23 Thursday
October 2025
2025 October 23
1447 Joumada I 1

സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വം

ശരീഫ് കോഴിക്കോട്‌

കുറച്ച് വര്‍ഷങ്ങളായി ഭരണകൂട വേട്ടയ്ക്ക് ഇരയായവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. ലിംഗ-പ്രായഭേദമെന്യേ കേന്ദ്രം പലരെയും വേട്ടയാടിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ സമുന്നതരായ ഒട്ടനവധി മനുഷ്യാവകാശ പോരാളികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും മോദി-അമിത്ഷാ ഫാഷിസ്റ്റ് ഭരണകൂടം ഭീമ കൊറേഗാവ് കീഴാളപക്ഷ പ്രതിഷേധത്തിന്റെ മറവില്‍ ജയിലിലടച്ചത് പച്ചക്കള്ളങ്ങള്‍ ഉണ്ടാക്കി കള്ളക്കേസുകള്‍ ചുമത്തിയാണെന്നത് പരസ്യമായ രഹസ്യമായിരുന്നു.
ഭീകരബന്ധം ആരോപിച്ച് യു എ പി എ ചുമത്തി 2020ലാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെന്ന 83 വയസ്സുകാരനെ എന്‍ ഐ എ അറസ്റ്റു ചെയ്തത്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരോപണവിധേയരെ നിരപരാധികളായി കാണണമെന്നാണ് നീതിന്യായ വ്യവസ്ഥയുടെ അടിത്തറ. എന്നാല്‍ ഒരു കുറ്റവും ചെയ്യാത്ത സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായിട്ടും ഒടുവില്‍ വെന്റിലേറ്ററിലായിട്ടും കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയില്ല. പൊലീസ് കസ്റ്റഡിയിലിരിക്കേ 2021 ജൂലൈയില്‍ സ്റ്റാന്‍ സ്വാമി രക്തസാക്ഷിയായി.
ഇപ്പോഴിതാ, ആ വൈദികന് ജാമ്യം ലഭിക്കാതിരിക്കാന്‍ എന്‍ ഐ എ കോടതിയില്‍ നിരത്തിയ വാദങ്ങളത്രയും പെരുംനുണകളാണെന്ന് തെളിഞ്ഞിരിക്കുന്നു! പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നു തുടങ്ങിയ ‘തെളിവുകള്‍’ സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപില്‍ സൈബര്‍ നുഴഞ്ഞുകയറ്റം വഴി നിക്ഷേപിച്ചതാണത്രേ! അമേരിക്കന്‍ ഫോറന്‍സിക് ലാബ് കണ്ടെത്തിയ സ്‌തോഭജനകമായ ഈ വാര്‍ത്ത ‘ദി വാഷിങ്ടണ്‍ പോസ്റ്റ്’ ആണ് പുറത്തുവിട്ടത്.
നേരത്തേ കോടതിയില്‍ സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടര്‍ രേഖകള്‍ കെട്ടിച്ചമച്ചതാണെന്നു വാദിച്ച അദ്ദേഹത്തിന്റെ അഭിഭാഷകരാണ് ഇലക്ട്രോണിക് തെളിവുകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ശ്രമിച്ചത്. സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടര്‍ 2014 മുതല്‍ 5 വര്‍ഷം ഹാക്കിങ് ആക്രമണങ്ങള്‍ക്ക് വിധേയമായെന്ന് റിപ്പോര്‍ട്ടിലുണ്ട്. അദ്ദേഹത്തിന്റെ മാവോയിസ്റ്റ് ബന്ധം സാക്ഷ്യപ്പെടുത്തുന്ന 44 രേഖകള്‍ ലാപ്‌ടോപില്‍ നിന്ന് കിട്ടിയെന്നാണ് എന്‍ ഐ എ ആരോപിച്ചത്! അവയത്രയും വ്യാജമാണെന്നു തെളിഞ്ഞ സ്ഥിതിക്ക് കരിനിയമം തല്ലിക്കൊഴിച്ച ഈ മനുഷ്യാവകാശ പോരാളിയുടെ ജയില്‍ജീവിത ദുരിതങ്ങള്‍ക്കും നഷ്ടമായ ജീവനും എന്തുണ്ട് പരിഹാരം എന്ന ചോദ്യമുയരുന്നുണ്ട്.
ഇത്തരത്തില്‍ കൃത്രിമ തെളിവുകള്‍ സ്ഥാപിച്ച് ഭരണകൂടം വേട്ടയാടിയ നിരവധി പേര്‍ ഇപ്പോഴും രാജ്യത്തെ ജയിലറകളില്‍ ഉണ്ടാവും. പുതിയ വെളിപ്പെടുത്തലുകള്‍ നമ്മുടെ നിയമ സംവിധാനങ്ങളുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. നീതി എവിടെയാണെന്ന ചോദ്യം ബാക്കിയാകുന്നു.

Back to Top