സ്ത്രീ; പ്രതിസന്ധിക്കിടയില്‍ ഉയര്‍ത്തെഴുന്നേറ്റവള്‍
തന്‍സീം ചാവക്കാട്
ഗതകാലങ്ങളില്‍ അന്യം നിന്ന് പോയ മനുഷ്യത്വത്തിന്റെ അഭാവം മൂലം സ്ത്രീയുടെ മേലുള്ള അരാജകത്വത്തിന്റെ പെരുമ്പറയായിരുന്നു. എന്നാല്‍ ഈ പ്രതിസന്ധികളെയെല്ലാം വകഞ്ഞു മാറ്റി ഉന്നതികളിലേക്ക് ചലിച്ച് മാതൃക കാട്ടിയ സ്ത്രീ രത്‌നങ്ങളും അനവധിയുണ്ട്. എങ്കിലും ഇതിനിടയിലും കടന്നു കയറി കാടത്തം കാണിക്കുന്ന കരാള ഹസ്തങ്ങള്‍ സമൂഹ സമുന്നതിയുടെ, എകോപനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് എന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് വിസ്മയയുടേത്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍, ഉദ്യോഗം നേടുമ്പോള്‍, ഉയര്‍ന്ന വിദ്യാഭ്യാസം നേടാനാഗ്രഹിച്ചാല്‍,
സ്വന്തം ഇഷ്ടങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ തുനിഞ്ഞാല്‍, നിയമ പോരാട്ടങ്ങളില്‍ എന്നല്ല സ്ത്രീയുടെ ഗതി പലപ്പോഴും പരിതാപകരമാണ്. ആരോടും വ്യസനം പറയാന്‍ കഴിയാതെ, പങ്കുവെക്കാന്‍ ആകാതെ അതിലുപരി തന്റെ പ്രയാസങ്ങള്‍ കേള്‍വിക്കാരില്‍ മന പ്രയാസം ഉളവാക്കുമെന്ന ഉള്‍ഭയം, നിഷ്‌കളങ്കതയെ തുറന്നു കാണിക്കുമ്പോള്‍ പലപ്പോഴും അവര്‍ക്ക് അനുകൂലമായ വേദികള്‍ കിട്ടാറില്ല.
ദിനംതോറും വാര്‍ത്താമാധ്യമങ്ങളില്‍ വരുന്ന സ്ത്രീപീഡനവും അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും നമ്മുടെ സാമൂഹിക ബോധത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഏറെ മുന്‍പ് നടത്തിയിട്ടുള്ള സ്ത്രീ മുന്നേറ്റ സമരങ്ങളുടെ തഴമ്പു കാണിച്ച് അഭിരമിച്ചിരിക്കുക എന്നതിലുപരിയായി, പുതിയ കാലത്ത് നമുക്കെന്തു ചെയ്യാനായി എന്ന ചോദ്യത്തിനു പ്രസക്തിയേറെയുണ്ട്. സ്ത്രീ സംരക്ഷണം, സ്ത്രീയില്‍ നിന്ന് തന്നെ തുടങ്ങട്ടെ, എല്ലാം സഹിക്കാനുള്ള പരിചയല്ല, എല്ലാം ചെയ്തു തീര്‍ക്കാനുള്ള യന്ത്രവുമല്ല സ്ത്രീ.
അവകാശങ്ങളെക്കുറിച്ചും മറ്റും കൃത്യമായ അവബോധമുള്ളവരാകണം സ്ത്രീകള്‍. ഒപ്പം തന്നെ മറ്റുള്ളവരെ ബോധവാന്മാരാക്കാനുമുള്ള ശ്രമങ്ങള്‍ ആവശ്യമാണ്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകള്‍ ഇടപെട്ട് കൊണ്ട് മികച്ച സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുകയും കാമ്പയിനുകളും അറിവുകളും പ്രതിരോധമാര്‍ഗ രീതികളും ഇവരില്‍ പകര്‍ന്നുകൊടുത്തുകൊണ്ട് നല്ലൊരു നാളയെ നമുക്ക് വാര്‍ത്തെടുക്കാം. വിദ്യാഭ്യാസ കരിക്കുലത്തി ല്‍ ഇത്തരം വിഷയങ്ങള്‍ കൂടുത ല്‍ പ്രാമുഖ്യത്തോടെ ഉള്‍പ്പെടുത്താ ന്‍ കഴിയേണ്ടതുണ്ട്.
വിദ്യാസമ്പന്നരായ ഒത്തിരി വനിതകളെ വാര്‍ത്തെടുത്ത ഇന്ത്യന്‍ മണ്ണില്‍ ഇനിയും ഉയര്‍ന്നു വരേണ്ട ശബ്ദങ്ങളില്‍ അവരുടെ ധ്വനികള്‍ കൂടുതല്‍ കരുത്തു പകരും. ഇക്കാര്യത്തില്‍ നിസ്സംശയം നമുക്ക് മുന്നോട്ട് വെക്കാവുന്ന ഏറ്റവും മര്‍മ്മ പ്രധാനമായ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യന്‍ തലസ്ഥാന നഗരിയില്‍ പ്രതിഷേധത്തിന് അഗ്‌നി വിടര്‍ത്തിയ വിദ്യാര്‍ത്ഥിനിയായ സഫൂറ സര്‍ഗാര്‍ അടക്കമുള്ളവര്‍.
രാഷ്ട്രീയ മണ്ഡലങ്ങളില്‍ നോക്കുകയാണെങ്കില്‍ ഗൗരിയമ്മ, ഇന്ദിരാഗാന്ധി, മമതാ ബാനര്‍ജി അടക്കമുള്ളവരുടെ ഉള്‍ക്കാഴ്ച യുടെയും അകക്കണ്ണിന്റെയും സംയമന ഗമനം നമുക്കു മുമ്പിലുള്ള വ്യക്തമായ യാഥാര്‍ഥ്യങ്ങളാണ്. ഇത്തരം യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുകയും അതിനുവേണ്ടി പ്രവര്‍ത്തനനിരതരായി മാറുകയും നല്ല നാളേക്കായി കരുത്തരായ സ്ത്രീകളെ വാര്‍ത്തെടുക്കുന്നതില്‍ നമ്മെ കൊണ്ട് ആവുന്ന തരത്തില്‍ ഭാഗവത്താവുകയും ചെയ്യുക എന്നതാണ് പരമ പ്രധാനം. മാനുഷികതക്കും മനുഷ്യത്വത്തിനും വിലകല്‍പ്പിക്കുന്ന അനേകം പേര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന വിശ്വാസത്തിന്റെ, ശുഭപ്രതീക്ഷയുടെ പിന്‍ബലത്തില്‍ സ്ത്രീകളോടുള്ള സംവേദനം സ്‌നേഹത്തോടെയും സമാധാനത്തോടെയും കൂടി ആകട്ടെ.