ആത്മഹത്യകള്‍ക്ക് പിറകെ പോകുന്ന കൗമാരങ്ങള്‍
തന്‍സീം ചാവക്കാട്
ന്യൂജന്‍ ജനതയെ അപേക്ഷിച്ചിടത്തോളം ഒരിക്കലും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ആനന്ദമാണ് ഗെയിം എന്ന് പറയേണ്ടിയിരിക്കുന്നു. ബ്ലു വെയിലും ഫ്രീ ഫെയറും പബ്ജിയും വിളിച്ചു വരുത്തിയ ധാര്‍മിക ശോഷണത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ജീവന്‍ പോലും ഹനിക്കുന്ന തരത്തിലേക്കാണ് ബ്ലു വെയില്‍ തരംഗം നിറഞ്ഞാടിയത്. ഫ്രീ ഫയര്‍, പബ്ജി എന്ന വീഡിയോ ഗെയ്മിങ്ങും മറ്റൊരു വഴിയായിരുന്നില്ല. നിരന്തരം അതില്‍ മാത്രം ഊട്ടപ്പെട്ട ഒരു കൂട്ടം വിദ്യാര്‍ഥി മനസ്സുകളില്‍ പാര പണിയുന്നതിന്റെയും അപരനെ ആക്രമിക്കാനുള്ള മനസ്സ് കൈവരുത്തുവാനുമുള്ള ശ്രമം മാത്രമായിട്ടേ നമുക്ക് അവയുടെ പ്രതിഫലനങ്ങളെ സാമൂഹിക ബോധത്തിന്റെ വെളിച്ചത്തില്‍ നോക്കി കാണാന്‍ കഴിയുകയുള്ളൂ.
ഗെയ്മിങ്ങില്‍ അടിമപ്പെട്ടു പോയവരില്‍ പെട്ടെന്നുള്ള മാറ്റം സാധ്യമല്ലെന്നറിയാം. അവര്‍ക്ക് ജീവിത ക്രമങ്ങളോട് പോലും പൊരുത്തപ്പെടാന്‍ കഴിയില്ല. സാമൂഹികമായ പിന്തുണ വേണ്ട സമയത്ത് നല്കാനായില്ല എന്നതാണ് ഇതിനൊരു കാരണം. കുട്ടികളെ മൊബൈല്‍ അഡിക്ഷനിലേക്ക് തള്ളിവിടാതെ അവരവരുടെ അഭിരുചി കണ്ടറിഞ്ഞ്, അവരുടെ താല്പര്യങ്ങളെ പരിപോഷിപ്പിക്കാനും അതിലേക്ക് വഴി തിരിച്ചു വിടാനും കൂട്ടായ പരിശ്രമങ്ങള്‍ തന്നെ വേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ അവരുടെ മനസകങ്ങളില്‍ സമാധാനത്തിന്റെ വിത്തു വിതയ്ക്കാന്‍ നമുക്കാവും.