മുല കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്കും സ്റ്റൈപ്പന്റ്
പ്രഫ. ജി എ മുഹമ്മദ് കുഞ്ഞ്
ഉമര്‍(റ) ജനങ്ങളുടെ നേതാവെന്ന നിലക്ക് നബി(സ) യുടെയും അബൂബക്കര്‍ സിദ്ദീഖിന്റെയും(റ) കാലടികളെ പിന്തുടര്‍ന്നു. നീതി നിര്‍വഹണത്തിനും അടിസ്ഥാനാവശ്യങ്ങള്‍ക്കും ഇസ്‌ലാമിക് സ്റ്റേറ്റിലെ പൗരന്മാരുടെ സംരക്ഷണത്തിനുമായി പത്തര വര്‍ഷത്തെ ഭരണകാലം അദ്ദേഹം സമര്‍പ്പിച്ചു. മുസ്‌ലിം ഉമ്മത്തിന്റെ എല്ലാ അംഗങ്ങളുടെയും സുരക്ഷിതത്വത്തിനും പ്രാമുഖ്യത്തിനും വേണ്ടി നൈറ്റ് പട്രോള്‍ നടത്തുന്നതില്‍ അദ്ദേഹം ഒരിക്കലും ക്ഷീണിതനായില്ല. നൈറ്റ് പട്രോളിങ്ങിനിടയിലെ ധാരാളം സംഭവങ്ങളില്‍ ഒന്നു രണ്ടെണ്ണം സൂചിപ്പിക്കാം.
ഉമറിന്റെ(റ) സ്വതന്ത്രനാക്കപ്പെട്ട അടിമയായിരുന്ന അസ്‌ലം പറയുന്നു: കുറച്ച് കച്ചവടക്കാര്‍ മദീനയിലേക്ക് വന്നു. അവര്‍ പ്രാര്‍ഥനാ സ്ഥലത്ത് തമ്പടിച്ചു. ഉമര്‍(റ) അബ്ദുറഹ്മാനിബ്‌നു ഔഫിനോട് പറഞ്ഞു: നമുക്ക് രാത്രിയില്‍ അവരുടെ കാവലിനു പോകാം. രാത്രിയില്‍ അവര്‍ കാവല്‍ ജോലി ചെയ്തു. ഇതിനിടെ ഒരു കുഞ്ഞു കരയുന്ന ശബ്ദം ഉമര്‍(റ) കേട്ടു. അദ്ദേഹം കുഞ്ഞിനടുത്തേക്ക് പോയി അവന്റെ ഉമ്മയോട് പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെടൂ സഹോദരീ, ആ കുഞ്ഞിനെ നോക്കൂ. എന്നിട്ട് അദ്ദേഹം തന്റെ സ്ഥലത്തേക്ക് പോയി. രാത്രിയുടെ അവസാനം കുഞ്ഞ് വീണ്ടും കരയുന്നത് അദ്ദേഹം കേട്ടു. അദ്ദേഹം കുഞ്ഞിന്റെ ഉമ്മയുടെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു: എന്തൊരു ചീത്ത ഉമ്മയാണ് നിങ്ങള്‍. രാത്രി മുഴുവന്‍ കുഞ്ഞ് കരച്ചില്‍ നിര്‍ത്താതിരുന്നത് എന്തുകൊണ്ടാണ്? അവര്‍ പറഞ്ഞു: ഓ, അല്ലാഹുവിന്റെ ദാസാ, ഞാന്‍ കുഞ്ഞിനു മുലകൊടുക്കുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. അദ്ദേഹം ചോദിച്ചു: എന്തിന് കുഞ്ഞിന്റെ മുലകുടി നിര്‍ത്തണം? ഉമര്‍ മുല കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്‌റ്റൈപ്പന്റ് അനുവദിക്കുകയില്ല -അവര്‍ പറഞ്ഞു. അദ്ദേഹം ചോദിച്ചു: കുഞ്ഞിന് എന്ത് പ്രായം വരും? അവര്‍ പറഞ്ഞു: കുറെ മാസങ്ങള്‍. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ നാശം, കുഞ്ഞിനു മുല കൊടുക്കാതിരിക്കരുത്.
സുബ്ഹ് നമസ്‌കരിച്ചപ്പോള്‍ കരച്ചില്‍ കാരണം ഉമറിന്റെ(റ) പാരായണം ആളുകള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പറഞ്ഞു: ഉമറിന്റെ നാശം. എത്ര മുസ്‌ലിം കുഞ്ഞുങ്ങളെ അദ്ദേഹം കൊന്നു. അദ്ദേഹം വിളിച്ചുപറയുന്ന ആളോട് ഉത്തരവിട്ടു: ഇസ്‌ലാമില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും നാം ഒരു സ്‌റ്റൈപ്പന്റ് നല്‍കും. എല്ലാ ദേശത്തും ഇത് നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം പുറപ്പെടുവിച്ചു.
ഒരു രാത്രിയില്‍ ഉമര്‍ പട്രോളിംഗ് നടത്തുകയായിരുന്നു. മദീനയിലെ ഒരു മൈതാനത്തിനടുത്തുകൂടെ നടന്നപ്പോള്‍ അദ്ദേഹം ഒരു ടെന്റ് കണ്ടു. അത് മുന്‍ രാത്രിയില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം അടുത്തുചെന്നപ്പോള്‍ ഒരു സ്ത്രീ പ്രസവവേദനകൊണ്ട് കരയുന്നതു കേട്ടു. അവിടെ ഒരു പുരുഷന്‍ ഇരിക്കുന്നുണ്ടായിരുന്നു. ഉമര്‍ ചോദിച്ചു: നിങ്ങള്‍ ആരാണ്? അയാള്‍ പറഞ്ഞു: ഞാന്‍ മരുഭൂമിയിലെ ജനങ്ങളില്‍ ഒരാളാണ്. അമീറുല്‍ മുഅ്മിനീനെ കാണാന്‍ വന്നതാണ്. അദ്ദേഹത്തിന്റെ ധനത്തില്‍ നിന്ന് ഒരു പങ്ക് ചോദിക്കാന്‍. അദ്ദേഹം ചോദിച്ചു: ടെന്റിനകത്തുനിന്ന് കേട്ട ശബ്ദം എന്താണ്?. അല്ലാഹുവിന്റെ കാരുണ്യം നിങ്ങളിലുണ്ടാവട്ടെ. അത് നിങ്ങളെ സംബന്ധിക്കുന്നതല്ല. ഉമര്‍(റ) പറഞ്ഞു: സാരമില്ല, എന്താണെന്ന് എന്നോട് പറയൂ. അയാള്‍ പറഞ്ഞു: ഒരു സ്ത്രീ പ്രസവവേദനയിലാണ്. അദ്ദേഹം ചോദിച്ചു: അവരോടൊപ്പം വേറെ ആരെങ്കിലുമുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. അങ്ങനെ ഉമര്‍(റ) വീട്ടിലേക്ക് പോയി.
വീട്ടിലെത്തി ഭാര്യ ഉമ്മുകുല്‍സൂം ബിന്‍ത് അലിയോട് ചോദിച്ചു: നിനക്ക് അല്ലാഹുവില്‍ നിന്നുള്ള ഒരു പ്രതിഫലം എളുപ്പത്തില്‍ കിട്ടണമെന്നുണ്ടോ? അവര്‍ ചോദിച്ചു: എന്താണത്? അദ്ദേഹം പറഞ്ഞു: അന്യദേശക്കാരിയായ ഒരു സ്ത്രീ പ്രസവവേദനയിലാണ്. ആരും കൂടെയില്ല. അവര്‍ പറഞ്ഞു: ശരി, അങ്ങ് ആഗ്രഹിക്കുന്നുവെങ്കില്‍. സ്ത്രീക്ക് വേണ്ടതൊക്കെ എടുത്തുകൊള്ളുക. വസ്ത്രങ്ങളും ക്രീമും ഒരു കലവും കുറച്ച് കൊഴുപ്പും ധാന്യവും കൊണ്ടുവരൂ. അവര്‍ എല്ലാം കൊണ്ടുവന്നു. അദ്ദേഹം പറഞ്ഞു: നമുക്കു പോകാം. ടെന്റിനടുത്തു എത്തുന്നതുവരെ അദ്ദേഹം കലം ചുമന്നു. അവര്‍ അദ്ദേഹത്തിന്റെ പിന്നിലായും നടന്ന് ടെന്റിലെത്തി.
ഉമര്‍(റ) ഉമ്മുകുല്‍സൂമിനോട് ടെന്റിനകത്ത് പോകാന്‍ പറഞ്ഞു. അദ്ദേഹം ആ മനുഷ്യനടുത്തിരുന്നു. എന്നിട്ട് പറഞ്ഞു: എനിക്കുവേണ്ടി തീ കത്തിക്കൂ. അയാള്‍ അങ്ങനെ ചെയ്തു. ഭക്ഷണം വേവുന്നതുവരെ കലം തീയില്‍ വെച്ചു. സ്ത്രീ പ്രസവിച്ചു. ഉമ്മുകുല്‍സൂം പുറത്തു വന്ന് ഉമറിനോട്(റ) പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍. അങ്ങയുടെ സുഹൃത്തിന് ഒരു ആണ്‍കുഞ്ഞ് ജനിച്ച സന്തോഷവാര്‍ത്ത അറിയിക്കൂ. ‘അമീറുല്‍ മുഅ്മിനീന്‍’ എന്ന വാക്കുകേട്ടപ്പോള്‍ അയാള്‍ ചൂളി. പുറകോട്ടുപോവാന്‍ തുടങ്ങി. ഉമര്‍(റ) അയാളോട് പറഞ്ഞു: നിങ്ങള്‍ എവിടെയാണോ അവിടെ നില്‍ക്കുക. അദ്ദേഹം കലം എടുക്കുകയും വാതിലിനടുത്തുവെക്കുകയും ചെയ്തു. അയാളുടെ ഭാര്യയോട് പറഞ്ഞു: അവര്‍ വയര്‍ നിറയെ ഭക്ഷിക്കട്ടെ. അവര്‍ ഭക്ഷിച്ചു. എന്നിട്ട് കലം വാതിലിനടുത്ത് വെച്ചു. ഉമര്‍ എഴുന്നേറ്റ് അതെടുത്ത് ആ ആളിന്റെ മുന്‍പില്‍ വെച്ചു. തിന്നുകൊള്ളുക. നിങ്ങള്‍ രാത്രി മുഴുവന്‍ നില്‍ക്കുകയായിരുന്നു. അദ്ദേഹം തന്റെ ഭാര്യയോട് പറഞ്ഞു: പുറത്തുവരിക. അദ്ദേഹം ആ മനുഷ്യനോട് പറഞ്ഞു: നാളെ ഞങ്ങളുടെ അടുത്തുവരിക. നിങ്ങള്‍ക്കാവശ്യമുള്ളത് ഞങ്ങള്‍ തരാം. അടുത്ത ദിവസം ആ മനുഷ്യന്‍ അദ്ദേഹത്തിനടുത്തു വന്നു. അദ്ദേഹം ഒരു സ്റ്റൈപ്പന്റ് അയാളുടെ കുട്ടിക്കു കൊടുത്തു. ഏതു മുസ്‌ലിം കുഞ്ഞിനും എന്നതുപോലെ.
മറ്റൊരു സംഭവം: അസ്‌ലം പറയുന്നു: ഞാന്‍ ഉമറുബ്‌നു ഖത്താബിന്റെ(റ) കൂടെയുള്ളപ്പോള്‍ അദ്ദേഹം മദീനയില്‍ പട്രോള്‍ നടത്തുകയായിരുന്നു. അദ്ദേഹം ക്ഷീണിതനായി അര്‍ധരാത്രിയില്‍ ഒരു മതിലില്‍ ചാരിനിന്നു. ഒരു സ്ത്രീ അവരുടെ മകളോട് പറയുന്നത് അദ്ദേഹം ഇങ്ങനെ കേട്ടു: മകളേ, നീ പോയി പാലില്‍ വെള്ളം ചേര്‍ക്കൂ. മകള്‍ പറഞ്ഞു: ഉമ്മാ അമീറുല്‍ മുഅ്മിനീന്റെ കല്‍പന എന്താണ്? ഉമ്മ ചോദിച്ചു: എന്താണദ്ദേഹത്തിന്റെ കല്‍പന? മകള്‍ പറഞ്ഞു: അദ്ദേഹം വിളിച്ചുപറയുന്നയാളോട് കല്‍പിച്ചു. പാലില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കരുത് എന്ന് വിളിച്ചുപറയൂ. ഉമ്മ മകളോട് പറഞ്ഞു: എഴുന്നേറ്റ് പോയി പാലില്‍ വെള്ളം ചേര്‍ക്കൂ. നീ ഇപ്പോഴുള്ള സ്ഥലത്ത് ഉമറോ അദ്ദേഹത്തിന്റെ വിളിച്ചുപറയുന്നയാളോ കാണുകയില്ല. പെണ്‍കുട്ടി പറഞ്ഞു: അല്ലാഹുവിനെത്തന്നെ സത്യം, ഞാന്‍ പരസ്യമായി അദ്ദേഹത്തെ അനുസരിക്കുകയും രഹസ്യമായി അനുസരണക്കേട് കാണിക്കുകയുമില്ല. ഉമര്‍ എല്ലാം കേട്ടു. എന്നിട്ട് പറഞ്ഞു: അസ്‌ലമേ, വാതില്‍ മാര്‍ക്ക് ചെയ്യൂ. വീട് എവിടെ എന്ന് ഓര്‍മിക്കുകയും ചെയ്യൂ.
പിന്നീട് അദ്ദേഹം രാത്രി പട്രോള്‍ തുടര്‍ന്നു. അടുത്ത ദിവസം അദ്ദേഹം പറഞ്ഞു: അസ്‌ലം, ആ സ്ഥലത്തേക്കു പോകൂ. ആരാണ് ആ പറഞ്ഞതെന്ന് നോക്കൂ. അവള്‍ക്ക് ഭര്‍ത്താവുണ്ടോ എന്നും നോക്കൂ. അസ്‌ലം അവിടെ പോവുകയും പെണ്‍കുട്ടി ഒറ്റയ്ക്കാണെന്നും അവളുടെ മാതാവിനു ഭര്‍ത്താവില്ലെന്നും മനസിലാക്കി. ഉമര്‍ അദ്ദേഹത്തിന്റെ മക്കളെ വിളിച്ചുകൂട്ടി. ‘നിങ്ങളിലാര്‍ക്കെങ്കിലും ഒരു സ്ത്രീയെ വിവാഹം ചെയ്യണോ? അബ്ദുല്ല പറഞ്ഞു: ‘എനിക്ക് ഒരു ഭാര്യയുണ്ട്. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു: എനിക്കൊരു ഭാര്യയുണ്ട്. ആസിം പറഞ്ഞു. ബാപ്പാ, എനിക്ക് ഭാര്യ ഇല്ല. എന്നെ വിവാഹം ചെയ്യാന്‍ അനുവദിക്കൂ. ഉമര്‍ ആ പെണ്‍കുട്ടിയെ ആസിമിന് വിവാഹം ചെയ്തുകൊടുത്തു. അവള്‍ ആസിമിന് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചുകൊടുത്തു. ആ പെണ്‍കുഞ്ഞ് ഉമറുബ്‌നു അബ്ദുല്‍അസീസിന് ജന്മം നല്‍കി.
പ്രജകളുടെ ആവശ്യങ്ങള്‍ പരിഹരിച്ചുകൊടുക്കുക മാത്രമല്ല, അതിനും മേലെയാണ് നേതാവിന്റെ കര്‍ത്തവ്യം. അതുകൊണ്ടാണ് വളരെ അമൂല്യമായ ഉപദേശം അദ്ദേഹത്തിന്റെ മരണാനന്തരം തുടര്‍ന്നുവരുന്ന ഖലീഫയ്ക്ക് നല്‍കിയത്.
‘ഞാന്‍ താങ്കളെ ഉപദേശിക്കുന്നു. അല്ലാഹുവിനെ മാത്രം ഭയപ്പെടുക. മറ്റാരെയും ഭയപ്പെടാതിരിക്കുക. ആദ്യമേ മുഹാജിറുകളോട് നല്ലവണ്ണം വര്‍ത്തിക്കുക. അവരുടോ സീനിയോറിറ്റിയെ അംഗീകരിക്കുക. അന്‍സ്വാറുകളോട് അവരുടെ മികച്ച സ്വഭാവശുദ്ധിയെ അംഗീകരിക്കുകയും തെറ്റുകുറ്റങ്ങള്‍ വിട്ടുകളയുകയും ചെയ്യുക. ദൂരെയുള്ള ജനങ്ങളുമായി നല്ലവണ്ണം വര്‍ത്തിക്കുക. അവര്‍ നിങ്ങളുടെ ശത്രുക്കള്‍ക്കെതിരില്‍ നിങ്ങളെ സഹായിക്കുകയും യുദ്ധമുതലുകള്‍ ശേഖരിക്കുകയും ചെയ്യുന്നു. അവരുടെ മുതലുകളില്‍ നിന്ന് ഒന്നും എടുക്കാതിരിക്കുക. അവരുടെ ആവശ്യം കഴിഞ്ഞ് കൂടുതലായി വരുന്നവ ഒഴിച്ചും. ഒറിജിനല്‍ അറബികളുമായും ഇസ്‌ലാമിന്റെ അന്‍സ്വാറുകളുമായ ബദായിനുകളുമായി നല്ലവണ്ണം വര്‍ത്തിക്കുക. അവരുടെ സമ്പത്തില്‍ നിന്നും എടുത്തു പാവങ്ങള്‍ക്ക് നല്‍കുക. അമുസ്‌ലിംകളോട് നല്ലനിലയില്‍ വര്‍ത്തിക്കുക. അവരുടെ പ്രതിരോധത്തിന്നായി സമരം ചെയ്യുകയും അധികഭാരം ചുമത്താതിരിക്കുകയും ചെയ്യുക.
ഞാന്‍ നിങ്ങളോട് പറയുന്നു: അല്ലാഹുവിനെ സൂക്ഷിക്കുകയും അവന്റെ കോപത്തെ ഭയപ്പെടുകയും ചെയ്യുക. ജനങ്ങളുമായി ഇടപെടുമ്പോള്‍ അല്ലാഹുവിനെ ഭയപ്പെടുകയും അല്ലാഹുവുമായി ഇടപെടുമ്പോള്‍ ജനങ്ങളെ ഭയപ്പെടാതിരിക്കുകയും ചെയ്യുക. ജനങ്ങളോട് നീതിയോടെയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിങ്ങളുടെ സമയം മുഴുവന്‍ സമര്‍പ്പിക്കുകയും ചെയ്യുക. ശത്രുക്കള്‍ പ്രവേശിക്കാതെ നോക്കുക. സമ്പന്നരോട് പാവങ്ങളേക്കാള്‍ നന്മ ചെയ്യാതിരിക്കുക. ഇന്‍ശാ അല്ലാഹ് അത് താങ്കളുടെ ഹൃദയം പരിശുദ്ധമാക്കും. നിങ്ങളുടെ തിന്മകളെ ലഘൂകരിക്കും. അത് ശുഭപര്യവസാനത്തിന് കാരണമാവും. ഏതെങ്കിലുമൊരാളെ അയാളുടെ കുറ്റത്തിന് ശിക്ഷിക്കുമ്പോള്‍ ദയ നിങ്ങളുടെ മേല്‍ ഉണ്ടാവരുത്. എല്ലാവരെയും തുല്യരായി കാണണം. സത്യം ആരുടെ ഭാഗത്താണോ അവരോടൊപ്പമായിരിക്കുക. അല്ലാഹുവിനോടുള്ള അനുസരണത്തിന്റെ കാര്യത്തില്‍ ആരുടെയും ആക്ഷേപത്തെ ഗൗനിക്കരുത്. സ്വാര്‍ഥത ശ്രദ്ധിക്കുക. നിങ്ങള്‍ ആഗ്രഹങ്ങളുടെ മേല്‍ നിലകൊള്ളുകയാണെങ്കില്‍ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ശാപം നേടാന്‍കഴിയും. ഞാന്‍ കല്‍പിക്കുന്നു – അമുസ്‌ലിം പൗരന്മാരെ ദ്രോഹിക്കുന്നതില്‍ നിന്ന് അകന്നുനില്‍ക്കുകയും ഓരോരുത്തരെയും പ്രതിരോധിക്കുകയും വേണം.
മുസ്‌ലിം സമുദായത്തോട് കാരുണ്യം കാണിക്കണം. അവരിലെ പ്രായമായവരെ ആദരിക്കണം. അവരുടെ കുട്ടികളോട് കാരുണ്യം ഉണ്ടാവണം. അവരുടെ പണ്ഡിതന്മാരെ ബഹുമാനിക്കണം. ധനം സമ്പന്നരില്‍ കറങ്ങുന്നത് തടയുക. അല്ലാഹു സാക്ഷി അസ്സലാമു അലൈക്കും.’