എ പ്ലസ്‌കാരുടെ ബാഹുല്യം ഗുണനിലവാരം കൂട്ടുമോ?
സി മുഹമ്മദ് അജ്മല്‍
കഴിഞ്ഞ ദിവസം ഞാന്‍ പഠിപ്പിക്കുന്ന കുട്ടികളിലൊരാളുടെ രക്ഷിതാവ് പങ്കുവെച്ച അനുഭവം വളരെ രസകരവും നമ്മെ ചിന്തിപ്പിക്കേണ്ടതുമാണ്. മലപ്പുറത്തെ പ്രശസ്തമായ ഒരു കോളേജിലെ വിദ്യാര്‍ഥികള്‍ കോളേജില്‍ നടക്കുന്ന ഒരു ക്യാമ്പിന്റെ പോസ്റ്റര്‍ തയ്യാറാക്കാന്‍ ഡിസൈനര്‍ ആയ അദ്ദേഹത്തെ സമീപിച്ചുവത്രെ. സാധാരണ കുട്ടികളുടെ കൂടെയിരുന്ന് അവര്‍ പറയുന്നത് കേട്ട് ടൈപ്പ് ചെയ്യാറുള്ള അദ്ദേഹം ജോലിത്തിരക്കായത് കൊണ്ട് അവരോട് മാറ്റര്‍ തരാന്‍ പറഞ്ഞു.
ഇത് കേട്ട കുട്ടികള്‍ക്കിടയില്‍ ഒരു മുറുമുറുപ്പ്. കുറച്ച് സമയമായിട്ടും എഴുതി ലഭിക്കാത്തതിനാല്‍ അവര്‍ക്കിടയിലെ ചര്‍ച്ച അദ്ദേഹം ശ്രദ്ധിച്ചു. ഉദ്ഘാടനം ചെയ്യേണ്ടത് പ്രവീണ്‍ സാര്‍ ആണ്. എന്നാല്‍ ‘പ്രവീണ്‍’ എന്ന് എങ്ങനെ എഴുതണം എന്നാണത്രെ അവരുടെ ചര്‍ച്ച! മലയാളത്തില്‍ ‘ണ്‍’ എന്ന അക്ഷരമുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ എഴുതാം എന്നിങ്ങനെ ചര്‍ച്ച കാട് കേറുന്നു. അവസാനം അവര്‍ ചര്‍ച്ചയിലൂടെ തീരുമാനിച്ചത് തത്കാലം ഉദ്ഘാടനം ചെയ്യാന്‍ പ്രവീണ്‍ സാര്‍ വേണ്ട, നന്ദു സാര്‍ മതി എന്നാണ്, അതോടെ പ്രശ്‌നം തീര്‍ന്നല്ലോ!
കുട്ടികള്‍ക്ക് എപ്ലസ് വാരിക്കോരി നല്‍കുന്നു എന്ന് പറഞ്ഞത് മറ്റാരുമല്ല, നമ്മുടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആണ്! കൂട്ടി വായിക്കാന്‍ കഴിയാത്ത ഒരുകാലത്ത് വിദ്യാഭ്യാസ നിലവാരത്തില്‍ യൂറോപ്പിനോട് കിടപിടിച്ചിരുന്ന നമ്മള്‍ ഏറെ പിന്നോട്ട് പോയി എന്നും അദ്ദേഹം പറയുന്നുണ്ട്. വായിക്കാനറിയാത്ത കുട്ടികള്‍ പോലും എപ്ലസ് നേടുന്നു എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കേണ്ടത് വരികള്‍ക്കപ്പുറമാണ്. എന്നാല്‍ ഇവയെ നിഷേധിക്കുകയാണ് മന്ത്രി ചെയ്തത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞത് സര്‍ക്കാര്‍ നിലപാടല്ല എന്ന് പറയുമ്പോള്‍ ലിബറല്‍ മൂല്യനിര്‍ണയം സര്‍ക്കാര്‍ നിലപാടല്ല, അത്തരമൊരു നിര്‍ദേശം മൂല്യനിര്‍ണയ ക്യാംപുകളില്‍ കൊടുത്തിട്ടില്ല എന്നതാണോ? അതല്ല കേരളത്തിലെ പൊതു വിദ്യാലയ രംഗത്ത് നിലവാരത്തകര്‍ച്ചയില്ല എന്നാണോ മന്ത്രി ഉദ്ദേശിച്ചത് എന്നത് വ്യക്തമല്ല.
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ വിജയ ശതമാനം 99.7% ആണ്. ഏകദേശം നാലരലക്ഷം പേര്‍ പരീക്ഷ എഴുതിയതില്‍ 44,363 കുട്ടികള്‍ക്കാണ് മുഴുവന്‍ എപ്ലസ് ലഭിച്ചത്. അതായത്, പത്ത് ശതമാനത്തോളം കുട്ടികളെ മിടുക്കരില്‍ മിടുക്കരായാണ് നാം കണക്കാക്കുന്നത്. എന്നാല്‍ ഓരോ വര്‍ഷവും വിജയ ശതമാനം കൂടുന്നതും എപ്ലസ്‌കാരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വലിയ വര്‍ധനവും നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണമേന്മയാണോ കാണിക്കുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം. ഇതിന് ഉത്തരം നല്‍കാവുന്ന ചില ഡാറ്റകള്‍ നമുക്ക് പരിശോധിക്കാം.
പ്രഥം (pratham) എന്ന എന്‍ ജി ഒ രണ്ടു വര്‍ഷം കൂടുമ്പോള്‍ പുറത്തിറക്കുന്ന ASER (Annual Status of Education Report) പ്രകാരം കേരളത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവ രില്‍ രണ്ട് സംഖ്യ ഹരിക്കാനറിയുന്ന കുട്ടികളുടെ എണ്ണം 44% ആണ്. ഇത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 39%, സ്വകാര്യ സ്‌കൂളുകളില്‍ 54%! ഹൈസ്‌കൂളില്‍ പോകുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം നമ്മള്‍ പ്രതീക്ഷിക്കുന്നത് കണക്കിന്റെ അടിസ്ഥാന പാഠങ്ങള്‍ അവന്/അവള്‍ക്ക് അറിയാം എന്നതാണ്. എന്നാല്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന എട്ടാം ക്ലാസുകാരില്‍ പകുതിയിലധികം പേര്‍ക്കും ഹരിക്കാന്‍ അറിയില്ല എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. പലപ്പോഴും കുട്ടികളുടെ ഇപ്പോഴത്തെ പിന്നോക്കാവസ്ഥക്ക് രക്ഷിതാക്കളും കുട്ടികളും കുറ്റം പറയാറ് കോവിഡിനെയാണ്. അത് മാത്രമാണ് കാരണമെങ്കില്‍, മറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ ഇത്രയധികം എങ്ങനെ മുന്നില്‍ നില്‍ക്കുന്നു? മാത്രമല്ല, മുന്‍വര്‍ഷങ്ങളിലെ ASER പഠനങ്ങളുടെ താരതമ്യവും ലഭ്യമാണ്.
2012ലെ റിപ്പോര്‍ട്ടില്‍ മറ്റു സ്‌കൂളുകളിലും സര്‍ക്കാര്‍ സ്‌കൂളുകളിലും ഹരിക്കാന്‍ അറിയുന്ന എട്ടാം ക്ലാസുകാരുടെ എണ്ണം 75% – രണ്ടും ഒപ്പത്തിനൊപ്പം! അതായത് പത്തു വര്‍ഷത്തിനിടയില്‍ 35 ശതമാനത്തിന്റെ ഇടിവ് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. മാത്രമല്ല, പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ പിന്നോട്ട് പോയത് സിലബസിന്റെ നിലവാരത്തെ സംബന്ധിച്ച് ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ഒരു നാടിന്റെ വിദ്യാഭ്യാസ നിലവാരത്തിന്റെ സൂചികകളില്‍ പ്രധാനമാണ് അവിടെ നിന്നുമുള്ള കുട്ടികള്‍ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്രത്തോളം പഠിക്കുന്നുണ്ട് എന്നത്. ഇന്ത്യയിലെ ഏറ്റവും ഉന്നത എഞ്ചിനീയറിംഗ് സ്ഥാപനങ്ങളായ ഐഐടികളില്‍ കഴിഞ്ഞ വര്‍ഷം അഡ്മിഷന്‍ നേടിയ മലയാളി വിദ്യാര്‍ഥികളുടെ എണ്ണം 181 മാ ത്രമാണ്. നമ്മള്‍ പിന്നോക്കമെന്ന് കരുതുന്ന പല സംസ്ഥാനങ്ങളും ഉന്നത വിദ്യാഭ്യാസ രംഗത്ത് നമ്മെക്കാള്‍ വളരെ മുന്‍പിലാണ്. രാജസ്ഥാനില്‍ രണ്ടായിരത്തിലധികം കുട്ടികള്‍ ഐഐടികളില്‍ അഡ്മിഷന്‍ നേടുന്നു. തെലങ്കാന/ ആന്ധ്രയില്‍ നിന്ന് 3000ലധികം കുട്ടികള്‍ ഐഐടികളിലേക്ക് ക്വാളിഫൈ ചെയ്യുന്നു.
രണ്ടു വര്‍ഷം മുന്‍പ് വരെ മലയാളികളായ ഒട്ടനേകം കുട്ടികള്‍ വ്യത്യസ്തങ്ങളായ കേന്ദ്ര സര്‍വകലാശാലകളില്‍ പഠിക്കാന്‍ പോയിരുന്നത് എല്ലാവരും ശ്രദ്ധിച്ചു കാണും. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണം ഒറ്റയടിക്ക് കുറഞ്ഞു. രണ്ടു വര്‍ഷം മുന്‍പ് 2500 കുട്ടികള്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ നേടിയിടത്ത് ഈ വര്‍ഷം ആകെ അപേക്ഷിച്ചത് 1892 കുട്ടികളാണ്, ആദ്യ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിച്ചത് 342 കുട്ടികള്‍ക്ക്! കുട്ടികളുടെ സര്‍വേ എടുക്കുമ്പോള്‍ കേരള സിലബസ് പഠിച്ച കുട്ടികള്‍ നാലിലൊന്നായി കുറഞ്ഞു എന്നതും പ്രത്യേകം ശ്രദ്ധിക്കുക. എന്തുകൊണ്ട് ഒരു വര്‍ഷം കൊണ്ടിങ്ങനെ സംഭവിച്ചു എന്ന് പലരും ചോദിക്കുന്നുണ്ടാവും. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന +2 മാര്‍ക്കിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശനത്തിന് പകരം CUET എന്ന മത്സര പരീക്ഷ കൊണ്ടുവന്നു. അതോടെ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളുടെ കൂടെ മത്സര പരീക്ഷകളില്‍ പിടിച്ച് നില്‍ക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയുന്നില്ല എന്ന യാഥാര്‍ഥ്യം വെളിപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളും ജില്ലകളും കേന്ദ്രീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസ സര്‍വേ ആണ് National Achievement Survey. 2021ലെ സര്‍വേയിലെ കേരളത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് ശ്രദ്ധിക്കുക, ക്ലാസുകള്‍ മേലോട്ട് വരുന്തോറും നമ്മുടെ പെര്‍ഫോമന്‍സ് താഴോട്ടാണ്. മിക്ക വിഷയങ്ങളിലും മറ്റു സ്‌കൂളുകളിലെ കുട്ടികള്‍ മിനിമം അഞ്ച് പോയിന്റുകള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളെക്കാള്‍ മുന്നിലാണ്. കണക്കിലും സയന്‍സിലും നമ്മള്‍ ദേശീയ ശരാശരിക്ക് താഴെയാണ് എന്നത് ഗൗരവതരമാണ്.
കണക്കുകള്‍ വ്യക്തമാക്കുന്നത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് കാതലായ പ്രശ്‌നങ്ങളുണ്ട് എന്ന് തന്നെയാണ്. അത് നമ്മുടെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസ സാധ്യതകളെ രൂക്ഷമായി ബാധിക്കുന്നിടത്തേക്ക് എത്തിയിരിക്കുന്നു. എവിടെ എല്ലാമാണ് നാം എത്രയും പെട്ടെന്ന് അഡ്രസ്സ് ചെയ്യേണ്ട പ്രശ്‌നങ്ങള്‍ എന്നത് ഈ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.
കരിക്കുലം
നമ്മുടെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ നന്നായി തന്നെ നടക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ പാഠ്യപദ്ധതിയില്‍ വലിയ മാറ്റങ്ങളൊന്നും കാലങ്ങളായി വന്നിട്ടില്ല എന്ന് മാത്രമല്ല, രൂക്ഷമായ പ്രശ്‌നങ്ങളുണ്ട് താനും. പുതിയ കാലത്തിലേക്ക് കുട്ടികളെ തയ്യാറാക്കാനുതകുന്ന പരിവര്‍ത്തനങ്ങളിലേക്കെത്താന്‍ ഇനിയും നമുക്ക് സാധിച്ചിട്ടില്ല എന്ന് മാത്രമല്ല, സാമ്പ്രദായികമായി പഠിപ്പിച്ചു പോരുന്ന പാഠഭാഗങ്ങളില്‍ വലിയൊരു ലഘൂകരണം നടന്നിട്ടുണ്ട്.
ഈ സിലബസ് ലഘൂകരണം ഒട്ടും ശാസ്ത്രീയമായല്ല നടത്തിയത്. പല വിഷയങ്ങളും പഠിപ്പിക്കേണ്ട രീതികളിലല്ല പഠിപ്പിക്കുന്നത്. ഉദാഹരണത്തിന് ഗണിതം പഠിപ്പിക്കപ്പെടേണ്ടത് പ്രോബ്ലം സോള്‍വിങ്ങിലൂടെയാണെന്ന് വ്യക്തമായിരിക്കേ, ഒരു കഥാരൂപേണയാണ് പാഠപുസ്തകങ്ങള്‍ രചിച്ചിട്ടുള്ളത്. JEE, NEET, UPSC, SSC പോലുള്ള മത്സര പരീക്ഷകളില്‍ നമ്മുടെ കുട്ടികളുടെ മോശം ഫലങ്ങള്‍ക്ക് ഇതൊരു പ്രധാന കാരണമായി വിലയിരുത്തപ്പെടാവുന്നതാണ്.
നിലവിലുള്ള സിലബസ് ദേശീയ നിലവാരത്തിലും താഴെയാണ് ചില വിഷയങ്ങളില്‍ എന്നതും ഒരു പ്രധാന പ്രശ്‌നമാണ്. പത്താം ക്ലാസ് വരെ ടഇഋഞഠ പുസ്തകങ്ങള്‍ പിന്തുടരുന്ന ഒരു കുട്ടി, പതിനൊന്നാം ക്ലാസില്‍ ചഇഋഞഠ പാഠപുസ്തകങ്ങളിലേക്ക് മാറേണ്ടതുണ്ട്. എന്നാല്‍ പത്ത് വരെ പഠിച്ചതിന്റെ ഒരു ശരിയായ തുടര്‍ച്ചയല്ല അവര്‍ക്ക് +1 ക്ലാസുകളില്‍ ലഭിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ മിടുക്കരായ കുട്ടികള്‍ പലരും പഠനത്തില്‍ മോശമാവുന്നു.
ലിബറല്‍ പരീക്ഷകളും
മൂല്യനിര്‍ണയവും
പരീക്ഷകളും മൂല്യനിര്‍ണയവും എന്തിന് നടത്തുന്നു എന്നത് നമ്മള്‍ നമ്മോട് തന്നെ ഉന്നയിക്കേണ്ട ചോദ്യങ്ങളാണ്. പരീക്ഷകള്‍ അടിസ്ഥാനപരമായി പഠന മികവ് കണ്ടെത്താനുള്ള ടൂളുകള്‍ കൂടിയാണ്. ഏതൊക്കെ വിഷയത്തില്‍ ഒരു വിദ്യാര്‍ഥിക്ക് മിടുക്കുണ്ട്, എവിടെയൊക്കെ അവന്‍ മെച്ചപ്പെടാനുണ്ട് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ നല്‍കാന്‍ പരീക്ഷകള്‍ക്കാവണം. എല്ലാ വിഷയങ്ങളിലും എ+ വാങ്ങിയ ഒരു വിദ്യാര്‍ഥിക്കും രക്ഷിതാവിനും നമ്മള്‍ നല്‍കുന്ന സന്ദേശം അവന്‍ എന്തിനും യോഗ്യനാണ് എന്നതാണ്. എന്നാല്‍ അങ്ങനെയൊരു മെസേജിങ് ആണോ നാം നല്‍കേണ്ടത്? ഇവിടെ മൂല്യനിര്‍ണയവും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.
‘പൂച്ച’ എന്നതാണ് ഉത്തരമെങ്കില്‍ പകരം ‘പച്ച’ എന്നെഴുതിയാല്‍ പകുതി മാര്‍ക്ക് കൊടുക്കാം, കാരണം രണ്ടിലും ‘ച്ച’ ഉണ്ടല്ലോ എന്നാണു ഈയിടെ ഒരധ്യാപകന്‍ പറഞ്ഞത്! എല്ലാവരെയും ഒന്‍പതാം ക്ലാസ് വരെ പാസാക്കുന്ന ആള്‍പ്രമോഷന്‍ പോളിസി കാരണം കുട്ടികള്‍ പരീക്ഷയെ ഗൗരവത്തോടെ കാണാറില്ല എന്നതും പ്രശ്‌നമാണ്. ഉറപ്പായും പാസാവും എന്നിരിക്കെ എന്തിനു പഠിക്കണം എന്ന് ഒരു കുട്ടി സ്വയം ചോദിച്ചാല്‍ അവനെ തെറ്റ് പറയാന്‍ സാധിക്കുമോ? മാര്‍ക്ക് വെളിപ്പെടുത്താത്ത ഗ്രേഡിംഗ് സമ്പ്രദായവും കുട്ടികള്‍ക്ക് ഒരു സ്വയം മൂല്യനിര്‍ണയത്തിനുള്ള അവസരം ഇല്ലാതാക്കുന്നു. 90 കിട്ടിയാലും 100 കിട്ടിയാലും എ+ ആണെന്നിരിക്കെ ഇതില്‍ എവിടെയാണ് താന്‍ നില്‍ക്കുന്നത്, തനിക്ക് സ്വയം മെച്ചപ്പെടാന്‍ സാധ്യതയുണ്ടോ എന്ന അന്വേഷണം മാര്‍ക്ക് അറിയാത്തതിനാല്‍ കുട്ടി നിര്‍ത്തുന്നു.
കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മറ്റു പഠ്യേതര പ്രവര്‍ത്തനങ്ങളിലും കഴിവ് തെളിയിക്കുന്നതിന് നല്‍കുന്ന ഗ്രേസ് മാര്‍ക്കുകള്‍ വിവിധ വിഷയങ്ങളിലേക്ക് കൂടിയാണ് ഇടുന്നത് എന്നതും ഒരു തെറ്റായ പ്രവണതയാണ്. ഉദാഹരണത്തിന് സ്‌കൗട്ടില്‍ രാജ്യപുരസ്‌കാര്‍ നേടിയ ഒരു കുട്ടിക്ക് കണക്കില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഗ്രേസ് മാര്‍ക്ക് കണക്കില്‍ കൂട്ടുന്നത് ശരിയാണോ? അതല്ല, അവന്‍ ചിലവഴിച്ച സമയവും അധ്വാനവും ഉള്‍ക്കൊണ്ടു കൊണ്ട് അവന് അഡ്മിഷന്‍ രംഗത്തും മറ്റും ആവശ്യമായ സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാക്കുക എന്നതാണോ വേണ്ടത്?
ഈ ഡാറ്റകള്‍ നമുക്ക് നേര്‍ക്കുനേര്‍ നല്‍കുന്ന ചില പാഠങ്ങളുണ്ട്. നമുക്ക് നല്ല അടിസ്ഥാന സൗകര്യങ്ങള്‍, നല്ല അധ്യാപകര്‍, നല്ല കുട്ടികള്‍ എല്ലാമുണ്ട്! പല സ്‌കൂളുകളും പഞ്ചനക്ഷത്ര ഹോട്ടലുകളെ ഓര്‍മിപ്പിക്കുന്നു എന്ന് പറഞ്ഞത് ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി തന്നെയാണ്. പക്ഷെ നിലവാരമില്ലാത്ത സിലബസ്, ഒന്നും അളക്കാത്ത പരീക്ഷകള്‍, കുട്ടി ആരാണെന്നും എന്താണെന്നും അവനെ ബോധ്യപ്പെടുത്താത്ത മൂല്യനിര്‍ണയം ഇതെല്ലാം നമ്മുടെ കുട്ടികളുടെ ഭാവി നശിപ്പിക്കുന്നു എന്നതില്‍ സംശയമില്ല.
ഗൗരവമായ ചില പുനര്‍വിചിന്തനങ്ങള്‍ക്ക് നാം തയ്യാറായില്ലെങ്കില്‍ ഒരു തലമുറയുടെ ഭാവി കൂടിയാണ് നാം നശിപ്പിക്കുന്നത്. കേരളത്തില്‍ അടുത്ത വര്‍ഷം എസ് എസ് എല്‍ സി വിജയശതമാനം 99.7 ശതമാനത്തില്‍ കുറഞ്ഞാല്‍ അതൊരു രാഷ്ട്രീയ പ്രശ്‌നമായി മാറും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുന്നു എന്നാകും അപ്പോള്‍ ചര്‍ച്ച, എന്നാല്‍ നാം തന്നെ ഊതിവീര്‍പ്പിച്ച ഒരു കുമിളയുടെ ഉള്ളിലാണ് നാംഎന്നതാണ്സത്യം!
Reference:
(1) https://img.asercentre.org/…/All…/aserreport2022.pdf
(2) https://nas.gov.in/report-card/nas-2021