8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ കൂടിയുണ്ടാവണം

എ ജമീല ടീച്ചര്‍


വന്ദനദാസ് എന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ ഒരിറ്റ് കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഈ പ്രാവശ്യത്തെ അധ്യയനവര്‍ഷത്തിന് ആരംഭം കുറിക്കുന്നത്. അവളുടെ കളിയും ചിരിയും ഇനിയാരും കേള്‍ക്കുകയില്ല. ജനിച്ചാല്‍ മരിക്കും തീര്‍ച്ചയാണ്. അത്തരം ഒരു സ്വാഭാവിക മരണത്തിനു വിധേയയായതല്ല അവള്‍. ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെ ആശുപത്രിയില്‍ വെച്ച് ഒരു കാപാലികന്റെ കുത്തേറ്റ് അതിക്രൂരമായ വിധത്തില്‍ കൊല ചെയ്യപ്പെടുകയായിരുന്നു. അതും പോലീസ് കസ്റ്റഡിയില്‍ വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടുവന്നിരുന്ന ഒരാളുടെ കുത്തേറ്റ്.
23കാരിയായ ഒരു പെണ്‍കുട്ടി. മാതാപിതാക്കളുടെ ഏക മകള്‍. എംബിബിഎസ് എന്ന കടമ്പ കടന്നുകിട്ടാന്‍ ജീവിതത്തില്‍ അവള്‍ എത്രയേറെ പരിശ്രമിച്ചിട്ടുണ്ടാകും? മാതാപിതാക്കളും അവളും എന്തെല്ലാം പ്രതീക്ഷകള്‍ മനസ്സില്‍ കണക്കുകൂട്ടിയിട്ടുണ്ടായിരിക്കും? എത്ര പണം ആ വഴിക്ക് ചെലവഴിച്ചിട്ടുണ്ടായിരിക്കും? എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് വിധി അവളെ മരണത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ഡോ. ‘വന്ദനദാസ് എംബിബിഎസ്’ എന്ന വീടിന്റെ മുന്നില്‍ തൂക്കിയ ബോര്‍ഡ് മാത്രം അവളുടെ മാതാപിതാക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന് ബാക്കിയായി. അത് എടുത്തുമാറ്റുമ്പോഴുണ്ടാകുന്ന ആ മാതാപിതാക്കളുടെ വിങ്ങല്‍ ആരു കേള്‍ക്കാന്‍! ഇതൊക്കെ പറയാന്‍ പറ്റിയ ഒരു കേരള സ്‌റ്റോറി ഫിലിമായി ഇറങ്ങുന്ന കാലം നമ്മുടെ നാട്ടിലുണ്ടാകുമോ എന്തോ?
ഏതായാലും ഏതു തരത്തിലുള്ള വിദ്യയായാലും വിദ്യാഭ്യാസത്തില്‍ ഇന്ന് പുരുഷനെ കവച്ചുവെച്ചുകൊണ്ട് പെണ്ണു തന്നെയാണ് മുന്നിലുള്ളത്. ഒരു കാലത്ത് വട്ടപ്പൂജ്യത്തിലായിരുന്ന അവരിന്ന് 100 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്. സാക്ഷരതയിലും ഒട്ടും പിന്നിലല്ല. ഇത് പറയുമ്പോള്‍ ഒരല്‍പം പഴമ്പുരാണങ്ങള്‍ കൂടി ഓര്‍മിക്കുന്നത് നന്നാകും.
നാട് വിടും ഭര്‍ത്താവിന്
നന്നായൊരു
കത്തെഴുതാന്‍
നാരികള്‍
പോകണമന്യരെ വീട്ടില്‍
പുരുഷരെ സേവ
പിടിക്കാന്‍.
പെണ്ണിന് പണ്ട് എഴുത്തും വായനയും പഠിക്കല്‍ ഹറാമായിരുന്നു. അക്കാലത്തെ പെണ്ണുങ്ങളുടെ ദയനീയാവസ്ഥയാണ് അബുസ്സബാഹ് മൗലവി കവിതയില്‍ വര്‍ണിച്ചിരിക്കുന്നത്. എങ്ങനെ പഠിക്കാന്‍ പുറത്തിറങ്ങും? ഭൂമിയെ താങ്ങിനിര്‍ത്തുന്നത് ഒരു കാളയുടെ രണ്ടു കൊമ്പുകളായിരുന്നു എന്നായിരുന്നു പഴമ്പുരാണം. പെണ്ണുങ്ങള്‍ പുറത്തിറങ്ങിയാല്‍, അവര്‍ അക്ഷരം പഠിച്ചാല്‍ ഭൂമിയെ താങ്ങിനിര്‍ത്തുന്ന കാളയ്ക്ക് ദേഷ്യം പിടിക്കും. കാള കൊമ്പു കുലുക്കും. അതോടെ ഭൂമി കുലുങ്ങും. ഇത് വിശ്വസിച്ചിരുന്ന ഒരു ജനതയില്‍ എങ്ങനെ പെണ്ണിനു പഠിക്കാനാവും?
കേരളത്തിലെ മുന്‍കാല നവോത്ഥാന നായകരുടെ നിരന്തരമായ പ്രബോധനത്തിന്റെ ഫലമായി നാട്ടില്‍ വെളിച്ചം പരന്നു. അജ്ഞതയാകുന്ന ഇരുട്ട് ക്രമേണ ഇല്ലാതായി. അതിന്റെ ഫലമാണ് ഇന്ന് വൈദ്യശാസ്ത്രരംഗത്തും അല്ലാത്തിടത്തുമൊക്കെയായി വിദ്യാഭ്യാസം നേടിയ വനിതകള്‍ ഓരോ വര്‍ഷവും പുറത്തുവരുന്നത്.
ഇനിയും പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ ഈ രംഗത്തെല്ലാം പുറത്തിറങ്ങാനുമുണ്ട്. അവര്‍ക്ക് സൈ്വരമായി ജീവിക്കണം. സ്വസ്ഥമായി ഒരിടത്ത് ജോലി ചെയ്യണം. അതിനുള്ള സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. വന്ദനദാസിന്റെ അനുഭവം ഇനിയാര്‍ക്കുമുണ്ടാകരുത്.
പലരും പഠിക്കുന്നത് അന്യസംസ്ഥാനങ്ങളിലും അയല്‍രാജ്യങ്ങളിലുമൊക്കെയാണ്. സുഊദി സര്‍വകലാശാലയില്‍ ഉയര്‍ന്ന സ്‌കോളര്‍ഷിപ്പ് നേടി പഠിക്കാനവസരം ലഭിച്ചത് ഈയിടെ കേരളത്തില്‍ നിന്നുള്ള ഒരു മുസ്‌ലിം പെണ്‍കുട്ടിക്കായിരുന്നു. അതുപോലെ ശാസ്ത്രഗവേഷണ വിഷയത്തിലുമെല്ലാം തിളങ്ങിനില്‍ക്കുന്ന ഒരുപാട് മുസ്‌ലിം പെണ്‍കുട്ടികള്‍ ഇന്ന് കേരളത്തില്‍ തന്നെയുണ്ട്.
തികഞ്ഞ സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുകയാണെങ്കില്‍ ഉന്നതങ്ങളിലെത്തിച്ചേരാന്‍ പെണ്‍കുട്ടികള്‍ ഇവിടെ ഒട്ടും കുറവല്ല. ഒരു സ്ത്രീ വിദ്യ അഭ്യസിച്ചാല്‍ അത് കുടുംബത്തിനും അതുവഴി സമൂഹത്തിനുമെല്ലാം ഉപകാരമാകും. മക്കള്‍ക്ക് വല്ല വിജ്ഞാനവും വീടകങ്ങളില്‍ നിന്ന് ലഭിക്കണമെങ്കില്‍ മാതാവില്‍ അത് കൈമുതലായിട്ടുണ്ടാവണം. എങ്കിലേ മക്കള്‍ക്ക് അത് ഉപകാരപ്രദമാകൂ. അതുകൊണ്ടാണ് മുന്‍കാല നവോത്ഥാന നായകന്മാര്‍ പെണ്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയത്.
പ്രാഥമിക വിദ്യാലയങ്ങളും ഉന്നതപഠനത്തിന് ആവശ്യമായ സ്‌കൂളുകളും കോളജുകളുമെല്ലാം അവര്‍ സ്ഥാപിച്ചു. മതപഠനം ലക്ഷ്യം വെച്ച് മദ്‌റസകളും അറബിക് കോളജുകളും സ്ഥാപിതമായി. വനിതകള്‍ക്ക് മാത്രമായി സ്ഥാപിതമായ കോളജാണ് മോങ്ങം വനിതാ അറബിക് കോളജ്. അനാഥരെയും അഗതികളെയും അവര്‍ മറന്നില്ല. തിരൂരങ്ങാടി ഓര്‍ഫനേജ്, ജെ ഡി ടി ഇസ്‌ലാം അനാഥാലയം മുതലായവയെല്ലാം അനാഥകളുടെയും അഗതികളുടെയുമെല്ലാം ഉന്നമനം ലക്ഷ്യംവെച്ചുണ്ടാക്കിയവയാണ്.
ഇങ്ങനെ ചെറുതും വലുതുമായ എത്രയോ അനാഥാലയങ്ങള്‍ കേരളത്തിലുണ്ട്. ഇതില്‍ നിന്നൊക്കെ പഠിച്ച് പാസായി ഉന്നത സ്ഥാനങ്ങളിലെത്തുന്നവരിലും പെണ്‍കുട്ടികള്‍ ധാരാളമുണ്ട്. വിവാഹമോ കുടുംബജീവിതമോ ഒന്നും അവരില്‍ പലര്‍ക്കും പഠനത്തിന് ഒരു തടസ്സമാവാറില്ല. വിവാഹം കഴിഞ്ഞാലും പെണ്‍കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട്. ഭര്‍തൃകുടുംബങ്ങള്‍ ഏറക്കുറേ അവര്‍ക്ക് അനുകൂലമായി നില്‍ക്കുന്നുണ്ടുതാനും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x