22 Sunday
December 2024
2024 December 22
1446 Joumada II 20

സ്ത്രീവിരുദ്ധതയില്‍ യോജിക്കുന്നവര്‍

പി കെ മൊയ്തീന്‍ സുല്ലമി


കേരളത്തിലെ യാഥാസ്ഥിതിക സമസ്തയും നവയാഥാസ്ഥിതികരും കുറച്ചു കാലമായി സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ തുടങ്ങിയിട്ട്. അഫ്ഗാനിസ്താനില്‍ താലിബാന്‍ നടപ്പാക്കുന്ന സ്ത്രീവിരുദ്ധത സമസ്തക്കാര്‍ കുറേക്കാലമായി നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിം സമുദായത്തിന്റെ ശക്തമായ എതിര്‍പ്പു കാരണം അവര്‍ അതില്‍ പരാജയപ്പെടുകയാണുണ്ടായത്. ഇപ്പോള്‍ വീണ്ടും സ്ത്രീകളുടെ പള്ളിപ്രവേശത്തിനു വിരുദ്ധമായി അവര്‍ വന്നിരിക്കുന്നു. സമസ്തയുടെ പ്രസിഡന്റ് തന്നെയാണ് ഇത്തവണ രംഗത്തുവന്നത്.
മക്കയിലും മദീനയിലും സ്ത്രീകള്‍ ജമാഅത്തില്‍ പങ്കെടുക്കുന്നതില്‍ ഇവര്‍ക്ക് വിരോധമില്ല. ആദ്യകാലത്ത് സ്ത്രീകള്‍ പള്ളിവളപ്പില്‍ പ്രവേശിക്കുന്നതു തന്നെ ഇവര്‍ക്ക് ഹറാമായിരുന്നു. ഇപ്പോള്‍ പള്ളികളോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യം ഒരുക്കിക്കൊണ്ടിരിക്കുന്നു. നല്ല കാര്യം തന്നെ. ക്രമേണ പള്ളികളുടെ ഉള്ളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുമെന്ന് അനുമാനിക്കാം. ഖുര്‍ആന്‍ പരിഭാഷ മുതല്‍ സ്ത്രീകളുടെ കൈയെഴുത്ത് വരെ ഇവര്‍ക്ക് ഹറാമായിരുന്നല്ലോ! അതൊക്കെ പില്‍ക്കാലത്ത് ഹലാലായതുപോലെ സ്ത്രീകളുടെ പള്ളിപ്രവേശവും ഹലാലായിത്തീരുമെന്നു കരുതാം.
സമസ്തക്കാര്‍ക്ക് ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയൊന്നും പ്രമാണങ്ങളല്ല. അവരുടെ പ്രമാണം അവര്‍ തന്നെ ഫത്‌വ കൊടുത്തു പറഞ്ഞുണ്ടാക്കിയ നാട്ടാചാരങ്ങളാണ്. എങ്കില്‍ മാത്രമേ അവരുടെ ഭൗതിക താല്‍പര്യങ്ങള്‍ സഫലമാകൂ. സ്ത്രീകളുടെ പള്ളി പ്രവേശം സംബന്ധിച്ച് മുജാഹിദുകള്‍ ഖുര്‍ആനും സുന്നത്തും വെച്ച് വിശദീകരിക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ അവര്‍ ഉയര്‍ത്തിക്കാണിക്കാറുള്ളത് ‘ഹിജാബിന്റെ ആയത്ത്’ എന്ന തുറുപ്പുചീട്ടാണ്. എന്നാല്‍ താഴെ പറയുന്ന അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരൊന്നും ഹിജാബിന്റെ ആയത്ത് കണ്ടിട്ടില്ലേ?
ഇമാം ശാഫിഈ(റ) പറയുന്നു: ”ജുമുഅക്ക് പോകുന്ന സ്ത്രീകള്‍ ദുര്‍ഗന്ധം ഇല്ലാതിരിക്കാന്‍ അവര്‍ ശുദ്ധിയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ മോടിയുള്ള വസ്ത്രം ധരിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. അവര്‍ സുഗന്ധം പൂശിയാലും ഞാന്‍ വെറുക്കുന്ന സംഗതികള്‍ അവര്‍ പ്രവര്‍ത്തിച്ചാലും ശരി, ജുമുഅക്ക് പങ്കെടുത്ത സ്ത്രീകള്‍ അത് മടക്കി നമസ്‌കരിക്കേണ്ടതില്ല” (അല്‍ഉമ്മ് 1:197).
”അടിമകള്‍, പ്രായപൂര്‍ത്തി എത്താത്ത കുട്ടികള്‍, സ്ത്രീകള്‍, പ്രതിബന്ധമുള്ള സ്വതന്ത്രര്‍ തുടങ്ങി ജുമുഅ നിര്‍ബന്ധമില്ലാത്തവര്‍ ഇമാം ജുമുഅ പിരിയുന്നതിനു മുമ്പ് ളുഹ്ര്‍ നമസ്‌കരിക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അവര്‍ക്കൊക്കെ ജുമുഅ നമസ്‌കരിക്കാന്‍ സാധിച്ചെങ്കിലോ? ജുമുഅക്ക് പങ്കെടുക്കലാണ് അവര്‍ക്ക് ഉത്തമം” (അല്‍ഉമ്മ് 1:168).
രണ്ടാം ശാഫിഈ എന്ന പേരില്‍ അറിയപ്പെടുന്ന ഇമാം നവവി പറയുന്നു: ”തീര്‍ച്ചയായും ഇബ്‌നുല്‍ മുന്‍ദിറും അല്ലാത്ത പണ്ഡിതന്മാരും ‘ഇജ്മാഅ്’ (ഏകോപിപ്പിച്ച്) ആയി പ്രസ്താവിച്ചിരിക്കുന്നു: ഒരു പെണ്ണ് പള്ളിയില്‍ വന്ന് ജുമുഅ നമസ്‌കരിക്കുന്നപക്ഷം അത് അനുവദനീയമാകുന്നു. തീര്‍ച്ചയായും തുടര്‍ച്ചയായി വന്ന സ്വഹീഹായ ഹദീസുകള്‍ കൊണ്ട് നബി(സ)യുടെ പള്ളിയില്‍ നബിയുടെ പിന്നില്‍ പുരുഷന്മാരുടെ പിന്നില്‍ അവര്‍ നമസ്‌കരിച്ചിരുന്നു എന്ന് സ്ഥിരപ്പെട്ടിരിക്കുന്നു” (ശറഹുല്‍ മുഹദ്ദബ് 4:484).
ശാഫിഈ മദ്ഹബിലെ മുഫ്തി ആയ ഇബ്‌നു ഹജറുല്‍ ഹൈതമി(റ) താഴെ ഹദീസിനെ വിശദീകരിക്കുന്നത് കാണുക: ”അല്ലാഹുവിന്റെ ദാസികളായ സ്ത്രീകള്‍ക്ക് അല്ലാഹുവിന്റെ ഭവനങ്ങള്‍ (പള്ളികള്‍) നിങ്ങള്‍ തടയരുത്” (മുസ്‌ലിം). ഈ ഹദീസും ഇതുപോലുള്ള മറ്റു ഹദീസുകളും സ്ത്രീകള്‍ക്ക് പള്ളികള്‍ തടയാന്‍ പാടില്ല എന്നു വ്യക്തമാക്കുന്നു” (ഫതാവല്‍ കുബ്‌റാ 1:200). മുസ്‌ലിയാക്കന്മാരില്‍ നിന്ന് ഏലസ്സും ഉറുക്കും മന്ത്രവും വാങ്ങാന്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാം. നമസ്‌കരിക്കാന്‍ പാടില്ല എന്നാണ് മുസ്‌ലിയാക്കന്മാര്‍ വാദിക്കാറുള്ളത്. താഴെ വരുന്ന ഹദീസ് അതിന് മറുപടി നല്‍കുന്നു: ”അല്ലാഹുവിന്റെ ദാസികളായ സ്ത്രീകള്‍ അല്ലാഹുവിന്റെ പള്ളിയില്‍ നമസ്‌കരിക്കുന്നതിനെ നിങ്ങള്‍ തടയരുത്” (ഇബ്‌നുമാജ). ”നബി(സ)യുടെ കാലത്ത് സ്ത്രീകള്‍ നബിയോടൊപ്പം സുബ്ഹി നമസ്‌കരിച്ചിരുന്നു” (നസാഈ, ഇബ്‌നുമാജ).
ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി രേഖപ്പെടുത്തി: ”ഈ ഹദീസ് സ്ത്രീകള്‍ക്ക് പള്ളിയില്‍ ജമാഅത്തില്‍ പങ്കെടുത്ത് നമസ്‌കരിക്കാം എന്നതിന് തെളിവാണ്” (ശറഹു മുസ്‌ലിം 3:157). ഉമറിന്റെ(റ) മരണം വരെ ഭാര്യ ആത്തിക(റ) പള്ളിയില്‍ ജമാഅത്തിന് പങ്കെടുത്തിരുന്നു. ”അവര്‍ പള്ളിയില്‍ നമസ്‌കാരത്തിനു പങ്കെടുക്കുമായിരുന്നു. തീര്‍ച്ചയായും ഉമറി(റ)നു കുത്തേറ്റത് അവര്‍ പള്ളിയിലുള്ള സമയത്താണ്” (ഫത്ഹുല്‍ ബാരി 3:407). ഉമറിനു(റ) കുത്തേറ്റത് സുബ്ഹി നമസ്‌കാരത്തിലായിരുന്നു.
നാല് ഇമാമുകള്‍ക്കും വിരുദ്ധമാണ് ഈ വിഷയത്തില്‍ സമസ്തക്കാര്‍. നാലില്‍ ഒരു ഇമാമിനെ അന്ധമായി അനുകരിക്കല്‍ നിര്‍ബന്ധമാണ് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവരാണിവര്‍. ഇമാം അബൂഹനീഫയുടെ ഫത്വ: ”സ്ത്രീകള്‍ക്ക് ജുമുഅ നിര്‍ബന്ധമില്ല. പക്ഷേ, അവര്‍ ജുമുഅ നമസ്‌കരിച്ചാല്‍ അത് ളുഹ്‌റിനു പകരം മതിയാകും” (അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍ അര്‍ബഅ 2:378). അതേ ഗ്രന്ഥം 2:380ല്‍ ഇമാം മാലികും 2:382ല്‍ ഇമാം ശാഫിഈ(റ)യും 2:383ല്‍ ഇമാം അഹ്മദുബ്‌നു ഹമ്പലും സ്ത്രീകളുടെ ജുമുഅ നമസ്‌കാരം ളുഹ്‌റിനു പകരം മതിയാകുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പോള്‍ സ്ത്രീകള്‍ക്ക് അന്യപുരുഷന്മാര്‍ പങ്കെടുക്കുന്ന ജുമുഅഃ-ജമാഅത്തുകളില്‍ പങ്കെടുക്കല്‍ ഹറാമാണ് എന്ന വാദം കല്ലുവെച്ച നുണയാണ്. തീവ്ര സലഫി ചിന്തകളും ഈ വഴിക്കാണ് നീങ്ങുന്നത്. സ്ത്രീകള്‍ക്ക് പള്ളിയില്‍ നമസ്‌കരിക്കുന്നത് ഉത്തമമായ കാര്യമായിട്ടല്ല അവര്‍ കാണുന്നത്.
ശൈഖ് സ്വാലിഹുബ്‌നു ഫൗസാന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ”ഫിത്‌നയില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി സ്ത്രീകള്‍ക്ക് പള്ളിയെക്കാള്‍ ഉത്തമം വീടാണ്. എന്ന് മുസ്‌ലിംകള്‍ക്കിടയില്‍ ‘ഇജ്മാഅ്’ (ഏകോപനം) ഉണ്ട്” (അല്‍മുലഖ്ഖസുല്‍ ഫിഖ്ഹി 1:130). ഈ ഉദ്ധരണി നൂറിലധികം സഹീഹായ ഹദീസുകള്‍ക്കും ഇജ്മാഇനും വിരുദ്ധമാണ്.
നവയാഥാസ്ഥിതികര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന പുതിയ വാദം ഇപ്രകാരമാണ്: ”പുരുഷന്മാരുടെ സ്റ്റേജില്‍ സ്ത്രീകള്‍ മറയില്ലാതെ ഇരിക്കല്‍ ഹറാമാണ്.” പ്രബോധനരംഗത്ത് സ്ത്രീയും പുരുഷനും ഒരുമിക്കാന്‍ പാടില്ല എന്നാണ് മേല്‍ വാദം കൊണ്ട് വെളിപ്പെടുന്നത്. പ്രസ്തുത വാദം ഖുര്‍ആന്‍ നിഷേധമാണ്. അല്ലാഹു അരുളി: ”സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം മിത്രങ്ങളാണ്. അവര്‍ നന്മ കല്‍പിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യുന്നു” (തൗബ: 71).
പ്രബോധനരംഗത്ത് ആണ്‍-പെണ്‍കൂട്ടായ്മയാണ് മേല്‍വചനം സൂചിപ്പിക്കുന്നത്. മുഅ്മിനുകളും മുഅ്മിനാത്തുകളും പരസ്പരം ശത്രുക്കളല്ല മിത്രങ്ങളാണ് എന്നാണ് മേല്‍ വചനം സൂചിപ്പിക്കുന്നത്. പുരുഷന്മാര്‍ക്ക് സ്ത്രീകളെയും സ്ത്രീകള്‍ക്ക് പുരുഷന്മാരെയും ഉപദേശിക്കാവുന്നതാണ്. ഇതിനു ഹദീസുകളിലും നിരവധി തെളിവുകള്‍ ദര്‍ശിക്കാന്‍ കഴിയും. നബി(സ) സ്ത്രീകള്‍ക്ക് ഹസ്തദാനം ചെയ്യാറില്ലായിരുന്നു. എന്നാല്‍ സാന്ദര്‍ഭികമായി ഉപദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു.
ഒരു സംഭവം ശ്രദ്ധിക്കുക: ”അബൂസഈദില്‍ ഖുദ്‌രി(റ) പ്രസ്താവിച്ചു: സ്ത്രീകള്‍ നബി(സ)യോട് ഇപ്രകാരം അപേക്ഷിക്കുകയുണ്ടായി: പുരുഷന്മാര്‍ എല്ലാ കാര്യത്തിലും (നന്മയില്‍) മുന്‍പന്തിയില്‍ വന്നിരിക്കുന്നു. അങ്ങ് ഞങ്ങള്‍ക്ക് ഉപദേശത്തിനു വേണ്ടി ഒരു ദിവസം നീക്കിവെക്കണം. അങ്ങനെ നബി(സ) ഒരു ദിവസം നീക്കിവെക്കുകയും അവരെ ഉപദേശിക്കുകയും ചെയ്തു” (ബുഖാരി). ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഐനി(റ) രേഖപ്പെടുത്തി: ”ഈ ഹദീസില്‍ സ്ത്രീകള്‍ക്ക് ദീനിയായ കാര്യം ചോദിച്ചു പഠിക്കാമെന്നും പുരുഷന്മാരോട് സംസാരിക്കല്‍ അനുവദനീയമാണെന്നുമുണ്ട്” (ഉംദത്തുല്‍ ഖാരി 2:134).
അതുപോലെ പുരുഷന്മാര്‍ക്ക് സ്ത്രീകളോടും ചോദിച്ചു പഠിക്കാവുന്നതാണ്. നബി(സ)യുടെ മരണശേഷം ആയിശ(റ)യുടെ വീട് ഖബറിസ്ഥാനായിരുന്നു. സ്വാഭാവികമായും ആയിശ പിന്നീട് ജീവിച്ചിരുന്നത് അബൂബക്കറി(റ)നോടൊപ്പമായിരുന്നു. ഇവിടെ മറയൊന്നും ഉണ്ടായിരുന്നില്ല. പ്രമുഖരായ പല സഹാബികളും സംശയങ്ങള്‍ തീര്‍ത്തിരുന്നത് ആയിശ(റ)യുടെ അടുത്ത് നിന്നായിരുന്നു.
”സഈദുബ്‌നു ഹിശാം പ്രസ്താവിച്ചു: അദ്ദേഹം ആയിശ(റ)യുടെ അടുക്കല്‍ ചെന്ന് ഇപ്രകാരം ചോദിക്കുകയുണ്ടായി: വിവാഹം കഴിക്കാതെ ആരാധനകളില്‍ ചടഞ്ഞുകൂടുന്നതിനെ സംബന്ധിച്ച് അങ്ങയോട് ചോദിക്കുന്നു. അവര്‍ പറഞ്ഞു: താങ്കള്‍ അപ്രകാരം ചെയ്യരുത്. ഞാന്‍ താങ്കള്‍ക്കു മുമ്പ് ഒരുപാട് ദൂതന്മാരെ അയച്ചിട്ടുണ്ട്. അവര്‍ക്ക് ഞാന്‍ ഭാര്യമാരെയും സന്താനങ്ങളെയും പ്രദാനം ചെയ്തിട്ടുണ്ട് എന്ന വചനം താങ്കള്‍ കേട്ടിട്ടില്ലേ?” (നസാഈ, അഹ്മദ്).
പര്‍ദയുടെ വിധി ഏറ്റവും ബാധകമായത് നബി(സ)യുടെ ഭാര്യമാര്‍ക്കാണ്. അവരോട് പോലും അന്യപുരുഷന്മാരോട് സംസാരിക്കാന്‍ വിലക്കിയിട്ടില്ല. മാന്യമായ നിലയില്‍ സംസാരിക്കാനാണ് കല്‍പന (അഹ്‌സാബ്: 32). ഹിജാബിന്റെ ആയത്തിറങ്ങാന്‍ കാരണം ഉമറി(റ)ന്റെ പ്രസ്താവനയാണ്. അത് ശ്രദ്ധിക്കുക: ”അല്ലാഹുവിന്റെ ദൂതരേ, താങ്കളുടെ വീട്ടുകാരുടെ അടുക്കല്‍ ദുഷ്ടരും ശിഷ്ടരും കടന്നുവരും. അതിനാല്‍ ഉമ്മഹാത്തുല്‍ മുഅ്മിനാത്തുകളോട് ഒരു മറയ്ക്കു പിന്നില്‍ നിന്നു സംസാരിക്കാന്‍ കല്‍പിക്കണം. അപ്പോഴാണ് ഹിജാബിന്റെ വചനം അവതരിച്ചത്” (ബുഖാരി). ഇത് മറ്റുള്ള സ്ത്രീകള്‍ക്ക് ബാധകമല്ല. നബി(സ)യുടെ ഭാര്യമാര്‍ക്കു പോലും അവരുടെ വീടുമായി മാത്രം ബന്ധപ്പെടുന്ന വചനമാണ് ഹിജാബിന്റെ ആയത്ത്. നബി(സ)യുടെ ഭാര്യമാര്‍ക്കു പോലും പുറത്തുപോകുന്നതിനോ മറ്റുള്ളവരോട് സംസാരിക്കുന്നതിനോ എതിരല്ല.
ചില സംഭവങ്ങള്‍: ഒന്ന്: വിശുദ്ധ ഖുര്‍ആന്‍ അരുളി: ”നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യ പ്രകടനം പോലുള്ള സൗന്ദര്യ പ്രകടനം നിങ്ങള്‍ നടത്തരുത്” (അഹ്‌സാബ്). ഈ വചനവും നബി(സ)യുടെ ഭാര്യമാരെ ഉപദേശിച്ചുകൊണ്ടുള്ളതാണ്. ഇമാം ഇബ്‌നു കസീര്‍(റ) ഈ വചനം വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ”നിങ്ങള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയണം. പള്ളികളില്‍ നമസ്‌കാരം പോലുള്ള ആവശ്യത്തിനല്ലാതെ നിങ്ങള്‍ പുറത്തുപോകരുത്” (ഇബ്‌നു കസീര്‍ 3:482).
ഹിജാബിന്റെ ആയത്ത് ഇറങ്ങിയ ശേഷമുണ്ടായ ഒരു സംഭവം: ”ഹിജാബിന്റെ ആയത്ത് ഇറങ്ങിയതിനു ശേഷം സൗദ(റ) രാത്രി പുറത്തുപോവുകയുണ്ടായി. ഉമര്‍(റ) അവരെ ആക്ഷേപിച്ചു. അവര്‍ വീട്ടിലേക്ക് മടങ്ങിപ്പോയി. നബി(സ)യോട് ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: ആവശ്യത്തിന് പുറത്തുപോകല്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു” (ബുഖാരി).
ഇവിടെ ഉമര്‍(റ) സൗദയോട് സംസാരിച്ചത് ഹിജാബിന്റെ പിന്നില്‍ നിന്നുകൊണ്ടല്ല. ഇനി ഇസ്‌ലാമിക വേഷം ധരിച്ചുകൊണ്ട് ഒരു സ്ത്രീ പുരുഷന്മാരുടെ പിന്നില്‍ സ്റ്റേജില്‍ ഇരിക്കുകയോ സ്‌റ്റേജിന്റെ ഒരു ഭാഗത്ത് ഇരിക്കുകയോ അവര്‍ ഇസ്‌ലാമിക വിഷയം സംസാരിക്കുകയോ ചെയ്താല്‍ എങ്ങനെ ഹറാമാകും? അങ്ങനെയെങ്കില്‍ വലിയ പെണ്‍കുട്ടികളുള്ള ഹൈസ്‌കൂളുകളിലും കോളജുകളിലും നവയാഥാസ്ഥിതികര്‍ ക്ലാസെടുക്കാറില്ലേ? ആരും ഇതുവരെ പ്രസ്തുത ജോലി രാജിവെച്ചില്ലല്ലോ? ഇപ്പറഞ്ഞ സ്ഥലങ്ങളില്‍ ആരാണ് ഹിജാബിന്റെ പിന്നില്‍ നിന്നു ക്ലാസെടുക്കാറുള്ളത്?
ഇതിനെക്കാളും വലിയ പൈശാചികതയല്ലേ ജിന്നിറക്കല്‍! അതിന് ഇപ്പറഞ്ഞവര്‍ അനുവാദം നല്‍കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായ യുവതിയെ ജിന്നിറക്കാന്‍ വേണ്ടി ഇരുട്ടുമുറിയില്‍ പ്രവേശിപ്പിക്കുന്നു. ഇത് പിശാചിന്റെ പണിയാണ്. ”നബി(സ)യോട് ജാബിര്‍(റ) നുഗ്‌റത്തിനെ (ജിന്നിറക്കല്‍) കുറിച്ച് ചോദിച്ചു. നബി(സ) പറഞ്ഞു: അത് പിശാചിന്റെ പണിയാണ്” (അബൂദാവൂദ്). ഇവിടെ ഹറാമായ കാര്യം അനുവദനീയമാക്കുകയും അനുവദനീയമായ കാര്യം ഹറാമാക്കുകയും ചെയ്യുന്നു.

Back to Top