സ്ത്രീ സാന്നിധ്യം: മത നേതൃത്വത്തിന്റെ താളപ്പിഴകള്‍
പി കെ മൊയ്തീന്‍ സുല്ലമി
സ്ത്രീവിരുദ്ധ നിലപാട് സമസ്ത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവരുടെ സംഘടന സ്ഥാപിതമായ 1925-ല്‍ തന്നെ അതിനു തുടക്കം കുറിച്ചിട്ടുണ്ട്. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ഇ കെ സമസ്തയും എ പി സമസ്തയും സംസ്ഥാന സുന്നികളും ഐക്യപ്പെടുന്നവരാണ്. ആദ്യകാലത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് എഴുത്ത് പഠിക്കല്‍ ഇവര്‍ ഹറാമാക്കിയിരുന്നു. ഇതിനു തെളിവായി ദുര്‍ബലവും നിര്‍മിതവുമായ ഹദീസുകള്‍ ഉദ്ധരിച്ചു. അതില്‍ പെട്ടതാണ് താഴെ വരുന്ന റിപ്പോര്‍ട്ട്: ”നിങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എഴുത്ത് പഠിപ്പിക്കരുത്. നിങ്ങള്‍ അവര്‍ക്ക് നൂല്‍നൂല്‍പും സൂറത്തുന്നൂറും പഠിപ്പിക്കണം” (ഇബ്‌നു ഹിബ്ബാന്‍). ഈ ഹദീസിനെക്കുറിച്ച് ഇമാം അല്‍ബാനി(റ) പറയുന്നു: ”ഈ ഹദീസ് നിര്‍മിതമാണ്. ഇതിന്റെ പരമ്പരയില്‍ മുഹമ്മദുബ്‌നു ഇബ്‌റാഹീം എന്നൊരു വ്യക്തിയുണ്ടെന്ന് ഇമാം ദാറഖുത്‌നി(റ) പ്രസ്താവിച്ചിരിക്കുന്നു” (അല്‍അഹാദീസുദ്ദ്വഈഫത്തി വല്‍ മൗദ്വൂഅത്തി, 5:30).
1930-ലാണ് സമസ്തക്കാര്‍ മണ്ണാര്‍ക്കാട് വെച്ച് പെണ്‍കുട്ടികള്‍ക്ക് കയ്യെഴുത്ത് ഹറാമാണെന്ന ഫത്‌വ ഇറക്കിയത്. ഇതിനും മുമ്പ് കോഴിക്കോട് പന്നിയങ്കരയില്‍ രവി എന്ന ഒരു അമുസ്‌ലിം സുഹൃത്ത് പ്രേമനൈരാശ്യം കാരണത്താല്‍ സുലൈഖ എന്ന ഒരു മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി. ആ കൊലയെ സംബന്ധിച്ച് അക്കാലത്ത് പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നിന്ന് ഇറങ്ങിയിരുന്ന അല്‍മുഅല്ലിം മാസികയില്‍ ഒരു കവിത പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ആശയം ഇപ്രകാരമായിരുന്നു: ”നമ്മുടെ സുലൈഖമാര്‍ രവിക്ക് കത്തെഴുതിയത് എഴുത്ത് പഠിച്ചതുകൊണ്ടാണ്. അതിനാല്‍ പ്രസ്തുത കൊലപാതകം എഴുത്ത് പഠിച്ചതിന്റെ ദോഷമാണ്.”
ഇസ്‌ലാമികവിരുദ്ധമായ ഇത്തരം ഫത്‌വകളും പ്രമേയങ്ങളും പുറപ്പെടുവിക്കാന്‍ കാരണം സമസ്തക്കാരുടെ പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമല്ലാത്തതുകൊണ്ടാണ്. അവര്‍ പ്രമാണമാക്കുന്നത് നാട്ടാചാരങ്ങളെയാണ്. ഇന്നുവരെ അവരുടെ ഒരു ഫത്‌വയിലും പ്രമേയത്തിലും അവര്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തും. സ്ത്രീകളില്‍ നിന്ന് അവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് അവര്‍ക്ക് ഹലാലാണ്. അതുകൊണ്ടാണ് സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം കൂടിക്കലര്‍ന്നുകൊണ്ട് നേര്‍ച്ചകളിലും സ്വലാത്ത് വാര്‍ഷികങ്ങളിലും പങ്കെടുക്കല്‍ അവര്‍ക്ക് ഹലാലാകുന്നത്. അതുകൊണ്ടാണ് ഒരു സ്ത്രീ ഒറ്റക്ക് ഉറുക്കിനും മന്ത്രത്തിനും ദുആ ഇരപ്പിക്കാനും പുരോഹിതനെ സമീപിക്കല്‍ അവര്‍ക്ക് ഹലാലായത്. സ്ത്രീകള്‍ പള്ളിയില്‍ പോകല്‍ അവര്‍ ഹറാമാക്കിയത് അവര്‍ക്ക് അതില്‍ യാതൊരുവിധ നേട്ടവും ഇല്ലാത്തതുകൊണ്ടു തന്നെയാണ്.
റസൂല്‍(സ) സുന്നത്താക്കിയ കാര്യങ്ങളില്‍ നിന്നുപോലും പുരോഹിതന്മാര്‍ അനുവദിക്കുന്നതും നിഷിദ്ധമാക്കുന്നതും ഭൗതികനേട്ടത്തിന്റെ അടിസ്ഥാനത്തിലാണ്. അഥവാ ഒരു സ്ത്രീ ജുമുഅയിലോ ജമാഅത്ത് നമസ്‌കാരത്തിലോ പങ്കെടുക്കുന്നതുകൊണ്ട് പുരോഹിതന്മാര്‍ക്ക് ഭൗതികമായ ഒരു നേട്ടവും ലഭിക്കുന്നില്ല എന്നതുകൊണ്ടാണ് ഇവയെ വിലക്കുന്നത്. സ്ത്രീകള്‍ അന്യപുരുഷന്മാരോടൊപ്പം യുദ്ധങ്ങളിലും ഹിജ്‌റയിലും പങ്കെടുത്ത നിരവധി സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഉമ്മുസലമ(റ) പറഞ്ഞു: അല്ലാഹുവിന്റ ദൂതരേ, സ്ത്രീകളുടെ ഹിജ്‌റയെ സംബന്ധിച്ച് ഖുര്‍ആനില്‍ ഒന്നും തന്നെ പറഞ്ഞതായി നാം കേള്‍ക്കുന്നില്ലല്ലോ. അപ്പോള്‍ അല്ലാഹു ഖുര്‍ആനില്‍ അവതരിപ്പിച്ചു: പുരുഷനാകട്ടെ സ്ത്രീയാകട്ടെ, നിങ്ങളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. ആകയാല്‍ സ്വന്തം നാട് വെടിയുകയും സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും എന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെടുകയും യുദ്ധത്തിലേര്‍പ്പെടുകയും (ചെയ്തിട്ടുള്ള പുരുഷന്മാരും സ്ത്രീകളും) അവര്‍ക്ക് ഞാന്‍ അവരുടെ തിന്മകള്‍ മായ്ച്ചുകൊടുക്കുന്നതും താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവെര ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്” (ആലുഇംറാന്‍ 195). സ്വഹീഹ് മുസ്‌ലിമിലെ ഒരധ്യായം തന്നെ ഇപ്രകാരമാണ്: ‘സ്ത്രീകളോടൊപ്പം യുദ്ധം ചെയ്യുന്ന പുരുഷന്മാരുടെ അധ്യായം’ (6:428).
നബി(സ)യുടെ കാലഘട്ടത്തിലും ശേഷവും യുദ്ധത്തില്‍ മുറിവേറ്റ പുരുഷന്മാരെ ശുശ്രൂഷിച്ചിരുന്നത് സ്ത്രീകളായിരുന്നു. ഉമ്മുസലമ(റ)യെ മക്കയില്‍ നിന്നു മദീനയിലേക്ക് ഹിജ്‌റയില്‍ സഹായിച്ചത് ഉസ്മാനുബ്‌നു അബീത്വല്‍ഹ എന്ന മുശ്‌രിക്കായിരുന്നു. 300-ലധികം കിലോമീറ്റര്‍ ഒരു അമുസ്‌ലിമിന്റെ കൂടെ ഒരു മുസ്‌ലിം സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണ് (അല്‍ബിദായതു വന്നിഹായ 3:190).
അന്യപുരുഷന്മാരോടൊപ്പം അന്യസ്ത്രീകള്‍ക്കു വേദി പങ്കിടാന്‍ പാടില്ല എന്നതാണ് സമസ്തക്കാരുടെ മറ്റൊരു വാദം. നിലവിലുള്ള പഞ്ചായത്ത് മെമ്പര്‍മാരില്‍ 50 ശതമാനത്തിലേറെയും സ്ത്രീകളാണ്. ഇതില്‍ നല്ലൊരു ശതമാനം മുസ്‌ലിംകളും അവരില്‍ തന്നെ നല്ലൊരു ഭാഗം സമസ്തയുടെ ആശയം സ്വീകരിക്കുന്നവരുമല്ലേ. അവരൊക്കെ പല സന്ദര്‍ഭങ്ങളിലായി അന്യപുരുഷന്മാരോടൊപ്പം വേദി പങ്കിടുന്നവരല്ലേ. പിന്നെ എന്തിനാണ് 15 വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയോട് ആക്രോശം? ഇസ്‌ലാമില്‍ രണ്ടു തരം ആചാരങ്ങളുണ്ട്. ഒന്ന് പുരുഷന്മാരോടൊപ്പം കലര്‍ന്നു ചെയ്യേണ്ട ആചാരങ്ങള്‍. അതില്‍ പെട്ടതാണ് ഹജ്ജിന്റെയും ഉംറയുടെയും കര്‍മങ്ങള്‍. സമസ്തക്കാരുടെ വാദപ്രകാരം ആണും പെണ്ണും കലര്‍ന്നുകൊണ്ടുള്ള ത്വവാഫും സഅ്‌യും ഹറാമാകേണ്ടതാണ്.
പര്‍ദയുടെ വിധി ഏറ്റവുമധികം ബാധകമാകുന്നത് പ്രവാചക പത്‌നിമാര്‍ക്കാണ്. അവരോടു പോലും അന്യപുരുഷന്മാരോട് സംസാരിക്കുന്നത് വിലക്കിയിട്ടില്ല. മറിച്ച്, മാന്യമായി സംസാരിക്കാനാണ് കല്‍പന. ”പ്രവാചക പത്‌നിമാരേ, സ്ത്രീകളില്‍ നിന്ന് മറ്റാരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) കൊഞ്ചിക്കുഴഞ്ഞു സംസാരിക്കരുത്. അപ്പോള്‍ മനോവൈകല്യമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ നിലയില്‍ നിങ്ങള്‍ സംസാരിച്ചുകൊള്ളുക” (അഹ്‌സാബ് 32). മേല്‍ വചനത്തെ ഇബ്‌നുകസീര്‍(റ) വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ”അന്യരോട് സ്വന്തം ഭര്‍ത്താവിനോട് സംസാരിക്കുന്നതുപോലെ സ്ത്രീകള്‍ സംസാരിക്കരുത്” (3:482).
നബി(സ)ക്ക് അന്യസ്ത്രീകള്‍ മുസ്വാഫഹത്ത് (ഹസ്തദാനം) ചെയ്യാറുണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ പറയുമായിരുന്നു. നബി(സ) ആവശ്യമുള്ള കാര്യങ്ങള്‍ അവരെയും ഉപദേശിക്കുമായിരുന്നു. ഒരിക്കല്‍ കുറേ സ്ത്രീകള്‍ വന്നിട്ട് നബി(സ)യോട് അപേക്ഷിച്ചു: താങ്കള്‍ ഞങ്ങളെ ഉപദേശിക്കാന്‍ ഒരു ദിവസം നീക്കിവെക്കണം. അപ്പോള്‍ നബി(സ) ഒരു ദിവസം അവര്‍ക്കു വേണ്ടി നീക്കിവെക്കുകയുണ്ടായി (ബുഖാരി). ഈ ഹദീസ് നബി(സ)ക്കു മാത്രം ബാധകമാണെന്ന് ഇന്നേവരെ ആരും വ്യാഖ്യാനിച്ചതായി കണ്ടിട്ടില്ല.
നബി(സ)യുടെ അടുക്കല്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് വന്നും സംശയങ്ങള്‍ ചോദിക്കുമായിരുന്നു. ജുഹൈനത്ത് ഗോത്രത്തില്‍ പെട്ട ഒരു സ്ത്രീ നബി(സ)യുടെ അടുക്കല്‍ വന്ന് ആരാഞ്ഞു: എന്റെ മാതാവ് ഹജ്ജ് നിര്‍വഹിക്കാന്‍ നേര്‍ച്ചയാക്കിയിരുന്നു. അവരത് വീട്ടുന്നതിനു മുമ്പ് മരണപ്പെട്ടുപോയി. ഞാനത് നിര്‍വഹിക്കട്ടെയോ? നബി(സ) പറഞ്ഞു: അതെ. (ബുഖാരി). ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഐനി രേഖപ്പെടുത്തി: ”ഈ ഹദീസില്‍ അന്യപുരുഷന് അന്യസ്ത്രീയുടെ ശബ്ദം കേള്‍ക്കല്‍ അനുവദനീയമാണെന്നു തെളിവുണ്ട്” (ഉംദത്തുല്‍ ഖാരിഅ് 10:216).
പ്രമുഖരായ സഹാബിമാര്‍ പോലും നബി(സ)യുടെ മരണശേഷം തങ്ങളുടെ സംശയങ്ങള്‍ തീര്‍ത്തിരുന്നത് പ്രവാചക പത്‌നി ആഇശ(റ)യുടെ അടുക്കല്‍ വന്നിട്ടായിരുന്നു. അബൂമൂസല്‍ അശ്അരി(റ) ആഇശ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: ഞങ്ങള്‍ സഹാബിമാര്‍ ഹദീസ് സംബന്ധമായ സംശയങ്ങളില്‍ ആഇശ(റ)യുടെ അടുക്കല്‍ ചെന്ന് വിജ്ഞാനം സമ്പാദിച്ചിരുന്നു. (തിര്‍മിദി)
ആഇശ(റ) യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ പോലും വീക്ഷിച്ച് വിലയിരുത്തിയിരുന്നു. ഒരു സംഭവം ശ്രദ്ധിക്കുക: ഒരു വിഭാഗം യുവാക്കള്‍ വളരെ സാവധാനം നടക്കുന്നതായി ആഇശ(റ)യുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ തന്റെ അനുയായികളോട് ആരാഞ്ഞു: ഇവര്‍ ആരാണ്? അവര്‍ പറഞ്ഞു: ത്യാഗിവര്യന്മാരാണ്. അപ്പോള്‍ ആഇശ(റ) പറഞ്ഞു: ഉമര്‍(റ) വളരെ വേഗത്തില്‍ നടക്കുമായിരുന്നു. വല്ലതും സംസാരിക്കുന്നപക്ഷം എല്ലാവരെയും കേള്‍പ്പിക്കുമായിരുന്നു. ശിക്ഷിക്കുന്നപക്ഷം വേദനിപ്പിക്കുമായിരുന്നു. ഭക്ഷണം നല്‍കുന്നപക്ഷം വിശപ്പ് തീരുന്ന രീതിയില്‍ ഭക്ഷിപ്പിക്കുമായിരുന്നു. അദ്ദേഹമാണ് യഥാര്‍ഥ ത്യാഗിവര്യന്‍” (ഇബ്‌നു സഅ്ദ്, ത്വബഖാത്ത് 3:29).
നബി(സ)യും സഹാബിമാരും ഇസ്‌ലാമിക സാഹോദര്യം സ്ഥാപിക്കാന്‍ അന്യ സ്ത്രീകളെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഉബാദത്തുബ്‌നു സാമിത്തിന്റെ ഭാര്യയും മില്‍ഹാനിന്റെ മകളുമായ ഉമ്മുഹറാമിനെ നബി(സ) ഖുബായില്‍ പോകുമ്പോഴെല്ലാം സന്ദര്‍ശിക്കാറുണ്ടായിരുന്നു (മാലിക്, മുവത്വ 2:464). അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരും ഇസ്‌ലാമിക സാഹോദര്യം സ്ഥാപിക്കാന്‍ അന്യ സ്ത്രീകളെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അനസ്(റ) പറഞ്ഞു: നബി(സ)യുടെ മരണശേഷം അബൂബക്കര്‍(റ) ഉമറി(റ)നോട് പറയുകയുണ്ടായി: നമുക്ക് രണ്ടു പേര്‍ക്കും നബി(സ) സന്ദര്‍ശിച്ചിരുന്നതുപോലെ ഉമ്മുഅയ്മനെ(റ) സന്ദര്‍ശിക്കാം. അങ്ങനെ ഞങ്ങള്‍ അവരുടെ അരികെ ചെന്നപ്പോള്‍ അവര്‍ നബി(സ)യെ ഓര്‍ത്തുകൊണ്ട് കരയുകയുണ്ടായി. (മുസ്‌ലിം)
രോഗമാകുമ്പോള്‍ സ്ത്രീപുരുഷന്മാര്‍ പരസ്പരം സന്ദര്‍ശിക്കല്‍ ഇസ്‌ലാം വിലക്കിയിട്ടില്ല. ഇസ്‌ലാം വിലക്കിയത് ലൈംഗികച്ചുവയുള്ള സംസാരങ്ങളും പെരുമാറ്റങ്ങളും മാത്രമാണ്. വസ്ത്രധാരണം, സംസാരം, ഇടപെടല്‍ തുടങ്ങിയവയില്‍ മതനിര്‍ദേശങ്ങള്‍ പാലിക്കുക എന്നതാണ് പ്രധാനം. ചില സന്ദര്‍ശനങ്ങള്‍ സുന്നത്താണ്. ”നബി (സ)യുടെ പുത്രി ഫാത്തിമ(റ) രോഗബാധിതയായപ്പോള്‍ അബൂബക്കര്‍(റ) അവരെ സന്ദര്‍ശിക്കാന്‍ അലി(റ)യോട് അനുവാദം ചോദിച്ചു. അപ്പോള്‍ അലി(റ) ഫാത്തിമ(റ) യോട് പറഞ്ഞു: ഫാത്തിമാ, നിന്റെ രോഗം സന്ദര്‍ശിക്കാന്‍ അബൂബക്കര്‍(റ) അനുവാദം ചോദിക്കുന്നു. അപ്പോള്‍ ഫാത്തിമ(റ) പറഞ്ഞു: താങ്കള്‍ക്കത് സമ്മതമാണെങ്കില്‍ അനുവദിക്കാം. അലി(റ) പറഞ്ഞു: അതെ” (ദഹബി, സിയറു അഅ്‌ലാമിന്നുബലാഇ 2:121).
ഇബ്‌നു അബീദുലൈക്ക(റ) പ്രസ്താവിച്ചു. ”ആഇശ(റ) രോഗശയ്യയിലായപ്പോള്‍ അവരെ സന്ദര്‍ശിക്കാന്‍ ഇബ്‌നു അബ്ബാസ്(റ) ആഇശ(റ)യോട് അനുവാദം ചോദിക്കുകയുണ്ടായി. അവരാകട്ടെ രോഗകാഠിന്യത്തിലുമായിരുന്നു. അപ്പോള്‍ ആഇശ(റ)യോട് ഇപ്രകാരം പറയപ്പെട്ടു: നബി(സ)യുടെ പിതൃവ്യപുത്രന്‍ താങ്കളുടെ രോഗസന്ദര്‍ശനത്തിന് അനുവാദം ചോദിക്കുന്നു. അവര്‍ പറഞ്ഞു: അദ്ദേഹത്തിന് അനുവാദം നല്‍കുക. ഇബ്‌നു അബ്ബാസ്(റ) ചോദിച്ചു: രോഗം എങ്ങനെയുണ്ട്? അവര്‍ പറഞ്ഞു: സുഖം തന്നെ. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം സുഖപ്പെടുന്നതാണ്.” (ബുഖാരി)