19 Sunday
October 2025
2025 October 19
1447 Rabie Al-Âkher 26

ട്രോമയും ആത്മഹത്യയും ഇസ്രായേലി സൈന്യത്തെ വേട്ടയാടുന്നു


തൂഫാനുല്‍ അഖ്സക്ക് ശേഷം ഗസ്സയിലേക്ക് പോയ ഇസ്രായേലി ആര്‍മിയുടെ റിസര്‍വ് സൈനികന്‍ എലിറാന്‍ മിസ്റാഹി തിരിച്ചു വന്നത് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡര്‍ ബാധിച്ചിട്ടായിരുന്നു. ഗസ്സയില്‍ അദ്ദേഹം സാക്ഷ്യം വഹിച്ച സംഭവങ്ങളായിരുന്നു ഈ അവസ്ഥയിലേക്ക് നയിച്ചത്. യുദ്ധത്തിനായി വീണ്ടും ഗസ്സയിലേക്ക് തിരികെ പോകുന്നതിന് രണ്ടു ദിവസം മുമ്പ് എലിറാന്‍ മിസ്റാഹി സ്വയം ജീവനൊടുക്കുകയാണുണ്ടായത്. സി എന്‍ എന്‍ ലേഖകരായ നദീന്‍ ഇബ്രാഹിമും മൈക്ക് ഷ്വാര്‍ട്സുമാണ് ഈ വാര്‍ത്തയെ മുന്‍ നിര്‍ത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യുദ്ധസമയത്തെ ആഘാതം മൂലം മാനസികരോഗങ്ങള്‍ അനുഭവിക്കുന്ന ആയിരക്കണക്കിന് സൈനികര്‍ക്ക് പരിചരണം നല്‍കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞതായാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ഇതുവരെ ഔദ്യോഗിക കണക്കുകള്‍ പുറത്തു വിടാത്തതിനാല്‍ എത്രപേര്‍ ആത്മഹത്യ ചെയ്തുവെന്നത് വ്യക്തമല്ല. ലബനാനില്‍ യുദ്ധത്തിനായി വീണ്ടും അയക്കപ്പെടുമെന്നത് സൈന്യത്തെ ഭയപ്പെടുത്തുന്നുണ്ട്. സൈനികരില്‍ പലരും ഇപ്പോള്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ഗസ്സയില്‍ നാല് മാസം സേവനമനുഷ്ഠിച്ച ഇസ്രായേലി സൈനിക ഡോക്ടര്‍ പറഞ്ഞതായി സി എന്‍ എന്‍ ലേഖകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 8 ന് ഗസ്സയിലേക്ക് വിന്യസിക്കപ്പെട്ട സൈനികനായിരുന്നു മിസ്റാഹി. 186 ദിവസം അയാള്‍ ഗസ്സയില്‍ സൈനിക സേവനം നടത്തുകയും പിന്നീട് കാല്‍ മുട്ടിന് പരിക്കേല്‍ക്കുകയും ചെയ്തു. ശേഷം അദ്ദേഹത്തെ ചികിത്സക്കായി ഗസ്സയില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു.

Back to Top