സുഡാന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കണം-ഒ ഐ സി
സുഡാന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കേണ്ടതുണ്ടെന്ന് ഒ ഐ സി. സഊദി അറേബ്യയുടെ അഭ്യര്‍ഥന പ്രകാരം സുഡാനിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജിദ്ദ ഒ ഐ സി ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തിനൊടുവില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സൈനിക സംഘട്ടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സുഡാനില്‍ തുടരുന്ന സംഭവവികാസങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. മാനുഷിക സഹായം, പരിക്കേറ്റവര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും പിന്തുണ, പൗരന്മാരെയും നയതന്ത്ര ദൗത്യങ്ങളെയും ഒഴിപ്പിക്കുക, അതിനായി സുരക്ഷിത മാനുഷിക പാതകള്‍ സൃഷ്ടിക്കുക എന്നിവ ഉറപ്പാക്കുന്നതിനുള്ള ഉടമ്പടി പൂര്‍ണമായി പാലിക്കാന്‍ ഒഐസി അടിയന്തര യോഗം ആവശ്യപ്പെട്ടു. വന്‍തോതിലുള്ള മനുഷ്യ നഷ്ടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിന്റെയും വെളിച്ചത്തില്‍ ദേശീയ താല്‍പര്യത്തിന് മുന്‍ഗണന നല്‍കി സൈനിക മുന്നേറ്റം നിര്‍ത്തണം. പ്രതിസന്ധി പരിഹാരത്തിന് സംഭാഷണത്തിന്റെയും ചര്‍ച്ചയുടെയും മാര്‍ഗത്തിലേക്ക് എത്രയും വേഗം മടങ്ങണമെന്നും ഒഐസി അടിയന്തര യോഗം ആവശ്യപ്പെട്ടു. ഐക്യം കാത്തുസൂക്ഷിക്കുന്നതിനും വെടിനിര്‍ത്തി സമാധാനപരമായ പാതയിലേക്ക് മടങ്ങാനും ലക്ഷ്യമിട്ട് സുഡാനിലെ പ്രാദേശിക-അന്തര്‍ദേശീയ കക്ഷികളുമായി ബന്ധപ്പെട്ട് സുഊദി അറേബ്യ നടത്തിയ ശ്രമങ്ങളെ യോഗം അഭിനന്ദിച്ചു.