18 Saturday
October 2025
2025 October 18
1447 Rabie Al-Âkher 25

സ്ത്രീധന നിരോധന നിയമം ഏട്ടിലെ പശുവോ?

ടി കെ മൊയ്തീന്‍ മുത്തനൂര്‍

സ്ത്രീധനമോഹികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും കഠിന ശിക്ഷ നടപ്പാക്കുകയും വേണം. പോക്‌സോ കേസുകള്‍ക്ക് നല്‍കുന്ന ശിക്ഷാനടപടികള്‍ എന്തുകൊണ്ട് സ്ത്രീധന കേസുകള്‍ക്ക് ഉണ്ടാകുന്നില്ല? വിസ്മയ സംഭവത്തിലെ ശിക്ഷ ഒഴിച്ചാല്‍ കാര്യമായ ശിക്ഷാനടപടികളൊന്നും ഉണ്ടായിട്ടില്ല. സ്ത്രീധന നിരോധന നിയമം ഏട്ടിലെ പശുവായി തന്നെ തുടരുകയാണ്.
അരനൂറ്റാണ്ട് മുമ്പ് കേരളത്തില്‍ സാര്‍വത്രികമായി നടമാടിയിരുന്ന അനാചാരങ്ങളില്‍ സ്ത്രീധന സമ്പ്രദായം മുന്‍പന്തിയിലായിരുന്നു. ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തിയതിന്റെ ഗുണഫലങ്ങള്‍ ഉണ്ടായി. എന്നാല്‍ പൂര്‍ണമായും സ്ത്രീധനമെന്ന വില്ലനെ പിഴുതുമാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സ്ത്രീധന പീഡന ആത്മഹത്യാ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
മുമ്പു കാലങ്ങളില്‍ കല്യാണനിശ്ചയ ദിവസം സഭയ്ക്ക് മുമ്പാകെ സ്ത്രീധന സംഖ്യയുടെ നോട്ടുകെട്ടുകള്‍ വെക്കുന്നതും പരസ്യമാക്കുന്നതും അഭിമാനമായി കണ്ടിരുന്ന അവസ്ഥ മാറി മറയ്ക്കു പിന്നില്‍ നിന്നു കൊടുക്കലായി സ്ത്രീധനം. അത് മാറി പണത്തിനുപകരം പെണ്ണിന് മേനിനിറയെ പൊന്നും കാറും വാങ്ങുന്ന രീതിയായി. ഇപ്പോള്‍ ഇവയുടെ സ്ഥാനത്ത് സ്വര്‍ണവും ഭൂമിയും ആഡംബര കാറുകളുമായിരിക്കുന്നു.
സ്ത്രീധനവിരുദ്ധ നിയമം കര്‍ശനമാക്കുകയും പഞ്ചായത്ത്/ മഹല്ലുകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്യണം. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാര്‍മിക വിദ്യാഭ്യാസം കൂടി നല്‍കി ആണ്‍ – പെണ്‍ കുട്ടികളെയും ബോധവത്കരിക്കുന്നതിനും നടപടിയുണ്ടാവണം.

Back to Top