18 Thursday
April 2024
2024 April 18
1445 Chawwâl 9

നീതിക്കായുള്ള പോരാട്ടം അത്ര എളുപ്പമല്ല

ടി ടി എ റസാഖ്‌


ഗുജറാത്ത് കലാപത്തെ അതിജീവിച്ചവര്‍ക്കു വേണ്ടി സി ജെ പി ഡല്‍ഹിയില്‍ നടത്തിയ സംഗമത്തില്‍ ഇരകള്‍ നേരിട്ട ക്രൂരതയുടെ കഥകള്‍ കേട്ട് അവിടെ പങ്കെടുത്ത മൂന്നു മുന്‍ പ്രധാനമന്ത്രിമാര്‍ കണ്ണീര്‍ പൊഴിച്ചു എന്നാണ് ടീസ്ത സെറ്റല്‍വാദ് അനുസ്മരിക്കുന്നത്. എ പി ജെ അബ്ദുല്‍ കലാം ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍ ടീസ്ത സെറ്റല്‍വാദിനെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നകറ്റിനിര്‍ത്താന്‍ ഗവണ്മെന്റ് മെഷിനറി ആവത് ശ്രമിച്ചപ്പോള്‍ അതിജീവിതര്‍ അവരെ രണ്ടു ദിവസം മുമ്പേ ക്യാമ്പിലേക്ക് ‘കട്ടുകടത്തുക’യായിരുന്നു എന്നാണ് അവര്‍ പറയുന്നത്. തുടര്‍ന്ന് അവിടെ കൂടിയ ബുര്‍ഖാധാരിണികളുമായി ചേര്‍ന്നുനിന്ന അബ്ദുല്‍ കലാമിന് ‘വംശഹത്യ’ എന്ന തലക്കെട്ടുള്ള ‘കമ്മ്യൂണലിസം കോംബാറ്റി’ന്റെ തമിഴ് പതിപ്പ് തന്നെയായിരുന്നു അവര്‍ കൈമാറിയത്. അപ്പോള്‍ അബ്ദുല്‍ കലാമിനൊപ്പം മോദിയും ഉണ്ടായിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു. ബെസ്റ്റ് ബേക്കറി കേസിന്റെ ചരിത്രപ്രസിദ്ധമായ വിധിത്തീര്‍പ്പില്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ യഥാര്‍ഥത്തില്‍ സ്റ്റേറ്റിന്റെ പങ്കുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അവകാശവാദങ്ങളെ ശരിവെക്കുന്നതായിരുന്നു. ഇത് സി ജെ പിയുടെ കൂടി വിജയമായിട്ടാണ് ഈ പോരാട്ടങ്ങളുടെ ഓര്‍മകള്‍ നമ്മോട് പറയുന്നത്.
ഗോധ്ര, ഗുല്‍ബര്‍ഗ, നരോദപാട്യ, ഓദ, സര്‍ദാര്‍പുര ഉള്‍പ്പെടെയുള്ള പ്രധാന കൂട്ടക്കൊലകള്‍ സംസ്ഥാനത്തിനു പുറത്തെ കോടതികളിലേക്കു മാറ്റാന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ ആദ്യം സി ജെ പിയുടെ കൂടെ നിന്നെങ്കിലും പിന്നീട് അവര്‍ക്ക് അതില്‍ താല്‍പര്യം നഷ്ടപ്പെടുകയാണുണ്ടായത്. ഗോധ്ര സംഭവത്തില്‍ ശിക്ഷിക്കപ്പെട്ടവരില്‍ അന്ധനായ ബാലന്‍ ഇഖ്ബാല്‍ മമ്ദുവും അറിയപ്പെട്ട സാമൂഹിക പ്രവര്‍ത്തകനും ഗോധ്ര നിവാസികളില്‍ നിന്ന് ചില്ലറപ്പണം പിരിച്ച് ഭോപാലിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ, ഗോധ്ര അഭയാര്‍ഥി ക്യാമ്പ് നടത്തിയ വന്ദ്യവയോധികനായ മൗലാനാ ഉമര്‍ജിയും ഉള്‍പ്പെടുന്നു! 2011ല്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തി ഉമര്‍ജി ജയില്‍മോചിതനായെങ്കിലും ദുഃഖഭാരത്തില്‍ തകര്‍ന്നുപോയ അദ്ദേഹം വൈകാതെ മരണപ്പെട്ട കാര്യം ടീസ്തയെ ഏറെ ദുഃഖിപ്പിച്ച സംഭവമായിരുന്നു.
അതേസമയം, നരോദപാട്യ കൂട്ടക്കൊലയിലെ ഒന്നാം പ്രതി ബാബു ബജ്‌രംഗി ഉള്‍പ്പെടെ കൂട്ടബലാല്‍സംഗം, കൊല, കൊള്ളിവെപ്പ് തുടങ്ങിയ വന്‍ ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എളുപ്പം ജാമ്യം നേടി പുറത്തിറങ്ങുന്ന കാഴ്ചകളാണവര്‍ പങ്കുവെക്കുന്നത്. പന്തര്‍വാഡായിലെ കൂട്ട കുഴിമാടങ്ങള്‍ കണ്ടെത്തിയപ്പോള്‍ ഡി എന്‍ എ പരിശോധനയ്ക്കും സംസ്ഥാനത്തിനു പുറത്തേക്ക് കേസുകള്‍ മാറ്റുന്നതിനും ബന്ധുക്കളോടൊപ്പം സി ജെ പി നടത്തിയ നിയമയുദ്ധം ഫലം കാണാതെപോയി. തദ്ഫലമായി കാണാതായവരുടെ കേസുകള്‍ തീര്‍പ്പാക്കപ്പെടാതെയും, ബന്ധുക്കള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള നഷ്ടപരിഹാരം ലഭിക്കാതെയും വര്‍ഷങ്ങള്‍ക്കു ശേഷവും കേസുകള്‍ കെട്ടിക്കിടക്കുന്ന കാഴ്ചകളെക്കുറിച്ചാണ് അവര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍ ഏറെ വൈകിയെങ്കിലും മൃതദേഹങ്ങള്‍ മാന്യമായി മറമാടാനെങ്കിലും കഴിഞ്ഞതില്‍ അല്‍പം സമാധാനിക്കാം.
പ്രധാനമന്ത്രി വാജ്‌പേയി മോദിക്ക് എഴുതിയ കത്തുകളില്‍ പോലും അതിജീവിതര്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ അപര്യാപ്തതയെക്കുറിച്ചും സംസ്ഥാനത്തെ അസ്വസ്ഥജനകമായ വര്‍ഗീയാന്തരീക്ഷത്തെ കുറിച്ചുമുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചതായി ടീസ്ത സൂചിപ്പിക്കുന്നുണ്ട്. അവര്‍ നിരന്തരം പിന്തുടര്‍ന്ന ബെസ്റ്റ് ബേക്കറി കൂട്ടക്കൊല കേസില്‍ മുഖ്യ സാക്ഷി സാഹിറ ശൈഖ് കൂറുമാറിയ ദുരൂഹ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അവര്‍ കോടതികള്‍ കയറിയിറങ്ങിയെങ്കിലും സാഹിറ ശൈഖ് ശിക്ഷിക്കപ്പെട്ടതല്ലാതെ പിന്നില്‍ പണവും ഭീഷണിയുമായി നടന്നവര്‍ ശിക്ഷിക്കപ്പെട്ടില്ല എന്ന ദുഃഖകരമായ യാഥാര്‍ഥ്യം അവര്‍ അനുസ്മരിക്കുന്നു.
പോരാട്ടങ്ങള്‍ എന്ത് നേടി?
ഇരകള്‍ക്കു വേണ്ടി ഒറ്റയ്ക്കും കൂട്ടായും ടീസ്ത സെറ്റല്‍വാദ് നടത്തിയ നിയമ പോരാട്ടങ്ങള്‍ കൊണ്ട് അവര്‍ വ്യക്തിപരമായി ഒന്നും നേടിയില്ലെന്നു മാത്രമല്ല പണാപഹരണം, സാക്ഷികളെ തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നിങ്ങനെ നിരവധി കേസുകളും അറസ്റ്റുകളും അവര്‍ക്ക് നേരിടേണ്ടിവന്നു. ഗുജറാത്തിലെ 25 ജില്ലകളില്‍ 19 എണ്ണത്തില്‍ അരങ്ങേറിയ 300ഓളം വരുന്ന അതിദാരുണമായ സംഭവങ്ങളില്‍ മിക്കവയും അന്വേഷിച്ചും പഠിച്ചും ദൃക്‌സാക്ഷികളെ രേഖപ്പെടുത്തിയും ആയിരക്കണക്കിനു ഫോണ്‍കോളുകള്‍ പരിശോധിച്ചും പതിനായിരക്കണക്കിന് നിര്‍ണായകമായ രേഖകള്‍ ശേഖരിച്ചും കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇരകള്‍ക്കു വേണ്ടി ഒരു മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമായിട്ടാണ് അവര്‍ പ്രവര്‍ത്തിച്ചതെന്ന് ഈ ഓര്‍മക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു.
ഗുജറാത്ത് കലാപക്കേസുകളും വിധിതീര്‍പ്പുകളും കോടതി വ്യവഹാരങ്ങളും നീതിന്യായ ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത പാഠങ്ങളാണ് രാഷ്ട്രമനഃസാക്ഷിക്കു മുമ്പില്‍ തുറന്നിട്ടത്. സുഹൈല്‍ തിര്‍മീസി, മിഹിര്‍ ദേശായി, കാമിനി ജയ്‌സ്വാള്‍, സഞ്ജയ് പരേഖ്, എം എസ് ഗണേഷ്, നവറോസ് സീറാവി, ആസ്പി ചിനോയ്, കപില്‍ സിബല്‍… തുടങ്ങി പ്രഗത്ഭരായ നിയമവിദഗ്ധര്‍ ഭരണഘടനയോടും നിയമവാഴ്ചയോടും കൂറ് പ്രഖ്യാപിച്ചുകൊണ്ട് ടീസ്തയുടെ കൂടെ ഉറച്ചുനിന്ന ഏതാനും ചില പേരുകള്‍ മാത്രമാണ്. മതേതര ഇന്ത്യയുടെ ഭാവിയെക്കുറിച്ച് വായനക്കാരന് വലിയ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്ന പേരുകളാണിവ.
ടീസ്ത സെറ്റല്‍വാദിന് വിജില്‍ ഇന്ത്യാ അവാര്‍ഡ് നല്‍കവേ അവരില്‍ പ്രശംസയും പ്രതീക്ഷയും ചൊരിഞ്ഞുകൊണ്ട് ജസ്റ്റിസ് വര്‍മ നടത്തിയ പ്രഭാഷണം അവര്‍ക്ക് കരുത്തും ആത്മവിശ്വാസവും നല്‍കിയ ഓര്‍മകളാണ്. കുടുംബാംഗങ്ങള്‍ മുഴുവനും കണ്‍മുമ്പില്‍ കൊല ചെയ്യപ്പെടുന്നതിനു സാക്ഷിയായ, അനാഥനായ ഒരു പത്തു വയസ്സുകാരനോട് സംസാരിച്ച ശേഷം ജസ്റ്റിസ് വര്‍മ പറയുന്നത് കാണുക: ”ഈ കുട്ടി ഒരു ഭീകരവാദിയായി മാറിയില്ലെങ്കില്‍ അത് ദൈവാനുഗ്രഹമെന്നേ ഞാന്‍ പറയൂ.”

ആര്‍ ബി ശ്രീകുമാര്‍
കലാപകാലത്തെ പ്രവര്‍ത്തനങ്ങളില്‍ ധര്‍മവും നീതിയും സത്യനിഷ്ഠയും പുലര്‍ത്തിയ എ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍ നേരിട്ട ദുരനുഭവങ്ങള്‍ വായിച്ചിരിക്കേണ്ട ഓര്‍മകള്‍ തന്നെയാണ്. മാതൃകാപരമായ സത്യസന്ധത പ്രദര്‍ശിപ്പിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഡി ജി പിയായുള്ള തന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ച ഗവണ്‍മെന്റ് നടപടികള്‍ക്കെതിരെ നിയമയുദ്ധം നടത്തിയാണ് അദ്ദേഹം അത് നേടിയെടുത്തത്, അതും സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം. ഈ ഘട്ടങ്ങളില്‍ ഉടനീളം പരിമിതമായ തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ച് സദാ അദ്ദേഹത്തോടൊപ്പം ചേര്‍ന്നുനിന്നത് പ്രധാനമായും സി ജെ പി മാത്രമാണെന്നു പറയാം.
കേസുകളും അക്രമങ്ങളും
2010ഓടുകൂടി അവര്‍ക്കെതിരേയുള്ള കേസുകളും ആക്രമണങ്ങളും വര്‍ധിച്ചുവന്നു. അതോടൊപ്പം ഗുജറാത്തിലെ മുന്‍ ജഡ്ജി ഹിമാന്‍ഷ ത്രിവേദിയെ പോലുള്ളവര്‍ അവരെ ഏറെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവരികയും ചെയ്തു. അതേസമയം ടാറ്റാ ഗ്രൂപ്പ്, അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്, ശശി റൂയിയയുടെ എസ്സാര്‍ ഗ്രൂപ്പ്, കുമാരമംഗലം ബിര്‍ളയുടെ ബിര്‍ള ഗ്രൂപ്പ് തുടങ്ങിയ കോര്‍പറേറ്റ് ഭീമന്‍മാര്‍ കാര്യമായ പ്രതിഷേധമൊന്നുമില്ലാതെ ഗുജറാത്തുമായി അടുത്തുകൊണ്ടിരുന്ന കാര്യവും ടീസ്ത സെറ്റല്‍വാദിന്റെ വേദനയുള്ള നിരീക്ഷണങ്ങളില്‍ പെട്ടതാണ്. അതുപോലെ ഗോധ്രയും തുടര്‍കലാപങ്ങളും അന്വേഷിക്കുന്ന നാനാവതി ഷാ കമ്മീഷനു മുമ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്ത നിലപാടുകളിലും അവര്‍ തൃപ്തയായിരുന്നില്ല.
കൂട്ടക്കുഴിമാടങ്ങള്‍
കൂട്ടക്കുഴിമാടങ്ങളില്‍ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി സംസ്ഥാനത്തിന് പുറത്തേക്കയക്കാന്‍ വേണ്ട നടപടികള്‍ക്കായി സി ജെ പി സുപ്രീം കോടതിയെ സമീപിച്ചത് വിജയം കണ്ടില്ലെങ്കിലും, മരണാനന്തരം എട്ടു വര്‍ഷത്തിനു ശേഷം പല കുടുംബാംഗങ്ങള്‍ക്കും മയ്യിത്ത് യഥാവിധി ഖബറടക്കാനെങ്കിലുമുള്ള അവസരം ലഭിച്ചു എന്നതാണ് അതുകൊണ്ടുണ്ടായ ഒരു സദ്ഫലം എന്നു പറയാം.
മാതൃകകള്‍
ഈ പോരാട്ടത്തില്‍ ഓര്‍ക്കേണ്ട മറ്റു പലരെയും കുറിച്ചുള്ള ഓര്‍മകള്‍ അവര്‍ പലപ്പോഴായി പങ്കുവെക്കുന്നുണ്ട്. ആ പേരുകള്‍ അധികവും ഈ സമുദായാംഗങ്ങളുടേതല്ല എന്നത് പ്രതീക്ഷയുടെ കൊച്ചു കൈത്തിരികളായി നമുക്കു മനസ്സില്‍ വെക്കാം. ബെസ്റ്റ് ബേക്കറി കേസിന്റെ വിധിയോടനുബന്ധിച്ച് ഗംഗാ തീരത്തെ സങ്കട്‌മോചന്‍ ക്ഷേത്രപരിസരത്ത് നടന്ന സ്‌ഫോടനത്തില്‍ 23 നിരപരാധികള്‍ കൊല്ലപ്പെട്ട പ്രകോപനപരമായ സാഹചര്യത്തില്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന വീര്‍ ഭദ്ര മിശ്ര എടുത്ത സമാധാന നടപടികള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയതായിരുന്നു. അദ്വാനി, ജോഷി തുടങ്ങിയ ബി ജെ പിയുടെ മുന്‍നിര നേതാക്കളെ പോലും അദ്ദേഹം സ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ല. പ്രകോപനത്തിന്റെ പഴുതുകള്‍ അടച്ച് ജനങ്ങളോട് ശാന്തരാവാന്‍ ആവശ്യപ്പെട്ട മഹന്തിന്റെ വിളിക്കുത്തരം നല്‍കി പര്‍ദയണിഞ്ഞ സ്ത്രീകളടക്കം ഹിന്ദു-മുസ്ലിം-സിഖ് മതക്കാര്‍ മുഴുവന്‍ ദേവാലയ പരിസരത്ത് ഒരുമിച്ചുനിന്ന് ഭക്തരെ ശാന്തരാക്കി. മഹന്തിനെ മൗലാനാ ഉമര്‍ജിയുമായി താരതമ്യം ചെയ്തുകൊണ്ട് ടീസ്ത എഴുതിയ ‘സുന്ദരമായ ഒരേ നാണയത്തിന്റെ രണ്ടു മുഖങ്ങള്‍’ എന്ന ലേഖനം ഹൃദയസ്പര്‍ശിയായ വായനയാണ്.
പീഡനങ്ങള്‍
നിയമയുദ്ധത്തില്‍ വ്യക്തിപരമായി അവര്‍ നേടിയത് നിരന്തരമായ വേട്ടയാടലും റെയ്ഡുകളും വധശ്രമവും അറസ്റ്റും ആരോപണങ്ങളും ജയില്‍വാസവും മാത്രമായിരുന്നു. ഇതെഴുതുമ്പോള്‍ പോലും അവര്‍ ജയിലില്‍ നിന്നു പുറത്തുവന്നിട്ട് അധിക ദിവസമായിട്ടില്ല. എഡിജിപി ആര്‍ ബി ശ്രീകുമാര്‍, മോദിക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത സഞ്ജീവ് ഭട്ട് (ഇതെഴുതുമ്പോഴും ജയിലിലാണ്) തുടങ്ങിയവരുടെ അവസ്ഥയും വ്യത്യസ്തമല്ല.
ഗോധ്ര തീവെപ്പില്‍ കുറ്റാരോപിതനായ ഒരാള്‍ ജാമ്യം കിട്ടാതെ ജയിലില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ടീസ്ത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം മലയാളിയായ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ എറെ ചൊടിപ്പിച്ചുവത്രേ. ബന്ധപ്പെട്ട കേസില്‍ അവര്‍ ഇടപെടുകയാണെങ്കില്‍ ഞാന്‍ ഈ കേസ് കേള്‍ക്കുകയില്ല എന്നു പറഞ്ഞുകൊണ്ടാണ് അവരെ കോടതിമുറിയില്‍ ജസ്റ്റിസ് ഇകഴ്ത്തി സംസാരിച്ചത്. സീനിയര്‍ അഭിഭാഷകര്‍ മൗനം പാലിച്ചപ്പോള്‍ അന്നത്തെ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അടക്കം പ്രമുഖര്‍ ജസ്റ്റിസിന്റെ നടപടിക്കെതിരെ തുറന്ന കത്തെഴുതുകയുണ്ടായി. ഗുജറാത്ത് ഹൈക്കോടതി ടീസ്തയോടൊപ്പം മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായിയെയും ദേശവിരുദ്ധര്‍ എന്നു വിശേഷിപ്പിച്ചത് പിന്നീട് സുപ്രീം കോടതിയാണ് റദ്ദാക്കിയത്.
അര്‍ണബ് ഗോസ്വാമിയെ കൂടാതെ ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പത്രങ്ങളും അവരെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പല വാര്‍ത്തകളും പ്രസിദ്ധീകരിച്ചു. ഒരു ഗുജറാത്തി മാസിക പരിഹാസപൂര്‍വം അവരെ മുസ്‌ലിം സമൂഹത്തിലെ ‘മുജാഹിദ്’ എന്നു വിശേഷിപ്പിച്ചുകൊണ്ട് പേരിനോടൊപ്പം ‘ബീവി’ എന്ന് ചേര്‍ക്കാന്‍ ആവശ്യപ്പെട്ട കാര്യവും അവര്‍ അനുസ്മരിക്കുന്നുണ്ട്. എന്നാല്‍ അഭിഭാഷകര്‍, ആര്‍ ബി ശ്രീകുമാറിനെ പോലെ സത്യസന്ധരായ പോലീസ് ഓഫീസര്‍മാര്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി സുരേഷ് ഭായ് മേത്ത അങ്ങനെ പല ഭാഗത്തുനിന്നും അവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പിന്തുണയും എടുത്തുപറയേണ്ടതു തന്നെയാണ്. എന്നാല്‍ മാധ്യമങ്ങള്‍ പൊതുവേ ഗുജറാത്ത് പോലീസിന്റെ ഭാഷയിലാണ് പലപ്പോഴും സംസാരിച്ചത് എന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗൂഢാലോചന
പ്രത്യേക അന്വേഷണസംഘത്തിനു(എസ് ഐ ടി) മുമ്പില്‍ ധാരാളം രേഖകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടും ബന്ധപ്പെട്ട രാഷ്ട്രീയ ഗൂഢാലോചനയിലേക്ക് ശരിയായ അന്വേഷണം നടത്താന്‍ അവര്‍ തയ്യാറായില്ല എന്നത് പല സ്ഥലത്തും ടീസ്ത സൂചിപ്പിക്കുന്നുണ്ട്. എങ്കില്‍ കേസുകളുടെ ഗതി ഇതാവുമായിരുന്നില്ല എന്ന് അവര്‍ക്ക് അറിയാം.
അതുകൊണ്ടുതന്നെ ഈ യുദ്ധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ടീസ്തയുടെ ഭാഷയില്‍ ‘എന്റെ യുദ്ധം നാട്ടില്‍ ശിക്ഷാഭീതിയില്ലാതെ എന്തും ചെയ്യാമെന്നുള്ള മനോവികാസത്തിനെതിരെയാണ്.’ ടീസ്ത അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സത്യസന്ധരായ ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും നീതിന്യായവ്യവസ്ഥയും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച ന്യായാധിപന്‍മാരുടെയും നിരന്തര ശ്രമഫലമായി കുറ്റവാളികളില്‍ നല്ലൊരു പങ്ക് ശിക്ഷിക്കപ്പെട്ടു എന്നത് ടീസ്തയുടെ കൂടി വിജയമാണ്. രക്ഷപ്പെട്ടവരുടെ കഥകളും ഏറെയുണ്ടെന്നത് അവര്‍ മറക്കുന്നില്ല.
ബെസ്റ്റ് ബേക്കറി കേസിന്റെ വിധി പുറപ്പെടുവിക്കവേ കോടതി പറഞ്ഞത് പ്രസക്തമാണ്: ”ഗാന്ധിജിയുടെ നാട്ടില്‍ ഇത്തരം ഭീകരമായ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ചിലര്‍ ഇത്രമേല്‍ ആദര്‍ശരാഹിത്യം പ്രദര്‍ശിപ്പിക്കുന്നത് എങ്ങനെയാണ്? അവര്‍ ഏറ്റവും പ്രിയപ്പെട്ടതായി കരുതിയ സര്‍വതില്‍ നിന്നും അവര്‍ വഴിതെറ്റിയതല്ലേ ഇത്? നിരപരാധികളായ സ്ത്രീകളും കുട്ടികളുമടക്കം ഇത്രയും പേര്‍ ഇങ്ങനെ പൈശാചികമായി കൊല്ലപ്പെടുന്ന അവസ്ഥ മുഴുവന്‍ സമൂഹത്തിനും അപമാനമാണ്. ക്രിമിനലുകള്‍ക്ക് മതമില്ല. ഒരു മതവും ഹിംസയെ പ്രോല്‍സാഹിപ്പിക്കുന്നില്ല…”
യുവാക്കളോട് സംസാരിക്കുമ്പോള്‍ അവര്‍ പങ്കുവെക്കാറുള്ള ഒരു കഥ പറഞ്ഞുകൊണ്ടാണ് അവര്‍ ഈ ഓര്‍മകളുടെ അവസാനത്തില്‍ എത്തുന്നത്: ”1992 ഡിസംബറിലാണ് ധാരാവിയിലെ ഖാന്‍ ചാച്ചയുടെ മകന്‍ കൊല്ലപ്പെട്ടത്. എന്നാല്‍ തന്റെ ഇളയ മകനോട് കൊലപാതകിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. ‘ഈ കൊലപാതകങ്ങളുടെ പരമ്പര അവസാനിക്കണം’ എന്നതായിരുന്നു അവരുടെ ലളിതയുക്തി. അതാണ് ശരിയും. അതിനായി നിയമപോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്.” സമുദായ നേതൃത്വം പരാജയപ്പെട്ടിടത്ത് ടീസ്ത സെറ്റല്‍വാദ് എന്ന പോരാളി നടത്തിയ പോരാട്ടങ്ങള്‍ക്ക് നമുക്ക് അഭിവാദ്യമര്‍പ്പിക്കാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x