1 Tuesday
July 2025
2025 July 1
1447 Mouharrem 5

സ്റ്റാന്‍ സ്വാമി: ഭരണകൂട ഭീകരതക്കെതിരെ ജനകീയ മുന്നേറ്റം വേണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഫാദര്‍ സ്റ്റാന്‍ സ്വാമി സംഘ്പരിവാര്‍ ഭരണകൂട ഭീകരതയുടെ ഇരയാണെന്നിരിക്കെ അതിനെതിരില്‍ രാജ്യവ്യാപകമായ ജനകീയ മുന്നേറ്റം ഉയര്‍ന്നു വരണം. മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബി ജെ പി സര്‍ക്കാറുകളുടെ കാടന്‍ നടപടകള്‍ക്കെതിരെ മൗനം പാലിക്കുന്നവര്‍ ഇനിയെങ്കിലും പ്രതികരിക്കാന്‍ മുന്നോട്ട് വരണം.
റഫാല്‍ വിമാന ഇടപാടില്‍ അഴിമതി നടന്നതായി പരസ്യമാക്കപ്പെട്ടിരിക്കെ അഴിമതി നടത്തിയവരെ പുറത്തുകൊണ്ടുവരാന്‍ ശക്തമായ നടപടി വേണം. പൊതു ഖജനാവ് കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുകയും രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ഒറ്റുകൊടുക്കുകയും ചെയ്ത റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലിമെന്ററി സമിതി അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പെട്രോളിയം കമ്പനികള്‍ക്ക് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ വിട്ടുകൊടുത്ത് കയ്യും കെട്ടി നോക്കി നില്‍ക്കുന്ന മോദീസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരില്‍ ശക്തമായ പ്രക്ഷോഭത്തിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ മുന്നോട്ട് വരണം.
വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. മുഹമ്മദ് ഹനീഫ, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, എം അഹ്മദ് കുട്ടി മദനി, സി അബ്ദുല്ലത്തീഫ്, പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, കെ പി അബ്ദുറഹ്മാന്‍, ബി പി എ ഗഫൂര്‍, സി മമ്മു കോട്ടക്കല്‍, പി സുഹൈല്‍ സാബിര്‍, കെ പി മുഹമ്മദ് കല്‍പറ്റ, അബ്ദുസ്സലാം പുത്തൂര്‍, കെ എ സുബൈര്‍, വി മുഹമ്മദ് സുല്ലമി, എം ടി മനാഫ്, അബ്ദുല്ലത്തീഫ് നല്ലളം, ഡോ. അന്‍വര്‍ സാദത്ത്, ഷഹീര്‍ വെട്ടം, വി സി മറിയക്കുട്ടി സുല്ലമിയ്യ, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.

Back to Top