സ്തുതി കീര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹം സക്രിയമാവില്ല
ഡോ. ജാബിര്‍ അമാനി
പരിഷ്‌കരണം, പരിവര്‍ത്തനം, നവോത്ഥാനം എന്നിവയുടെ ഊന്നലുകളില്‍ ജ്ഞാന പരികല്‍പനകള്‍ക്കും വൈജ്ഞാനിക വിപ്ലവങ്ങള്‍ക്കുമുള്ള സ്ഥാനം ചെറുതല്ല. മൂല്യവും മാതൃകയും ഇരുളടഞ്ഞുപോയ അപരിഷ്‌കൃത അറബിക്കൂട്ടങ്ങളെ ലോക നാഗരികതയുടെ ജേതാക്കളാക്കിയ അദ്ഭുതം വിജ്ഞാനവിനിമയവും ജ്ഞാനാവിഷ്‌കാരങ്ങളുമാണ്. ലോകത്ത് അത്യുന്നതമായ ധൈഷണിക പൈതൃകം കൊണ്ട് അനുഗൃഹീതമായ ഒരു സമൂഹമായി മുസ്‌ലിംകള്‍ പില്‍ക്കാലത്ത് മാറിയതിന്റെ ഊര്‍ജസ്രോതസ്സും വായനയും പഠനവും മനനവും തന്നെയാണ്.
അറിവ് നേടുക, മനനം ചെയ്യുക തുടങ്ങിയ വൈചാരിക ധര്‍മങ്ങള്‍ കേവലമൊരു ‘വിദ്യാഭ്യാസ പ്രക്രിയ’ എന്ന നിലയിലല്ല മുസ്‌ലിംകള്‍ കാണുന്നത്, കാണേണ്ടത്. മറിച്ച് ദൈവികമായ ഒരു വെളിപാടിന്റെ (വഹ്‌യ്) തലം കൂടിയുണ്ട്. ‘ഇഖ്‌റഅ്’ എന്ന പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്കു ലഭിച്ച ആദ്യ ദിവ്യബോധനത്തിന്റെ ആഹ്വാനത്തില്‍ നിന്നാണ് മുസ്‌ലിം ധൈഷണിക പൈതൃകത്തിന്റെ ആരംഭം. ജ്ഞാനാന്വേഷണവും ആവിഷ്‌കാരവും മതപരമായ ഒരു ബാധ്യതയായി ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. മനുഷ്യബുദ്ധിയെയും ഇന്ദ്രിയാവബോധത്തെയും ശക്തമായി നിര്‍ത്താനും പരിവര്‍ത്തനത്തിന്റെ മുന്നുപാധിയായി സ്വീകരിക്കണമെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച പഠനവും മനനവും വിശ്വാസത്തിന്റെ, വിശിഷ്യാ ദൈവവിശ്വാസത്തിന്റെ ഭാഗമായി തന്നെ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.(1)
ദിവ്യബോധനത്തെ കുറിക്കാന്‍ ഉപയോഗിക്കുന്ന ‘ആയത്ത്’ എന്ന പ്രയോഗം തന്നെയാണ് പ്രപഞ്ചത്തെ കുറിക്കുന്നതിനും ദൈവിക ദൃഷ്ടാന്തങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. പ്രസ്തുത ആയത്തിനെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുകയെന്നത് മുസ്‌ലിമിന്റെ ബാധ്യതയായും ദൗത്യമായും ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. ഈ ദൗത്യത്തിന്റെ നിര്‍വഹണമെന്ന മെത്തഡോളജിയുടെ ഭാഗമായാണ് ‘പാഠശാലകള്‍’ ഇസ്‌ലാമിക ചരിത്രത്തില്‍ രൂപപ്പെടുന്നത്. മജ്‌ലിസ്, മക്തബ്, ജാമിഉകള്‍ എന്നീ പേരുകള്‍ സാങ്കേതികാര്‍ഥത്തിലും അല്ലാതെയും ഈ സംരംഭങ്ങളെ വിളിച്ചിട്ടുണ്ട്.
ഏറ്റവും മൗലികവും പ്രസക്തവുമായ കാര്യം പ്രവാചകന്‍ നേതൃത്വം നല്‍കിയ മജ്‌ലിസുകള്‍ക്കും പില്‍ക്കാലത്ത് ദീര്‍ഘകാലം ഇസ്‌ലാമിക ചരി്രതത്തില്‍ കാണുന്ന മതപാഠശാല സംവിധാനങ്ങള്‍ക്ക് ‘മതപരം, ഭൗതികം’ എന്ന വേര്‍തിരിവുകള്‍ കാണുന്നില്ല എന്നതാണ്. പ്രവാചകന്‍(സ) ദിവ്യബോധനങ്ങള്‍ അറിയിക്കുന്നതിനും പ്രസ്തുത നിര്‍ദേശങ്ങള്‍ ജീവിതാവിഷ്‌കാരമായി പിന്തുടരാനുള്ള പഠനവും പരിശീലനവും നല്‍കുന്നതിനും മദീനയിലെ മസ്ജിദുന്നബവിയില്‍ സംഘടിപ്പിച്ചിരുന്ന മജ്‌ലിസുകളൊന്നും അറിവിനെ മതം, ഭൗതികം, ശാസ്ത്രം എന്നീ കളം തിരിക്കുന്ന രീതി സ്വീകരിച്ചിരുന്നില്ല.
ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന ദൈനംദിന പ്രശ്‌നങ്ങളിലും സമൂഹത്തിന്റെ പരിവര്‍ത്തനത്തിനു വേണ്ടിയുള്ള സന്നാഹങ്ങള്‍ ഒരുക്കുന്നതിലും ഇത്തരം ‘പാഠശാലകള്‍’ തന്നെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. പ്രബോധനം, പ്രതിരോധം, രാഷ്ട്രം, കുടുംബം, പരിഷ്‌കരണം, ക്രയവിക്രയങ്ങള്‍, ശാസ്ത്രം, സാഹിത്യം, ഭാഷ, പാരന്റിങ്, വൈദ്യശാസ്ത്രം, പരിസ്ഥിതി, ആരോഗ്യം, കല, ചരിത്രം തുടങ്ങിയ എല്ലാ ജ്ഞാനമേഖലകളും പ്രവാചകന്റെ പാഠശാലയില്‍ പഠനമേഖലകളായിരുന്നു. പാഠശാലയിലെ പഠിതാക്കളില്‍ പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഉണ്ടായിരുന്നു.
‘ഇല്‍മുന്‍ യുന്‍തഫഉ ബിഹി’ (പ്രയോജനകരമായ അറിവ്) എന്ന നിബന്ധനയുടെ അതിരടയാളങ്ങള്‍ ഉള്‍ക്കൊണ്ട് വിജ്ഞാനത്തിന്റെ ചക്രവാളങ്ങള്‍ പ്രപഞ്ചത്തോളം പ്രവിശാലമായി കാണുകയായിരുന്നു പൂര്‍വികര്‍ ചെയ്തിരുന്നത്. സമഗ്രമായ വൈജ്ഞാനിക സംവാദ-സംവേദനങ്ങളുടെ സംഗമവേദിയായിരുന്നു പള്ളിയോടനുബന്ധിച്ച ‘പാഠശാല’കള്‍. അതുകൊണ്ട് പള്ളി ഉള്‍പ്പെടെയുള്ള ഇത്തരം കേന്ദ്രങ്ങളെ സര്‍വകലാശാല എന്നര്‍ഥമുള്ള ‘അല്‍ജാമിഅ്’ എന്നും പ്രയോഗിച്ചിരുന്നു.(3)
യൂറോപ്പിലെ പ്രബുദ്ധതാ കാലഘട്ടത്തില്‍ വൈജ്ഞാനിക-തത്വചിന്താ ചര്‍ച്ചകള്‍ക്കും ധൈഷണിക സംവാദങ്ങള്‍ക്കുമായി കൂടിച്ചേര്‍ന്നിരുന്ന ‘സലൂണ്‍’ സമ്പ്രദായം, നൂറ്റാണ്ടുകള്‍ക്കു മുമ്പേ മുസ്ലിം ചരിത്രത്തില്‍ കാണാമെന്നും വിലയിരുത്താം. ജ്ഞാനോദയ കാലഘട്ടങ്ങള്‍ക്കും ആധുനിക കാലഘട്ടത്തിലെ ഒട്ടേറെ ശാസ്ത്ര പഠനമേഖലകള്‍ക്കും ആധികാരികമായി അവലംബിക്കാവുന്ന ബൃഹത്തായ ഗ്രന്ഥങ്ങളുടെയും ധിഷണാശാലികളുടെയും പിറവി, പ്രവാചകന്‍(സ) കൊളുത്തിവെച്ച ‘പാഠശാല’കളിലൂടെ (മജ്‌ലിസ്) പ്രസരിച്ചതാണെന്ന് പറയാനാകും. മധ്യകാലഘട്ടത്തിലെ മുസ്‌ലിം ചിന്തകരുടെയും ശാസ്ത്രകാരന്മാരുടെയും ചരിത്രം തന്നെ അതിന് തെളിവാണ്. ഇറാഖ്, ഈജിപ്ത്, സിറിയ തുടങ്ങിയ അറേബ്യന്‍ രാജ്യങ്ങളില്‍ ഉജ്ജ്വല സാന്നിധ്യമായിരുന്ന ലൈബ്രറികള്‍ (ബൈത്തുല്‍ ഹിക്മ, ദാറുല്‍ ഹിക്മ, ദാറുല്‍ ഖുത്ബ്…) ഈ യാഥാര്‍ഥ്യം ശരിവെക്കുന്നു.(4)
മുകളില്‍ സൂചിപ്പിച്ച പാഠശാലകളില്‍ നേര്‍ക്കുനേരെയുള്ള മതാധ്യാപനങ്ങളുടെ പഠനത്തിനും മനനത്തിനും പ്രാമുഖ്യമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ മതപരം-ഭൗതികപരമെന്ന വൈജ്ഞാനിക വേര്‍തിരിവ് പ്രത്യക്ഷത്തില്‍ ദര്‍ശിക്കാനാവില്ല. അത്തരമൊരു ‘കളം വരക്കല്‍’ പ്രക്രിയ ആരംഭിച്ച അന്നു മുതല്‍ മതപഠനവും പണ്ഡിതരും മതപാഠശാലകളും ഒരുതരം അപകര്‍ഷബോധത്തിന്റെ വേട്ടയാടലുകള്‍ അനുഭവിച്ചിട്ടുണ്ട് എന്നു കാണാം. മതപഠനമെന്നത് മുഖ്യധാരാ വിജ്ഞാന പഠനമേഖലയല്ലെന്ന കാഴ്ചപ്പാടുകള്‍ പൊതുമണ്ഡലത്തില്‍ രൂപപ്പെടുത്താനും ഇത് കാരണമായിട്ടുണ്ട്. ദീനീപഠനങ്ങളുടെ സക്രിയതയും ഫലപ്രാപ്തിയും സമൂഹത്തിന്റെയും പൊതുമണ്ഡലത്തിന്റെയും ഗൗരവമായ ചിന്തയും ഇടപെടലുകളും വികസനത്തിന് ആവശ്യമായ അജണ്ടകള്‍ രൂപീകരിക്കുന്നതിനും സാരമായ പരിക്കുകള്‍ തദ്ഫലമായി ഉണ്ടായിത്തീര്‍ന്നിട്ടുണ്ട്.
മതത്തിന്റെ ആരാധനാനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും ചൊല്ലിപ്പഠിച്ചും മതനിര്‍ദേശങ്ങളെ പാഠകേന്ദ്രീകൃതമായി മാത്രം വായിച്ചും പരിശീലിച്ചുമുള്ള ‘മതപഠനങ്ങള്‍’ കാലാതിവര്‍ത്തിയായ ദൈവിക സന്ദേശത്തിന്റെ സമഗ്രത ഉള്‍ക്കൊള്ളണമെന്നില്ല. വര്‍ത്തമാനകാലത്ത് മതം പ്രചരിപ്പിക്കാനും പ്രസരണം ചെയ്യുന്നതിനും പൂര്‍വകാല ആവിഷ്‌കാരങ്ങളെ (മതത്തിന്റെ മൗലിക സ്രോതസ്സുകളെയല്ല ഉദ്ദേശിക്കുന്നത്, മറിച്ച് കാലബന്ധിതമായ വ്യാഖ്യാനങ്ങളെയാണ്) അവസാന വാക്കും അതിര്‍ത്തിയായും പിന്തുടരേണ്ടത് എന്ന ശാഠ്യം പുതിയ വിജ്ഞാനീയങ്ങളുടെ പിറവിയും ആവിഷ്‌കാരവും ജ്ഞാനാര്‍ജനവും ഇല്ലാതാക്കുന്നുണ്ട്. പുതിയ കാലത്തിന്റെ ചോദ്യങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും പകിട്ട് ചോരാത്ത കാലാതിവര്‍ത്തിയായ പ്രമാണങ്ങളെ അവലംബിച്ച് വിവേചനബോധ്യത്തോടെ സമീപിക്കാന്‍ സമകാലിക മതപഠന സംരംഭങ്ങള്‍ക്ക് സാധ്യമാകേണ്ടതാണ്. 1940-കളില്‍ ആദ്യകാല അറബിക് കോളജും മതപഠന സ്ഥാപനവുമായിരുന്ന വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജിന്റെ സിലബസില്‍ ഒ ചന്തു മേനോന്റെ ‘ഇന്ദുലേഖ’യും മലയാള വ്യാകരണ പഠനത്തിനു വേണ്ടി ‘കേരളപാണിനീയ’വും ഉള്‍പ്പെടുത്തിയിരുന്നു. നാല്‍പതുകളിലെ ദിശാബോധം സമകാലിക മുസ്‌ലിം സമൂഹത്തിലും അറബിക് കോളജിന്റെ സ്ഥാപന ആസൂത്രകരിലും എത്രത്തോളം ഉള്‍ക്കാഴ്ച പകരുന്നുണ്ട്? നിലവിലുള്ള പാഠ്യപദ്ധതിയില്‍ ഈ പാഠങ്ങള്‍ തന്നെ ഉള്‍പ്പെടുത്തിയാല്‍ ചെറുതല്ലാത്ത വിമര്‍ശനങ്ങള്‍ തലപൊക്കില്ലേ? മതപഠനത്തിന്റെ അലകും പിടിയും വിട്ടുപോകുന്നുവെന്ന പരാതിയും പരിേദവനങ്ങളും ഒരു പ്രതിരോധം കണക്കെ ശക്തമാവുകയില്ലേ?
ഓരോ കാലത്തും മതപ്രബോധനവും പ്രബോധകരും മതപ്രചാരണ മേഖലകളും അഭിമുഖീകരിക്കുന്ന കാര്യങ്ങള്‍ വ്യത്യസ്തമാണ്. പ്രബോധന കാലാവസ്ഥകള്‍ വൈവിധ്യമുള്ളതാണ്. പ്രമാണങ്ങള്‍ ദൈവികവും കാലാതിവര്‍ത്തിയുമാണെങ്കിലും, മതപഠനത്തിന്റെ മെത്തഡോളജിയും ആപ്ലിക്കേഷനും മതപ്രബോധനത്തിന്റെ രീതിശാസ്ത്രവും ആവിഷ്‌കാരങ്ങളും ഒരേ അച്ചില്‍ വാര്‍ത്തെടുത്തതാവരുത്. നിര്‍മിതബുദ്ധിയും ഫിസിക്കല്‍ രംഗവും ഡിജിറ്റല്‍ മേഖലയും സമന്വയിപ്പിക്കുന്ന വര്‍ത്തമാനകാല ലോകത്ത് മതപഠനമേഖലയും ശക്തമായ പരിവര്‍ത്തനം തേടുന്നുണ്ട്. സമകാലിക പുതുതലമുറയുടെ ധര്‍മനിരാസവും ലിബറല്‍ കാഴ്ചപ്പാടുകളും സാഹചര്യത്തിന്റെ അനന്തര ഫലമായി മാത്രം രൂപപ്പെട്ടതല്ല. മറിച്ച് ഒരു ദശാബ്ദക്കാലം മുമ്പ് പഠിച്ചെടുത്ത മതാധ്യാപനങ്ങള്‍ വഴി ശരിയായ ദിശാബോധം അരക്കിട്ടുറപ്പിക്കുന്നതിന് സാധ്യമായിട്ടില്ലെന്ന തിരിച്ചറിവും സമുദായ നേതൃത്വത്തിനും മതപഠന സംരംഭകര്‍ക്കും ഉള്‍ക്കാഴ്ചയായി രൂപപ്പെടേണ്ടതുണ്ട്. ഒരു വിദ്യാര്‍ഥി കയറിപ്പോന്ന മതപഠനവഴികളില്‍ മതാശയങ്ങളുടെയും സംസ്‌കാരങ്ങളുടെയും ആപ്ലിക്കേഷന്റെ ഫലപ്രാപ്തി എത്രമേല്‍ ചെറുതായിരുന്നുവെന്നും തിരിച്ചറിയേണ്ടതുണ്ട്. നിലവിലുള്ള ഓണ്‍ലൈന്‍ മതപഠന സംവിധാനങ്ങള്‍ പലപ്പോഴും മതത്തെ ശരിയായി വായിച്ചെടുക്കുന്നതിന് തടസ്സമാണെന്ന പൊതുപരാതി ശക്തമാണ്.
എന്നാല്‍ പരിഹാരമായി സമഗ്രമായ ഓണ്‍ലൈന്‍ മതപഠന സംവിധാനങ്ങള്‍ രൂപപ്പെടുന്നുണ്ടോ എന്നത് പ്രസക്തമായ ഒരു വെല്ലുവിളിയാണ്. നിരന്തരമായ പഠനവും ഗവേഷണവും പരിപക്വമായ നിര്‍വഹണവും തേടുന്ന മേഖലയാണ് കാലാനുസൃതമായ മതപഠന സംവിധാനം. ശക്തമായ പഠന പരിശീലനങ്ങള്‍ ശാസ്ത്രീയമായി അഭ്യസിച്ചിരിക്കേണ്ടതാണ് മതപാഠശാലകളിലെ, മദ്‌റസകളിലെ അധ്യാപകര്‍. പക്ഷേ കേവലമായ സാമാന്യ യുക്തിബോധം വേണ്ടവിധം വിലയിരുത്തപ്പെടാത്തവരും നൈപുണിയേക്കാള്‍ തുച്ഛമായ വേതനത്തിനു സന്നദ്ധതയുള്ളവരും നിര്‍വഹിക്കുന്ന ഒന്നായി മതാധ്യാപനരംഗം മാറിയിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പു വരുത്താന്‍ കഴിയേണ്ടതുണ്ട്. ഇല്ലാത്തപക്ഷം പാഠകേന്ദ്രീകൃതമായ പഠനബോധനങ്ങളും, പരീക്ഷാ ജയപരാജയങ്ങളിലൂടെ മാത്രമുള്ള മൂല്യനിര്‍ണയവും നടത്തി ഫലപ്രാപ്തി വിലയിരുത്തപ്പെടുന്ന ദുരന്തമുഖം ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
വിഷന്‍, മിഷന്‍, കോഴ്‌സ് ഡിസൈനിങ്, ഔട്ട്കം, അധ്യാപന രീതികള്‍, സാങ്കേതിക ബോധന മാര്‍ഗങ്ങള്‍, മൂല്യനിര്‍ണയം തുടങ്ങി ആധുനിക വിദ്യാഭ്യാസ പ്രക്രിയയുടെ സര്‍വ തലങ്ങളെയും കോംപ്രിഹെന്‍സീവായി പരിഷ്‌കരിച്ചുള്ള പാഠ്യപദ്ധതിയെ കാലം തേടുന്നുണ്ട്. അക്കാദമിക-അനക്കാദമിക തലങ്ങളില്‍ ഉന്നത മതപഠന സംവിധാനങ്ങള്‍ ആശ്വാസകരമായ ഭാവിയല്ല നല്‍കുന്നത്. പൂര്‍വികരായ മതപണ്ഡിതന്മാര്‍ക്ക് പരിമിതികളുടെ ശക്തമായ പ്രതിസന്ധികള്‍ ഉണ്ടായിരുന്നിട്ടും അവരിലൂടെ ഉണ്ടായ സംഭാവനകള്‍ അതിസമ്പന്നമാണ്. വര്‍ത്തമാനകാല മുസ്‌ലിം നവോത്ഥാന സംരംഭങ്ങള്‍ക്ക് ഊടും പാവും നല്‍കിയതിന്റെ ‘രീതിശാസ്ത്രം’ പൂര്‍വസൂരികളില്‍ നിന്നുള്ളതാണ്. അതിനൂതനവും സാങ്കേതിക മികവുമുള്ള ബോധനവിനിമയ സാങ്കേതിക സംവിധാനങ്ങള്‍ വര്‍ത്തമാനകാലത്ത് സജീവമാണ്. എന്നാല്‍ ബലാരിഷ്ടതകളുള്ള പഴയ കാലത്തിന്റെ ഉല്‍പന്നമതിത്വം പോലും ഇന്ന് രൂപപ്പെടുന്നില്ല. അക്കാദമിക ഗവേഷണതലങ്ങളില്‍ ആഗോള നിലവാരം കാത്തുസൂക്ഷിക്കുന്ന കിടയറ്റ റിസര്‍ച്ചുകള്‍, ഗവേഷണ ജേണലുകള്‍, പുസ്തക പ്രസാധനം, ഡിജിറ്റല്‍ ആവിഷ്‌കാരങ്ങള്‍, ഓണ്‍ലൈന്‍ കണ്ടന്റ് അപ്‌ഡേഷനുകള്‍ തുടങ്ങി മിക്ക രംഗവും അനിവാര്യമായ പുനരാലോചന തേടുന്നവയാണ്.
ഔദ്യോഗികമായ അക്കാദമിക പാഠശാലകള്‍, പൊതു കോളജുകള്‍, അറബിക് കോളജുകള്‍ എന്നിവയുടെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് സ്വാഭാവികമായ പരിമിതികള്‍ ഉണ്ടായിരിക്കാം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന അത്തരം കലാലയങ്ങളിലെ പാഠ്യപദ്ധതികള്‍, മതപഠനങ്ങളെക്കാള്‍ അറബിഭാഷാ പഠനമേഖലയിലെ അപ്‌ഡേഷനുകളിലാണ് ഊന്നല്‍ നല്‍കുക. ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും സംസ്ഥാന വിദ്യാഭ്യാസ പരിഷ്‌കരണ സംരംഭങ്ങളുടെയും മൗലികവും പൊതുവായതുമായ സ്ട്രക്ചറുകളും ഊന്നലുകളും മറികടന്ന് സ്വതന്ത്രമായ ഇസ്‌ലാമിക് സ്റ്റഡീസ് കോഴ്‌സ് ഡിസൈനിങിന് ഒട്ടേറെ ഔദ്യോഗികമായ പരിമിതികളുണ്ട്. ഒരു വ്യവസ്ഥയുടെ ഭാഗമായി തുടരുന്ന വിദ്യാഭ്യാസ സംവിധാനങ്ങളിലെ ഇത്തരം പരിമിതികള്‍ കണ്ടറിഞ്ഞ്, സ്വതന്ത്രമായ പാഠ്യപദ്ധതികളും സ്ഥാപനങ്ങളും ശാസ്ത്രീയമായി രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.
കേരളത്തിലെ വിദൂര വിദ്യാഭ്യാസ-സ്വകാര്യ പഠനമേഖല വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഔദ്യോഗിക പദവിയും പരിഗണനയും ലഭ്യമാവാതെ വന്നാല്‍, സ്വതന്ത്ര മതപഠന കലാലയങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ ഭാവിയെ സാരമായി ബാധിക്കും. ഇത്തരം കരിയര്‍ ക്രൈസിസുകളെ സമുദായം കൂട്ടായി പരിഹരിക്കേണ്ടത് അനിവാര്യമാണ്. ധൈഷണിക മികവും ജ്ഞാനാന്വേഷണ തല്‍പരതയുമുള്ള വിദ്യാര്‍ഥികള്‍ ഔദ്യോഗിക കലാലയങ്ങളില്‍ ഉന്നത പഠനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുമ്പോള്‍ ശരാശരി നിലവാരമുള്ളവരുടെ അത്താണിയായി ‘സ്വകാര്യ സ്ഥാപനങ്ങളും കോഴ്‌സുകളും’ ചുരുങ്ങിപ്പോവും. തദ്ഫലമായി, ആധുനിക കാലത്തെ മതപഠനവും ഇസ്ലാമിക പ്രതിനിധാനങ്ങളും ശരാശരിക്കു മുകളിലേക്ക് വളരാന്‍ കഴിയാതെ വരും. ഭൗതിക-ആത്മീയ വിദ്യാഭ്യാസമെന്ന നിലനില്‍ക്കുന്ന വേര്‍തിരിവ് കൂടി പരിഗണിക്കുമ്പോള്‍ ‘പ്രൊഡക്റ്റിവിറ്റി’ ആശ്വാസകരമായിരിക്കില്ല. ഇസ്‌ലാമിക വൈജ്ഞാനിക ലോകത്ത് ഉള്‍ക്കനമുള്ള ഗവേഷണങ്ങളുടെ അഭാവം വിലയിരുത്തേണ്ടത് ഈ യാഥാര്‍ഥ്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കണം. എന്നിരുന്നാലും അപ്‌ഡേഷനു വിധേയമായ ശാസ്ത്രീയമായി രൂപപ്പെടുത്തിയ കരിക്കുലം ഉന്നത പഠനമേഖലയില്‍ ചെറിയ അളവിലെങ്കിലും നിലനില്‍ക്കുന്നുണ്ട്. ഉദാഹരണം, ഇന്റഗ്രേറ്റഡ് എജ്യൂക്കേഷന്‍ കൗണ്‍സില്‍ ഇന്ത്യ (ഐ ഇ സി ഐ) സ്‌കോളേഴ്‌സ് അക്കാദമി ഫോര്‍ എജ്യൂക്കേഷനല്‍ എംപവര്‍മെന്റ് (SAFE), സി ഐ ഇ ആര്‍, ചെമ്മാട് ദാറുല്‍ഹുദ തുടങ്ങിയ സമിതികളും സ്ഥാപനങ്ങളും നേതൃത്വം നല്‍കുന്ന മതപഠന പാഠ്യപദ്ധതികള്‍. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം, ജെന്‍ഡര്‍ സ്റ്റഡീസ്, കണ്ടമ്പററി ഇസ്ലാമിക് സയന്‍സ്, കള്‍ചറല്‍ സ്റ്റഡീസ്, ഇസ്‌ലാമിക് സൈക്കോളജി, സോഷ്യോളജി, പാരന്റിങ്, ന്യൂറോലിംഗ്വിസ്റ്റിക്‌സ്, ഖുര്‍ആനിക ഭാഷാശാസ്ത്ര-കമ്മ്യൂണിക്കേഷന്‍, പാശ്ചാത്യ-ഇസ്‌ലാമിക തത്വചിന്തകളും ആവിഷ്‌കാരങ്ങളും, പരിസ്ഥിതി പഠനങ്ങള്‍, ആസ്ട്രോണമി, എറ്റ്‌സോ ബയോഗ്രഫി തുടങ്ങിയ ഒട്ടേറെ വൈജ്ഞാനിക മേഖലകളിലേക്ക്, ഗവേഷണാത്മകമായി തന്നെ സമീപിക്കാവുന്ന സംരംഭങ്ങളും പഠന-മനനങ്ങളും പുതുകാലം തേടുന്നുണ്ട്. ഇത്തരം രംഗങ്ങളിലേക്ക് ഇസ്‌ലാമിക പഠനശാഖകളെ നീട്ടി വരയ്ക്കാനാവുമ്പോഴേ നവോത്ഥാനം വട്ടം വരക്കലാവാതിരിക്കുകയുള്ളൂ.
വിഭവശേഷിയുടെ അഭാവം ഇക്കാലത്ത് ഒരു പ്രതിസന്ധിയായി കരുതുന്നില്ല. ധൈഷണിക പ്രഭാവത്തിലും സാമ്പത്തിക സുസ്ഥിതിയുടെ രംഗത്തും ഒരളവോളം സമുദായം മുന്നില്‍ തന്നെയാണ്. റാങ്കുകളുടെയും എ പ്ലസുകളുടെയും തിളക്കം പക്ഷേ ഇസ്‌ലാമിക സയന്‍സിന്റെ ഉജ്ജ്വല ആവിഷ്‌കാരങ്ങളില്‍ കാണാനാവുന്നില്ല. അപരവിേദ്വഷം ആഘോഷമാക്കാന്‍ കാണിക്കുന്ന ഔല്‍സുക്യം ജ്ഞാനനിര്‍മിതികളിലും നവനിര്‍മിതികളിലും ചെലവഴിച്ചാല്‍ വലിയ സദ്ഫലം സമൂഹത്തിന് നേടിയെടുക്കാം. അനൗപചാരിക മതപഠന സംവിധാനങ്ങള്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കുന്നതിനും പ്രതിഭാ പങ്കുവെപ്പുകളും വിഭവവിനിയോഗങ്ങളുടെ കൊള്ളക്കൊടുക്കലുകള്‍ക്കും സമുദായ സംഘടനകള്‍ ഒറ്റ മനസ്സായി നിലകൊള്ളേണ്ടത് കാലം താല്‍പര്യപ്പെടുന്ന പുനരാലോചനയാണ്. പൂര്‍വസൂരികളുടെ പകിട്ടാര്‍ന്ന ഭൂതകാല സംഭാവനകളുടെ സ്തുതി കീര്‍ത്തനങ്ങളും ‘ന്റുപ്പൂപ്പാക്ക് ഒരാനേണ്ടാര്‍ന്നു’ വെന്ന പൊങ്ങച്ചം പറച്ചിലുകള്‍ക്കും സമൂഹത്തില്‍ സര്‍ഗാത്മകവും സക്രിയവുമായ ഒരു സ്റ്റെപ്പ് മുന്നോട്ടുവെക്കാന്‍ കാരണമാവില്ല. ആവേശവും അഭിമാനബോധവും ലഭ്യമായേക്കാം. എന്നാല്‍ അവ നവനിര്‍മിതിയുടെ ചാലകശക്തിയായി വരാത്തിടത്തോളം ആത്മപ്രശംസ മാത്രമായി കൂമ്പടഞ്ഞുപോകും. .
കുറിപ്പുകള്‍
1. 36:33, 3:7,190, 13:19, 14:52, 39:9,21
2. തഫക്കുര്‍, തദബ്ബുര്‍, തബസ്സ്വര്‍ തുടങ്ങിയ ഖുര്‍ആനിന്റെ ആഹ്വാനങ്ങള്‍. 17:36, 67:3,4
3. Mohammed Akhlaq, Ahamed, Traditional Education among Muslims, A study of some aspects in modern India- BR Publishing corparation, Delhi, 1985
4. ജോര്‍ജ് മഖ്ദീസിയുടെ (1920) പഠനങ്ങള്‍ വായിക്കുക