8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

സ്ത്രീശരീരത്തെ പ്രതികാരായുധമാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം

ബഷീര്‍ കൊടിയത്തൂര്‍


സംഘര്‍ഷങ്ങളില്‍ എതിരാളിയെ തറപറ്റിക്കാന്‍ പല വിദ്യകളും പയറ്റാറുണ്ടെങ്കിലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം പരിധിവിട്ട ആയുധമാണ്. സംഘര്‍ഷം നടക്കുന്ന മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ വിവസ്ത്രരാക്കി നടത്തുകയും ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തത് എതിര്‍വിഭാഗത്തോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ്. തങ്ങളുടെ വിഭാഗത്തില്‍ പെട്ട ഒരു സ്ത്രീ ആക്രമണത്തിന് ഇരയായെന്ന വ്യാജ വാര്‍ത്തയുടെ പേരിലാണ് മെയ്‌തെയ് വിഭാഗക്കാര്‍ കുക്കി ആദിവാസി വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്കു നേരെ കിരാതമായ ആക്രമണം നടത്തിയത്.
മണിപ്പൂരില്‍ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട മെയ്‌തെയ് വിഭാഗവും കുക്കി വിഭാഗവും വ്യാപക അക്രമമാണ് അഴിച്ചുവിടുന്നത്. അതിനിടയിലാണ് രണ്ടു സ്ത്രീകളെ ആള്‍ക്കൂട്ടം വിവസ്ത്രരാക്കി നടത്തുകയും ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തതിന്റെ വീഡിയോ പുറത്തുവന്നത്. 21-കാരിയായ കുക്കി യുവതിയെ വിവസ്ത്രയായി നടത്തിക്കുക മാത്രമല്ല, യുവാക്കള്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്യുകയും ചെയ്തു. കാങ്‌പോക്പി ജില്ലയിലെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കുക്കി വിഭാഗക്കാരായ രണ്ടു പുരുഷന്‍മാരും മൂന്നു സ്ത്രീകളും വനത്തില്‍ അഭയം തേടിയെന്നും അവരെ തിരഞ്ഞെത്തിയ മെയ്‌തെയ് വിഭാഗക്കാര്‍ പിടികൂടുകയുമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
രണ്ടു പുരുഷന്‍മാരെ വധിച്ച ശേഷമാണ് സ്ത്രീകളെ അപമാനിച്ചത്. വിവസ്ത്രരാക്കി രണ്ടു സ്ത്രീകളെ റോഡിലൂടെ നടത്തുന്നതും കൂടെയുള്ള ആള്‍ക്കൂട്ടം അതിന് അകമ്പടി സേവിക്കുന്നതും ട്വിറ്ററില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം. ദ പ്രിന്റ് ന്യൂസ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മൂന്നു സ്ത്രീകള്‍ക്കു നേരെ അതിക്രമം ഉണ്ടായിട്ടുണ്ട്. വസ്ത്രാക്ഷേപം ചെയ്യാന്‍ ശ്രമിച്ചെന്നും അവര്‍ രക്ഷപ്പെട്ടെന്നുമാണ് വിവരം. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇപ്പോഴാണ് ഒരാളെ അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വാതോരാതെ വാചകമടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറായത് രണ്ടു മാസത്തിനു ശേഷമാണ്. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും സര്‍ക്കാര്‍ മൗനത്തിലാണ്.
സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബലാത്സംഗം ഒരു ആയുധമായി പണ്ടേ ഉപയോഗിച്ചിരുന്നു. 1947ലെ ഇന്ത്യാ വിഭജനം, 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യയുദ്ധം, 1984ലെ സിഖ് വിരുദ്ധ കലാപം, ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം, 2002ലെ ഗുജറാത്ത് വംശഹത്യ തുടങ്ങിയവയില്‍ ലൈംഗിക അതിക്രമത്തിന്റെയും കൂട്ടബലാത്സംഗത്തിന്റെയും ഭയാനകമായ സംഭവങ്ങളാണ് പുറത്തുവന്നത്. സംഘര്‍ഷം തടയേണ്ട സൈന്യവും മറ്റ് സുരക്ഷാ സേനകളും ഇതില്‍ പങ്കാളികളാകുന്നു. കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ക്രൂരമായ ലൈംഗിക അതിക്രമ ആരോപണങ്ങളില്‍ സുരക്ഷാവിഭാഗങ്ങളും പ്രതിക്കൂട്ടിലുണ്ടായിരുന്നു. പലതിലും ക്രൂരതയുടെ വലുപ്പം പുറത്തുവരാന്‍ പതിറ്റാണ്ടുകള്‍ എടുത്തിട്ടുണ്ട് എന്നു മാത്രം.
സ്ത്രീ കുടുംബത്തിന്റെയും സമുദായത്തിന്റെയും അഭിമാനമാണെന്നും അവരുടെ ശരീരത്തില്‍ ഏല്‍ക്കുന്ന ഓരോ ക്ഷതവും കുടുംബത്തിന്റെയും സമുദായത്തിന്റെയും അഭിമാനത്തിനേല്‍ക്കുന്ന ക്ഷതമാണെന്നുമുള്ള പൊതുബോധമാണ് ബലാല്‍സംഗം ഹിംസാത്മക പ്രതികാരമാവുന്നതിന്റെ പിന്നിലുള്ളത്. പോരാട്ട മുന്നണിയിലുള്ള പുരുഷന്‍മാരെ മാനസികമായി മുറിവേല്‍പിക്കണമെങ്കില്‍ അവരുമായി ബന്ധമുള്ളതോ അവരുടെ വിഭാഗത്തില്‍ പെടുന്നതോ ആയ സ്ത്രീകളെ ബലാല്‍സംഗം ചെയ്താല്‍ മതിയെന്ന കുടിലബുദ്ധി ഇത്തരം അതിക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു.
ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പഠനം അനുസരിച്ച് ബലാല്‍സംഗം സംഘര്‍ഷത്തിന്റെ ഉപോല്‍പന്നമല്ല, മറിച്ച് ചിട്ടയായി വികസിപ്പിച്ചെടുത്ത ഒരു യുദ്ധതന്ത്രം തന്നെയാണ്. ഒരു സമുദായത്തിന്റെ മേലുടുപ്പില്‍ ഏതൊരു നശീകരണ ആയുധത്തെക്കാളും ശക്തമായി നഷ്ടം വരുത്താന്‍ കഴിയുന്നതാണ് ബലാല്‍സംഗം. അതുകൊണ്ടാണ് അതൊരു ആയുധമാക്കുന്നത്. 1996ലെ ദി സ്‌റ്റേറ്റ് ഓഫ് വേള്‍ഡ്‌സ് ചില്‍ഡ്രന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ബോസ്‌നിയയിലും ക്രൊയേഷ്യയിലും എല്ലാ കൗമാരക്കാരികളെയും ശത്രുപക്ഷം തിരഞ്ഞുപിടിച്ച് ബലാല്‍സംഗം ചെയ്യുകയും ബീജധാരണത്തിന് ഇരയാക്കുകയും ചെയ്തിരുന്നുവെന്നാണ്. 1992 മുതല്‍ 20,000 മുസ്‌ലിം സ്ത്രീകളാണ് ബോസ്‌നിയയില്‍ ലൈംഗിക അതിക്രമത്തിന് ഇരയായത്.
സ്ത്രീകളുടെ ശരീരത്തെ അപമാനിക്കുന്നതിലൂടെ മറ്റുള്ളവരോട് പ്രതികാരം ചെയ്യുക എന്നതാണ് ഈ കുറ്റകൃത്യത്തിന് കാരണമാവുന്നതെന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫസറും ഗവേഷകയുമായ അനുരാധ ചിനോയ് പറയുന്നു. സാമൂഹികമായി മാത്രമല്ല, സ്ത്രീക്ക് സ്വന്തമായും ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മായ്ക്കാന്‍ പറ്റാത്തതാണ്. ഹിംസാത്മക പ്രതികാരം എന്ന രീതിയില്‍ സ്ത്രീയെ ഉപയോഗിക്കുന്നവര്‍ ആണ്‍ അധികാര പ്രയോഗം കൂടിയാണ് നടത്തുന്നത്. എന്നാല്‍ ഇത് നിയമപരമായി കൈകാര്യം ചെയ്യപ്പെടുന്നില്ല എന്നത് ഭയമുണ്ടാക്കുന്നതാണ്. മാത്രമല്ല, ഭരണകൂട സഹായത്തോടെ അട്ടിമറിക്കുകയും ചെയ്യുന്നു.
ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട 1989-ലെ ബീഹാര്‍ ഭഗല്‍പൂര്‍ കലാപത്തക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ട് കമ്മീഷനുകളും അവരുടെ റിപ്പോര്‍ട്ടുകളില്‍ ലൈംഗിക അതിക്രമത്തെക്കുറിച്ചോ ബലാത്സംഗത്തെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ലെന്ന് ഇക്കാര്യത്തില്‍ ഗവേഷണം നടത്തിയ അഭിഭാഷക വാരിഷ ഫറാസത്തിന്റെ കണ്ടെത്തലുണ്ട്. സംഭവത്തിന്റെ 21 വര്‍ഷത്തിനു ശേഷവും ആളുകള്‍ അതേക്കുറിച്ച് സംസാരിക്കാന്‍ വിമുഖത കാണിക്കുകയാണ്. ഇര ആക്രമണത്തില്‍ കൊല്ലപ്പെട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് മാത്രമാണ് കുടുംബങ്ങള്‍ സംസാരിക്കുന്നത്. ജീവിച്ചിരിക്കുന്ന ഇരകള്‍ക്ക് ഏറ്റ ലൈംഗിക അതിക്രമങ്ങളെയും ആക്രമണങ്ങളെയും കുറിച്ച് അവര്‍ മൗനം പാലിക്കുകയാണ്. ബലാത്സംഗവുമായി ബന്ധപ്പെട്ട് സാമൂഹികമായ ഒറ്റപ്പെടലും കുടുംബത്തിനുള്ള അപമാനവും ആലോചിച്ചിട്ടായിരിക്കും ഇതെന്ന് ഫറാസത്ത് പറയുന്നു.

ഇന്ത്യയില്‍ ലൈംഗികാതിക്രമങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതിന്റെ കാരണവും ഇതാണ്. തങ്ങളുടെ കുടുംബങ്ങള്‍ തങ്ങളെ പുറത്താക്കുമെന്നും സമൂഹം ഒറ്റപ്പെടുത്തുമെന്നും ആഘാതമേറ്റ ഇരകള്‍ ഇപ്പോഴും ഭയപ്പെടുന്നു. സംഘര്‍ഷബാധിത മേഖലകളില്‍ ലൈംഗികാതിക്രമത്തിന് ഇരയായവര്‍ താങ്ങാവുന്നതിലും അധികം ആഘാതങ്ങളാണ് നേരിടുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നതു മുതല്‍ കുടുംബാംഗങ്ങളുടെ മരണം വരെ അവരുടെ അനുഭവങ്ങള്‍ പുറത്തു പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. ‘സ്ത്രീകള്‍ സംസാരിക്കാന്‍ വന്നാല്‍ അവര്‍ക്ക് നീതി ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. അതാണ് മാറ്റേണ്ടത്. ഭയവും നാണക്കേടും കാരണം സ്വന്തം വീടുകളില്‍ നിന്നു മാറാന്‍ പോലും ഇവര്‍ നിര്‍ബന്ധിതരാവുന്നുവെന്നും ഫറാസത്ത് വ്യക്തമാക്കുന്നു.
2013-ല്‍ ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപത്തിനിടെ മുസ്‌ലിം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് ഹിന്ദു യുവാക്കളെ 20 വര്‍ഷം തടവിന് ശിക്ഷിച്ച വിധി ഒരു നാഴികക്കല്ലായിരുന്നു. എന്നാല്‍ ലൈംഗികാതിക്രമം ആരോപിച്ച് ഏഴ് സ്ത്രീകള്‍ ആദ്യം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, അവസാനം ഒരു സ്ത്രീ മാത്രമാണ് അക്രമികള്‍ക്കെതിരെ ഉറച്ചുനിന്നത്.
2002-ല്‍ ഗുജറാത്തിലെ മുസ്‌ലിം വംശഹത്യക്കിടെ കൂട്ടബലാത്സംഗത്തിനിരയായ ബില്‍ഖീസ് ബാനു സ്വന്തം കുടുംബത്തിലെ 14 അംഗങ്ങളെ ഹിന്ദുത്വ ആള്‍ക്കൂട്ടം കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടതാണ്. എന്നാല്‍ കേസിലെ 11 പ്രതികള്‍ക്ക് കഴിഞ്ഞ വര്‍ഷം സംസ്ഥാന ബിജെപി സര്‍ക്കാര്‍ ജയില്‍മോചനം അനുവദിച്ചു. പ്രധാനമന്ത്രി മോദിയുടെ സര്‍ക്കാര്‍ ബലാത്സംഗികളുടെ മോചനത്തിന് അനുമതി നല്‍കുകയായിരുന്നു. ബില്‍ഖീസിന്റെ കാര്യത്തില്‍ നീതിന്യായം അവള്‍ക്ക് അനുകൂലമായി മാറി. അവളുടേത് ഒരു നാഴികക്കല്ലായ കേസാണ്. കാരണം അവള്‍ നിയമത്തിന് അപവാദമായിരുന്നു. എന്നിട്ടും കുറ്റവാളികള്‍ മുക്തരായി. സര്‍ക്കാരും സംവിധാനങ്ങളും ലൈംഗികാതിക്രമ ഇരകള്‍ക്ക് മതിയായ സുരക്ഷയായി മാറുന്നില്ലെന്നതിന്റെ തെളിവാണിത്. ലൈംഗികാതിക്രമ ഇരകളുടെ അഭിഭാഷകയായ വൃന്ദ ഗ്രോവറുടെ ഈ നിരീക്ഷണം ഇരകളുടെ കാര്യത്തില്‍ സത്യമാണ്.
ഇരകള്‍ക്ക് സംസ്ഥാനം പലപ്പോഴും നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നുവെങ്കിലും അവര്‍ക്ക് വേണ്ടത് ഉറപ്പുള്ള പരിഹാരമാണ്. പുനരധിവാസം, ആക്രമണം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍, സാമൂഹികവും സാമ്പത്തികവുമായ പുനഃസ്ഥാപനം എന്നിവ ഉള്‍പ്പെടുന്ന പരിഹാരമാണ് വേണ്ടത്. മാത്രമല്ല, ശക്തിപ്പെടുന്ന ശിക്ഷാരഹിത സംസ്‌കാരം അവസാനിക്കുകയും വേണം. അക്രമി ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ആദ്യപടി. ഇതില്‍ ജനക്കൂട്ടം മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അധികാരികളും അടങ്ങുന്ന സമൂഹം ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടതുണ്ട്.
മണിപ്പൂരിലെ വൈറല്‍ വീഡിയോയില്‍ കുറ്റവാളികളുടെ മുഖം വ്യക്തമായി കാണുന്നുണ്ട്. എന്നിട്ടും ഒരാള്‍ക്കെതിരെയാണ് കേസെടുത്തത്. നടപടി എടുക്കാന്‍ എന്തിനാണ് ഇത്രയും സമയം എടുക്കുന്നത്? നീതിയുടെ ലഭ്യത ഉറപ്പുവരുത്തുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ മിക്ക കേസുകളിലും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഭരണാധികാരികളും ഭരണകൂടവും പൂര്‍ണമായും ഇടപെടുന്നില്ല. ഒരു അറസ്റ്റ് പോലും യഥാസമയം നടക്കുന്നില്ലെങ്കില്‍ എന്ത് പ്രതീക്ഷയാണ് അക്രമത്തിന് ഇരയായവര്‍ക്ക് ലഭിക്കുക?

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x