3 Tuesday
December 2024
2024 December 3
1446 Joumada II 1

ആത്മഹത്യ പരിഹാരമല്ല

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. ആരെങ്കിലും മലമുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്താല്‍ അവന്‍ നരകത്തില്‍ ശാശ്വതമായി മറിഞ്ഞുവീണുകൊണ്ടിരിക്കും. ആരെങ്കിലും വിഷം കഴിച്ച് സ്വജീവന്‍ നശിപ്പിച്ചാല്‍ ശാശ്വതമായ നരകവാസത്തില്‍ അവന്റെ കയ്യിലെ വിഷം കഴിച്ചുകൊണ്ടേയിരിക്കും. ആരെങ്കിലും ഇരുമ്പ് ഉപയോഗിച്ച് സ്വജീവനെ നശിപ്പിച്ചാല്‍ അവന്‍ നരകത്തില്‍ ശാശ്വതമായി ഇരുമ്പ് കൊണ്ട് വയറ്റില്‍ കുത്തിക്കൊണ്ടേയിരിക്കും. (ബുഖാരി)

ജീവന്‍ അമൂല്യമാണ്. വിലപ്പെട്ട ജീവന്‍ ഓരോരുത്തര്‍ക്കും നല്‍കിയത് അല്ലാഹുവാണ്. അവനല്ലാതെ മറ്റാര്‍ക്കും അതിന് കഴിയുകയില്ല. അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍, എന്നിരിക്കെ, അവന്‍ നല്‍കിയ ജീവിതത്തെ അവസാനിപ്പിക്കുവാന്‍ ഒരാള്‍ക്കും അവകാശമില്ല. ജീവന്‍ അല്ലാഹുവിന്റെ ദാനമാണെന്നതിനാല്‍ അത് നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍പോലും അസ്ഥാനത്താകുന്നു. ഇസ്‌ലാം ആത്മഹത്യയെ വന്‍പാപങ്ങളിലാണ് പെടുത്തിയിരിക്കുന്നത്.
മനുഷ്യജീവിതം സുഖദു:ഖ സമ്മിശ്രമാണ്. ഇവ രണ്ടും ജീവിതത്തില്‍ അനുഭവിക്കേണ്ടിവരും. ആനന്ദമായാലും ആഘാതമായാലും എല്ലാം അല്ലാഹുവിന്റെ നിശ്ചയപ്രകാരമേ സംഭവിക്കുകയുള്ളൂ എന്ന വിശ്വാസമാണ് മനുഷ്യനെ മുന്നോട്ട് ചലിക്കാന്‍ പ്രേരിപ്പിക്കുന്നത്. എനിക്ക് ഗുണമുണ്ടായാലും ദോഷമുണ്ടായാലും എല്ലാമറിയുന്ന എന്റെ നാഥന്റെ തീരുമാനമാണത് എന്ന് മനസ്സിലാക്കുന്നത് നിരാശയെ മാറ്റിനിര്‍ത്താന്‍ സഹായിക്കുന്നു. കാരുണ്യവാനായ അല്ലാഹു എനിക്ക് നന്മയേ ഉദ്ദേശിക്കുകയുള്ളൂ എന്ന വിശ്വാസം മനസ്സമാധാനം നല്‍കുന്ന വിശ്വാസമത്രെ. ഈ വിശ്വാസത്തിന്റെ അഭാവമാണ് മനുഷ്യനെ നിരാശയിലേക്കും അതുവഴി മരണത്തിലേക്കും വഴിനടത്തുന്നത്.
സാമ്പത്തികമോ വിദ്യാഭ്യാസപരമോ ആയ ബുദ്ധിമുട്ടുകളോ ദാമ്പത്യ പ്രശ്‌നങ്ങളോ കുടുംബ ബന്ധങ്ങളിലെ വിള്ളലുകളോ മറ്റുള്ളവരുടെ ഭീഷണിയോ പ്രലോഭനങ്ങളോ അനുഭവിക്കുമ്പോഴേക്കും തന്റെ ജീവിതം വഴിമുട്ടിയിരിക്കുന്നു എന്ന് ചിന്തിച്ച് അതവസാനിപ്പിക്കുവാന്‍ തയ്യാറെടുക്കുമ്പോള്‍ ദൈവികമായ ചിന്തയും ദൈവകാരുണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയുമാണ് നഷ്ടപ്പെടുന്നത്. ദൈവകാരുണ്യത്തെക്കുറിച്ചുള്ള ചിന്ത ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള പ്രേരക ഘടകമാകുന്നു. ”നിങ്ങള്‍ നിങ്ങളെത്തന്നെ കൊന്നുകളയരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു” (4:29) എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം നിരാശനായ മനുഷ്യന് മുന്നില്‍ പ്രത്യാശയുടെ പരവതാനി വിരിച്ചുകൊടുക്കുന്നു.
അല്ലാഹുവിന്റെ അനുഗ്രഹമായി ലഭിച്ച ജീവനെ നിഗ്രഹിക്കുവാനുള്ള തീരുമാനം രക്ഷപ്പെടാന്‍ കഴിയാത്ത അപരാധമായിട്ടാണ് ഇസ്്‌ലാം കാണുന്നത്. ഒരാള്‍ക്കും സ്വജീവന്‍ അവസാനിപ്പിക്കാനുള്ള അവകാശമില്ലെന്നിരിക്കെ, അതിന് മുതിരുന്നത് ശാശ്വതമായ നരകവാസം പ്രതിഫലം ലഭിക്കുന്ന കുറ്റമാണെന്ന് പഠിപ്പിക്കുന്ന ഈ തിരുവചനം ആത്മഹത്യയെന്ന വന്‍പാപത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നു.

Back to Top