സൂഫിസവും ഇസ്‌ലാമിക പ്രമാണങ്ങളും
പി കെ മൊയ്തീന്‍ സുല്ലമി
സൂഫിസം എന്ന പേരിനെച്ചൊല്ലി വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. പ്രമുഖ പണ്ഡിതനായ ഇഹ്‌സാന്‍ ഇലാഹി രേഖപ്പെടുത്തുന്നു: ”ഒരു വിഭാഗത്തിന്റെ അഭിപ്രായം ഇപ്രകാരമാണ്: അവരുടെ ഹൃദയത്തിന്റെ തെളിച്ചം എന്ന നിലയിലാണ് അവരെ സൂഫികള്‍ എന്ന് വിളിക്കപ്പെട്ടത്. രണ്ടാമതൊരു വീക്ഷണം, അവര്‍ മനക്കരുത്തില്‍ അല്ലാഹുവിന്റെ മുന്നില്‍ ഒന്നാമത്തെ സ്വഫ്ഫില്‍ (നിരയില്‍) ആയതുകൊണ്ടാണ് അപ്രകാരം വിളിക്കപ്പെട്ടത്. രണ്ടാമതൊരു വീക്ഷണം, നബി(സ)യുടെ കാലത്തുണ്ടായിരുന്ന അഹ്‌ലുസ്സ്വുഫത്തുകാരുമായി സാദൃശ്യമുള്ളതിനാലാണ് ഈ പേരില്‍ അറിയപ്പെടുന്നത്. നാലാമതൊരു വിഭാഗത്തിന്റെ അഭിപ്രായം: അവര്‍ കമ്പിളി വസ്ത്രം ധരിച്ചിരുന്നതുകൊണ്ടാണ് അപ്രകാരം വിളിക്കപ്പെട്ടത്.” (അത്തസ്വവ്വുഫു വല്‍ മന്‍ശഉ വല്‍ മസ്വാദിറു പേജ് 21)
സൂഫികളുടെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമല്ല. മറ്റു പലതുമാണ്. ഇമാം സുഹ്‌റവര്‍ദീ(റ) പറയുന്നു: ”സൂഫികളുടെ പ്രമാണങ്ങള്‍ ഇല്‍ഹാമുകള്‍ (ദൈവികമായ തോന്നലുകള്‍) വെളിപാടുകള്‍, വഹ്‌യുമായി മലക്കുകളുടെ ഇറക്കം, സ്വപ്‌നദര്‍ശനം, ആകാശാരോഹണം, അന്‍ബിയാക്കളുമായുള്ള സംഭാഷണങ്ങള്‍ എന്നിവയാണ്.” (അവാരിഫുല്‍ മആരിഫ് 3:364)
സൂഫികളുടെ ആദര്‍ശം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ഊഹാപോഹങ്ങളിലും അധിഷ്ഠിതമാണ്. അവരുടെ ഇമാമുകള്‍ (മതനേതാക്കള്‍) പ്രവാചകന്മാരെക്കാള്‍ ഉന്നതരത്രെ. ഇഹ്‌സാന്‍ ഇലാഹി പറയുന്നു: ”അവരുടെ ഇമാമുകളുടെ അടുക്കല്‍ റസൂല്‍ വരും, അവര്‍ക്ക് വഹ്‌യിറങ്ങും. യാതൊരു വിധ മറയുമില്ലാതെ അല്ലാഹു അവരോട് നേരിട്ടു സംസാരിക്കും.” (അത്തസ്വവ്വുഫു വല്‍ മന്‍ശഉ വല്‍ മസ്വാദിറു പേജ് 159)
ഇബ്‌റാഹീം നബി(അ)യെ അവരുടെ ഇമാമുകളേക്കാള്‍ താഴ്ന്ന പദവിയിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സൂഫികള്‍ ശ്രമം നടത്തുന്നുണ്ട്. മുഹമ്മദുല്‍ ബാഖിര്‍ പറയുന്നു: ”ഇബ്‌റാഹീമിനെ(അ) അല്ലാഹു നബിയാക്കുന്നതിന് മുമ്പ് ഒരടിമയാക്കുകയാണുണ്ടായത്. റസൂലാക്കുന്നതിന്ന് മുമ്പ് നബിയാക്കുകയും ചങ്ങാതിയാക്കുന്നതിന് മുമ്പ് റസൂലാക്കുകയും ഇമാം (ലോകരുടെ നേതാവ്) ആക്കുന്നതിന് മുമ്പ് ചങ്ങാതി (ഖലീല്‍) ആക്കുകയും ചെയ്തു.” (കിതാബുല്‍ ഹുജ്ജതി ഫീ ഉസ്വൂലില്‍ കാഫീ 1:175)
മേല്‍ ഉദ്ധരണിയുടെ ഉദ്ദേശ്യം: സൂഫികളുടെ ഇമാമുമാര്‍ ജനനം മുതല്‍ മരണം വരെ ഏറ്റവും ഉന്നതിയില്‍ നിലകൊള്ളുന്നവരാണ്. ഇബ്‌റാഹീം നബി(അ)യെപ്പോലുള്ള പ്രവാചകന്മാരുടെ ഉന്നതി സംഭവിക്കുന്നത് ഘട്ടം ഘട്ടമായിട്ടാണ് എന്ന് സ്ഥാപിക്കുകയാണ്. പ്രവാചകന്മാര്‍ക്ക് അല്ലാഹു സമ്പൂര്‍ണ ഇസ്വ്മത്ത് (പാപസുരക്ഷിതത്വം) നല്‍കുന്നത് നാല്പത് വയസ്സിനു ശേഷമാണ്. എന്നാല്‍ ഇവരുടെ ഇമാമുമാര്‍ ജനനം മുതല്‍ മരണം വരെ മഅ്‌സ്വൂമുകളാണത്രെ.
അവരുടെ ഹദീസ് പണ്ഡിതനായി അറിയപ്പെടുന്ന മുല്ലാ ബാഖിറുല്‍ മജ്‌ലിസി പറയുന്നു: ”ഇമാമാകാനുള്ള രണ്ടാമത്തെ നിബന്ധന ജനനം മുതല്‍ മരണം വരെ എല്ലാവിധ പാപങ്ങളില്‍ നിന്നും മഅ്‌സ്വും (സുരക്ഷിതന്‍) ആയിരിക്കുകയെന്നതാണ്.” (ഹഖ്ഖുല്‍ യഖീനി പേജ് 39)
മറ്റൊരു പണ്ഡിതനായിരുന്ന അബ്ദുര്‍റഹ്മാനുസ്സുലമി പറയുന്നു: അബൂബക്കര്‍ ദയ്‌നൂരിയില്‍ നിന്നും അബ്ദുര്‍റഹ്മാനുസ്സുലമി പ്രസ്താവിച്ചു: അദ്ദേഹത്തോട് സൂഫിയാക്കളുടെ അടയാളത്തെക്കുറിച്ച് ചോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: സൂഫിയാത്തില്‍ മാത്രം വ്യാപൃതനായിത്തീരുക. മറ്റൊരു കാര്യത്തിലും വ്യാപൃതനാകാതിരിക്കുകയും ചെയ്യുക. എല്ലാ നിന്ദ്യമായ കാര്യങ്ങളില്‍ നിന്നും മഅ്‌സ്വൂം (സുരക്ഷിതന്‍) ആയിരിക്കുകയും വേണം.” (ത്വബഖാത്തുസ്സ്വൂഫി, പേ. 109)
അതേ അവസരത്തില്‍ അവരുടെ ഇമാമുമാര്‍ക്ക് എങ്ങനെയും ജീവിക്കാമെന്നതാണ് അവരുടെ ആദര്‍ശം. അശ്ശൈഖ് മുഹമ്മദ് ഹിശാം രേഖപ്പെടുത്തുന്നു: ”താങ്കള്‍ക്ക് മനസ്സുറപ്പുണ്ടാകുന്നതു വരെ താങ്കള്‍ താങ്കളുടെ രക്ഷിതാവിനെ ആരാധിക്കണം (ഹിജ്ര്‍ 99) എന്ന വചനത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിനെ സംബന്ധിച്ച് മനസ്സില്‍ ഉറപ്പായ വിശ്വാസം വന്നുകഴിഞ്ഞാല്‍ മതപരമായ ശാസനകള്‍ അവര്‍ക്ക് ബാധകമല്ലെന്ന് വാദിക്കുന്ന ഒരു വിഭാഗവും അവരിലുണ്ട്.” (അല്‍ഖുര്‍ആനു വമന്‍സിലതഹു ബൈനസ്സലഫി 2:923)
മേല്‍ ഉദ്ധരിക്കപ്പെട്ട സൂറത്ത് ഹിജ്‌റിലെ 99-ാം വചനത്തില്‍ പറഞ്ഞ യഖീന്‍ എന്ന പദത്തിന് ‘മരണം’ എന്നാണ് സകല മുഫസ്സിറുകളും രേഖപ്പെടത്തിയിട്ടുള്ളത്. അപ്പോള്‍ മരണം വരെ അല്ലാഹുവിനെ ആരാധിക്കണം.
സൂഫിയാക്കള്‍ നബി(സ)യെ തള്ളിക്കളയുന്നവരാണ്. ഇമാം ശുഅ്‌റാനി(റ) പറയുന്നു: ”സൂഫിയാക്കളുടെ അവകാശവാദം ഇപ്രകാരമാണ്: നിങ്ങള്‍ കര്‍മങ്ങള്‍ സ്വീകരിക്കുന്നത് മരണപ്പെട്ട വ്യക്തികളില്‍ നിന്നാണ്. ഞങ്ങള്‍ കര്‍മങ്ങള്‍ സ്വീകരിക്കുന്നത് മരണമില്ലാത്ത ശക്തിയായ അല്ലാഹുവിങ്കല്‍ നിന്നാണ്.” (അല്‍ജവാഹിറു വദുററു പേ 286)
അഥവാ നാം മത കര്‍മങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് മരണപ്പെട്ടു പോയ നബി(സ)യില്‍ നിന്നും സ്വഹാബത്തില്‍ നിന്നും മനസ്സിലാക്കിയത് അനുസരിച്ചാണ്. അവര്‍ക്ക് മതകാര്യങ്ങള്‍ അല്ലാഹു നേരിട്ട് എത്തിച്ചു കൊടുക്കുകയാണ് എന്നാണ് അവരുടെ അവകാശവാദം. സൂഫിയാക്കളില്‍ സാധാരണക്കാര്‍ക്ക് മാത്രമേ മതനിയമങ്ങള്‍ ബാധകമാകൂ. ഉന്നത സ്ഥാനങ്ങളിലെത്തിയ ഇമാമുകള്‍ക്ക് അത് ബാധകമല്ല. ഇബ്‌നുഹസം(റ) പറയുന്നു: ”സൂഫിയാക്കളില്‍ ഒരു വിഭാഗം വാദിക്കുന്നത് ഔലിയാക്കന്മാരില്‍ എല്ലാ അമ്പിയാക്കന്മാരെക്കാളും മുര്‍സലുകളെക്കാളും ശ്രേഷ്ഠതയുള്ളവരുണ്ട് എന്നാണ്. വിലായത്തില്‍ അങ്ങേയറ്റം വരെ എത്തിയവര്‍ക്ക് നമസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയ മതപരമായ നിയമങ്ങളൊന്നും ബാധകമല്ലായെന്നും, വ്യഭിചാരം, ലഹരി വസ്തുക്കള്‍ തുടങ്ങിയ ഹറാമായ കാര്യങ്ങള്‍ അനുവദനീയമാണ് എന്നുമാണ്.” (അല്‍ഫസ്വ്‌ലു ഫില്‍ മിലലി വല്‍ അഹ്‌വാഇ-വന്നഹ്‌ലി 4:226)
അസംഭവ്യങ്ങളായ പല അവകാശ വാദങ്ങളും നടത്തിക്കൊണ്ടിരിക്കുന്നവരാണ് സൂഫിയാക്കള്‍. ‘ജുനൈദി’ എന്ന സൂഫി ഇമാമിന്റെ അവകാശവാദം പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. ”ഞാന്‍ മുപ്പത് വര്‍ഷത്തോളം അല്ലാഹുവുമായി സംസാരിക്കുകയുണ്ടായി” (ത്വബഖാത്തുശ്ശുഅ്‌റാനി 1:200)
മറ്റൊരു സൂഫീ നേതാവ് ദസൂഖിയുടെ അവകാശവാദം ഇപ്രകാരമാണ്: ”ഞാന്‍ ആകാശത്തുവെച്ച് അല്ലാഹു സിംഹാസനത്തില്‍ ഇരിക്കുന്നതായി കണ്ടു. ഞാന്‍ അല്ലാഹുവുമായി സംസാരിച്ചു. നരക കവാടങ്ങള്‍ എന്റെ കൈവശമാണ്. ഞാനത് അടപ്പിക്കും. ഫിര്‍ദൗസ് (സ്വര്‍ഗം) എന്റെ കൈവശമാണ്. ഞാനത് തുറക്കുകയുണ്ടായി. എന്നെ വല്ലവനും സന്ദര്‍ശിക്കുന്ന പക്ഷം ഫിര്‍ദൗസില്‍ അവനെ ഞാന്‍ പ്രവേശിപ്പിക്കും.” (ത്വബഖാതുല്‍ കുബ്‌റാ 1:180)
മറ്റൊരു ഇമാമായ ശാദുലി പറയുന്നു: ”മൂസാ നബി(അ)യോട് അല്ലാഹു സംസാരിച്ചതു പോലെ എന്നോടും സംസാരിച്ചു എന്ന് വല്ലവനും പറയുന്ന പക്ഷം അത് നിഷേധിക്കേണ്ടതില്ല.” (ത്വബഖാത്തുശ്ശുഅ്‌റാനി 2:69)
അല്ലാഹു അനുവദിച്ച പല കാര്യങ്ങളും ഇവര്‍ ഹറാമാക്കുന്നു. ഹാറാമാക്കിയ പല കാര്യങ്ങളും ഇവര്‍ ഹലാലാക്കുന്നു. ദുനിയാവിനോട് വിരക്തിയുണ്ടാകണമെന്ന് ഇവര്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നു. അതേ അവസരത്തില്‍ കറാമത്തു പോരിശയും പറഞ്ഞ് ഇവര്‍ ദുനിയാവ് സമ്പാദിക്കുകയും ചെയ്യുന്നു. ഇവരുടെ ഗുരുനാഥന്മാര്‍ ശിയാത്തുക്കളാണ്. ശിയാഇസം, സൂഫിസം, ത്വരീഖത്ത് എന്നീ മൂന്ന് പ്രസ്ഥാനങ്ങള്‍ക്കും ഒരേ ആദര്‍ശവും പ്രമാണവുമാണ്. അതിന്റെ ഭാഗം തന്നെയാണ് കേരളത്തിലെ ഇരുവിഭാഗം സമസ്തക്കാരും അവരെ പിന്‍തുടര്‍ന്നു പോരുന്ന യാഥാസ്ഥിതികരും.
ഇവരുടെ മറ്റൊരു ഇമാമാണ് അബൂമുള്ഫര്‍. അദ്ദേഹം പറയുന്നു: ”സുഹ്ദ് (ദുനിയാവിനോടുള്ള വിരക്തി) എന്ന് പറയുന്നത് മൂന്ന് അക്ഷരങ്ങളുടെ ഒരു ഘടനയാണ്. അത് സാഉം, ഹാഉം, ദാലുമാണ്. സാഅ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് സീനത്തിനെ (അഴകിനെ) ഉപേക്ഷിക്കലാണ്. ഹാഅ് എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഹഖയെ (ദേഹേച്ഛ) ത്യജിക്കലാണ്. ദാല് എന്നതുകൊണ്ടുള്ള വിവക്ഷ ദുന്‍യാവിനെ (ഇഹലോകം) വെടിയുകയെന്നതുമാണ്.” (മനാഖിബുസ്സ്വൂഫിയ്യ പേ 55)
സൂഫിയാക്കളുടെ നേതാവായി അറിയപ്പെടുന്ന നജ്മുദ്ദീനുല്‍കുബ്‌റാ പറയുന്നു: ”തസ്വവ്വുഫ് (സൂഫിസം) എന്നാല്‍ ദുനിയാവിനെ പാടെ ഉപേക്ഷിക്കലാണ്.” (ഫതവാതിഹുല്‍ ജമാലി വ ഫവാതിഹുല്‍ ജലാലി, പേ.59)
ദുന്‍യാവ് പാടെ വെടിയുകയെന്നത് ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണ്. സൂറതുല്‍ ബഖറ 201-ാം വചനത്തിനും നിരവധി സ്വഹീഹായ ഹദീസുകള്‍ക്കും വിരുദ്ധമാണ്. ഇസ്‌ലാമിന്റെ ആദ്യ കാലഘട്ടങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ഉടുതുണിക്ക് മറുതുണി ഇല്ലായിരുന്നു. കാലാകാലവും അതേ ജീവിതം നയിക്കണം എന്നതാണ് ഇവരുടെ ഒരു വാദം.
ദുനിയാവിനോടുള്ള അമിതമായ ആര്‍ത്തിയും ധൂര്‍ത്തും പൊങ്ങച്ചവും ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. അതിന്റെ പേരിലാണ് ഇവര്‍ അല്ലാഹു അനുവദിച്ച വസ്തുക്കളെയെല്ലാം ഹറാമാക്കുന്നത്. ഹറാം ഏട്ടില്‍ മാത്രം ഒതുങ്ങുകയും ഇവരുടെ സമ്പാദ്യവും ജീവിത രീതിയും മറിച്ചുമാണ്.
ഹറാമുകളില്‍ ചെന്നുചാടും എന്ന് ഭയപ്പെടുകയും സാമ്പത്തിക ശേഷിയും ആരോഗ്യവുമുണ്ടാകുകയും ചെയ്യുന്ന പക്ഷം അത്തരക്കാര്‍ വിവാഹം കഴിക്കല്‍ നിര്‍ബന്ധമാകുന്നു. എന്നാല്‍ സൂഫിയാക്കള്‍ ഉയര്‍ന്ന ആത്മീയ പദവിയിലെത്തിയ ഔലിയാക്കള്‍ക്ക് വ്യഭിചാരം അനുവദനീയമാക്കുകയും വിവാഹം നിഷിദ്ധമാക്കുകയും ചെയ്യുന്നു.
ഈ വിഷയത്തില്‍ സൂഫി നേതാവായ ത്വൂസി പറയുന്നു: ”ഒരാള്‍ വിവാഹം കഴിക്കുന്ന പക്ഷം അയാള്‍ തീര്‍ച്ചയായും കപ്പലില്‍ കയറിയവനെപ്പോലെയാണ്. അയാള്‍ക്ക് സന്താനം ജനിക്കുന്ന പക്ഷം അയാള്‍ മുങ്ങി മരണപ്പെട്ടവനെപ്പോലെയുമാകുന്നു.” (കിതാബുല്ലംഇ പേ 265)
സൂഫി പണ്ഡിതനായ ജുനൈദിയുടെ അഭിപ്രായം ഇപ്രകാരമാണ്: ”മുരീദന്മാര്‍ വൈവാഹിക ജീവിതത്തില്‍ ഏര്‍പ്പെടാതിരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.” (ഖുതുല്‍ ഖുലൂബ്: ലിഅബീത്വാലിബില്‍ മക്കിയ്യി 1:267)
അവരുടെ നേതാവായ അബൂസുലൈമാന്‍ ദാറാനിയുടെ അഭിപ്രായം ഇമാം സൂഹ്‌റവര്‍ദി(റ) പറയുന്നു: ”അബൂസുലൈമാന്‍ ദാറാനി പ്രസ്താവിക്കുകയുണ്ടായി: വിവാഹം കഴിച്ച നമ്മുടെ കൂട്ടുകാരില്‍ നിന്നും ഒരുവനെയും അയാളുടെ ആത്മീയ പദവി നിലനിര്‍ത്തിയതായി ഞാന്‍ കണ്ടിട്ടില്ല.” (അവാരിഫുല്‍ മആരിഫി, പേ. 65)
ധനം സമ്പാദിക്കല്‍ സൂഫിയാക്കള്‍ക്ക് നിഷിദ്ധമാണ്. കിലാവാദി എന്ന പണ്ഡിതന്‍ പറയുന്നു: ധനം സമ്പാദിക്കല്‍ ഉപേക്ഷിക്കേണ്ടതാണ്. അത് സൂക്ഷിച്ചുവെക്കല്‍ നിഷിദ്ധവുമാണ്. അത് സൂഫിസത്തിന്റെ നിര്‍ബന്ധ ഘടകങ്ങളില്‍ പെട്ടതാണ്.” (അത്തളര്‍റുഹു ലി മദ്ഹബി അഹ്‌ലിസ്സ്വുഫി പേ. 108)
ഒന്നിലധികം വസ്ത്രം കൈവശം വെക്കുന്നതുപോലും അവര്‍ക്ക് നിഷിദ്ധമാണ്. ഇമാമുദ്ദീന്‍(റ) പറയുന്നു: ”രണ്ട് ഷര്‍ട്ടുള്ള ഒരു വ്യക്തി സുഹ്ദിനെ (വിരക്തി) സംബന്ധിച്ച് ഉപദേശിച്ചുകൊണ്ട് ചില സൂഫിയാക്കളുടെ അരികെ പ്രവേശിക്കുകയുണ്ടായി. അപ്പോള്‍ അവര്‍ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: ഹേ മനുഷ്യാ, രണ്ടു ഷര്‍ട്ടുകള്‍ കൈവശം വെച്ചുകൊണ്ട് സുഹ്ദിനെ സംബന്ധിച്ച് സംസാരിക്കാന്‍ നിനക്ക് ലജ്ജയില്ലേ?” (ഹയാതുല്‍ ഖുലൂബി ഫീകൈഫിയ്യത്തില്‍ വുസ്വൂലി ഇലല്‍മഹ്ബുബി 2:122).