8 Sunday
December 2024
2024 December 8
1446 Joumada II 6

സ്വന്തത്തില്‍ നിന്ന് തുടങ്ങാം

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടുവെങ്കില്‍ അതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്കും വരുത്തിവെച്ചിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്ന് നിങ്ങള്‍ ചോദിക്കുന്നു, താങ്കള്‍ പറയുക: അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെ ഉണ്ടായതാകുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. (ആലുഇംറാന്‍ 165)

നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന വിവിധ സന്ദര്‍ഭങ്ങളെ എങ്ങനെ വായിക്കണം എന്നതാണ് ഈ ആയത്ത് പഠിപ്പിക്കുന്നത്. ഇതിന്റെ പശ്ചാത്തലം ഹിജ്‌റ മൂന്നാം വര്‍ഷം നടന്ന ഉഹ്ദ് യുദ്ധമാണ്. തൊട്ട് മുമ്പ് കഴിഞ്ഞ ബദ്‌റുമായി താരതമ്യം ചെയ്യുമ്പോള്‍ ഉഹ്ദില്‍ മുസ്ലിംകള്‍ക്ക് പരാജയമായിരുന്നു. തങ്ങള്‍ എല്ലാം നേടി എന്ന അമിത വിശ്വാസവും യുദ്ധാര്‍ജിത സമ്പത്ത് ലഭിക്കാനുള്ള ആഗ്രഹവും നബിയുടെ കല്‍പന പാലിച്ചില്ല എന്നതും പരാജയത്തിന് കാരണമായി.
ഈ പരാജയത്തില്‍ അല്ലാഹു മുസ്ലിംകളെ ആശ്വസിപ്പിക്കുന്നുണ്ട്. നിങ്ങള്‍ക്കുണ്ടായതിന്റെ ഇരട്ടി നഷ്ടം ശത്രുപക്ഷത്ത് സംഭവിച്ചു എന്ന് പറയുന്നത് ബദ്‌റിനെ കുറിച്ചാണ്. അന്ന് അവരില്‍ 70 പേര്‍ കൊല്ലപ്പെട്ടു, അത്ര തന്നെ ആളുകള്‍ ബന്ദികളാക്കപ്പെടുകയും ചെയ്തു.
ഈ പരാജയം വിശ്വാസികളെ പരീക്ഷിക്കാനായിരുന്നുവെന്നും മനസിലെ ഈമാന്‍ എത്രയുണ്ടെന്നറിയാന്‍ വേണ്ടിയായിരുന്നുവെന്നും അല്ലാഹു പറയുന്നു. അങ്ങനെയൊക്കെയാണെങ്കിലും സ്വന്തം വീഴ്ചകള്‍ ഉഹ്ദില്‍ പരാജയപ്പെട്ടവര്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട് എന്നാണ് ഈ ആയത്ത് നല്‍കുന്ന പാഠം. നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഏത് പരാജയങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഭൗതിക തലത്തില്‍ കാരണങ്ങള്‍ ഉണ്ടായിരിക്കും. അത് അല്ലാഹുവിന്റെ വിധിയുടെ ഭാഗമാണെന്ന് ആശ്വസിക്കുകയും ചെയ്യാം.
പരാജയത്തിന്റെ കാരണങ്ങള്‍ മറ്റുളളവരില്‍ കെട്ടിവെച്ച് ഒഴിഞ്ഞു മാറാന്‍ പറ്റില്ല എന്നതും ഈ ആയത്തിന്റെ പാഠമാണ്. ‘അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെയാണ് സംഭവിച്ചത്’ എന്നത് എല്ലാ പരാജയങ്ങളും നമുക്ക് നല്‍കുന്ന മൗന സന്ദേശമാണ്. അത് കാതുകളില്‍ പ്രതിധ്വനിക്കുമ്പോള്‍ മാത്രമേ സ്വന്തം നിലപാടുകള്‍ തിരുത്താന്‍ കഴിയുകയുള്ളൂ.
കുടുംബ സാമൂഹികതലങ്ങളില്‍ ഉണ്ടാകുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം തനിക്കില്ല എന്നത് ആശ്വസിക്കാവുന്ന നിലപാടല്ല. ഞാനും അതിന് കാരണക്കാരനായേക്കാം എന്ന ചിന്ത എല്ലാവര്‍ക്കുമുണ്ടായാല്‍ വീഴ്ചകള്‍ക്ക് പരിഹാരം കണ്ടെത്തുക എളുപ്പമായിരിക്കും. വ്യക്തികള്‍ക്കിടയിലെ ബന്ധങ്ങള്‍ പരിക്കേല്‍ക്കാതെ നിലനിര്‍ത്തുകയും ചെയ്യാം.
വീഴ്ചകള്‍ സംഭവിക്കാതെ, പരാജയത്തിന് ഇടം നല്‍കാതെ കാര്യങ്ങള്‍ കൃത്യമായും ഭംഗിയായും ചെയ്യുക എന്നത് വിശ്വാസികളുടെ ജീവിത ശൈലിയായിരിക്കണമെന്നാണ് നബി പഠിപ്പിക്കുന്നത്. ‘നിങ്ങളില്‍ ഒരാള്‍, താന്‍ ചെയ്യുന്ന ജോലി മികവോടെ, കൃത്യമായി ചെയ്യുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു’ (ത്വബ്‌റാനി). ഈ നബിവചനം മനുഷ്യന്റെ ശേഷിയും കഴിവും ഏത് പ്രവര്‍ത്തനങ്ങള്‍ക്കും മികവ് നല്‍കണമന്നാണ് ഉണര്‍ത്തുന്നത്.
കൃത്യനിര്‍വഹണത്തിലെ മികവിന് മുന്നൊരുക്കം ആവശ്യമാണ്. സാധ്യതകളും പരിമിതികളും നന്നായി ഗൃഹപാഠം നടത്താതെ പ്രവൃത്തി പഥത്തിലേക്ക് എടുത്തു ചാടുന്നത് പരാജയത്തിലേക്കുള്ള വഴിയായിരിക്കും. അവധാനതയും ആലോചനയുമാണ് ഏത് ദൗത്യത്തിനും ഫലപ്രാപ്തി നല്‍കുന്നത്. ഉഹ്ദിന്റെ പ്രത്യേക പശ്ചാത്തലം അടയാളപ്പെടുത്തുന്ന ഈ വചനം മൂല്യ നിര്‍മിതിക്കും ഈമാനിലൂടെ സ്വയം ശാക്തീകരണത്തിനുമുള്ള ഉള്‍വിളിയായി ജീവിതത്തില്‍ നിലനിര്‍ത്തണം.

Back to Top