8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

സ്ത്രീകളും ഇഅ്തികാഫും

സയ്യിദ് സുല്ലമി

ഇസ്‌ലാമില്‍ ഇഅ്തികാഫ് അനുഷ്ഠിക്കല്‍ സുന്നത്താണെന്ന് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും തിരുസുന്നത്ത് കൊണ്ടും ഇജ്മാഅ് കൊണ്ടും തെളിയിക്കപ്പെട്ടതാണ്. പ്രവാചകന്മാരായ ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവരോട് അല്ലാഹു കല്‍പിച്ചു: ”നിങ്ങള്‍ രണ്ടു പേരും എന്റെ ഭവനത്തെ (കഅ്ബാലയം) പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്ത് നമസ്‌കരിക്കുന്നവര്‍ക്കും വേണ്ടി ശുദ്ധീകരിക്കുവിന്‍” (വി.ഖു. 2:125). മുമ്പുള്ള സമുദായങ്ങളിലും ഇഅ്തികാഫ് ഉണ്ടായിരുന്നു. മുഹമ്മദ് നബി(സ) മരണം വരെ ഇഅ്തികാഫ് അനുഷ്ഠിച്ചു. ഉമറി(റ)നെപ്പോലുള്ള മഹത്തുക്കള്‍ ഇഅ്തികാഫ് നേര്‍ച്ച നേര്‍ന്ന് അനുഷ്ഠിച്ചുവന്നു.
സ്ത്രീകള്‍ക്കും ഇഅ്തികാഫ് ഇരിക്കുക എന്നത് പുണ്യകരമാണ്. ഫിത്‌ന ഭയപ്പെടുന്നില്ലെങ്കില്‍ അവര്‍ക്ക് ഈ മഹത്തായ സുന്നത്ത് അനുഷ്ഠിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നു. ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു വചനത്തില്‍ അത് കൃത്യവും വ്യക്തവുമാണ്. ആഇശ(റ) നിവേദനം: നിശ്ചയം നബി(സ) റമദാനിലെ അവസാന പത്തില്‍, അല്ലാഹു അദ്ദേഹത്തെ മരിപ്പിക്കുന്നതുവരെ ഇഅ്തികാഫ് ഇരുന്നിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പത്‌നിമാര്‍ അദ്ദേഹത്തിനു ശേഷവും ഇഅ്തികാഫ് ഇരുന്നിരുന്നു (ബുഖാരി 2026). ആഇശ(റ)യും ഹഫ്‌സ(റ)യും ഇഅ്തികാഫ് ഇരുന്ന സംഭവം അറിയിക്കുന്നത് യുവതികള്‍ക്കും ഇത് അനുഷ്ഠിക്കല്‍ പുണ്യകര്‍മമാണ് എന്നതാണ്. റമദാനില്‍ ഇഅ്തികാഫ് ഇരിക്കാന്‍ സാധ്യമാവാതെ വരുകയോ റമദാനില്‍ നടത്തിയ ഇഅ്തികാഫ് ഇടയ്ക്ക് അനിവാര്യമായ കാരണങ്ങളാല്‍ നിര്‍ത്തിവെക്കേണ്ടതായോ വന്നാല്‍ അത് ശവ്വാല്‍ മാസത്തില്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.
സുനനു അബീദാവൂദ് എന്ന ഹദീസ് ഗ്രന്ഥത്തിന്റെ വ്യാഖ്യാനമായ ഔനുല്‍ മഅ്ബുദ് എന്ന ഗ്രന്ഥത്തില്‍ ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു: ”നിശ്ചയം, ഇഅ്തികാഫ് പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ഉണ്ടെന്നതിന് ഇതില്‍ തെളിവുണ്ട്.” ആധുനിക ഇസ്‌ലാമിക പണ്ഡിതനായിരുന്ന ശൈഖ് ഇബ്‌നു ബാസും സ്ത്രീകള്‍ക്ക് ഇഅ്തികാഫ് സുന്നത്താണെന്നത് ഉള്‍പ്പെടെയുള്ള ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നോമ്പ് ഇല്ലാതെയും ഇഅ്തികാഫ് അനുഷ്ഠിക്കാവുന്നതാണെങ്കിലും നോമ്പ് പിടിച്ചുകൊണ്ട് അത് നിര്‍വഹിക്കുകയാണ് ഏറെ അഭികാമ്യം.
ഇഅ്തികാഫ് ഇരിക്കേണ്ടത് പള്ളികളിലാണ്. വീട്ടില്‍ നമസ്‌കരിക്കുന്ന സ്ഥലത്തല്ല. ”നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കുന്നവരായിരിക്കെ അവരുമായി സഹവസിക്കരുത്” (വി.ഖു: 2:187) എന്ന ഖുര്‍ആന്‍ വചനം പള്ളികളിലാണ് ഭജനമിരിക്കേണ്ടതെന്ന് പഠിപ്പിക്കുന്നു.


മഹാനായ ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ എഴുതുന്നു: ”സ്ത്രീയോ പുരുഷനോ പള്ളിയിലല്ലാതെ ഇഅ്തികാഫ് ഇരുന്നാല്‍ സ്വീകാര്യമാവില്ല. സ്ത്രീയുടെയോ പുരുഷന്റെയോ വീട്ടിലെ നമസ്‌കരിക്കാനായി തയ്യാറാക്കിയിട്ടുള്ള പള്ളിയില്‍ അത് ശരിയാവുകയില്ല” (ശറഹുല്‍ മുഹദ്ദബ്).


അംറ്ബിന്‍ ദീനാര്‍(റ) ജാബിറി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: നിശ്ചയം, ഒരു വനിത തന്റെ വീട്ടിലുള്ള പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാന്‍ നേര്‍ച്ച നേര്‍ന്നതിനെപ്പറ്റി അദ്ദേഹത്തോട് ചോദിക്കപ്പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അത് ശരിയാവുകയില്ല. അവര്‍ പള്ളിയില്‍ തന്നെ ഇഅ്തികാഫ് ഇരിക്കട്ടെ. (ഇബ്‌നുറജബ്, ഫത്ഹുല്‍ബാരി).
സ്ത്രീ അവളുടെ വീട്ടിലെ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിനെ സംബന്ധിച്ച് ഇബ്നു അബ്ബാസി(റ)നോട് ചോദിക്കപ്പെട്ടപ്പോള്‍ അത് ബിദ്അത്താണെന്നും അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള സംഗതികളിലൊന്നാണ് ബിദ്അത്തെന്നുമാണ് അദ്ദേഹം നല്‍കിയ മറുപടി.
സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിക്കപ്പെട്ട ഒരു വചനം ഇപ്രകാരമാണ്: ”പ്രവാചക പത്‌നിമാരില്‍ പെട്ട ഒരാള്‍ ഇസ്തിഹാളത്ത് അഥവാ രക്തസ്രാവമുള്ള നിലയ്ക്ക് ഇഅ്തികാഫ് ഇരുന്നു. ചിലപ്പോള്‍ ചുവപ്പും മഞ്ഞയും നിറമുള്ള വെള്ളം കാണുമായിരുന്നു. അപ്പോള്‍ ഞങ്ങള്‍ അവര്‍ നമസ്‌കരിക്കുന്ന വേളയില്‍ ചുവട്ടില്‍ താലം വെക്കുമായിരുന്നു” (ബുഖാരി 2037).
വിവാഹിതയാണെങ്കില്‍ ഭര്‍ത്താവിനോട് ആലോചിച്ച ശേഷം മാത്രമാണ് അവള്‍ ഇഅ്തികാഫ് ഇരിക്കാനായി പള്ളിയില്‍ പോകേണ്ടത്. വീട്ടില്‍ ഭാര്യയുടെ അഭാവം കുടുംബനാഥനും ഉമ്മയുടെ അസാന്നിധ്യം മക്കള്‍ക്കും പ്രശ്‌നമായിക്കൂടാ എന്നതുകൊണ്ടാണ് അത്. കുടുംബത്തില്‍ പരസ്പര ധാരണകള്‍ ആവശ്യമാണ്. പ്രവാചകന്റെ കാലത്ത് ഇഅ്തികാഫ് ഇരുന്നിരുന്ന സ്ത്രീകള്‍ പള്ളിയില്‍ ടെന്റുകള്‍ സ്ഥാപിച്ചിരുന്നു. പ്രവാചക പത്‌നി സൈനബ്(റ) പ്രവാചകന്റെ കാലത്തു തന്നെ ഇഅ്തികാഫിനായി മദീനാ പള്ളിയില്‍ കൂടാരം സ്ഥാപിക്കുകയുണ്ടായി (മുസ്‌ലിം 1172). ഇക്കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഭാഗം ആവശ്യമാണ്. ഇഅ്തികാഫ് അനുഷ്ഠിക്കുന്ന സഹോദരി ഇടയ്ക്ക് കിടന്നുറങ്ങിയേക്കാം. അത്തരം ഘട്ടത്തില്‍ അതുവഴി അന്യപുരുഷന്മാര്‍ നടക്കുന്നതും ഇരിക്കുന്നതും നല്ലതല്ലല്ലോ. മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനാ പള്ളിയിലും സ്ത്രീകള്‍ക്ക് ഇഅ്തികാഫ് ഇരിക്കാന്‍ പ്രത്യേകം സ്ഥലസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്രകാരം ലോകത്ത് പല ഭാഗത്തും പള്ളികളില്‍ സ്ത്രീകള്‍ക്ക് ഭജനമിരിക്കാന്‍ സുരക്ഷിതമായ ഭാഗങ്ങള്‍ നിശ്ചയിക്കുകയും വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്.
ഒരു സ്ത്രീക്ക് ഇഅ്തികാഫ് ഇരിക്കുന്ന തന്റെ ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ അനുവാദമുള്ളതുപോലെ തന്നെ ഇഅ്തികാഫ് ഇരിക്കുന്ന ഭാര്യയെ സന്ദര്‍ശിക്കാന്‍ ഭര്‍ത്താവിനും അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. സ്വഫിയ്യ ബിന്‍ത് ഹുയയ്യ്(റ) ഭജനമിരിക്കുകയായിരുന്ന തന്റെ ഭര്‍ത്താവായ നബി തിരുമേനി(സ)യെ സന്ദര്‍ശിച്ചു സംസാരിച്ച സംഭവം ബുഖാരിയില്‍ (3101) കാണാവുന്നതാണ്. പ്രവാചകന്‍ ഭജനമിരിക്കെ തന്റെ പത്‌നി ആഇശ(റ)ക്ക് തല കാണിച്ചുകൊടുക്കുകയും അവര്‍ അദ്ദേഹത്തിന്റെ മുടി ചീകിക്കൊടുക്കുകയും ചെയ്യുമായിരുന്നു. അവിടുന്ന് പ്രാഥമികാവശ്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ പ്രവേശിക്കുമായിരുന്നില്ല.
എന്നാല്‍ പള്ളിയില്‍ നിന്ന് ആവശ്യമില്ലാതെ പുറത്തുപോവുക, ഭജനമിരിക്കുന്നതിനിടയില്‍ ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക, ലഹരിബാധിതനാവുക എന്നിവയുണ്ടായാല്‍ ഇഅ്തികാഫ് പ്രതിഫലശൂന്യമാകും.
ഭൗതിക സുഖസൗകര്യങ്ങളില്‍ നിന്നും ഇതര കാര്യങ്ങളില്‍ നിന്നും പൂര്‍ണമായും മാറിനിന്നുകൊണ്ട് പള്ളിയില്‍ ആരാധനയ്ക്കായി മാത്രം പ്രത്യേകമായി ഇരിക്കുന്ന ഇഅ്തികാഫ് എന്ന പുണ്യകര്‍മം തൗബ, ഇസ്തിഗ്ഫാര്‍, ഖുര്‍ആന്‍ പഠനം, മനഃപാഠമാക്കല്‍, പാരായണം, പ്രാര്‍ഥന, ദിക്‌റുകള്‍, നബിയുടെ മേല്‍ സലാത്ത്, സ്ഥിരപ്പെട്ട സുന്നത്ത് നമസ്‌കാരങ്ങള്‍ തുടങ്ങി ഇസ്‌ലാം അംഗീകരിക്കുന്ന നന്മകള്‍ ചെയ്തുകൊണ്ടാണ് നിര്‍വഹിക്കേണ്ടത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x