സ്റ്റോപ്പ് വാച്ച്
മുബാറക് മുഹമ്മദ്
പ്രഭാതം
പൊട്ടി വിടരും മുമ്പേ
സ്‌കൂള്‍വണ്ടി
ഹോണടിച്ചു.
വെള്ളം തോരാത്ത
മുടിയുമായി
ഉറക്കമുണരാതെ
തള്ളിവിടുമ്പോള്‍
മോന്‍ വേച്ചുപോയി.
ക്രയോണ്‍ ബോക്‌സും
ലഞ്ച് ബോക്‌സും
വാട്ടര്‍ ബോട്ടിലും
അവളോടൊപ്പം
കിതച്ചോടി.
വഴി വിജനമായി
ഉമ്മത്തള്ളലില്‍
വേച്ചുപോയവന്റെ
ഓര്‍മ നെടുവീര്‍പ്പായി.
മീശ പിരിച്ചു നില്‍ക്കുന്ന
ലഞ്ച് ബോക്‌സില്‍
നിറയ്ക്കാന്‍
സലാഡിനു മുറിക്കവേ
പാളിയ കത്തിയുടെ
മൂര്‍ച്ചത്തലപ്പില്‍ നിന്നു
വിരലിനെ
നാവില്‍ തൊടുവിച്ചു.
ടോയ്‌ലറ്റ് ഡോറിന്റെ
ചീന്തിലൂടിറങ്ങിവന്ന
സിഗരറ്റ് മണത്തെ
ഔദ്യോഗിക ബഹുമതികളോടെ
ബാഗിലടക്കി യാത്രയാക്കി.
കുന്നോളം പിണക്കങ്ങളാല്‍
മുഖം വീര്‍പ്പിച്ച പാത്രങ്ങളെ
ഒറ്റശ്വാസത്തിലുമ്മവെച്ച്
ഇലയൊച്ച കേള്‍പ്പിച്ച
വീടിനോട് മിണ്ടിയെന്നു വരുത്തി
ഇറങ്ങിയോടിയിട്ടും
മരുഭൂനിലമായി
പൊടിപറത്തി നിന്ന
ബസ്‌സ്റ്റോപ്പിലെ ക്ലോക്ക്
അവളെ കാത്തുനിന്നില്ല.