2 Monday
December 2024
2024 December 2
1446 Joumada II 0

ചരിത്രം സൃഷ്ടിക്കാന്‍ ഒ ബി സി- മുസ്‌ലിം സ്ത്രീകള്‍ വേണ്ടേ?

ഖാദര്‍ പാലാഴി


വനിതകള്‍ എന്ന് കേള്‍ക്കുമ്പോഴേക്ക് മുസ്ലിം ലീഗിന് നേരെ ഇടം കണ്ണിട്ട് നോക്കുന്ന ശീലമുണ്ട് നമുക്ക്. ശരിയാണ്. ഒരു ശതമാനം പോലും സംവരണമില്ലാത്ത കാലത്ത് സര്‍വേന്ത്യാ ലീഗില്‍ പാര്‍ട്ടി ഭാരവാഹിത്വം മുതല്‍ ഭരണഘടനാ നിര്‍മാണ സഭാ അംഗത്വം, സ്പീക്കര്‍, മന്ത്രി, സഭാ കക്ഷി നേതാവ്, സഭാ ഡെപ്യൂട്ടി ലീഡര്‍ എന്നിങ്ങനെ സകല സ്ഥാനങ്ങളിലും മുസ്ലിം ലീഗിന് പ്രഗല്‍ഭരായ സ്ത്രീകളുണ്ടായിരുന്നു. വട്ടമേശ സമ്മേളനത്തില്‍ കടല്‍ കടന്ന് പോയി പങ്കെടുത്തവരില്‍ പോലും മുസ്ലിം സ്ത്രീകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ത്രീകളെ മറകെട്ടി നിര്‍ത്തുന്ന സമസ്ത ലീഗോ തീവ്ര സലഫി ലീഗോ ആയി മാറി. നാളിത് വരെ പാര്‍ട്ടിക്ക് ഒരു വനിതാ എം എല്‍ എ പോലും ഉണ്ടായിട്ടില്ല. എം പിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ. 2023ല്‍ കേരളത്തില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ കഴിഞ്ഞപ്പോള്‍ 51% വും സ്ത്രീ മെമ്പര്‍മാരാണെന്ന് പാര്‍ട്ടി സുപ്രിമോ വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ പാര്‍ട്ടി ഭാരവാഹിപ്പട്ടിക വന്നപ്പോള്‍ സ്ത്രീ പ്രാതിനിധ്യം 0% ആണെന്ന് സുപ്രിമോ വെളിപ്പെടുത്താതെ തന്നെ നമുക്ക് ബോധ്യമായി.
മുസ്ലിം ലീഗ് ഏതായാലും ഇങ്ങനെയാണ്. എന്നാല്‍ സമസ്തയേയൊന്നും പേടിക്കേണ്ടാത്ത മറ്റ് പാര്‍ട്ടികളുടെ സ്ഥിതിയെന്താണ്. പ്രത്യേകിച്ചും ദിവസം മൂന്ന് നേരം സ്ത്രീ – പുരുഷ സമത്വം ഉദ്ഘോഷിക്കുന്ന സി പി എമ്മിന്റേയും മറ്റും അവസ്ഥ. സെപ്റ്റംബര്‍ 21ലെ ഹിന്ദു പത്രം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനിതാ എം എല്‍ എമാരും എം പിമാരുമുള്ള പാര്‍ട്ടിയുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. എം എല്‍ എമാരിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് തൃണമൂല്‍ കോണ്‍ഗ്രസാണ് (15:3%). രണ്ടാം സ്ഥാനം ഛതിസ്ഗറിലെ കോണ്‍ഗ്രസിനാണ് (14.7%), രാജസ്ഥാനിലെ ബി ജെ പി മൂന്നാം സ്ഥാനത്തും (13.7%) യു പി യിലെ സമാജ് വാദി പാര്‍ട്ടി നാലാം സ്ഥാനത്തുമാണ് (12.6%). വനിതാ എം പിമാരില്‍ മുമ്പിലുള്ള പാര്‍ട്ടികള്‍ ഇവയാണ്. ബിജു ജനതാദള്‍ (41.7%), തൃണമൂല്‍ കോണ്‍ഗ്രസ് (40.9%), വൈ എസ് ആര്‍ കോണ്‍ഗ്രസ് (18.2%) ബി ജെ പി (13.5%).
നോക്കൂ. ഈ ലിസ്റ്റിലൊന്നും കമ്യൂണിസ്റ്റ് വിപ്ലവ സിംഗങ്ങളെ എവിടെയും കാണാനില്ല. ജനങ്ങള്‍ എം എല്‍ എമാരേയും എം പിമാരേയും ജയിപ്പിക്കാഞ്ഞാല്‍ പാര്‍ട്ടി എന്ത് ചെയ്യും എന്ന് ന്യായത്തൊഴിലാളി ചോദിച്ചേക്കാം. എന്നാല്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വനിത ആവാത്തതെന്ത്? പോട്ടെ സംസ്ഥാന സെകട്ടറിമാരായി ഇന്ത്യയില്‍ ഒരുത്തിയെങ്കിലുമുണ്ടോ? ഇല്ല. അതും പോട്ടെ. ജില്ലാ സെക്രട്ടറിമാരായി ഏതെങ്കിലും വനിതാ സഖാവിന്റെ പേര് കേട്ടിട്ടുണ്ടോ? കേള്‍ക്കുകയില്ല. പിന്നെയെന്തിന് ഒരു നൂര്‍ബിനാ റഷീദിനെ പോലും സഹിക്കാന്‍ കഴിയാത്ത സമസ്തയെ പേടിച്ചു കഴിയുന്ന മുസ്ലിം ലീഗിനെ നാം കുറ്റപ്പെടുത്തണം.
ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റ്കാരിയായ ഒരു രാഷ്ട്ര നേതാവിനെ കാണാനാവില്ല. ചരിത്രം ചികഞ്ഞു നോക്കിയാല്‍ 1940 കളില്‍ യുഗോസ്ലാവ്യയില്‍ ഒരു ഇടക്കാല ഭരണാധികാരി ഒഴിച്ചാല്‍ വേറെവിടെയും പെണ്ണുങ്ങള്‍ രാഷ്ട്ര നേതൃത്വത്തിലോ പാര്‍ട്ടി നേതൃത്വത്തിലോ വാണിട്ടില്ല. ആണ്‍ കമ്യൂണിസ്റ്റുകള്‍ വാഴാന്‍ സമ്മതിച്ചിട്ടില്ല.
എന്നാല്‍ സ്ത്രീ പുരുഷ സമത്വ വാചാടോപങ്ങളൊന്നും അധികമില്ലാത്ത കോണ്‍ഗ്രസിന് 1917ല്‍ ആനി ബസന്റും 1925 ല്‍ സരോജിനി നായിഡുവും പ്രസിഡന്റായിട്ടുണ്ട്. പിന്നീട് ഇന്ദിരാഗാന്ധിയും സോണിയാ ഗാന്ധിയും പ്രസിഡന്റായി. ഇന്ദിര കരുത്തുറ്റ പ്രധാനമന്ത്രിയായി. കോണ്‍ഗ്രസ്സില്‍ നിന്ന് നിരവധി മുഖ്യമന്ത്രിമാരുണ്ടായി. ഇവരിലൊരാളാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ള അന്‍വാര തൈമൂര്‍ എന്നും ഓര്‍ക്കണം. സ്വതന്ത്ര ഇന്ത്യയുടെ തുടക്കത്തില്‍ പാര്‍ലിമെന്റിലെ വനിതാ പ്രാതിനിധ്യം 4.4% ആയിരുന്നെങ്കില്‍ ഇപ്പോള്‍ പിരിച്ചു വിടാനിരിക്കുന്ന സഭയില്‍ അത് 14.9%ത്തിലേ എത്തിയുള്ളൂ. ഇതേ കാലയളവില്‍ അമേരിക്കയില്‍ 2% ആയിരുന്നത് ഇപ്പോള്‍ 29%മായി ഉയര്‍ന്നു. യു കെയില്‍ 3%ത്തില്‍ നിന്ന് 35%മായും ഉയര്‍ന്നു. അമേരിക്കയില്‍ പക്ഷേ ഒരു പെണ്‍ പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ല.
വനിതാ ജനപ്രതിനിധികളുടെ കാര്യത്തില്‍ ഇന്ത്യക്കിപ്പോള്‍ ലോകത്ത് 148-ാം സ്ഥാനമാണ്. പാക്കിസ്താനിലും ബംഗ്ലാദേശിലുമൊക്കെ ഇന്ത്യയേക്കാള്‍ കൂടുതല്‍ ശതമാനം സ്ത്രീ പ്രാതിനിധ്യമുണ്ട്. താലിബാന്‍ വരുന്നതിന് മുമ്പുള്ള അഫ്ഗാനിസ്താനിലെ പാര്‍ലിമെന്റില്‍ 69 സ്ത്രീകളുണ്ടായിരുന്നു. നവോത്ഥാന കേരളത്തില്‍ ഇതുവരെ 52 സ്ത്രീകള്‍ മാത്രമാണ് എം എല്‍ എ ആയത്. ഇതുവരേയുണ്ടായ 225 മന്ത്രിമാരില്‍ 10 സ്ത്രീകളാണ് മന്ത്രിമാരായത്. 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളമെന്നോര്‍ക്കണം.
എന്നാല്‍ പതുക്കെയാണെങ്കിലും കേരളത്തില്‍ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. രണ്ടാം പിണറായി മന്ത്രിസഭയില്‍ മൂന്ന് വനിതകള്‍ മന്ത്രിമാരായത് അതിന്റെ സൂചനയാണ്. സി പി എമ്മിന്റെ പാര്‍ട്ടി അംഗങ്ങളില്‍ 25% വനിതകള്‍ വേണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി കെ ശ്രീമതി മാത്രമാണ് സ്ത്രീയായിട്ടുള്ളത്. 89 അംഗ സംസ്ഥാന കമ്മിറ്റിയില്‍ പക്ഷേ 13 സ്ത്രീകളുണ്ട്.
കോണ്‍ഗ്രസിന്റെ 25 അംഗ രാഷ്ട്രീയകാര്യ സമിതിയില്‍ ഒരു ഷാനിമോള്‍ ഉസ്മാന്‍ മാത്രമേയുള്ളൂ. കെ പി സി സി യുടെ 30 അംഗ ഭാരവാഹികളില്‍ മൂന്ന് പേരാണ് സ്ത്രീകള്‍. നിര്‍വാഹക സമിതി ഉള്‍പ്പെടെ 56 അംഗ നേതൃനിരയില്‍ അഞ്ച് പേരും സ്ത്രീകളാണ്.
സി പി എമ്മും കോണ്‍ഗ്രസും കഴിഞ്ഞാല്‍ കേരളത്തിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ കക്ഷിയായ മുസ്ലിംലീഗില്‍ പക്ഷേ ഒരു സ്ത്രീ പോലും ഭാരവാഹി ആയിട്ടില്ല. ഈ അടുത്ത കാലത്തായി സംസ്ഥാന കമ്മിറ്റി അംഗത്വം മാത്രം കൊടുക്കുന്നുണ്ട്. നിലവില്‍ വനിതാ ലീഗ് അഖിലേന്ത്യാ കമ്മിറ്റിയില്‍ നിന്ന് നൂര്‍ബിന റഷീദ്, ഖമറുന്നിസ അന്‍വര്‍ എന്നിവരും സംസ്ഥാന വനിതാ ലീഗില്‍ നിന്ന് പി കുല്‍സു, സുഹറ മമ്പാട് എന്നിവരുമാണ് അംഗങ്ങള്‍. ഈ അകറ്റി നിര്‍ത്തല്‍ തികച്ചും ജനാധിപത്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണ്.

വനിതാ ബില്‍ പാര്‍ലിമെന്റില്‍ വന്നപ്പോള്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ടത് ബില്ലില്‍ ഒ ബി സി സംവരണത്തോടൊപ്പം മുസ്ലിം സംവരണവും വേണമെന്നാണ്. അംഗങ്ങളില്‍ 51% സ്ത്രീകളുള്ള ലീഗില്‍ പേരിനെങ്കിലും ഒരാള്‍ക്ക് പാര്‍ട്ടി ഭാരവാഹിത്വം നല്‍കാതിരിക്കുന്നവര്‍ ഈ ആവശ്യം ഉന്നയിക്കുന്നതിന്റെ വൈരുദ്ധ്യം മുഴച്ച് നില്‍ക്കുന്നുണ്ട്. ബില്‍ കൊണ്ടുവന്ന ബി ജെ പി പിന്നാക്ക സമുദായ സംവരണം അനുവദിച്ചാല്‍ പോലും മുസ്ലിം സംവരണം അനുവദിക്കില്ല. യഥാര്‍ഥത്തില്‍ മുസ്ലിം ലീഗ് ചെയ്യേണ്ടിയിരുന്നത് ബി ജെ പിയെ തോല്‍പ്പിക്കാനായി സ്വന്തം പാര്‍ട്ടിയില്‍ വനിതാ എം എല്‍ എമാരേയും എം പിമാരേയും വളര്‍ത്തുകയായിരുന്നു. ഒരിക്കല്‍ ഖമറുന്നിസ അന്‍വറിനേയും മറ്റൊരിക്കല്‍ നൂര്‍ബിന റഷീദിനേയും മത്സരിപ്പിച്ചെങ്കിലും തോല്‍പ്പിക്കാന്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ ആളുകള്‍ മാത്രമല്ല വോട്ട് ചെയ്തതെന്നാണ് മനസ്സിലായത്.
വനിതാ ബില്‍ അവതരിപ്പിച്ചപ്പോള്‍ ഏറ്റവും വലിയ സാമൂഹിക ദ്രോഹം കാട്ടിയത് സി പി എം ആണ്. കോണ്‍ഗ്രസ് പോലും യു പി എ കാലത്തെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ഒ ബി സി സംവരണത്തിന് വേണ്ടി ശക്തമായി വാദിച്ചു. 2010ല്‍ ബില്‍ രാജ്യസഭ കടന്ന് ലോക്‌സഭയിലെത്തിയപ്പോള്‍ ഒ ബി സി സംവരണമില്ലെന്ന് പറഞ്ഞ് ബില്‍ പാസാവുന്നതിന് വിലങ്ങ് നിന്നത് സമാജ്‌വാദി പാര്‍ട്ടിയും ആര്‍ ജെ ഡിയും മറ്റുമായിരുന്നു. അന്ന് കോണ്‍ഗ്രസും ഒ ബി സി സംവരണത്തെ അനുകൂലിച്ചിരുന്നെങ്കില്‍ ഇന്നത്തെ പാര്‍ലമെന്റില്‍ മൂന്നിലൊന്ന് സ്ത്രീകളുണ്ടാവുമായിരുന്നു.
ബില്ലിന്റെ പേര് പറഞ്ഞു ബി ജെ പി മുതലെടുക്കില്ലായിരുന്നു. ഏതായാലും കോണ്‍ഗ്രസ് തെറ്റ് തിരുത്തി. പക്ഷേ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ എളമരം കരീമും ലോക് സഭയില്‍ എ എം ആരിഫും ബില്ലിനെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ ഒരിക്കല്‍ പോലും ഒ ബി സി സംവരണത്തിന് വേണ്ടി ഒരക്ഷരം പറഞ്ഞില്ല. ഒരു കാര്യം ഉറപ്പാണ്. ബി ജെ പി കൊണ്ടുവന്ന ബില്ലില്‍ സാമ്പത്തികമായി പിന്നോക്കമുള്ള മുന്നാക്ക വിഭാഗം വനിതകള്‍ക്ക് 10% സംവരണം നിര്‍ദേശിച്ചിരുന്നെങ്കില്‍ സി പി എം കണ്ണും പൂട്ടി പിന്തുണക്കുമായിരുന്നു. 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ വന്ന 10% മുന്നോക്ക സംവരണം കൊണ്ട് വന്നപ്പോള്‍ എന്തൊരാവേശത്തോടെയാണ് പാര്‍ട്ടി അതിനെ എതിരേറ്റതെന്ന് നമുക്കറിയാം. കേരളത്തില്‍ അത് ആദ്യം നടപ്പാക്കാന്‍ പാര്‍ട്ടി മത്സരിച്ചു. ഒ ബി സി സംവരണ കാര്യത്തില്‍ ഒളിച്ചു കളിക്കുന്ന പാര്‍ട്ടി മുസ്ലിം സംവരണത്തിന് വാദിക്കില്ലെന്നുറപ്പാണല്ലോ.
സി പി എം പിന്തുടരുന്ന സാമൂഹിക ദ്രോഹത്തിന് സെപ്റ്റംബര്‍ 23ന് സുപ്രീം കോടതിയില്‍ നിന്ന് കനത്തൊരു തിരിച്ചടി കിട്ടി. കേരളത്തില്‍ കാലാകാലങ്ങളില്‍ സംവരണ സമുദായങ്ങളുടെ നിജസ്ഥിതി സര്‍വേ നടത്താത്ത കാര്യം ചൂണ്ടിക്കാട്ടി അഡ്വ. വി കെ ബീരാന്‍ ഫയല്‍ ചെയ്ത കേസിലെ കോടതിയലക്ഷ്യ ഹരജിയിലാണ് മൂന്നംഗ സുപ്രീം കോടതി ബെഞ്ചിന്റെ സുപ്രധാന വിധി. കേരള സര്‍ക്കാറിന്റെ അനാസ്ഥക്കെതിരെയാണ് കേസ് കൊടുത്തതെങ്കിലും വിധി വന്നപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലേയും പിന്നാക്കക്കാര്‍ക്ക് അനുകൂലമായ വിധിയായി മാറി.
ഏതായാലും വനിതാ സംവരണ ബില്‍ 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെങ്കിലും നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒച്ച വെക്കുകയല്ലാതെ 33% വനിതാ സംവരണത്തിനകത്ത് മറ്റൊരു ഒ ബി സി സംവരണം ബി ജെ പി സമ്മതിക്കില്ല. എന്നാല്‍ ഇതാവശ്യപ്പെട്ട പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ഥി പട്ടികയില്‍ ഒ ബി സിക്കാരേയും മുസ്ലിംകളേയും ഉള്‍പ്പെടുത്താം. ചില പാര്‍ട്ടികളൊക്കെ വര്‍ഷങ്ങളായി പിന്നാക്കക്കാര്‍ക്ക് തരക്കേടില്ലാത്ത പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. ആര്‍ ജെ ഡിയും എസ് പിയും തൃണമൂല്‍ കോണ്‍ഗ്രസും കുറേയൊക്കെ ചെയ്തിട്ടുണ്ട്. എല്ലാവരും ഒ ബി സി സംവരണം ആവശ്യപ്പെട്ട സ്ഥിതിക്ക് ഇനിയത് സസൂക്ഷ്മം നിരീക്ഷിക്കപ്പെടുകയും ചെയ്യും.
കേരളത്തില്‍ സി പി എം മുന്നണി ഈഴവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ യു ഡി എഫ് ഈഴവര്‍ക്ക് അര്‍ഹിക്കുന്നത് നല്‍കിയിട്ടില്ല. ഇരു മുന്നണികളും ക്രൈസ്തവര്‍ക്ക് ജനസംഖ്യ അനുപാതത്തേക്കാള്‍ കൂടുതല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ 27%ലധികം വരുന്ന മുസ്ലിംകള്‍ ഒരിക്കലും മതിയായ രീതിയില്‍ പ്രതിനിധീകരിക്കപ്പെട്ടിട്ടില്ല. 20 ലോക്‌സഭാ മണ്ഡലത്തില്‍ ചുരുങ്ങിയത് 5 പേര്‍ ഉണ്ടാവേണ്ടതാണ്. 140 എം എല്‍ എമാരില്‍ 25%മെങ്കിലും പ്രാതിനിധ്യം ലഭിച്ചാല്‍ 35 പേരുണ്ടാവണം.
വനിതാ സംവരണ ബില്‍ നടപ്പാവുമ്പോള്‍ കേരളത്തില്‍ 46 സീറ്റുകള്‍ സ്ത്രീകള്‍ക്ക് ലഭിക്കും. ആറ് എം പി മാരും സ്ത്രീകളായിരിക്കും. മുസ്ലിം സ്ത്രീ സംവരണം ഇല്ലാത്തത് കൊണ്ട് സ്ത്രീ വിരുദ്ധരായ മുസ്ലിം സംഘടനകള്‍ ആകെ കണ്‍ഫ്യൂഷനിലാവും. സ്ത്രീകളെ തോല്‍പ്പിക്കാന്‍ പുരുഷന് ചെയ്യാന്‍ ഒക്കത്തില്ല. മുസ്ലിം സ്ത്രീ എം എല്‍ എ ആയി നരകത്തില്‍ പോകുന്നത് ഒഴിവാക്കാന്‍ അമുസ്ലിം സ്ത്രീകള്‍ക്ക് വോട്ട് ചെയ്ത് അരിശം തീര്‍ക്കാം. ചിലപ്പോഴവര്‍ സ്ത്രീ സംവരണമില്ലാത്ത മണ്ഡലങ്ങളില്‍ മാത്രം ലീഗ് മത്സരിച്ചാല്‍ മതിയെന്ന മണ്ടത്തരമൊക്കെ വിളമ്പിയേക്കും. പക്ഷേ നടക്കുന്ന കാര്യമല്ല.
ഏതായാലും ലീഗില്‍ നിന്ന് കുറച്ച് മുസ്ലിം സ്ത്രീകള്‍ എം എല്‍ എമാരാവുന്ന കാലം അടുത്തു വരികയായി. പാര്‍ലിമെന്റ് പാസാക്കിയ വനിതാ ബില്ലില്‍ മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും സംവരണമില്ലെങ്കിലും ഒരു ലീഗുകാരിയേയെങ്കിലും മന്ത്രിയാക്കേണ്ടി വരും. ആലോചിച്ചു നോക്കൂ. ലീഗ് മന്ത്രിനി കൊടിവെച്ച കാറില്‍ ഇരമ്പി വന്ന് ഉദ്ഘാടകയാവുന്നു.
ത്രിതല പഞ്ചായത്തുകളില്‍ വനിതകള്‍ക്ക് സംവരണം വന്നപ്പോള്‍ ഉയര്‍ത്തിയ അതേ ആരോപണങ്ങള്‍ മന:സമാധാനത്തിന് വേണ്ടി ഇവിടെയും ഉന്നയിക്കപ്പെട്ടേക്കാം. ഓളാണ് എം എല്‍ എയെങ്കിലും ഓനാണ് ഭരിക്കുന്നതെന്നൊക്കെ. എന്നാല്‍ നമുക്കറിയാം പുരുഷന്‍മാരേക്കാള്‍ പ്രഗല്‍ഭകളായ എത്രയോ പഞ്ചായത്ത് പ്രസിഡണ്ടുമാരും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാരും നമുക്ക് മുന്നില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തില്‍ സ്ത്രീ സംവരണം വന്ന ആദ്യ കാലത്ത് മതസംഘടനകള്‍ ഉയര്‍ത്തിയ തടസ്സവാദങ്ങളൊന്നും ഇപ്പോള്‍ എവിടെയും കാണുന്നില്ല. എതിര്‍പ്പിന്റെ രൂപമിപ്പോള്‍ സുന്നിയല്ലാത്ത സ്ത്രീയെ തോല്‍പ്പിക്കണമെന്ന രൂപത്തിലേക്ക് വളരുക പോലും ചെയ്തു. ഒന്നാലോചിച്ചു നോക്കൂ. ‘സുന്നിയായ വനിതാ സ്ഥാനാര്‍ഥി’ക്ക് വോട്ട് ചെയ്യുക എന്ന പ്രയോഗം തന്നെ എത്ര രസകരമായ, സുന്ദരമായ പ്രയോഗമാണ്.

Back to Top