സ്ത്രീകളുടെ സവിശേഷതകളെ പരിഗണിക്കുന്ന ഇസ്‌ലാം
അബ്ദുല്‍അലി മദനി
വിവാഹവേളയില്‍ വരന്‍ വധുവിന് നല്‍കുന്ന സമ്മാനമാണ് മഹ്ര്‍ അഥവാ വിവാഹമൂല്യം. സ്ത്രീയെ മഹത്വപ്പെടുത്തിയും അവളുടെ പ്രത്യേകതകള്‍ പരിഗണിച്ചും നല്‍കുന്നതാണത്. ”സ്ത്രീകള്‍ക്ക് അവരുടെ വിവാഹ മൂല്യങ്ങള്‍ മനഃസംതൃപ്തിയോടു കൂടി നിങ്ങള്‍ നല്‍കുക. ഇനി വല്ലതും അതില്‍ നിന്ന് സന്മനസ്സോടെ അവര്‍ വിട്ടു തരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വം സുഖമായി ഭക്ഷിച്ചു കൊള്ളുക”(വി.ഖു 4:4)
ഇസ്‌ലാം വിമര്‍ശകര്‍ ജല്‍പിക്കുന്ന പോലെ പെണ്ണിനെ വിലക്കുവാങ്ങാനുള്ളതല്ല മഹര്‍. അവളെ ആദരിക്കാനുള്ളതാണ്. ചില നിയമവ്യവസ്ഥകളില്‍ വിവാഹ സമയത്ത് സ്ത്രീയുടെ ഭാഗത്തു നിന്ന് പുരുഷന് പണം നല്‍കുമ്പോള്‍ അവളെ സ്വീകരിക്കാന്‍ വേണ്ടി ഒരാണിനെ വിലക്ക് വാങ്ങും പോലെയാണ് സംഭവിക്കുന്നത്. എന്നാല്‍ മഹറ് നല്‍കുക വഴി അവളെ അവന് ആവശ്യമുണ്ടെന്നും അവളുടെ പ്രകൃതിപരമായ അവസ്ഥ അവന്‍ കണ്ടറിഞ്ഞ് ആദരിക്കുന്നുവെന്നും വ്യക്തമാക്കുന്നു. വിവാഹ മൂല്യം ഒരു സമ്മാനമാണ്. അവളെ വിലക്ക് വാങ്ങുന്ന ഏര്‍പ്പാടല്ല. അങ്ങനെയാണെങ്കില്‍ അതിന് കച്ചവടം എന്നേ പറയാനാകൂ. പുരുഷന്‍ അവന്റെ കഴിവില്‍ പെട്ടതും ഇഷ്ടപ്പെട്ടതും തൃപ്തിയോടെ നല്‍കുമ്പോള്‍ അതൊരു കച്ചവടമാവുകയില്ലല്ലോ. പുരുഷന്‍ എനിക്കിത്ര സംഖ്യ വേണമെന്നാവശ്യപ്പെടുകയും സ്ത്രീയുടെ പക്ഷം അത് നല്‍കാന്‍ തയ്യാറാവുകയും ചെയ്താല്‍ അവിടെ പുരുഷനെ സ്ത്രീ വിലക്കുവാങ്ങുകയാണ്. വിവാഹത്തെക്കുറിച്ചും വൈവാഹിക ജീവിതത്തിന്റെ അന്തസ്സത്തയെക്കുറിച്ചും ഇസ്‌ലാമിക സംസ്‌കരണം ലഭിക്കാത്ത ചിലര്‍ ചെയ്യുന്ന അനാവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നതിലര്‍ഥമില്ല.
ഇസ്‌ലാമില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനമായി വിമര്‍ശകര്‍ ഉന്നയിക്കാറുള്ള മറ്റൊന്നാണ് ബഹുഭാര്യാത്വം. ഇത് പുരുഷ മേധാവിത്വത്തിന്റെയോ സ്ത്രീ സമൂഹത്തെ ഇകഴ്ത്തുന്നതിന്റെയോ ഉദാഹരണമായി മനസ്സിലാക്കാവതല്ല. മറിച്ച്, മാനുഷിക പരിഗണനകള്‍ നല്‍കി മനുഷ്യ പ്രകൃതിയുടെ തേട്ടമനുസരിച്ചുള്ള പരിഹാരമാണത്. ഗത്യന്തരമില്ലാത്ത ഒരവസ്ഥയില്‍ വേര്‍പിരിയാനും അത്യന്താപേക്ഷിതമായ സമയത്ത് ഒന്നിലധികം വിവാഹം കഴിക്കാനും നിയമമില്ലെങ്കില്‍ മനുഷ്യ ജീവിതം ദുരന്തപൂര്‍ണമാകും. ഈ വിഷയത്തിലും മറ്റിതര നിയമസംഹിതകളെ അപേക്ഷിച്ച് ഖുര്‍ആന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്ത്രീകളെ പീഡിപ്പിക്കാനോ പുരുഷന് തോന്നിയപോലെ വിവാഹം കഴിക്കാനോ ഉള്ള അനുമതിയല്ല ബഹുഭാര്യാത്വം. സമൂഹത്തിന്റെ പൊതുനന്മയാണ് അതില്‍ മികച്ചു നില്‍ക്കുന്നത്. മാറാരോഗങ്ങള്‍, സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലൈംഗിക ബലഹീനതകള്‍, ഒരിക്കലും യോജിക്കാനാവാത്ത വിധമുള്ള പിണക്കങ്ങള്‍ എന്നിവയുണ്ടായാല്‍ നല്ല നിലയില്‍ വേര്‍പിരിയാനും മറ്റൊരു ഇണയെ സ്വീകരിക്കാനും നിര്‍ബന്ധിതമായേക്കാം.
എന്നാല്‍ സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്മാരെ സ്വീകരിക്കാന്‍ ഒരിക്കലും ഇസ്‌ലാം നിയമമാക്കിയിട്ടില്ല. പിതൃത്വത്തിന്റെ പ്രശ്നത്തില്‍ ഉടലെടുക്കാനിടയുള്ള സങ്കീര്‍ണതകള്‍ കണക്കിലെടുത്തതുകൊണ്ടാണിത്. അവള്‍ക്ക് ആദ്യ ഭര്‍ത്താവിനെ തുടര്‍ന്നു പോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഒഴിവാക്കാമെന്നല്ലാതെ അയാളെ നിലനിര്‍ത്തി മറ്റൊരു പുരുഷന്റെ ഭാര്യയായിരിക്കാന്‍ പാടില്ല. അതാണ് ഇസ്‌ലാം അനുശാസിച്ചിട്ടുള്ളത്. സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ അനുസരിക്കാതിരിക്കുകയോ ധിക്കാരപരമായി പെരുമാറുകയോ ചെയ്താല്‍ പോലും ഒറ്റയടിക്ക് അവളെ മോചനം നല്‍കി വിടാനല്ല അല്ലാഹു പറയുന്നത്.
‘പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറുവിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവു നല്‍കിയത് കൊണ്ടും (പുരുഷന്മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണ ശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്.
എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക, കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക, അവരെ അടിക്കുകയും ചെയ്തുകൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.” (വി.ഖു 4:34) അവര്‍ അന്യോന്യം കണ്ടുമുട്ടാന്‍ പോലും പ്രയാസകരമാകും വിധം പിണക്കമുണ്ടായാല്‍ ഖുര്‍ആന്‍ അവരെ യോജിപ്പിക്കാന്‍ തീവ്രശ്രമം നടത്തുകയാണ്. ”അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ചു പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും നിയോഗിക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു” (വി.ഖു 4:35).
എന്നിട്ടും യോജിപ്പുണ്ടാവുന്നില്ലെങ്കില്‍ വിവാഹ മോചനം ചെയ്തു തിരിച്ചെടുക്കാന്‍ പറ്റത്തക്ക വിധം രണ്ടു അവസരം അവര്‍ക്കു നല്‍കുന്നു. ”(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹ മോചനം രണ്ട് പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്.” (വി.ഖു 2:229) ഖുര്‍ആന്‍ ബഹുഭാര്യാത്വത്തിന്നനുവദിക്കുന്ന അതേ വചനത്തില്‍ തന്നെ അതിന്റെ പ്രയാസങ്ങള്‍ ചൂണ്ടിക്കാണിക്കുകയും പ്രയാസങ്ങള്‍ തരണം ചെയ്യാനും നീതി പുലര്‍ത്താനും കഴിയാത്തവര്‍ ഒന്നുകൊണ്ട് മതിയാക്കണമെന്നും പ്രത്യേകം അനുശാസിച്ചിട്ടുണ്ട്.
”അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്തു കൊള്ളുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക). അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക). നിങ്ങള്‍ അതിരുവിട്ടു പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്.”(വി.ഖു 4:3). ഖുര്‍ആനും ഇസ്്ലാമികാധ്യാപനങ്ങളും പരിശോധിച്ചാല്‍ ജീവിതത്തിലെ അടിസ്ഥാനപരവും നിര്‍ണായകവുമായ ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് എല്ലാവിധ അവകാശങ്ങളും വകവെച്ചു കൊടുക്കുക തന്നെയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്.
സമൂഹിക സാംസ്‌കാരിക രംഗങ്ങളിലും അവള്‍ ജനിച്ചയിടം മുതല്‍ പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയപ്പോഴും അവള്‍ക്ക് മറ്റു സഹായികളില്ലാതിരുന്നപ്പോഴും ജീവിത ഘട്ടങ്ങളിലെ സൗഭാഗ്യത്തിന്റെയും ആദരവിന്റെയും ഉദാത്തമായ പരിരക്ഷ നല്‍കി അവളുടെ കൈപിടിച്ച് നടക്കും പോലെ അവളോടൊപ്പം നില്‍ക്കുന്ന പ്രകൃതിപരമായ ഇസ്‌ലാം ഒരിക്കലും അവളെ ബുദ്ധിമുട്ടിക്കുന്നില്ല. ”മനുഷ്യന്ന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു. ക്ഷീണത്തിനു മേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവരെ ഗര്‍ഭം ചുമന്നു നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടു വര്‍ഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കുക. എന്റെയടുത്തേക്കാണ് നിന്റെ മടക്കം.” (വി.ഖു 31:14)
സ്രഷ്ടാവായ അല്ലാഹുവോടും മാതാപിതാക്കളോടും ഒരു മനുഷ്യനുള്ള കടപ്പാടുകള്‍ എത്രയായിരിക്കുമെന്ന് ബുദ്ധിയുള്ളവരെ ഇരുത്തി ചിന്തിപ്പിക്കുന്ന ഈ സൂക്തം മാതാവിന്റെ ക്ലേശപൂരിതമായ അവസ്ഥകളെ ശരിയാംവിധം അനാവരണം ചെയ്യുന്നത് സ്ത്രീത്വത്തിന്റെ മഹനീയത എടുത്തു കാണിക്കാന്‍ വേണ്ടിയാണ്. ആയതിനാല്‍ ഇസ്‌ലാം സ്ത്രീകളെ ഏതൊരു ഘട്ടത്തിലും ആദരിച്ചിട്ടുള്ള മതമാണെന്ന് ഗ്രഹിക്കാം.
ഇതിനെയെല്ലാം മറികടക്കാന്‍ തക്ക മികവുറ്റ ഒന്നും തന്നെ ആരും ഇതുവരെ കൊണ്ടുവന്നിട്ടില്ല. സ്ത്രീകള്‍ക്ക് ഒട്ടനേകം അവകാശങ്ങളും മഹനീയ പദവികളും നല്‍കിയിട്ടുണ്ടെന്ന് കരുതി അവള്‍ അനിയന്ത്രിതമായിട്ടുള്ള കൃത്യവിലോപം കാണിക്കാവതല്ല. ദൈവികമായി ലഭിച്ചിട്ടുള്ള ‘മവദ്ദത്ത്’ (സ്നേഹം), ‘റഹ്്മത്ത്’ (കാരുണ്യം) എന്നീ സദ്ഗുണങ്ങളെ ദിവ്യ ദൃഷ്ടാന്തങ്ങളായിത്തന്നെ പ്രഡോജ്വലമാക്കി ജ്വലിപ്പിച്ചു നിര്‍ത്തുന്നതില്‍ സ്ത്രീക്കും പുരുഷനും തുല്യമായ പങ്കാണുള്ളത്. വിവാഹ മോചനം ചോദിച്ചു വാങ്ങുകയോ അനാവശ്യമായ വേര്‍പാടുകള്‍ സൃഷ്ടിച്ചുണ്ടാക്കുകയോ ചെയ്യാവതല്ല. കണ്‍കുളിര്‍മയോടെയുള്ള ജീവിതമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. നീച കൃത്യങ്ങളുടെ വഴികളെല്ലാം കൊട്ടിയടക്കപ്പെട്ടിട്ടുണ്ട്. അത് ആരുംതുറക്കരുത്.