിസാനുല്‍ അറബ് എന്ന ഗ്രന്ഥത്തില്‍ അജന എന്ന പദത്തിന് കൊടുക്കുന്ന വ്യാഖ്യാനം ഇപ്രകാരമാണ്: ‘ശരീരം മുഴുവന്‍ താങ്ങുമാറ് ഇരുകൈകളും നിലത്തൂന്നി എഴുന്നേല്‍ക്കുന്നതിനാണ് ‘അജന’ എന്നു പറയുന്നത്’ (ലിസാനുല്‍ അറബ്). ലിസാനുല്‍ അറബില്‍ തന്നെ അതിന് ഇബ്‌നുമന്‍സൂര്‍(റ) നല്‍കുന്ന വിശദമായ വ്യാഖ്യാനം: ‘പുരുഷന്മാരില്‍ ഒരാള്‍ ആജിനാണ് എന്നു പറഞ്ഞാല്‍, വാര്‍ധക്യം കാരണത്താല്‍ ഒരാള്‍ ശരീരം മുഴുവന്‍ താങ്ങുംവിധം ഇരുകൈകളും നിലത്ത് ഊന്നി എഴുന്നേല്‍ക്കലാണ്’ (ലിസാനുല്‍ അറബ്). നബി(സ)യും സ്വഹാബത്തും നമസ്‌കരിച്ചിരുന്നത് നമ്മെപ്പോലെ മിനുസമുള്ള സ്ഥലങ്ങളിലായിരുന്നില്ല. മറിച്ച് പരുത്തതും ഉറച്ചതുമായ സ്ഥലങ്ങളായ പാറപ്പുറത്തും മണലിലുമൊക്കെയായിരുന്നു എന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഇവര്‍ പറയുന്ന വിധം മുഷ്ടി മടക്കി ഊന്നി അവര്‍ സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കുന്ന പക്ഷം അവരുടെ വിരലുകളുടെ തൊലിഭാഗം നഷ്ടപ്പെട്ട് വ്രണപ്പെടും എന്ന് പ്രത്യേകം പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലല്ലോ. അഥവാ ഒരു എഴുപതിലധികം കിലോഗ്രാം ശരീരഭാഗമുള്ളവര്‍ സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഷ്ടപ്പെടും എന്നത് തീര്‍ച്ചയാണ്. അത്തരം ഒരു കല്‍പന നബി(സ)യില്‍ നിന്ന് ഉണ്ടാകുന്നതല്ലയെന്നാണ് ഖുര്‍ആനും ഹദീസും നമുക്ക് നല്‍കുന്ന പാഠം: അല്ലാഹു അരുളി: ‘ഈ മതത്തില്‍ യാതൊരു പ്രയാസവും അല്ലാഹു നിങ്ങള്‍ക്ക് വരുത്തിവെച്ചിട്ടില്ല’ (ഹജ്ജ് 78)
നബി(സ) അരുളി: ‘നിങ്ങള്‍ക്ക് സാധിക്കുന്നത്ര സല്‍കര്‍മങ്ങള്‍ നിങ്ങള്‍ അനുഷ്ഠിക്കുക’ (ബുഖാരി, മുസ്‌ലിം). അപ്പോള്‍ ഒരു കര്‍മം കൊണ്ട് ആളുകള്‍ക്ക് വിഷമം സൃഷ്ടിക്കല്‍ ഇസ്‌ലാമിന്റെ മാര്‍ഗമല്ല. വേറെയും ആയത്തുകളും ഹദീസുകളും ഈ വിഷയത്തില്‍ വന്നിട്ടുണ്ട്. നബി(സ) തന്റെ യുവത്വത്തില്‍ അഥവാ പ്രായവും തടിയും വര്‍ധിക്കുന്നതിനു മുമ്പുതന്നെ കൈമുഷ്ടികള്‍ നിലത്തൂന്നി എഴുന്നേല്‍ക്കുന്നതുപോയിട്ട് ഉള്ളം കൈകള്‍ പോലും സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ നിലത്ത് ഊന്നാറുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. അതാണ് പ്രമാണങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഈ വിഷയത്തില്‍ വന്ന ചില ഹദീസുകള്‍: ‘വാഇലുബ്‌നു ഹുജ്ര്‍(റ) പ്രസ്താവിച്ചു: നബി(സ) സുജൂദില്‍ നിന്ന് ഉയരുമ്പോള്‍ കാല്‍മുട്ടുകള്‍ ഉയര്‍ത്തുന്നതിന് മുമ്പുതന്നെ കൈകള്‍ ഉയര്‍ത്തുമായിരുന്നു’ (നസാഈ, തിര്‍മിദി). അഥവാ നബി(സ) (യുവത്വത്തില്‍) കൈകള്‍ തീരെ നിലത്ത് ഊന്നാതെയായിരുന്നു സുജൂദില്‍ നിന്നു പൊങ്ങിയിരുന്നത് എന്നാണ് മേല്‍ പറഞ്ഞതിന്റെ താല്‍പര്യം. അഥവാ നബി(സ) ആദ്യകാലത്ത് കൈകള്‍ (ഉള്ളംകൈകള്‍) നിലത്തൂന്നാതെ കാല്‍പ്പാദങ്ങള്‍ക്കും കാല്‍മുട്ടുകള്‍ക്കും ബലം കൊടുത്തിട്ടായിരുന്നു സുജൂദില്‍ നിന്നു പൊങ്ങിയിരുന്നത്. മറ്റൊരു ഹദീസ്: ‘അബൂഹുറൈറ(റ) പ്രസ്താവിച്ചു. നബി(സ) കാല്‍പ്പാദങ്ങളുടെ ആദ്യഭാഗം നിലത്തൂന്നിയായിരുന്നു (ആദ്യകാലത്ത്) സുജൂദില്‍ നിന്ന് പൊങ്ങിയിരുന്നത്’ (തിര്‍മിദി). നബി(സ) സുജൂദില്‍ നിന്ന് ആദ്യകാലത്ത് ഉയരുമ്പോള്‍ തന്റെ ഉള്ളന്‍ കൈകള്‍പോലും നിലത്ത് ഊന്നിയിരുന്നില്ലായെന്ന് മേല്‍ ഹദീസും വ്യക്തമാക്കുന്നു. മാത്രവുമല്ല ചെറുപ്പക്കാര്‍ ഉള്ളം കൈകള്‍ ഊന്നി എഴുന്നേല്‍ക്കുന്നതു പോലും നബി(സ) നിരോധിച്ചിരുന്നു. അഥവാ ഹറാമിന്റെ നിരോധമല്ല, മറിച്ച് നബിചര്യക്ക് വിരുദ്ധമായ നിരോധനമാണ് അവിടുന്ന് പ്രസ്താവിച്ചത്. ‘ഇബ്‌നു ഉമര്‍(റ) പ്രസ്താവിച്ചു. ഒരാള്‍ സുജൂദില്‍ നിന്ന് രണ്ട് ഉള്ളം കൈകള്‍ നിലത്തൂന്നി എഴുന്നേല്‍ക്കല്‍ നബി(സ) നിരോധിച്ചിരിക്കുന്നു’ (അബൂദാവൂദ്).
ഈ വിഷയത്തില്‍ വന്ന ഒരു അധ്യായം: ‘നമസ്‌കാരത്തില്‍ സുജൂദില്‍ നിന്ന് ഉയരുമ്പോള്‍ രണ്ടു കൈകളും നിലത്ത് ഊന്നല്‍ കറാഹത്ത്(ഉത്തമമല്ല) ആയിത്തീരുന്ന അധ്യായം’ (അബൂദാവൂദ്). ഉമ്മുഖൈസി(റ)ല്‍ നിന്ന് ഈ വിഷയത്തില്‍ ഉദ്ധരിക്കപ്പെടുന്ന ഹദീസ്: ‘നബി(സ)ക്ക് പ്രായമാവുകയും തടി വര്‍ധിക്കുകയും ചെയ്തപ്പോഴാണ് ഉള്ളംകൈകളും നിലത്ത് ഊന്നി അവിടുന്ന് സുജൂദില്‍ നിന്ന് ഉയരാന്‍ തുടങ്ങിയത്’ (അബൂദാവൂദ്). അതേ രൂപത്തില്‍ തന്നെയാണ് മാലികുബ്‌നു ഹുവൈരിസി(റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസും. ‘നബി(സ) രണ്ടാമത്തെ സുജൂദില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ ശരിയായി ഇരിക്കുകയും പിന്നീട് രണ്ട് ഉള്ളംകൈകളും നിലത്ത് ഊന്നി എഴുന്നേല്‍ക്കുകയും ചെയ്തു’ (നസാഈ). ഇപ്പറയുന്ന ഇരുത്തത്തിന് ഇസ്തിറാഹത്തിന്റെ (വിശ്രമത്തിന്റെ) ഇരുത്തം എന്നാണ് പറയുക. ഈ ഇരുത്തവും സുന്നത്തില്ല. കൈകള്‍ നിലത്തൂന്നി എഴുന്നേല്‍ക്കുന്നതുപോലെ പ്രായമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ചെയ്യാം എന്നു മാത്രം.
ഇബ്‌നുല്‍ഖയ്യിം(റ) രേഖപ്പെടുത്തി: ‘ഇബ്‌നു ഇജ്‌ലാനില്‍ നിന്ന് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആ ഹദീസ് കുറിക്കുന്നത് നബി(സ) സുജൂദില്‍ നിന്ന് എഴുന്നേറ്റിരുന്നത് തന്റെ കാല്‍പ്പാദങ്ങളുടെ മുന്‍ഭാഗത്തിന് ശക്തി കൊടുത്തുകൊണ്ടായിരുന്നു (കൈകള്‍ ഊന്നിയായിരുന്നില്ല). അപ്രകാരം നിരവധി സ്വഹാബികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി പണ്ഡിതന്മാര്‍ നബി(സ)യുടെ നമസ്‌കാരം വിശദീകരിച്ചിട്ടുണ്ട്. അവരാരും തന്നെ ഇങ്ങനെ ഒരു ഇരുത്തം(വിശ്രമത്തിന്റെ) റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അത് നമസ്‌കാരത്തിന്റെ സുന്നത്തായി പറയപ്പെട്ടിട്ടുമില്ല’ (സാദുല്‍മആദ് 1:241).
ഇമാം ശൗക്കാനി(റ)യുടെ വിശദീകരണം: ‘നബി(സ) സുജൂദില്‍ നിന്നും ഉയര്‍ന്നിരുന്നത് കാല്‍മുട്ടിന്മേല്‍ തുടകളിന്മേല്‍ ഊന്നിയായിരുന്നു’ (അബൂദാവൂദ്). കാല്‍മുട്ടുകളിന്മേല്‍ അവിടുന്ന് ഉയര്‍ന്നിരുന്നു എന്ന് പറഞ്ഞത് ഭൂമിയില്‍ കൈകള്‍ ഊന്നാതെ കാല്‍ മുട്ടുകളിന്മേല്‍ തുടമേല്‍ കൈകള്‍ ഊന്നി എഴുന്നേറ്റിരുന്നു എന്നാണ്’ (നൈലുല്‍ ഔത്വാര്‍ 2:300). കൈകള്‍ നിലത്ത് ഊന്നി എഴുന്നേല്‍ക്കല്‍ ഹറാമാണെന്നാണ് ഇമാം ഇബ്‌നുല്‍ഖയ്യി(റ)രിന്റെ മറ്റൊരു അഭിപ്രായം: ‘ആദ്യത്തെ ഹദീസിലെ (അബൂദാവൂദിന്റെ) മുഴുവന്‍ പദങ്ങളും കുറിക്കുന്നത് സുജൂദില്‍ നിന്ന് ഉയരുമ്പോള്‍ കൈകള്‍ ഊന്നി എഴുന്നേല്‍ക്കല്‍ കറാഹത്താകുന്നു എന്നതാണ്. നമസ്‌കാരത്തില്‍ ഇരിക്കുമ്പോഴും സുജൂദില്‍ നിന്ന് ഉയരുമ്പോഴും കൈകള്‍ ഊന്നല്‍ കറാഹത്താണ്.
ഉമ്മുഖൈസിന്റെ ഹദീസിന്റെ പ്രകടമായ ഭാഗം സുജൂദില്‍ നിന്ന് ഉയരുമ്പോള്‍ കൈകള്‍ നിലത്ത് ഊന്നല്‍ നിഷിദ്ധമാകുന്നു എന്നതാണ്. പക്ഷേ പ്രായാധിക്യവും തടികൂടലും എന്ന പ്രതിബന്ധം നിബന്ധന വെച്ചതിനാല്‍ അത്തരക്കാര്‍ക്ക് സുജൂദില്‍ നിന്ന് ഉയരുമ്പോള്‍ ഉള്ളംകൈകള്‍ നിലത്ത് ഊന്നി എഴുന്നേല്‍ക്കല്‍ അനുവദനീയവുമാകുന്നു’ (നൈലുല്‍ ഔത്വാര്‍ 2:376). സുജൂദില്‍ നിന്നു മുഷ്ടിചുരുട്ടി ഊന്നി എഴുന്നേല്‍ക്കണം എന്ന് വാശിപിടിക്കുന്നവര്‍ നവയാഥാസ്ഥിതികര്‍ മാത്രമാണ്. അവരുടെ ഏറ്റവും വലിയ നേതാവാണ് സ്വാലിഹുബ്‌നു ഫൗസാന്‍. അദ്ദേഹം പോലും ഈ അനാചാരത്തിന് എതിരാണ്: ‘അനന്തരം സുജൂദില്‍ നിന്നു തക്ബീര്‍ മുഴക്കിക്കൊണ്ട് കാല്‍പ്പാദത്തിന്റെ ആദ്യഭാഗങ്ങള്‍ക്കും കാല്‍മുട്ടിന്മേലും തുടകളിന്മേലും ഊന്നല്‍ നല്‍കിക്കൊണ്ടും എഴുന്നേല്‍ക്കേണ്ടതാണ്’ (അല്‍മുലഖ്ഖസുല്‍ ഫിഖ്ഹി 1:87).
സുജൂദില്‍ നിന്ന് ഉയരുമ്പോള്‍ കൈകള്‍ നിലത്ത് ഊന്നല്‍ മാത്രമല്ല, നബി(സ) നിരോധിച്ചത്. മറിച്ച്, ഇരുന്ന് നമസ്‌കരിക്കുന്നവന്‍ കൈകള്‍ നിലത്ത് ഊന്നലും നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെയല്ലാതെ തനിക്ക് നമസ്‌കരിക്കാന്‍ സാധ്യമല്ല എന്ന് ബോധ്യപ്പെടുന്ന പക്ഷം മാത്രമേ അപ്രകാരം ചെയ്യാവൂ.
‘ഇബ്‌നു ഉമര്‍(റ) പ്രസ്താവിച്ചു: ‘കൈ കുത്തിക്കൊണ്ട് ഒരാള്‍ നമസ്‌കാരത്തില്‍ ഇരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു’ (അഹ്മദ്, അബൂദാവൂദ്). ഇനി മാവു കുഴക്കുന്നവന്‍ ചെയ്യുന്നതുപോലെ നബി(സ) കൈകള്‍ നിലത്ത് ഊന്നിയിരുന്നു എന്ന ഹദീസ് ദുര്‍ബലം മാത്രമല്ല, നിര്‍മിതവും കൂടിയാണ്. ഇമാം നവവി(റ) രേഖപ്പെടുത്തി: ‘തീര്‍ച്ചയായും നബി(സ) സുജൂദില്‍ നിന്ന് എഴുന്നേറ്റു നില്‍ക്കുമ്പോള്‍ മാവ് കുഴക്കുന്നവന്‍ ചെയ്യുന്നതുപോലെ നമസ്‌കാരത്തില്‍ ഭൂമിയില്‍ കൈവെക്കും എന്ന ഇബ്‌നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസിനെ സംബന്ധിച്ച് ഇബ്‌നുസ്വാലിഹ്(റ) പറഞ്ഞു: ഈ ഹദീസ് സ്വഹീഹല്ല. ഇങ്ങനെ ഒരു ഹദീസ് അറിയപ്പെടുന്നുമില്ല. ഈ ഹദീസ് തെളിവിന് കൊള്ളുന്നതുമല്ല. ഈ ഹദീസ് ദുര്‍ബലമാണ്. അല്ലെങ്കില്‍ അടിസ്ഥാനരഹിതവും അടിത്തറയില്ലാത്തതുമാണ്’ (അല്‍മജ്മൂഉ ശറഹില്‍ മുഹദ്ദബ് 3:491)
മാവ് കൂഴക്കല്‍ മുഷ്ടി ചുരുട്ടിയല്ല. ഉ ള്ളംകൈകള്‍കൊണ്ടാണെന്ന് അറിയാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇവര്‍ പറയുന്ന രൂപത്തില്‍ ആയിത്തീരണമെങ്കില്‍ ഈ ഹദീസ് ഇപ്രകാരം വരേണ്ടതുണ്ട്: നബി(സ) വിരലുകള്‍ കൂട്ടിപ്പിടിക്കുകയും മുഷ്ടികള്‍ ഭൂമിയില്‍ ഊന്നുകയും ചെയ്തു. അപ്രകാരം ഹദീസില്‍ വന്നിട്ടുമില്ല. നബി(സ) സുജൂദില്‍ നിന്ന് ഉള്ളം കൈകളില്‍ ഊന്നി എഴുന്നേറ്റുനിന്നിരുന്നതുപോലും പ്രായവും തടിയും കൂടിയതിനുശേഷമായിരുന്നു. ചെറുപ്പക്കാര്‍ അപ്രകാരം എഴുന്നേല്‍ക്കല്‍ നബി(സ) നിരോധിച്ചിട്ടുണ്ട്. മുഷ്ടി ഊന്നി എഴുന്നേല്‍ക്കല്‍ ഇസ്‌ലാമിന് പരിചയമില്ല.